Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightകാട്ടുകണ്ണാടി

കാട്ടുകണ്ണാടി

text_fields
bookmark_border
priya-a-s
cancel

ഒരു മഹാരാജാസ് ഡിഗ്രി പ്രഭാതത്തില്‍ കണ്ണടക്കാരന്‍ ക്‌ളാസ് മേറ്റ് അജിത് എന്നോട് വന്നു പറഞ്ഞു.എനിക്ക് പ്രിയയോട് തനിച്ചൊന്ന് സംസാരിക്കണം.എനിക്കെന്തോ ഒരു പന്തികേട് മണത്തു അപ്പോഴേ.

അജിത്തിന് മുഖം കൊടുക്കാതിരിക്കാനായി അന്നുമുഴുവനും ആള്‍ക്കൂട്ടത്തിനകത്തുകയറി നില്പുറപ്പിച്ചു ഞാന്‍. പക്ഷേ വീടണയാന്‍ നേരമായപ്പോഴേക്ക് മഹാരാജാസിന്റെ ഭീമന്‍ തൂണുകളിലൊരെണ്ണത്തിനടുത്തുവച്ച് ഞാന്‍ തനിച്ചായി. ഏതോ മരക്കൊമ്പത്ത് നിന്നടര്‍ന്നു വീണ പക്ഷി കണക്ക് അജിത് പെട്ടെന്ന് എന്റെ മുന്നില്‍ ചിറക് വിരിച്ചു. 'മനപ്പൂര്‍വ്വം എന്നെ ഒഴിവാക്കി നടക്കുകയായിരുന്നു അല്ലേ' എന്ന് കണ്ണടക്കൂട്ടുകാരന്‍, കള്ളക്കുട്ടിയെപ്പോലെ ചൂളിനിന്ന എന്റെ കണ്ണിലേക്കുതന്നെ നോക്കി ചോദ്യമെറിഞ്ഞതോടെ, എന്‍റെ നിലനില്പ് വീണ്ടും പരുങ്ങലിലായി.
എന്‍റെ കണ്ണിലേക്ക് ഉറ്റുനോക്കിക്കൊണ്ട് പ്രത്യേകിച്ച് മുഖവുരയൊന്നുമില്ലാതെ അജിത് പെട്ടെന്ന് പറഞ്ഞു . 'എനിക്ക് പ്രിയയെ ഇഷ്ടമാണ്.' ആ തുറന്നുപറച്ചിലിന്‍റെ കണ്ണടവട്ടത്തിലേക്ക് നോക്കിക്കൊണ്ട് പകപ്പോടെ ഞാന്‍ പറഞ്ഞു.'ക്ലാസിലെല്ലാവര്‍ക്കും അറിയാമല്ലോ എനിക്ക് ഉണ്ണിയുമായുള്ള ഇഷ്ടം.' ഊര്‍ന്നുപോകുന്നെന്നപോലെ കണ്ണട മൂക്കിലേക്ക് ഉയര്‍ത്തിവച്ചുകൊണ്ട് അജിത് പറഞ്ഞു.'ഇല്ല,ഞാനറിഞ്ഞില്ല.' പിന്നെ ആ 'തൂണരികില്‍-സംഭാഷണ'ത്തില്‍ ഉടനീളം അനുവര്‍ത്തിച്ചുവന്ന ഭാവഭേദമില്ലായ്മയുടെ തുടര്‍ച്ചയോടെ അജിത് കൂട്ടിച്ചേര്‍ത്തു.- 'സാരമില്ല.പ്രിയയെ പെങ്ങളായി കണ്ടോളാം ഇനിമുതല്‍ ഞാന്‍.'

പ്രണയം അരനിമിഷത്തിനകം എങ്ങനെ സാഹോദര്യം ആവും എന്ന ചിന്താക്കുഴപ്പം കൂടിയായപ്പോള്‍ എനിക്കാ തൂണരികില്‍ നിന്ന് ഒന്നനങ്ങാന്‍ പോലും ആകാതായി. ദീപയോടൊന്നും ഇക്കാര്യം പറയരുത് എന്ന് ഒരു നിര്‍ദ്ദേശവും മുന്നോട്ടുവച്ച് ഒന്നും സംഭവിക്കാത്തുപോലെ അജിത് പോയി. ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിലേക്ക്‌പോകാന്‍ ശേഷിയില്ലാതെ ഞാന്‍ പതറിനിന്നു. ഒരു ജൂനിയര്‍ കുട്ടിക്കൊപ്പം വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിന്റെ ഐസ്‌ക്രീം പാര്‍ലറില്‍ പോയിരുന്ന് രണ്ടോ മൂന്നോ ഐസ്‌ക്രീം കഴിച്ച് ഞാനുള്ളു തണുപ്പിക്കാന്‍ നോക്കി. എന്നിട്ടും ബസിലിരുന്നപ്പോള്‍ എനിക്ക് നെഞ്ചെരിയുന്നതുപോലെയോ വയറ് കാളുന്നതുപോലെയോ ഒക്കെതോന്നി. വീട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഓട്ടോ പിടിച്ച് ചിറ്റൂര്‍ റോഡിലുള്ള ദീപയുടെ വീട്ടില്‍ പോയി ഞാന്‍ കുറെ നേരം കിടന്നു.

