Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവർഗീയത തോൽക്കുക തന്നെ...

വർഗീയത തോൽക്കുക തന്നെ ചെയ്യും

text_fields
bookmark_border
വർഗീയത തോൽക്കുക തന്നെ ചെയ്യും
cancel
camera_alt

ശബ്നം ഹശ്മി

ഇന്ത്യ എന്ന ആശയത്തിനുതന്നെ ഭീഷണി സൃഷ്ടിക്കുന്ന വർഗീയതക്കും ഫാഷിസത്തിനുമെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ പതിറ്റാണ്ടുകളായി നിലകൊള്ളുന്നു ശബ്നം ഹശ്മി. എൺപതുകളുടെ തുടക്കത്തിൽ സാക്ഷരതാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ശബ്നം ആ പതിറ്റാണ്ടിന്റെ ഒടുക്കത്തിൽ തെരുവിലെ നാടകവേദിയിൽ കൊല്ലപ്പെട്ട സഹോദരൻ സഫ്ദറിന്റെ സ്മരണാർഥം രൂപപ്പെട്ട കൂട്ടായ്മകളുടെ ഭാഗമായി. 2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം അൻഹദ് എന്ന സംഘടന രൂപവത്കരിച്ച് സമുദായ ഐക്യ-സ്ത്രീ ശാക്തീകരണ മുന്നേറ്റങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചു. വിഖ്യാത ശാസ്ത്രജ്ഞനും കവിയുമായ ജീവിതപങ്കാളി ഗൗഹർ റാസയെയും കൂട്ടി കലാപഭൂമിയിലെ കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും ശബ്ദം പകർന്നു. ജനങ്ങൾക്കിടയിൽ സാമൂഹിക ഐക്യം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ഗൃഹസന്ദർശന കാമ്പയിൻ ഏകോപിപ്പിക്കാനായി ഈയിടെ കേരളത്തിലെത്തിയ ശബ്നം ഹശ്മിയുമായി സെക്കുലർ കലക്ടിവ് അധ്യക്ഷനും ​കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം മുൻ മേധാവിയുമായ ഡോ. കെ. ഗോപാലൻകുട്ടി നടത്തിയ സംഭാഷണത്തിൽ നിന്ന്.

ശബ്നം ഹശ്മിയും ഡോ. കെ. ഗോപാലൻകുട്ടിയും

ഇപ്പോൾ നടത്തിവരുന്ന ഗൃഹസന്ദർശന കാമ്പയിനെക്കുറിച്ച് പറയാമോ?

മേരേ ഘർ ആകേ തോ ദേഖോ (ഞങ്ങളുടെ വീട്ടിൽ വന്നു കാണൂ) എന്ന പ്രമേയത്തിൽ 80 സംഘടനകളുടെ പിന്തുണയോടെ ആഗസ്റ്റ് 15ന് ആരംഭിച്ച ദേശീയ കാമ്പയിന്റെ അടിസ്ഥാന ലക്ഷ്യം മതത്തിനും ജാതിക്കും ദേശത്തിനും അതീതമായി കുടുംബങ്ങൾ പരസ്പരം കണ്ടും സംസാരിച്ചും മനസ്സിലാക്കുക എന്നതാണ്. വർത്തമാനകാലത്ത് വ്യാപകമായിരിക്കുന്ന വിദ്വേഷത്തിന്റെ അന്തരീക്ഷത്തിന് പ്രതിരോധം തീർക്കാനാണ് നാം ശ്രമിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും സംഘാടക സമിതികളുണ്ട്.

