Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightആയിരം ഉണ്ണികളുടെ...

ആയിരം ഉണ്ണികളുടെ ആയുസിന്‍െറ പുസ്തകം

text_fields
bookmark_border
ആയിരം ഉണ്ണികളുടെ ആയുസിന്‍െറ പുസ്തകം
cancel
camera_alt?????? ????

സമൂഹത്തിന്‍െറ വല്ലായ്മകളും വീട്ടിലെ ഇല്ലായ്മകളും മൂലം പഠിപ്പു നിലച്ചുപോകുമോ എന്ന് ഭയപ്പെട്ടു നടന്ന പെണ്‍കുട്ടി ആയിരുന്നു ഒരു കാലത്ത് സുബൈദ. ഇന്ന് തട്ടമിട്ട ഈ തമിഴത്തിക്കു മുന്നില്‍ ലോകനേതാക്കള്‍ പോലും ആദരപൂര്‍വം തലകുനിച്ചു നില്‍ക്കുന്നു. തല മറച്ച സ്ത്രീകള്‍ അടിമകളെപ്പോലെ ജീവിക്കുന്നു എന്ന ആരോപണത്തെയും സ്ത്രീകള്‍ വീട്ടില്‍ വെച്ചുവിളമ്പിയും പാത്രം മോറിയും കഴിയണമെന്ന തിട്ടൂരങ്ങളെയും ഒരേ പോലെ തട്ടിമറിച്ചിട്ട് മികച്ച സാമൂഹിക സംരംഭകക്കുള്ള ഈ വര്‍ഷത്തെ ഐക്യരാഷ്ട്ര സഭാ പുരസ്കാരം ഏറ്റുവാങ്ങിയ സുബൈദാ ബായി ഏതു പ്രതിസന്ധിയേയും ആത്മവിശ്വാസത്തോടെ, കനിവോടെ നേരിടാനുറപ്പിച്ച പുതുലോകത്തിന്‍െറ പെണ്‍മുഖമാണ്.

ആഗോള വിദഗ്ധര്‍ വര്‍ഷങ്ങളായി വട്ടമേശകൂടിയും കോടികള്‍ പൊടിച്ച് ഉച്ചകോടികള്‍ നടത്തിയും ചര്‍ച്ചചെയ്തിട്ടും പരിഹാരമാവാഞ്ഞ സമസ്യക്ക് ഉത്തരം കണ്ടത്തെിയ മിടുക്കിയാണ്. പൊന്നിച്ച് സൂക്ഷിച്ചു വെച്ചിരുന്ന ആഭരണങ്ങളും സമ്പാദ്യങ്ങളുമെല്ലാം വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനായി ചെലവിടുന്നത് പതിവുശീലമാണ്. എന്നാല്‍ സുബൈദ ബായി ഉള്ളതെല്ലാം ചെലവിട്ടത് വെറുമൊരു കച്ചവടം തുടങ്ങാന്‍ മാത്രമല്ല- ആയിരങ്ങളുടെ വിലയിടാനാവാത്ത ജീവന്‍ തിരിച്ചുപിടിക്കാന്‍ കൂടിയായിരുന്നു. ഒരു വേള താന്‍ അനുഭവിച്ച ഉരുക്കം ഇനിമേല്‍ ഒരു അമ്മയെയും പൊള്ളിക്കരുത് എന്ന് ഉറച്ചായിരുന്നു, എല്ലുമുറിഞ്ഞു പണിയെടുത്തിട്ടും എക്കാലവും പിന്നില്‍ നിര്‍ത്തപ്പെട്ട പേരറിയാത്ത പെണ്ണുങ്ങളോടുള്ള കടപ്പാടും ഐക്യദാര്‍ഢ്യവും ലോകം കേള്‍ക്കെ പ്രഖ്യാപിക്കാനായിരുന്നു.