വൈകുന്നേരമാണ് ഞാനന്ന് വീട്ടിലെത്തിയത്. അമ്മയോട് എല്ലാം പറഞ്ഞ ശേഷവും കിട്ടിയില്ല സ്വസ്ഥത. അതുവരെയുള്ള അജിത്തിനെ ഓര്‍ത്തെടുക്കലില്‍ ,ഇരുന്നും കിടന്നും എഴുന്നേറ്റും നടന്നുമൊക്കെയായി ഞാന്‍ മുഴുകിത്താണു.. അന്നുവരെ പരിചയിച്ച അജിത്തിന്റെ തുടര്‍ച്ചയേ ആയിരുന്നില്ല നേര്‍ക്കുനേര്‍വന്ന് പ്രണയം പകര്‍ന്ന അജിത് . ഒരു സാധുവായിരുന്നു അജിത്..മിക്കവാറും മൗനി.

ഡിഗ്രിക്‌ളാസ് തുടങ്ങി ഒരാഴ്ച്ക്കകം ,അജിത് എന്നോട് വന്നുപറഞ്ഞു.'എന്റെ അമ്മക്ക് പ്രിയയുടെ അമ്മയെ നന്നായറിയാം.' എങ്ങനെ എന്നു ഞാന്‍ കണ്ണുവിടര്‍ത്തിയപ്പോള്‍ 'എസ്.എസ്.എല്‍.സിയുടെ ഒരു സെന്‍ട്രലൈസ്ഡ് വാല്യുവേഷന്‍ ക്യാമ്പില്‍ അവരൊന്നിച്ചുണ്ടായിരുന്നു' എന്ന മറുപടി കിട്ടി. ഞാന്‍ പെട്ടെന്ന് ഹോസ്പിറ്റലൈസ്ഡ് ആയതുകാരണം അമ്മ ഇടക്കുവച്ച് ആ ക്യാമ്പ് ഉപേക്ഷിച്ചിരുന്നു. ക്യാമ്പുപേക്ഷിക്കലൊക്കെ എസ് എസ് എല്‍ സി റ്റീച്ചേഴ്‌സിനിടയില്‍ അന്ന് വലിയ സംഭവമാണ്. അതുകൊണ്ടുതന്നെ 'അമ്മയും അമ്മയുടെ അസുഖമകളും' അന്ന് ഒരു വലിയ വാര്‍ത്ത ആയിമാറിയിരുന്നിരിക്കണം. ആ ആശുപത്രീവാസം കഴിഞ്ഞ ഉടനെ ആയിരുന്നു എന്റെ ബി.എ അഡ്മിഷന്‍ . എന്റെ പരിതാപകരമായ ആരോഗ്യ നില കാരണം അഡ്മിഷന്‍ നേരത്ത് കോളേജില്‍ എന്നെ
പ്രതിനിധാനം ചെയ്തത് അമ്മയും അമ്മാവനുമായിരുന്നു. എന്റെ ബി.എ കൂട്ടുകാരെ, എനിക്കുമുമ്പേ കണ്ടതും പരിചയപ്പെട്ടതും അവര്‍ രണ്ടാളുമായിരുന്നു.

അസുഖക്കൂട്ടുകാരിയുടെ വരവും ആ കു ട്ടിയുടെ നാടും ജീവിതപശ്ചാത്തലവും എല്ലാം അജിത് അമ്മയോട് പറഞ്ഞുകേള്‍പ്പിച്ചപ്പോള്‍ ആ അമ്മ പെട്ടെന്ന് കാര്യങ്ങള്‍ കണക്റ്റ് ചെയ്തുകാണണം. തമ്മില്‍ നല്ല മന:പൊരുത്തമുള്ള അമ്മയും മകനും എന്ന് അജിത്തിനെയും അമ്മയെയും കുറിച്ച് തോന്നി. അമ്മയ്ക്ക് പരിചയമുള്ള റ്റീച്ചറിന്റെ മകളെന്ന നിലയാലാവും ഞാനാദ്യം അജിത്തിന്റെ മനസ്സില്‍ കയറിപ്പറ്റിയത്.