ഉദ്ഘാടന ദിവസം അരലക്ഷം ആളുകളാണ് കാമ്പയിന്റെ ഭാഗമായി ഗൃഹസന്ദർശനങ്ങൾ നടത്തിയത്. ഹിന്ദുക്കൾ മുസ്‍ലിം വീടുകളിൽ പോയി, മേൽജാതിക്കാർ ദലിത് വീടുകളിൽ പോയി... ചായ കുടിച്ചു, വിശേഷങ്ങൾ പങ്കുവെച്ചു... ഇപ്പോഴും സന്ദർശനങ്ങൾ തുടരുകയാണ്. ഏറെ ഹൃദ്യമായ അനുഭവങ്ങളാണ് കാമ്പയിന്റെ തുടർച്ചയായി പുറത്തുവരുന്നത്. ഭരണഘടനാ ദിനമായ നവംബർ 26, മനുഷ്യാവകാശ ദിനമായ ഡിസംബർ 10, ഗാന്ധിജി രക്തസാക്ഷിത്വ ദിനമായ ജനുവരി 30 എന്നീ ദിവസങ്ങളിൽ വിപുലമായ സന്ദർശനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് എന്നെക്കുറിച്ച് പല മുൻവിധികളുമുണ്ടാവാം, പല കേട്ടുകേൾവികളിലും വിശ്വസിച്ചിട്ടുണ്ടാവാം. എന്റെ വീട്ടിൽവന്ന് കാണുകയും ഇടപഴകുകയും ചെയ്യുമ്പോഴാണ് നാം പരസ്പരം തിരിച്ചറിയുന്നത്.

ഒരു ഉദാഹരണം പറയാം. ഗുജറാത്ത് തലസ്ഥാനമായ അഹ്മദാബാദിലെ മുസ്‍ലിം ഘെറ്റോ ആണ് ജുഹാപുര. ഹിന്ദു സമൂഹത്തിൽ നിന്നുള്ള ചിലർ അവിടെ ചില മുസ്‍ലിം വീടുകളിൽ സന്ദർശനം നടത്തി. ശേഷം അവർ ആശ്ചര്യപൂർവം പറഞ്ഞത്, ‘‘ഞങ്ങൾ ഒരു വീട്ടിലും നാല് ഭാര്യമാരെ കണ്ടില്ല, കുടുംബങ്ങളിൽ രണ്ടോ മൂന്നോ മക്കളേ ഉള്ളൂ, ഞങ്ങൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പ്രചാരണങ്ങൾ ശരിയല്ല എന്ന് ബോധ്യമായി’’ എന്നാണ്.

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന സായുധ ഘോഷയാത്രകളിലും, കലാപങ്ങളിൽപ്പോലും സ്​ത്രീകളുടെ പങ്കാളിത്തം വൻതോതിലായിരിക്കുന്നു. സ്​ത്രീകളെ ഒരു വർഗീയ വസ്തുവാക്കി മാറ്റുന്ന പ്രതിഭാസത്തെക്കുറിച്ച് താങ്കളുടെ ചിന്തകൾ പറയാമോ?

സത്യത്തിൽ പുരുഷാധിപത്യ സമൂഹമാണ് സ്ത്രീകൾ പുരുഷന്മാരിൽനിന്ന് തീർത്തും വ്യത്യസ്തരാണ്, അവർക്ക് സഹാനുഭൂതിയും ദയയും കൂടുതലാണ് എന്ന മട്ടിലെ പ്രതീതി സൃഷ്ടിച്ചത്. സ്ത്രീകളും സമൂഹത്തിന്റെ ഭാഗമാണ്. സമൂഹം വർഗീയവത്കരിക്കപ്പെടുമ്പോൾ അതിനെ ചെറുക്കാൻ ബോധപൂർവമായ നീക്കമില്ലെങ്കിൽ എല്ലാവരും അതിന്റെ ഭാഗമായിത്തീരും. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അണികൾ ഇപ്പോൾ വർഗീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