ആരോഗ്യമാണ് ധനം എന്ന പഴഞ്ചൊല്ലിനെ പരിഹസിക്കും വിധം പണമൂറ്റല്‍ മേഖലയായി മാറിയ പരിരക്ഷാ രംഗത്ത് മറ്റുള്ളവരുടെ, അതും ആരാലും അവഗണിക്കപ്പെട്ട ദരിദ്ര ജനലക്ഷങ്ങളുടെ ജീവനും ആരോഗ്യത്തിനും കരുതല്‍ നല്‍കുന്ന ഒരു ലളിത സുന്ദരമായ ആശയമാണ് സുബൈദ തെരഞ്ഞെടുത്തത്. ലോക ആരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ദിവസേന എണ്ണൂറിലേറെ അമ്മമാരാണ് ഗര്‍ഭ-പ്രസവവേളകളില്‍ മരണപ്പെടുന്നത്. അത്ര തന്നെ കുരുന്നു ജീവനുകളും ലോകത്തിന്‍െറ വിളക്കുകള്‍ കണ്‍തുറന്ന് കാണാനാവും മുന്നേ അണഞ്ഞുപോകുന്നു. (ഇന്ത്യയില്‍ പ്രസവവേളയില്‍ മരിക്കുന്ന അമ്മമാര്‍-പ്രതിവര്‍ഷം അരലക്ഷം, കുഞ്ഞുങ്ങള്‍-മൂന്നു ലക്ഷം) വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നുള്ള അണുബാധയാണ് ഭൂരിഭാഗം പ്രസവമരണങ്ങള്‍ക്കും കാരണം. വികസ്വര രാജ്യങ്ങളില്‍ അതി തീവ്രമായ ഈ പ്രശ്നത്തിന് പരിഹാരമായി ഇവരൊരുക്കിയ സുരക്ഷാ കിറ്റ് ഇന്ന് ഏഷ്യയിലെയും ആഫ്രിക്കയിലെയും ദരിദ്രജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും വരമായി കരുതി നെഞ്ചോട് ചേര്‍ക്കുന്നു.

വൃത്തിയുള്ള ഒരു തുണി, ഒരു പാഡ്, അണുവിമുക്തമാക്കിയ ശസ്ത്രക്രിയാ ബ്ളേഡ്, പൊക്കിള്‍ കൊടി കെട്ടാന്‍ ഒരു അടപ്പ്, ഒരു തുണ്ട് സോപ്പ് , ഉപയോഗ ക്രമം വിവരിക്കുന്ന കുറിപ്പ് ഇത്രയുമാണ് ജന്‍മ എന്ന പേരിലെ ചണപഴ്സിനുള്ളില്‍ അടുക്കി വെച്ചിരിക്കുന്നത്. ഓ, ഇതിലെന്താ ഇത്ര സംഭവമെന്ന് തോന്നുന്നുണ്ടോ മനസില്‍-എങ്കില്‍ കേള്‍ക്കുക- നിസാരമെന്ന് നമുക്കു തോന്നുന്ന ഒരു കഷ്ണം സോപ്പും തുണിയും ഇല്ലാഞ്ഞതു മൂലമാണ് പല ജീവിതങ്ങളും രക്ഷിക്കാന്‍ കഴിയാതെ പോയതെന്ന്, ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിച്ച് മൂര്‍ച്ച തേഞ്ഞ് ഉപേക്ഷിച്ച ബ്ളേഡുകൊണ്ട് നടക്കുന്ന പ്രസവശസ്ത്രക്രിയകളുണ്ടെന്നറിയുക.

