Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅന്വേഷിയുടെ ചരിത്രം...

അന്വേഷിയുടെ ചരിത്രം അജിതയുടേയും

text_fields
bookmark_border
അന്വേഷിയുടെ ചരിത്രം അജിതയുടേയും
cancel
camera_alt

ചിത്രങ്ങൾ: വിശ്വജിത്ത് കെ.

കേരളം കണ്ട കരുത്തുറ്റ സ്ത്രീസംഘടനയുടെ, ‘അന്വേഷി’യുടെ യാത്ര തുടങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ആ യാത്രയുടെ കഥ പറയുകയാണ് അജിത

നക്സലേറ്റ് അജിതയെന്ന് വിളിക്കപ്പെട്ടിരുന്ന കുന്നിക്കൽ അജിത ഇന്ന് ‘അന്വേഷി’ അജിതയാണ്. അജിതയിൽനിന്ന് വേറിട്ട് ഒരു ചരിത്രം ‘അന്വേഷി’ക്കില്ല. പൊതുപ്രവർത്തനവും രാഷ്ട്രീയജീവിതവും ജീവശ്വാസമായിരുന്ന അജിതക്ക് ജനങ്ങളിൽനിന്നകന്ന്, അവരുടെ പ്രശ്നങ്ങളിൽനിന്നകന്ന് സ്വാർഥയായി ജീവിക്കാൻ കഴിയുമായിരുന്നില്ല. നക്സലേറ്റ് പ്രസ്ഥാനത്തിന്‍റെ തളർച്ചക്കും ജയിൽവാസത്തിനും ശേഷം അജിത പൊതുപ്രവർത്തന രംഗത്തേക്കു വന്നത് ‘ബോധന’ എന്ന സംഘടനയുമായാണ്. ഒന്നുമില്ലായ്മയിൽനിന്ന് തുടങ്ങിയ ‘അന്വേഷി’ ഇന്ന് സ്വന്തമായി ഓഫിസും ഷോർട്ട് സ്റ്റേ ഹോമും ലൈബ്രറിയും എല്ലാമുള്ള പ്രശ്നം നേരിടുന്ന ഏതൊരു സ്ത്രീക്കും ഏതുസമയത്തും കയറിച്ചെല്ലാവുന്ന അഭയകേന്ദ്രമാണ്. അജിത പറയുന്നു...

മുന്നേറ്റത്തിന്റെ 30 വർഷങ്ങൾ

കേരളംകണ്ട കരുത്തുറ്റ സ്ത്രീകളിലൊരാളായ അജിതയുടെ മറ്റൊരു പേരായി മാറി അന്വേഷി. അന്വേഷി രൂപവത്കരിക്കപ്പെട്ടിട്ട് 30 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കേരളത്തിലോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ അന്വേഷിക്ക് സമാനമായി മറ്റൊരു സംഘടനയില്ല. എങ്കിലും കേരളത്തിലെ സ്ത്രീകളുടെ ദുരവസ്ഥക്ക് പറയത്തക്ക മാറ്റമൊന്നും സംഭവിച്ചില്ലെന്നാണ് കെ. അജിത പറയുക. സംഘടനയുടെ രൂപവത്കരണശേഷം കടന്നുപോയ 30 വർഷങ്ങൾ കേരള സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.