വലതുപക്ഷക്കാരും മധ്യമ നിലപാട് പുലർത്തിയിരുന്നവരും മാത്രമല്ല, അൽപം ഭേദമാണെങ്കിലും ഇടതുപക്ഷക്കാർ പോലും ഇതിൽപെട്ടുപോകുന്നു. ചുറ്റുപാടും വിരോധവും വിദ്വേഷവും പരക്കുമ്പോൾ സ്ത്രീകൾ മാത്രമെങ്ങനെ വ്യത്യസ്തമാവും? വിദ്വേഷത്തിന്റെ വിത്തുകൾ ആണ്ടിറങ്ങിയിരിക്കുന്നു. ഡൽഹിയിൽ അതിമനോഹരമായ കവറുകളിൽ പൊതിഞ്ഞ് വി.എച്ച്.പിയുടെ ലഘുലേഖകൾ പതിവായി കത്തുകൾപോലെ വീടുകളിലെത്തുന്നത് എനിക്കോർമയുണ്ട്. ചരിത്രം വെട്ടിമുറിക്കപ്പെട്ടിരിക്കുന്നു, രാമജന്മഭൂമി വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെല്ലാമായിരുന്നു ലഘുലേഖകളുടെ ഉള്ളടക്കം.

ഈ വിദ്വേഷ സാഹിത്യങ്ങൾ വഴി ലക്ഷക്കണക്കിന് വീടുകളിലാണ് ഈ സന്ദേശങ്ങൾ നിരന്തരം എത്തിക്കൊണ്ടിരുന്നത്. അവ ഫലം കാണുകയും 20-30 വർഷക്കാലം കൊണ്ട് വർഗീയവത്കരണം യാഥാർഥ്യമാവുകയും ചെയ്തു. പിന്നെ സമൂഹത്തിന്റെ ഭാഗമായ സ്ത്രീകൾ എങ്ങനെ ഇതിൽപ്പെടാതിരിക്കും? നമ്മുടെ ദേശീയ മനഃസാക്ഷി ഇടത്, മധ്യ നിലപാടായിരുന്നു, ഇപ്പോൾ വലതുപക്ഷത്തേക്ക് നീങ്ങിയിരിക്കുന്നു.

സ്ത്രീകൾ ജീവനോടെ ചുട്ടെരിക്കപ്പെട്ട നരോദപാട്യയിൽ സ്ത്രീകൾ മറ്റു സ്ത്രീകളെ തീയിലേക്ക് തള്ളിയിട്ടതിന്റെ കഥകൾ ഞാൻ കേട്ടിട്ടുണ്ട്. ഗുജറാത്ത് വംശഹത്യക്കിടെ സ്ത്രീകൾ പെട്രോൾ ബോംബുകൾ കൈമാറുന്നതിന്റെ ചിത്രങ്ങൾ നാം കണ്ടതാണ്. തങ്ങളുടെ ഭർത്താവ്, പിതാവ്, സഹോദരൻ, മകൻ, സ്ത്രീകളെ ബലാത്സംഗം ചെയ്തും ലൈംഗിക അതിക്രമത്തിനിരയാക്കിയും കയറിവരുകയാണെന്നറിഞ്ഞിട്ടും ഒരു വൈമനസ്യവും വൈക്ലബ്യവുമില്ലാതെ അവരെ സ്വീകരിക്കാൻ സ്ത്രീകൾ തയാറാകുമ്പോൾ മനസ്സുകളിൽ വിദ്വേഷം എത്രമാത്രം ആണ്ടിറങ്ങിയിരിക്കുന്നു എന്നത് മനസ്സിലാക്കാമല്ലോ. മനുഷ്യത്വം കെട്ടുപോയാൽ പിന്നെ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമൊന്നുമില്ല.

‘ഉണർന്ന ഹിന്ദു’ എന്ന മട്ടിൽ സ്​ത്രീകളെ ശാക്തീകരിക്കുന്നതിൽ ഹിന്ദുത്വ വലതുപക്ഷം വിജയിച്ചിട്ടുണ്ടോ?