അജിത്-പള്ളുരുത്തിക്കാരനുംപ്രിയ-എരമല്ലൂര്‍ക്കാരിയും ആണ് എന്നും ക്‌ളാസില്‍ ആദ്യംഎത്തിയിരുന്നത്. ട്രാന്‍സ്‌പോര്‍ട്ട് ബസിനെ ആശ്രയിക്കേണ്ടിയിരുന്നതുകൊണ്ടാണ് എന്റെ വരവ് നേരത്തേ ആയത്. അജിത് എന്തുകൊണ്ട് നേരത്തേ എത്തുന്നു എന്ന് ഞാന്‍ ചിന്തിച്ചതേയില്ല.ബസിറങ്ങി. കോളേജ് ഗേറ്റ് കടന്ന് കാട്ടുചെമ്പകപരിസരത്ത് എത്തുമ്പോള്‍ ഞാന്‍, മുകളിലെക്‌ളാസ് റൂമിലേക്ക് കണ്ണുപായിക്കും.ബാനര്‍ജിറോഡിനഭിമുഖമായുള്ളക്‌ളാസ്‌റൂമിന്റെ അതിവിസ്താരമുള്ള ജനല്‍പ്പടിമേല്‍ ഒരു ലൈബ്രറിപുസ്തകവുംകൈയില്‍ പിടിച്ച് കാല്‍നീട്ടി ഇരിക്കുന്ന അജിത് അപ്പോഴെന്നെ നോക്കികൈവീശും.. മുകളില്‍ എത്തുമ്പോള്‍ അജിത്ത് ഒതുങ്ങിയിരുന്ന്ജനല്‍പ്പടിമേല്‍ ഇരിക്കാന്‍ എനിക്കും സ്ഥലം തരും.ഞങ്ങളിരുന്ന് സംസാരിക്കും. എന്റെ ബഹളമയ ഗാങിലെ ആരെങ്കിലും എത്തുമ്പോള്‍ ഞാന്‍ ജനല്‍പ്പടി വിടും, അജിത് പുസ്തകത്തിലേക്ക് തിരിയും.

അതിനിടെ ഇടയ്ക്ക് ഞാന്‍ മാതൃഭൂമി ബാലപംക്തിക്കാരിയായി.ഇംഗ്ലീഷ്മെയിന്‍കാര്‍ക്കിടയില്‍ മലയാളം-ഇംഗ്‌ളീഷ് ഇഷ്ടം ഒരേ പേലെ നെഞ്ചില്‍സൂക്ഷിക്കുന്നവര്‍ എല്ലാക്കാലത്തും പൊതുവേ കുറവായിരിക്കും.ഇംഗ്‌ളീഷിനോട്പ്രത്യേക ഇഷ്ടം കൊണ്ട് വരുന്നവരുമാകില്ല പലരും.ഇംഗ്‌ളീഷ് സംസാരിക്കാനറിയാം എന്ന ഒറ്റ ഗുണത്തെ മുന്‍നിര്‍ത്തി ഇംഗ്‌ളീഷ് പഠനത്തിന് തുനിഞ്ഞവരാകും പലപ്പോഴും കൂടുതല്‍ പേരും.ഞങ്ങളുടെ ക്ലാസിലെ സ്ഥിതിയും അങ്ങനെ തന്നെ ആയിരുന്നു. മലയാളവും ഇംഗ്‌ളീഷും , ഭാഷാക്കിളിയുടെ രണ്ടുതൂവലുകളാണ് എന്നുവിചാരിച്ചിരുന്ന ചുരുക്കം ചിലരില്‍ പെടുമായിരുന്നു ഞാനും അജിത്തും. എന്റെ മലയാളക്കമ്പം,കഥയെഴുത്ത് ശ്രമങ്ങള്‍ - അതും ഞങ്ങള്‍ക്കിടയിലെ താല്പര്യത്തിന് കാരണമായിരുന്നിരിക്കാം.