രണ്ടാമത്തെ മകനെ എട്ടുമാസം ഗര്‍ഭിണിയായിരിക്കെ 1985ല്‍ സ്ത്രീവിമോചനത്തിന്റെ രണ്ടാം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുംബൈക്ക് പോകുന്നതോടെയാണ് സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ അജിത സജീവമാകുന്നത്. 1987ഓടെയായിരുന്നു ‘ബോധന’ പ്രവർത്തനമാരംഭിച്ചത്. എല്ലാവരും അകറ്റിനിർത്തിയിരുന്ന ലൈംഗികത്തൊഴിലാളികൾക്കുവേണ്ടി ശബ്ദമുയർത്താൻ അന്ന് മറ്റാരും ഉണ്ടായിരുന്നില്ല. കോഴിക്കോട്ടെ ബംഗ്ലാദേശ് കോളനിയിലെ കുഞ്ഞീബിയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്ന ആവശ്യവുമായി ബോധന രംഗത്തുവന്നു. ലോക്കപ്പിൽ വെച്ച് കുഞ്ഞീബി തൂങ്ങിമരിച്ചു എന്നായിരുന്നു പൊലീസിന്‍റെ നിലപാട്. കോഴിക്കോട്ടെ മറ്റ് ആക്ടിവിസ്റ്റുകളെ കൂടി ചേർത്ത് പൗരാവകാശസമിതി രൂപവത്കരിച്ച് നടത്തിയ സമരത്തിന്‍റെ ഫലമായി മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അതായിരുന്നു ആരംഭം. കുഞ്ഞീബിയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടുവെങ്കിലും ബോധന കോഴിക്കോട്ടെ പൊതുമണ്ഡലത്തിൽ അന്ന് രജിസ്റ്റർ ചെയ്യപ്പെട്ടു.

ഗ്രോ സമരം

പത്രത്തിൽ എന്തെങ്കിലും വാർത്ത കാണുമ്പോൾ ഓരോരുത്തരും കൈയിൽനിന്ന് ചെറിയ പൈസ മുടക്കി അവിടെ പോകുന്നതായിരുന്നു ബോധനയുടെ രീതി. സ്വന്തമായി വാഹനമോ വേണ്ടത്ര പണമോ ഇല്ലാതെയായിരുന്നു പ്രവർത്തനം. കോഴിക്കോട് ഗ്വാളിയാർ റയോൺസിലെ സമരം അക്കാലത്താണുണ്ടായത്. അവിടത്തെ സ്ത്രീകളെ സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം ബോധന ഏറ്റെടുത്തു. അമ്മുവേടത്തി, ഗംഗ, വി.പി. സുഹ്റ എന്നിവരെല്ലാം ചേർന്ന ഒരു ചെറിയ കൂട്ടം. താമസിയാതെ വാസുവേട്ടനും മോയിൻ ബാപ്പുവും നിരാഹാരം തുടങ്ങി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ മാവൂരിൽ വലിയൊരു പ്രകടനം നടന്നു. മാവൂരിൽനിന്ന് മെഡിക്കൽ കോളജിലേക്ക് വലിയൊരു ജനക്കൂട്ടമാണ് അന്ന് വന്നത്.

പി.ടി. ഉഷ ഏഷ്യാഡിൽ പങ്കെടുത്ത് പരാജയപ്പെട്ട് തിരിച്ചുവന്ന സമയത്ത് ആളുകൾ അവരെ ചീത്തവിളിക്കുന്ന സാഹചര്യമായിരുന്നു. ‘നീ പെണ്ണാണ്, നീ വീട്ടിലിരുന്നാൽ മതി’ എന്നു പറഞ്ഞായിരുന്നു ആക്രോശം. അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ സൽപേര് ഉയർത്തിയ ഒരു സ്ത്രീയെ അവഹേളിക്കുന്നതിനെതിരെ ബോധന പ്രതികരിച്ചു. ബോധനയുടെ നേതൃത്വത്തിൽ പയ്യോളിയിൽ ഒരു പൊതുയോഗം സംഘടിപ്പിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങൾ സ്വകാര്യ പ്രശ്നമല്ല, പൊതുപ്രശ്നമാണ്, സാമൂഹിക പ്രശ്നമാണ്, രാഷ്ട്രീയ പ്രശ്നമാണ് എന്നതായിരുന്നു മുദ്രാവാക്യം. സ്ത്രീകളുടെ പ്രശ്നങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് പ്രശ്നമേ ആയിരുന്നില്ല. ആ ഒരു മൂല്യവ്യവസ്ഥയെയാണ് ബോധന ചോദ്യംചെയ്തത്.