വലിയ അളവുവരെ വിജയിച്ചിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. വർഗീയവത്കരിക്കപ്പെട്ട കുടുംബങ്ങൾക്കിടയിലാണെന്നുമാത്രം. മോദിയും ബി.ജെ.പിയും തങ്ങളെ ശാക്തീകരിച്ചു എന്നാണ് അവർ വിശ്വസിക്കുന്നത്. കഴിഞ്ഞ ഡൽഹി അന്താരാഷ്ട്ര പുസ്തകമേളയിൽ നേരിൽ കണ്ട് അമ്പരന്നുപോയ ഒരനുഭവം പറയാം. അവിടെ പുസ്തകവുമായി നിൽക്കുന്ന മോദിയുടെ ചിത്രം സ്ഥാപിച്ച് സെൽഫി പോയന്റ് ഒരുക്കിയിരുന്നു. ആ ചിത്രത്തെ ചുംബിക്കുന്ന, സെൽഫിയെടുക്കാൻ തിക്കിത്തിരക്കുന്ന സ്ത്രീകളെയാണ് ഞങ്ങൾക്കവിടെ കാണാനായത്.

സ്ത്രീകൾ മോദിയിൽ ആകൃഷ്ടരല്ല എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് തികഞ്ഞ തെറ്റിദ്ധാരണയാണ്. പൗരുഷ പ്രതീകമായി മോദിയെ അവതരിപ്പിച്ച വലതുപക്ഷ തന്ത്രം ഫലിച്ചിരിക്കുന്നു എന്നുതന്നെ പറയണം. നടപ്പിൽവരുത്തുന്നില്ലെങ്കിലും മോദി നിരന്തരം സ്ത്രീകളെക്കുറിച്ചും അവരുടെ ശാക്തീകരണത്തെക്കുറിച്ചും പറയുന്നുമുണ്ടല്ലോ.

സ്ത്രീകൾക്ക് വ്യക്തി എന്ന നിലയിൽ ഉറപ്പാക്കേണ്ട അവകാശങ്ങളെ തമസ്കരിച്ച് ഹിന്ദുത്വം അവരെ സംസ്കാരം പേറുന്ന വ്യക്തികളായി അവതരിപ്പിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാമോ?

സ്ത്രീകളുടെ അവകാശങ്ങൾ എല്ലാം അത്യന്തം ഹീനമായ രീതിയിൽ തട്ടിത്തെറിപ്പിക്കപ്പെട്ടിരിക്കുന്നു. വനിതാ അവകാശ പ്രവർത്തകർ വർഷങ്ങൾ പൊരുതിയാണ് ഗാർഹികപീഡനത്തിനെതിരെ നിയമം 2005ൽ സാധ്യമാക്കിയത്. സ്വന്തം കുടുംബങ്ങളിൽ പീഡനത്തിനിരയാവുന്ന സ്ത്രീയുടെ അതിജീവനത്തിന് കരുത്തുപകരുന്ന ആ നിയമത്തിൽ അവർ മായം ചേർത്തിരിക്കുന്നു. ഇന്ന് വീട്ടിൽനിന്ന് പീഡനമേൽക്കുന്ന ഒരു സ്ത്രീ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യില്ല, പകരം അന്വേഷണമാണ് തുടങ്ങുക. ഒട്ടുമിക്ക കേസുകളിലും പുരുഷന്റെ വീട്ടുകാർ കൈക്കൂലി കൊടുത്തും സ്വാധീനിച്ചും ഇടപെടൽ നടത്തും. ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ എന്നൊക്കെ വാചകമടി നടത്തുന്നവർ ഭ്രൂണലിംഗ പരിശോധന സംബന്ധിച്ച നിയമങ്ങൾപോലും ലഘൂകരിച്ചു.

കണക്കുകൾ പരിശോധിച്ചാൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എത്രയോ മടങ്ങ് വർധിച്ചിരിക്കുന്നതായി ആർക്കും ബോധ്യപ്പെടും. ബിൽകീസ് ബാനു കേസിൽ കുറ്റക്കാരെന്നുകണ്ട് കോടതി ശിക്ഷ വിധിച്ച ഭീകര കുറ്റവാളികളെ മോചിപ്പിക്കാൻ ഈ സർക്കാർ മുതിർന്നു, പൂമാലയിട്ട് സ്വീകരിച്ചു. കഠ് വയിൽ ഒരു പിഞ്ചു പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന അക്രമികളെ പിന്തുണച്ച് നടത്തിയ പ്രകടനത്തിൽ ബി.ജെ.പിയുടെ എം.എൽ.എമാർ പോലും പ​ങ്കെടുത്തു.