ഒന്നാം വര്‍ഷാവസാനം ഞാന്‍ പിന്നെയും ആശുപത്രിക്കാരിയായി.പരീക്ഷകളില്‍ഞാന്‍ പെട്ടില്ല.മഹാരാജാസ്-ക്‌ളാസുകള്‍ഉച്ചനേരത്ത് കഴിയുംഅന്നൊക്കെ.ക്ലാസ് കഴിയുന്നതും അജിത് ,അസുഖമയിയായി ഞാന്‍ കിടക്കുന്നഎറണാകുളംമെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റലിലെത്തും.. എന്റെ തളര്‍ന്ന കട്ടില്‍ക്കിടപ്പിനുമുന്നിലെ സോഫയില്‍ അധികം സംസാരിക്കാതെ ചുമ്മാ കുറ്റിയടിച്ചിരിക്കും .പലപ്പോഴും സഹികെട്ട് ഞാന്‍ ചോദിക്കും-'അജിത്തിന് വീട്ടില്‍ പോകണ്ടേ? ഓഫീസ് അവേഴ്‌സ് കഴിഞ്ഞാല്‍പ്പിന്നെ ബസിലെല്ലാം തിരക്കാവില്ലേ?' 'എനിക്കെപ്പോഴും ബസുണ്ട ് 'എന്നു പറഞ്ഞ് അജിത് പിന്നെയും ഇരിപ്പ് തുടരും. അജിത് പോയിട്ടുവേണം ,പിടിച്ചുനിര്‍ത്തിരിരിക്കുന്ന വേദനക്കടലിനെ അഴിച്ചുവിട്ട് എനിക്ക് കണ്ണീരുപ്പില്‍ ഒന്നാകമാനം നനയാന്‍ എന്ന് അജിത്തിനറിയില്ലല്ലോ.

ആ ആശുപത്രിവാസത്തിന്റെ അവസാനം ഞാന്‍ ആദ്യമായി ബോംബെക്ക് ചികിത്സാര്‍ത്ഥം പോയി. ബോംബെവസ്ത്രങ്ങളും നീളന്‍കമ്മലുകളും എന്ന പ്രത്യേകതയോടെയാണ് ഞാന്‍ തിരിച്ചുവന്നത്. എന്നെ തനിച്ച് അടുത്തുകിട്ടിയ ഒരു ദിവസം, അജിത് എന്റെ വസ്ത്രങ്ങളിലേക്ക് നോക്കി, 'പ്രിയയെന്താ നിഷിയെപ്പോലെയൊക്കെയാകാന്‍ തുടങ്ങിയോ' എന്ന് വിമര്‍ശനാത്മകമായി ചോദിച്ചത് എന്നെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി.അങ്ങനെയൊരു സ്വാതന്ത്ര്യം എന്റെ മുനിസുഹൃത്ത് എടുക്കുക എന്നു പറഞ്ഞാല്‍, അതുതന്നെ ഒരു ലോകാത്ഭുതമായിരുന്നു.

രണ്ടാം വര്‍ഷം ഞാന്‍ സജീവമായി കോളേജിലുണ്ടായിരുന്നു. കോളേജിലേക്കുള്ള യാത്രാസൗകര്യം പ്രമാണിച്ച് , ഉദ്യോഗമണ്ഡലിലെ അമ്മാവന്റെ കൂട്ടത്തിലേക്ക് താമസം മാറ്റിയിരുന്നു അതിനിടെ അജിത്. ഉണ്ണിയുടെ വീട്ടില്‍ ഇടക്കൊക്കെ അജിത് സന്ദര്‍ശകനായി. ക്രിക്കറ്റ്-കമ്പം, ഡിറ്റക്റ്റീവ് നോവലുകളില്‍ കമ്പം ഒന്നുമില്ലാതിരുന്നിട്ടും അജിത്തിനെ ഉണ്ണിക്കിഷ്ടമായി.

അതിനിടെയാണ് , ' എനിക്ക് പ്രിയയോടിഷ്ടം' എന്ന കക്ഷിയുടെ പ്രണയപ്രസ്താവന. പിറ്റേന്നും അജിത്, എന്റെ നേര്‍ക്കുനേര്‍ വന്നു. 'പറയരുതെന്നു പറഞ്ഞിട്ടും ദീപയോട് പറഞ്ഞു, അല്ലേ' എന്ന ചോദ്യം വന്നു ആദ്യം. അത്തരം ഊഹിക്കലും വരവും ചോദ്യവും എല്ലാം അജിത്തിന്റെ ഞാന്‍ പരിചയിച്ച മട്ടുകള്‍ക്കെല്ലാമപ്പുറത്തുനിന്നെങ്ങോ വരുന്നതായിരുന്നു. പിന്നെ അജിത് പറഞ്ഞ കാര്യം കേട്ടുചിരിക്കാതിരിക്കാന്‍ എനിക്കൊരുപാട്പാടുപെടേണ്ടിവന്നു. 'പ്രിയ വിഷമിക്കണ്ട, സിമി റോസ് ബെല്‍ പറഞ്ഞു ഞാനുമായുള്ള വിവാഹത്തെെക്കുറിച്ചാലോചിക്കാം' എന്ന് വളരെ ഗൗരവത്തിലാണ്
അജിത് പറഞ്ഞത്.. പ്രണയത്തിനെ നിമിഷം കൊണ്ട് സാഹോദര്യമാക്കിയതും പോരാഞ്ഞ് അടുത്ത ദിവസം മറ്റൊരു പ്രണയത്തിനായി പരതലും അതിന്റെ വിവാഹസാദ്ധ്യതയെക്കുറിച്ചുള്ള ചിന്തകളും- ഈ അജിത്തിന്റെ പ്രണയസങ്കല്പത്തിനിതെന്തുപറ്റി എന്നു ലഘുവായേ ഞാന്‍ കാര്യങ്ങളെ എടുത്തുള്ളു.