നാലാം ദേശീയ സമ്മേളനം

സ്ത്രീവിമോചന പ്രസ്ഥാനത്തിന്‍റെ നാലാം ദേശീയ സമ്മേളനം കോഴിക്കോട് നടത്തുന്നതിനുള്ള ഒരുക്കം തുടങ്ങി. എല്ലാ ചെറിയ ഗ്രൂപ്പുകളെയും ഒന്നിച്ചുചേർത്ത് കോ ഓഡിനേഷൻ കമ്മിറ്റി ഉണ്ടാക്കി. ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ നേരത്തേ പ്രവർത്തിച്ചിരുന്നവരാണ് പ്രധാനമായും ഇത്തരം പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നത്. രാഷ്ട്രീയമില്ലാത്തവരായിരുന്നില്ല, എന്നാൽ അതിന്‍റെ അസംതൃപ്തിയും അവഗണനയും എല്ലാം സഹിച്ചവരുമായിരുന്നു ഭൂരിഭാഗം പേരും. മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ബംഗളൂരു എന്നീ നഗരങ്ങളിൽ നിന്നുള്ളവരും അവരുടെ പ്രവർത്തന പരിചയവും സമ്മേളനത്തിന്‍റെ അനുഭവങ്ങളും എല്ലാമാണ് കേരളത്തിലെ ഫെമിനിസ്റ്റ് മൂവ്മെന്‍റിന് വിത്തുപാകിയത്.

വിദേശ ഫണ്ട് വാങ്ങിയാണ് സമ്മേളനം നടത്തുന്നതെന്നും സി.ഐ.എ ഏജന്‍റുമാരാണ് ഞങ്ങളെന്നും ചിലർ പ്രചരിപ്പിച്ചു. കേരളത്തിൽനിന്ന് കൂടുതൽ പേർ പങ്കെടുത്തിരുന്നി​െല്ലങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 2,000ത്തോളം പേർ പങ്കെടുത്തു. അതിന്‍റെ വിജയത്തിനുശേഷമാണ് ഞങ്ങളെ അംഗീകരിക്കണം എന്ന് ഇടതുപക്ഷത്തിന് മനസ്സിലാകുന്നത്. പിന്നീട് ഇം.എം.എസ് തന്നെ തത്ത്വത്തിൽ അംഗീകരിച്ചു, ഇവിടെ പുരുഷാധിപത്യമാണ് നിലനിൽക്കുന്നതെന്ന്. ഫെമിനിസ്റ്റ് നാലാം ദേശീയ സമ്മേളനത്തോടെ ബോധനയുടെ പ്രവർത്തനം അസ്തമിച്ചു.

‘അന്വേഷി’യിലേക്ക്

പിന്നീടാണ് നവോദയ മഹിള സമാജം രൂപവത്കരിക്കുന്നത്. സി.എച്ച് ഓവർബ്രിഡ്ജിന് താഴെ ഉണ്ടായിരുന്ന ടെയ്‍ലറിങ് ഷോപ്പിൽ സ്ത്രീകൾ പരാതികളുമായി വരാൻ തുടങ്ങി. സ്ത്രീകൾക്ക് പറയാനും കരയാനും പങ്കുവെക്കാനും ഒരു സ്ഥലം വേണം എന്ന ചിന്തയിൽനിന്നാണ് അന്വേഷി ഉണ്ടായത്. സംഘടന ഇല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോകുമ്പോൾ ഒരു മേൽവിലാസം ഉണ്ടാകില്ല. അങ്ങനെയാണ് 1993ൽ അന്വേഷി രജിസ്റ്റർ ചെയ്യുന്നത്. 1995ൽ അഡ്വ. മഞ്ചേരി സുന്ദർരാജിന്‍റെ പരിചയത്തിൽ ഉണ്ടായിരുന്ന സ്ഥലത്ത് ഓഫിസ് തുടങ്ങി. ഡിസംബർ പത്തിന് അവിടെ ഒരു ലൈബ്രറി തുടങ്ങി. 100 പുസ്തകങ്ങൾ വെച്ചുകൊണ്ടുള്ള സംരംഭം ഉദ്ഘാടനം ചെയ്തത് സാറാ ജോസഫായിരുന്നു. പിന്നീട് കളിപ്പൊയ്കയിൽ ഒരു ലൈൻവീട് വാടകക്കെടുത്ത് അവിടെ പ്രവർത്തനം തുടങ്ങി. ആ മഴക്കാലത്ത് എല്ലാ പുസ്തകങ്ങളും മുങ്ങിപ്പോയി. തോണിയിലാണ് പുസ്തകങ്ങൾ കൊണ്ടുവന്നത്.