ഹാഥറസിലുമതെ, ദലിത് പെൺകുട്ടിയെ ബലാത്സംഗക്കൊലക്ക് ഇരയാക്കിയ പ്രതികൾക്ക് പൂമാലയിട്ടാണ് വരവേൽപ്പൊരുക്കിയത്. ബ്രിജ്ഭൂഷൻ സിങ്ങിന്റെ കേസ് നോക്കൂ, എത്രയേറെ കായിക താരങ്ങളാണ് അയാൾക്കെതിരെ പരാതിയുമായി വന്നത്. അയാളെ രക്ഷിച്ചെടുക്കുകയാണ് ചെയ്തത്. ഇത്രയധികം പീഡനങ്ങളും അതിക്രമങ്ങളും അരങ്ങേറുകയും പ്രതികൾ അശിക്ഷിതരായി നടക്കുകയും ചെയ്ത ഒരു കാലം ഇന്ത്യയിൽ മുമ്പുണ്ടായിട്ടില്ല.

മലയാളത്തിലെ ടി.വി സീരിയലുകളിൽ സ്ത്രീകൾ അടുക്കളയിൽ ഒതുങ്ങുന്ന, ഒതുങ്ങേണ്ട വ്യക്തികളായാണ് അവതരിപ്പിക്കപ്പെടുന്നത്. വീട്ടിൽ വെച്ചിരിക്കുന്ന ടി.വി കാണുന്ന ഒരു അഞ്ചു വയസ്സുകാരി കരുതുക ഞാൻ ഇവ്വിധമായാണ് വളർന്നുവരേണ്ടത് എന്നാണ്- ഈ മാതൃക എന്തിന്റെ സൂചകമാണ്?

ഞാൻ ഹിന്ദിയിലെ സീരിയലുകൾ കാണാറില്ല. പക്ഷേ, ഏതാണ്ട് ഇതേതരം പ്രമേയങ്ങളൊക്കെത്തന്നെയാണ് പല ഭാഷകളിലും പുറത്തിറങ്ങുന്ന ടി.വി സീരിയലുകളുടേത്. ജനാധിപത്യ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി പരിവർത്തിപ്പിക്കുന്ന വലിയ പദ്ധതിയിൽ ഇതെല്ലാം പങ്കുവഹിക്കുന്നു​ണ്ട്. ആർ.എസ്.എസും സംഘ്പരിവാറും സാധ്യമായ എല്ലാ മേഖലകളിലും കടന്നുകയറുന്നുണ്ട്. എഴുപതുകളിൽ അവർ ചെയ്തത് വിവിധ ആദിവാസി മേഖലകളിൽ കുറെ സ്വാമിമാരെ അയക്കുകയായിരുന്നു.

മധ്യപ്രദേശിലെ അലിരാജ് പൂർ, ചബുവാ, ഗുജറാത്തിലെ സബർകന്ദ, ഡാങ്ക്, ഒഡിഷയിലെ കാണ്ഡമാൽ എന്നിവിടങ്ങളിലെല്ലാമെത്തിയ ഈ സ്വാമിമാർ തുടക്കത്തിൽ ഗ്രാമങ്ങൾതോറും കയറിയിറങ്ങി ഭജന പാടിനടക്കുന്നതാണ് നാം കണ്ടത്. അതിൽ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി ആർക്കും തോന്നില്ല. പിന്നീട് അവർ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഭജനസംഘങ്ങൾക്ക് രൂപം നൽകി. ഒരുമിച്ചിരുന്ന് പുരാണ കഥകൾ പറയാൻ തുടങ്ങി. അവിടത്തെ ജനങ്ങളെ ഓരോ ഭാരവാഹിത്വവും ഉത്തരവാദിത്തങ്ങളും ഏൽപ്പിക്കാൻ തുടങ്ങി.