അടുത്തപടിയായി അജിത് ,എനിക്കൊരു കാസറ്റ് നീട്ടി-'ഞാന്‍ എഴുതി ഞാൻ തന്നെ ചൊല്ലിയ കവിതയാണ്.കേള്‍ക്കണം.അഭിപ്രായം പറയണം.' ഞാനന്ന് വീട്ടില്‍ച്ചെന്നതും ഉടുപ്പുപോലും മാറാതെ കാസറ്റ് വച്ചുകേട്ടു.പിറ്റേന്ന് ചെല്ലുമ്പോള്‍ 'എന്താ കവിത കേള്‍ക്കാഞ്ഞത് ' എന്നു ചോദിച്ചാണ് അജിത്,അടുത്തുവരുന്നതെങ്കിലോ?

പിറ്റേന്ന് അജിത് വന്നത് മുണ്ടുടുത്ത് ഒരു കാവി ഷര്‍ട്ടിട്ട്, ഒരു വീട്ടുസങ്കടവും പറഞ്ഞാണ്. 'ഇന്നലെ ഞാന്‍ പാര്‍ട്ടി ഓഫീസിലാണ് കിടന്നത്.വാച്ചുവിറ്റു. എന്നെ കൂടെ കിടത്താന്‍ അച്ഛനും അമ്മക്കും വിസമ്മതം.അവര്‍ക്കിപ്പോ റിയല്‍ എസ്റ്റേറ്റിലാണ് കമ്പം.' എന്തിനാണ് ഇത വലിയൊരു കുട്ടി ,അച്ഛന്റെയും അമ്മയുടെയും കൂടെ കിടക്കുന്നത് എന്നെനിക്കു മനസ്സിലായില്ല. പരുങ്ങിപ്പരുങ്ങി മിണ്ടാതെ നിന്ന എനിക്ക് ഒരു ഹീറോ പേന തന്നു അജിത്. 'ഇത് സൂക്ഷിച്ചുവച്ചോളൂ' എന്നും പറഞ്ഞു.അന്ന് വീട്ടില്‍ ചെന്നപ്പോള്‍ പേന സൂക്ഷിക്കലായി എന്റെ തലവേദന. എന്റെ കഷ്ടകാലത്തിന് അതെങ്ങാനും കാണാതെ പോയാല്‍ അജിത്ത് എങ്ങനെ ആവും പ്രതികരിക്കുക എന്ന ആധി എന്നെ ചൂഴ്ന്നുനിന്നു.. രണ്ടുദിവസത്തേക്ക് അജിത്തിനെ കണ്ടില്ല.പിന്നെ മൂന്നാംദിവസം ക്‌ളാസിലെത്തി,എന്നിട്ട് വന്നവഴിയേ എന്റെ നേര്‍ക്കെത്തി. 'കാസറ്റെന്ത്യേ,പേന എന്ത്യേ' എന്നെല്ലാം തിരക്കി. പിറ്റേന്ന് ഞാനതെല്ലാം ഭദ്രമായി തിരികെ ഏല്പിച്ചു.'തറവാട്ടിലെ അമ്പലത്തില്‍ പൂജാരിയാകാന്‍ പോവുകയാണ'് എന്നാണ് അന്നു പറഞ്ഞത്.