ഐസ്ക്രീം പാർലർ കേസ്

എത്രയോ സ്ത്രീപ്രശ്‌നങ്ങളില്‍ അന്വേഷി ഇടപെട്ടിരുന്നെങ്കിലും അന്വേഷിയെ ഇന്നും കേരളസമൂഹം കൂടുതലായി ഓര്‍ക്കുന്നത് ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടാണ്. അതൊരു പോരാട്ടം തന്നെയായിരുന്നു. സമൂഹത്തിലെ വമ്പന്മാരോടാണ് ഏറ്റുമുട്ടാൻ പോകുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. പലവിധത്തിലുള്ള ഭീഷണികളാണ് നേരിട്ടത്. വധഭീഷണി, എന്‍റെ മോളെ ഇല്ലാതാക്കും എന്ന ഭീഷണി. ദിവസവും ഭീഷണിക്കത്ത് വരും. മുഴുവൻ തെറിയാണ് എഴുതിയിരുന്നത്. ഭീഷണിയിൽ വീഴില്ലെന്നുകണ്ടപ്പോൾ ഓഫറുകൾ നിരവധി ലഭിച്ചു. അവിടെയും വഴങ്ങില്ലെന്നു കണ്ടപ്പോൾ ഭീകരമായ അപവാദപ്രചാരണമാണ് നടത്തിയത്. പക്ഷേ, ഒരുസമയത്തും അന്വേഷി പിറകോട്ടുപോയില്ല.

വാടകവീടുകൾ പലതവണ മാറേണ്ടിവന്നു. ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള പണമില്ലാതെ ബുദ്ധിമുട്ടി. എന്നിട്ടും ആദർശങ്ങളിൽനിന്ന് വ്യതിചലിച്ചില്ല. 2000ത്തിൽ യു.എൻ പോപുലേഷന്‍റെ ഫണ്ട് ലഭിച്ചതോടെ അന്വേഷിയുടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനായി. കൗൺസലിങ്, ലീഗൽ എയ്ഡ്, കമ്യൂണിറ്റി വർക്, ലൈബ്രറി തുടങ്ങി അന്വേഷിയുടെ പ്രവർത്തനങ്ങൾ പ്രഫഷനലൈസ് ചെയ്യാൻ കഴിഞ്ഞു. തൊണ്ടയാട് ഓഫിസേഴ്സ് കോളനിയിൽ ഒരു ഓഫിസ് വാടകക്കെടുക്കാനും സ്ഥിരം സ്റ്റാഫിനെ നിയമിക്കാനും സാധിച്ചു.

യു.എൻ ഫണ്ട് നിലച്ചതോടെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായി. ഷോർട്ട് സ്റ്റേ ഹോം ആരംഭിക്കാനായി സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് ഫണ്ട് ലഭിച്ചു. അന്വേഷിയിൽ പരാതികളുമായി വരുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേർക്കും തിരിച്ചുപോകാൻ ഒരിടമില്ലായിരുന്നു. ഇവർക്ക് കൗൺസലിങ് നൽകാനും ഇവരുടെ കേസുകൾ നടത്താനും നിയമപരമായി അധികാരമുള്ള സംഘടനയാണ് ഇന്ന് അന്വേഷി.