ഈ മേഖലകളിലേക്ക് വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി കയറിച്ചെന്ന ക്രൈസ്തവ മിഷനറിമാരല്ലാതെ ആരുംതന്നെ ആദിവാസികളെ സന്ദർശിക്കുകയോ പരിഗണിക്കുകയോ ചെയ്തിരുന്നില്ല. ഈ നാമമാ​ത്ര ഭാരവാഹിത്വങ്ങളും ഉത്തരവാദിത്തങ്ങളും അവരെ സംബന്ധിച്ച് വലിയ കാര്യമായി, ഒരുതരം ശാക്തീകരണം അവർക്ക് അനുഭവപ്പെട്ടു. പിന്നെ പതിയെ പതിയെ ആ മനുഷ്യരെയും പ്രദേശങ്ങളെയും വർഗീയവത്കരിക്കുന്ന പ്രക്രിയ ആരംഭിച്ചു. പ്രകൃതിയെ ആരാധിച്ചുപോന്ന ആദിവാസികൾക്ക് ദേവന്മാരെയും ദേവികളെയും നൽകി, ഹനുമാനും ശബരിയും അവിടങ്ങളിലെ ആരാധനാമൂർത്തികളായി. അതേ കാലത്താണ് നഗരങ്ങളിൽ സത്സംഗുകൾ ആരംഭിച്ചത്. ആദ്യം വീടുകളിലും മറ്റുമായിരുന്നു അന്ന് തുടങ്ങിയിരുന്നത്. പിന്നീട് വിശാല സത്സംഗുകളായി രൂപമാറ്റം വന്നു. അതേ സമയമാണ് സീരിയലുകളു​ടെ കഥയും പ്രമേയവും കഥാപാത്രങ്ങളുമൊക്കെ മാറുന്നത്.

ഞാൻ കോളജിൽ പഠിക്കുന്ന സമയത്ത് അഭിഭാഷക, അധ്യാപിക എന്നിങ്ങനെ പുരോഗമന പശ്ചാത്തലമുള്ള കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളാണ് വെള്ളിത്തിരയിലുണ്ടായിരുന്നത്. അവരുടെ സ്ഥാനത്ത് കരയുന്ന മരുമകൾ പ്രതിഷ്ഠിക്കപ്പെട്ടു. സാസ് ബീ കഭീ ബഹു ദീ പോലുള്ള സീരിയലുകൾ വ്യാപകമായി. സ്ത്രീ പാചകം ചെയ്തും പാത്രം കഴുകിയും കുടുംബത്തെ പരിപാലിച്ചും ജീവിക്കേണ്ടവളാണ് എന്ന ആശയമാണ് ഈ കഥാപാത്രങ്ങളിലൂടെ കൈമാറപ്പെട്ടത്. ഏഷണിയും പരദൂഷണവും പരത്തി നടക്കുന്ന, ആളുകൾക്കിടയിൽ തർക്കങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കുന്നവയായി മറ്റു പല സ്ത്രീകഥാപാത്രങ്ങളും.

പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന സ്ത്രീകഥാപാത്രത്തെ, മിക്കവാറും കുടുംബത്തിലെ മരുമകളെ വില്ലനായും മൂല്യങ്ങളും സ്വഭാവനിഷ്ഠയില്ലാത്തവളായും ചിത്രീകരിച്ചിട്ടുണ്ടാവും. പ്രേക്ഷക മനസ്സുകളിലേക്ക് ഒരു ചിത്രം പടച്ചുവിടാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണിതെല്ലാം. ഒരുവശത്ത് അവർ വർഗീയവാദം വ്യാപിപ്പിക്കുന്നു, സിനിമകളും സീരിയലുകളും മുഖേന സ്ത്രീ-പുരുഷന്മാരുടെ മനസ്സുകളിൽ സ്വാധീനം സൃഷ്ടിക്കുന്നു, പാഠപുസ്തകം, ചരിത്രം എന്നിവയെല്ലാം മാറ്റിമറിക്കുന്നു. ഇതെല്ലാം ഒരേ അജണ്ടയുടെ തുടർഭാഗങ്ങളാണ്. ഇതിനു പിന്നാലെ ‘ബാബ’മാർ എത്തുന്നു. ജനം പൂർണമായി കീഴൊതുങ്ങി എന്നുറപ്പാക്കലാണ് അവരുടെ ജോലി. ബാബ പറയുന്നതിന് അനുയായികൾക്ക് മറുവാക്കില്ല, വിമർശനാത്മക ചിന്തയില്ല, പറയുന്നത് അതേപടി അനുസരിക്കലാണ് രീതി. അതിനു പിന്നാലെയാണ് മോദി രംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

മത ആചാരം, പ്രാർഥന എന്നതിലുപരി ആരാധനകളെ ഒരുതരം ശക്തിപ്രകടനം എന്ന മട്ടിൽ അവതരിപ്പിക്കുന്ന, സ്വീകാര്യത ലഭിക്കുന്ന പ്രവണത കാണാനാവുന്നുണ്ട്, അതിന്റെ പിന്നിലെ അപകടാവസ്ഥയെക്കുറിച്ച് പറയാമോ?

ആളുകളെ ചിന്തയോ ചോദ്യമോ ഇല്ലാത്ത റോബോട്ടുകളാക്കി മാറ്റുക എന്നത് ഫാഷിസ്റ്റ് അജണ്ടയാണ്. ഒരു രാജ്യം, ഒരു സംസ്കാരം, ഒരു ഭാഷ എന്നിങ്ങനെയുള്ള ചിന്താഗതി അതിന്റെ തുടർച്ചയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിന് സംഘ്പരിവാറിനുമുന്നിലെ ഏറ്റവും വലിയ തടസ്സം രാജ്യത്ത് നിലനിൽക്കുന്ന നാനാത്വവും വൈവിധ്യവുമാണ്. വൈവിധ്യങ്ങളെ നശിപ്പിക്കാൻ അവർ തുനിഞ്ഞിറങ്ങുന്നത് അതുകൊണ്ടാണ്. താലിബാൻ ഇസ്‍ലാമിന് സൃഷ്ടിച്ച ദോഷം പോലെ ഇത്തരം നീക്കങ്ങൾ ഹിന്ദു മതത്തിനാണ് ദോഷം ചെയ്യുക. ഇസ്‍ലാമിലെ ഏതൊരു യാഥാസ്ഥിതിക ശക്തികളും ആ വിശ്വാസധാരയുടെ സത്തയെയാണ് നശിപ്പിക്കുന്നത്. ഏറെ വൈവിധ്യങ്ങൾ നിറഞ്ഞ ഇസ്‍ലാമിനെ ഏകശിലാത്മകമാക്കുകയാണവർ. അത്തരക്കാർക്ക് വിശ്വാസത്തേക്കാളുപരി കരുത്തുകാണിക്കുന്നതിലും അപരനെ കീഴ്പ്പെടുത്തുന്നതിലുമാണ് താൽപര്യം.

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വളരെ സ്വാഭാവികമായ രീതിയിൽ വർഗീയ അജണ്ട വ്യാപിപ്പിക്കാൻ ഇപ്പോൾ അത്യാധുനിക മാർഗങ്ങളു​ണ്ട്- എങ്ങനെയാണ് ഇത്തരമൊരു സാഹചര്യത്തെ നേരിടുക?