ഇലക്ഷന്‍കാലമായിരുന്നു അത്.അജിത്, എസ്.എഫ്.ഐയുടെ കൊടി കീറി വലിച്ചെറിഞ്ഞുഎന്നൊക്കെ കേട്ടു പിന്നെ.മഹാരാജാസ് എന്ന ചുവപ്പുകോട്ടയ്ക്കകത്തുവച്ച്എസ്.എഫ്.ഐയുടെ കൊടി കീറി വലിച്ചെറിയുക എന്നു പറഞ്ഞാല്‍ തികച്ചുംആത്മഹത്യാപരമായ നടപടിയാണ്.പക്ഷേ അന്ന് അജിത് രക്ഷപ്പെട്ടത് ക്‌ളാസ്‌മേറ്റും എസ്.എഫ്‌ഐക്കാരനും പള്ളുരുത്തിക്കാരനും ആയ സഞ്ജയിന്റെയും കോളേജോഫീസ് ജീവക്കാരനും പള്ളുരുത്തിക്കാരനും ആയ എം വി ബെന്നിയുടെയും ഇടപെടലുകള്‍ കൊണ്ടാണ്.അജിത്തിന്റെ മനസ്സ് ഏതെല്ലാമോ പ്രശ്‌നങ്ങളിലാണ് എന്ന് ക്രമേണ എല്ലാവരും അറിഞ്ഞു.
അജിത് ട്രീറ്റ്‌മെന്റിലാണ് എന്നാണ് പിന്നീടറിഞ്ഞത്. അന്നത്തെ മനോവിഭ്രാന്തിക്കാലത്ത് അജിത്തിന് തോന്നിയ ഒരു മായാമോഹമായിരുന്നു എന്നോടുള്ള പ്രണയതാത്പര്യം എന്നറിഞ്ഞതോടെ എന്റെ ഉള്ള് ശാന്തമായി.

തൃശൂര്‍സൈഡിലുള്ള അമ്മവീട്ടില്‍ നിന്നുകൊണ്ടായിരുന്നു അജിത്തിന്റെ ചികിത്സ എന്നാണറിയാനായത്. സുഖമായിട്ടും അജിത് പിന്നെ ക്‌ളാസില്‍ വന്നില്ല.

മൂന്നാം വര്‍ഷം വീണ്ടും അസുഖമായി ഞാന്‍ ക്‌ളാസില്‍ പോയതേയില്ല.മൂന്നാംവര്‍ഷ പരീക്ഷാക്കാലത്താണ് ഞാന്‍ പിന്നെ പ്രത്യക്ഷപ്പെട്ടത്. ഒരു പരീക്ഷാദിവസം അജിത് ഉണ്ടായിരുന്നു എന്ന് കേട്ടു.മരുന്നുകള്‍ കാരണമാവും അജിത്വണ്ണം വച്ചിരിക്കുന്നു വല്ലാതെ എന്നും അറിഞ്ഞു.തേഡ്ക്‌ളാസും കൊണ്ട്‌വേറെന്തുചെയ്യാന്‍ എന്ന ഗതികേടോടെ ഞാന്‍ എം എ ക്ക് തുനിഞ്ഞിറങ്ങി. അജിത്തിന് ഡിഗ്രിക്ക് സെക്കന്‍ഡ് ക്‌ളാസ് എന്നുമാത്രം അതിനിടെ അറിഞ്ഞു. പള്ളുരുത്തിയിലൂടെ ബസ് പോകുമ്പോള്‍ ഞാന്‍ വഴിയോരം മുഴുവന്‍ അരിച്ചുപെറുക്കി അജിത്തിനെ നോക്കി.

വര്‍ഷമൊന്നുകഴിഞ്ഞു.ഒരു ദിവസം മാതൃഭൂമി ബാലപംക്തി മറിക്കുമ്പോള്‍ ,'എന്റെ പൂമരം' എന്ന തലക്കെട്ട്. 'എന്റെ പൂക്കാത്തമരം' എന്ന തലക്കെട്ടില്‍ ഞാനിതേ താളില്‍ ഒരു കുറിപ്പെഴുതിയിരുന്നല്ലോ എന്നമ്പരക്കുന്നതിനിടെ, എഴുതിയ ആളുടെ പേര് ഞാന്‍ കണ്ടു.-'അജിത,ഉദ്യോഗമണ്ഡല്‍.' അജിത് കുറേക്കാലം അമ്മാവനൊപ്പം ഉദ്യോഗമണ്ഡലില്‍ താമസിച്ചിരുന്നല്ലോ, പേരിലെ ചന്ദ്രക്കല മനപ്പൂര്‍വ്വം വിട്ടുകളഞ്ഞതോ അച്ചടിയില്‍ വിട്ടുപോയതോ എന്നെല്ലാം സംശയിച്ച് ഞാനത് വായിക്കാനിരുന്നു.