സംഘടിത

കൗമാരക്കാർക്ക് വേണ്ടിയുള്ള കൗൺസലിങ്, അംഗൻവാടികളിൽ നാരീക്ലബുകളുമായി ബന്ധപ്പെട്ട് ക്യാമ്പുകൾ, ജൻഡർ കൗൺസലിങ് അങ്ങനെ പല പരിപാടികളും അന്വേഷി ഏറ്റെടുത്തു. ലീഗൽ ബോധവത്കരണ ക്ലാസുകൾ തുടങ്ങി. 2010ലാണ് ‘സംഘടിത’ പ്രസിദ്ധീകരണം ആരംഭിച്ചത്. ഐസ്ക്രീം കേസിനെക്കുറിച്ച് പറയാനായി ‘അന്വേഷി ന്യൂസ് ലെറ്റർ’ എന്ന പേരിലായിരുന്നു തുടക്കം. അപ്പോഴാണ് മാഗസിൻ വേണമെന്നു തോന്നിയത്. അപേക്ഷ നൽകി ഏഴുവർഷം കഴിഞ്ഞാണ് അനുമതി ലഭിക്കുന്നത്. നാലുവർഷത്തോളം സാറാ ജോസഫ് ആയിരുന്നു ചീഫ് എഡിറ്റർ. പിന്നീട് കെ.എം. ഷീബ ആ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഇടപെടലുകൾ

ഒരു വർഷം 500 മുതൽ 1000വരെയുള്ള സ്ത്രീകളുടെ കേസുകളിൽ ഇടപെടാൻ അന്വേഷിക്ക് കഴിഞ്ഞിട്ടുണ്ട്. 50 ശതമാനത്തോളം കേസുകളിൽ സ്ത്രീകൾക്ക് അനുകൂലമായ വിധി നേടിയെടുക്കാൻ കഴിഞ്ഞു. പ്രശ്നങ്ങളിൽ ആത്മാർഥമായി സ്ത്രീപക്ഷത്തുനിന്നുകൊണ്ടാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. പഞ്ചായത്തുകളിൽ, ജനജാഗ്രത സമിതികളിൽ, ആരോഗ്യമേഖലയിൽ, ആശാവർക്കർമാർക്കിടയിൽ, കൗമാരക്കാർക്കിടയിൽ എല്ലാം ഇന്ന് അന്വേഷി പ്രവർത്തിക്കുന്നുണ്ട്. മാർച്ച് കഴിഞ്ഞ് ഞങ്ങൾക്ക് ഫണ്ടൊന്നും ലഭിച്ചിട്ടില്ല. പക്ഷേ, ആകാവുന്ന രീതിയിൽ സ്ത്രീകളെ സഹായിക്കാൻ ശ്രമിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നിർഭയ ഹോം നോക്കിനടത്തുന്നത് അന്വേഷിയാണ്.

നക്സൽബാരി പ്രവർത്തനംകൊണ്ട് സ്റ്റേറ്റിനെയും പൊലീസിനെയും നേരിടാനുള്ള പരിചയമുണ്ടായി. ഇങ്ങനെയൊരു സംഘടന കേരളത്തിൽ പ്രവർത്തിക്കുന്നു എന്നത് അഭിമാനകരം തന്നെയാണ്. 30 കൊല്ലത്തെ പ്രവർത്തനപാരമ്പര്യംകൊണ്ട് ഞങ്ങൾ നേടിയെടുത്തത് നല്ല ഒരു ടീമിനെയാണ്. ആ ടീം ഇല്ലായിരുന്നുവെങ്കിൽ ഒന്നും സാധ്യമാകുമായിരുന്നില്ല. അന്വേഷിയെപോലെ ഒരു സംഘടന നിലനിൽക്കേണ്ടത് സ്ത്രീകളുടെ മാത്രമല്ല, സമൂഹത്തിന്‍റെകൂടി ആവശ്യമാണ്. സ്ത്രീശാക്തീകരണത്തിൽ സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ ഉന്നമനംകൂടി ലക്ഷ്യം വെച്ചുകൊണ്ടാണ് അന്വേഷി പ്രവർത്തിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensnaxallife`Naxal Ajitha
News Summary - Naxal Ajitha
Next Story