താങ്കൾ പറഞ്ഞതുപോലെ ഇവക്ക് തടയിടുക ബുദ്ധിമുട്ടാണ്, അതേസമയം പ്രതിരോധത്തിന് പല സാധ്യതകളുമുണ്ടുതാനും. പതിറ്റാണ്ടുകളായി തുടരുന്ന വർഗീയ പ്രചാരണങ്ങളുടെ ഫലമായി ഒരുപാട് ആളുകൾ വലതുപക്ഷ മനഃസ്ഥിതിക്കാരായി. അവരുടെ മനസ്സിൽ മുസ്‍ലിംകളോടും ക്രൈസ്തവരോടും ദലിതരോടുമുള്ള വിരോധം വലിയ അളവിൽ കുടിയേറി, അതിനൊപ്പം അതിരുവിട്ട സ്ത്രീവിരുദ്ധതയും നിറഞ്ഞിരിക്കുന്നു. തമാശ, കവിത, ട്രോളുകൾ എന്തെടുത്തു നോക്കിയാലും അവയിലെല്ലാം ഏറിയോ കുറഞ്ഞോ സ്ത്രീവിരുദ്ധത കലർന്നിട്ടുണ്ടാവും.

ന്യൂനപക്ഷ വിരുദ്ധതയും സ്ത്രീവിരുദ്ധതയും പ്രചരിപ്പിക്കുന്നവരെ പൊളിച്ചടുക്കാനും തുറന്നുകാണിക്കാനും ഇതേ നവ സാ​ങ്കേതിക വിദ്യകളും സമൂഹ മാധ്യമങ്ങളും ഉപയോഗപ്പെടുത്താവുന്നതല്ലേ. രാജ്യത്ത് സൗഹാർദവും ജനാധിപത്യവും സ്ത്രീ പുരുഷ സമത്വവും ഭരണഘടനയും നിലനിൽക്കണമെന്നാഗ്രഹിക്കുന്നവർ കണ്ടുനിൽക്കാതെ ഇടപെടാൻ തീരുമാനിച്ചാൽ ഇതേ സമൂഹ മാധ്യമങ്ങൾ വിഷപ്രചാരണത്തി​നെതിരായ ഫലപ്രദമായ ആയുധമായി മാറും, പക്ഷേ അവരതിന് തയാറാവുന്നില്ല. ദൗർഭാഗ്യവശാൽ മതേതര ജനാധിപത്യ പാർട്ടി അണികൾപോലും അതു ചെയ്യുന്നില്ല. ഒരുമയുടെ സന്ദേശം പകരുന്ന ഒരു വിശേഷമെങ്കിലും, അല്ലെങ്കിൽ വ്യാജപ്രചാരണങ്ങളുടെ വാസ്തവം ഒരു ദിവസം ഒന്നെന്ന തോതിൽ വാട്സ്ആപ്പിലൂടെ ബ്രോഡ്കാസ്റ്റ് ചെയ്യാൻ ഓരോരുത്തരും തയാറായാൽ വലതുപക്ഷ വർഗീയതയെ തോൽപിക്കാൻ സാധിക്കും.

വയർ, ക്വിന്റ്, സ്ക്രോൾ, ന്യൂസ് ലോണ്ട്രി, സത്യഹിന്ദി തുടങ്ങി പല സ്വതന്ത്ര മാധ്യമങ്ങളും വർഗീയ പ്രചാരണത്തിനെതിരെ ചെറുത്തുനിൽപ് ഒരുക്കുന്നുണ്ട്. ഒരുപാട് യൂട്യൂബർമാർ ചെറുക്കുന്നുണ്ട്. സംഘ്പരിവാറിനോളം വലുപ്പമില്ലെങ്കിലും ചെറുചെറു കൂട്ടങ്ങളും വ്യക്തികളുമെല്ലാം എതിർക്കാൻ ​ധൈര്യം കാണിക്കുന്നുണ്ട്. പലരും ആക്രമിക്കപ്പെടുന്നുണ്ട്. പക്ഷേ, അക്രമവും വിദ്വേഷവും എക്കാലവും വിജയം നിലനിർത്തിയ ചരിത്രമില്ല, വർഗീയത പരാജയപ്പെടുന്ന കാലം വരുകതന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsKerala NewsMalayalam NewsShabna HashmiInteviews
News Summary - Shabna Hashmi Interview
Next Story