വായനക്കിടെ പലതവണ എന്റെകണ്ണില്‍ ഇരുട്ടുകയറി. ഞാനാണ് ആ കഥയിലെ പൂമരം.എഴുതിയത് അജിത്താണ്.ഞാന്‍ക്‌ളാസില്‍ ആരോടെങ്കിലുമൊക്കെ ചുമ്മായിരുന്ന് പറയുമായിരുന്നനൂറായിരംകാര്യങ്ങളെല്ലാമാണ് കഥയില്‍..പുറം ലോകത്തുനടക്കുന്നതൊന്നുംഅറിയുന്നതേയില്ല എന്ന മട്ടില്‍ പുസതകത്തില്‍ മുഖം പൂഴ്ത്തിയിരുന്ന്,ഞാന്‍ചിലയ്ക്കുന്നതെല്ലാം ഒന്നൊഴിയാതെ ഒപ്പിയെടുത്തിരുന്നു അജിത്ത് എന്ന അറിവ്,എന്നെ എത്ര നന്നായാണ് എന്റെ കണ്ണടക്കൂട്ടുകാരന്‍ ഉള്‍ക്കൊണ്ടിരുന്നതെന്ന അത്ഭുതം, ആ പൂമരത്തിന്റെ ഓരോ ഇലയും എന്നോടുള്ള ഇഷ്ടം കൊണ്ട് പച്ചച്ചത് എന്ന കാഴ്ച- എനിക്ക് ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നി.

നേരത്തേ ബാലപംക്തിയിലെത്തിയിട്ടും എന്തോ കാരണം കൊണ്ട് 'എന്റെപൂമര'ത്തിന്റെ പ്രസിദ്ധീകരണം വൈകിപ്പോയതായിരുന്നിരിക്കണം.മനോവിഭ്രാന്തി
കൊടുത്ത കൂസലില്ലായ്മയുടെ നേരത്ത് അറ ചാടിപ്പുറത്തുവന്നഇഷ്ടപ്പറച്ചില്‍.അങ്ങനൊന്ന് ഇടംപിടിച്ചില്ലായിരുന്നെങ്കില്‍ ,പൂമരക്കുറിപ്പുവഴിയായിരുന്നിരിക്കും അജിത് ഇഷ്ടമറിയിക്കാന്‍ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നും തോന്നി..എങ്ങനെ ഏതുനേരത്തറിയിച്ചിരുന്നുവെങ്കിലും,ഞാന്‍ അജിത്തിനെ പ്രണയിക്കുമായിരുന്നില്ല .

പിന്നെ ,എന്റെ പ്രണയവുമായി എന്റെ കല്യാണം. എനിക്ക് ജോലിയായി ഞങ്ങള്‍ ഏറ്റുമാനൂര് താമസം..

ഒരു ദിവസം വൈകിട്ടുവന്ന് വാടകവീട്ടിലെ കോണിപ്പടിയില്‍ ചാരിയിരുന്ന് രാവിലത്തെ പത്രം വിശദമായി വായിക്കുമ്പോള്‍, ഒരു ഫോട്ടോയും വാര്‍ത്തയും.അജിത്,തടിവച്ച അജിത് ആ തിരുവനന്തപുരം വാര്‍ത്തയിലിരുന്ന് എന്നെ നോക്കി. 'ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സില്‍ ജോലിയായിരുന്ന ചെറുപ്പക്കാരന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നുവീണുമരിച്ചു.' അതാത്മഹത്യ ആയിരുന്നുവോ എന്ന് ആ കണ്ണടക്കുള്ളിലെ കണ്ണുകളോട് ചോദിക്കാതിരിക്കാൻ എനിക്കായില്ല. പിന്നെ ആ കോണിപ്പടിയിലിരുന്ന് ഞാന്‍ ഒരുപാട് നേരം വിതുമ്പിക്കരഞ്ഞു. പിന്നെ ഒരു ദിവസം ഞാനും ഉണ്ണിയും അജിത്തിന്റെ അമ്മാവന്റെ ഉദ്യോഗമണ്ഡല്‍വീട്ടില്‍ പോയി.അദ്ദേഹം അജിത്തിനെ കുറിച്ച് മാത്രം ഒന്നുംമിണ്ടിയില്ല.

വീട്ടിലെ താളപ്പിഴകളോ താമരപ്പാര്‍ട്ടിയോ അജിത്തിനെ കശക്കി എറിഞ്ഞത് എന്ന ചോദ്യം മനസ്സിലിട്ട് ഇടക്കൊക്കെ ഞാന്‍, എന്റെ കണ്ണടക്കൂട്ടുകാരനെ ഓര്‍ക്കും.ഓര്‍മ്മയിലെപ്പോഴും തുടക്കത്തിലെ കോഫീബ്രൗണ്‍ ഷര്‍ട്ടിട്ടാണ് അജിത് വരിക.എന്നിട്ട് ചിരിക്കും.ഒച്ചയില്ലാത്ത, ശാന്തമായ ചിരി.

ഒരു മാർച്ചില്‍ ഇംഗ്‌ളീഷ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പഴയ ഇംഗ്‌ളീഷുകാര്‍ മഹാരാജാസില്‍ വച്ച് ഒത്തുചേര്‍ന്നപ്പോള്‍ കഥാകൃത്ത് പ്രിയയെ കൂട്ടുകര്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കണമെന്ന് ഒരു ഫോട്ടോഗ്രാഫര്‍ക്ക് ആശ.ആ കാട്ടുചെമ്പകമരത്തിന്റെ പരിസരത്ത് ഞങ്ങളെ നിര്‍ത്തി അയാള്‍. ,മുകളിലെ വീതിജനാലപ്പടിയിലേക്ക് ഞാന്‍ അറിയാതെനോക്കിപ്പോയി..ഉവ്വ്,കൈവീശുന്നുണ്ട് കണ്ണടക്കാരന്‍. പക്ഷേ ഞാന്‍ തിരികെ കൈ വീശിയില്ല.ഞാന്‍ ഇങ്ങ് ഭൂമിയിലല്ലേ?

"സ്‌നേഹിക്കുന്നു ഞാന്‍" എന്ന ആ പറച്ചിലിലെ ഉള്‍നോവറിഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്യാനാകുമായിരുന്നില്ല എനിക്ക്. എങ്കിലും ഞാന്‍ ഇടക്കിടെ ഓര്‍ക്കാറുണ്ട് അജിത്തിനെ. ഹാർട്ടറ്റാക്ക് ആയിരുന്നു മരണകാരണമെന്നും എപ്പോഴോ കേട്ടു.

ആ കാട്ടുകണ്ണാടിനാടകം വാര്‍ത്തയായപ്പോഴും ഓര്‍ത്തു അജിത്തിനെ-
ഹിഡുംബി ഭീമന് കൊടുത്ത കാട്ടുകണ്ണാടി-ഛായാമുഖി. ഹിഡുംബി ഛായാമുഖിയില്‍ എന്നും കണ്ടത് ഭീമനെ.
ഭീമനെന്നും കണ്ടത് ദ്രൗപദിയെ. ദ്രൗപദി കണ്ടത് അര്‍ജുനനെ.
പ്രണയിക്കാന്‍ എളുപ്പമാണ്.പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത് എന്ന് നാടകച്ചുരുക്കം.

'ഭൂമി നിറയെ പൂക്കള്‍- എന്റെയീ കൈക്കുടന്നയിലെത്ര കൊള്ളും?
ഭൂമി നിറയെ പ്രണയം-ഒരു പെണ്ണിന്റെ കണ്ണിലെത്ര കൊള്ളും?
ഭൂമി നിറയെ കാമം-ഒരാണിന്റെ ചങ്കിലെത്ര കൊള്ളും?
ഭൂമി നിറയെ ജീവിതം ഒരസ്ഥിക്കുടുക്കയിലെത്ര കൊള്ളും?
ശ്രീകാന്ത് കോട്ടക്കല്‍ ആ നാടകത്തെക്കുറിച്ച് എഴുതി- 'നൂറുവയസ്സുവരെ
ജീവിച്ച ഒരു വയസ്സനെക്കുറിച്ച് കസാന്‍ദ്‌സാക്കീസ് തന്റെ ആത്മകഥയില്‍
പറയുന്നുണ്ട്. ജീവിതത്തെ ഒരു ഗ്‌ളാസ് തണുത്ത വെള്ളമായി കാണുന്നയാള്‍. ഈ
നൂറാം വയസ്സിലും നിങ്ങള്‍ക്ക് ദാഹിക്കുന്നുവോ എന്ന ചോദ്യത്തിന്
വൃദ്ധന്റെ ഉത്തരം-ആര്‍ക്കാണതില്ലാത്തത്?
കീചകനിലും ഭീമനിലും കാഴ്ചക്കാരനിലും ജീവിതത്തിനും പ്രണയത്തിനും
വേണ്ടിയുള്ള അടങ്ങാത്ത ദാഹം അവശേഷിപ്പിച്ചുകൊണ്ട് നാടകം തീരുന്നു'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priya a sliterature newsmalayalam newskattu kannadiMaharas college
News Summary - Kattu kannadi- Priya a s
Next Story