സ്കൂള്‍ പഠിത്തം പൂര്‍ത്തിയാകും മുന്‍പേ പെണ്ണു ചോദിച്ച് കയറിവന്ന മാപ്പിളൈമാരുടെ ഉശിരുകണ്ട് വീട്ടുകാര്‍ ഒരുവേള വീണുപോയേക്കും ഒന്നു തോന്നിച്ചതാണ്. പക്ഷെ പഠിപ്പ് തുടരണമെന്ന് അതിലേറെ ഉശിരുകാട്ടി പറഞ്ഞു സുബൈദ. അദ്ക്കു മുന്നാഡി കുടുംബത്തില്‍ ഒരു പെണ്‍കുട്ടി പോലും പത്താം ക്ളാസിനപ്പുറം പഠിക്കാന്‍ പോയിട്ടില്ല. വീട്ടിലെ സാമ്പത്തിക നിലയും തൃപ്തികരമായിരുന്നില്ല. സ്കൂളിംഗ് കഴിഞ്ഞ് ഒരു കൊല്ലം പഠനത്തിന് അവധിയെടുത്ത് നെദര്‍ലന്‍റ്സ് ബാങ്കിനു വേണ്ടി വീടുകള്‍ കയറി ആളെ കാന്‍വാസ് ചെയ്യുന്ന ജോലി ചെയ്തു. അങ്ങിനെ സ്വരൂക്കൂട്ടിയ പണവുമായി നാട്ടില്‍ എഞ്ചിനീയറിംഗ് പഠനം.

കാറുകള്‍ ഡിസൈന്‍ ചെയ്യണമെന്നായിരുന്നു മോഹം. ഓട്ടോ മൊബൈല്‍ പാര്‍ട്്സ് കമ്പനിയില്‍ ജോലി കിട്ടിയെങ്കിലും വലിയ കോളൊന്നും തോന്നിയില്ല. ഉപരിപഠന സാധ്യതകളാരാഞ്ഞു. പ്രശസ്തമായ ഡലാര്‍ന സര്‍വകലാശാലയില്‍ സ്കോളര്‍ഷിപ്പോടെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദത്തിന് അഡ്മിഷന്‍ കിട്ടിയെന്നു പറഞ്ഞപ്പോള്‍ എന്തെങ്കിലും തട്ടിപ്പാകുമോ എന്ന പേടിയായിരുന്നു വീട്ടുകാര്‍ക്ക്. എന്തുവന്നാലും വരട്ടെ എന്നുറപ്പിച്ച് സുബൈദ സ്വീഡനിലേക്ക് പറന്നു. ഉല്‍പന്ന രൂപകല്‍പനയിലായിരുന്നു സ്പെഷലൈസേഷന്‍. ഈ കാലത്താണ് ശിരോവസ്ത്രം ശീലമാക്കാന്‍ ഉറച്ചത്- അതും കുടുംബത്തില്‍ ആദ്യ സംഭവം!. അതിനിടെ തന്‍െറ സങ്കല്‍പ്പത്തിലെ ലോകം പടുക്കാന്‍ കൂട്ടായി നില്‍ക്കാമെന്നു വാക്കുപറഞ്ഞ ഹബീബ് അന്‍വറിനെ ജീവിത പങ്കാളിയാക്കി.

കൊളറോഡോ സര്‍വകലാശാലയില്‍ നിന്ന് സാമൂഹിക സംരംഭകത്വത്തില്‍ എം.ബി.എയും നേടി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമീണ ജനങ്ങളുടെ ജീവിതം തിരക്കിയപ്പോഴാണ് പ്രസവരക്ഷാ വേളയിലെ കഷ്ടപ്പാടുകളെക്കുറിച്ച് കേള്‍ക്കുന്നത്. പാടത്ത് പുല്ലരിയാന്‍ ഉപയോഗിക്കുന്ന അരുവാ കത്തികൊണ്ടാണ് താന്‍ പൊക്കിള്‍കൊടി മുറിക്കുന്നതെന്ന് ഒരു വയറ്റാട്ടി തന്നെ തുറന്നു പറഞ്ഞത്. പിന്നെയുമുണ്ടായിരുന്നു സാമാന്യ ജനം വിശ്വസിക്കാന്‍ ശങ്കിക്കുന്ന സത്യങ്ങള്‍. നഗരത്തിലെ ആഡംബര ആശുപത്രിയിലെ അശ്രദ്ധമൂലം ആദ്യ കുഞ്ഞിന് ജന്‍മം നല്‍കിയ വേളയില്‍ താന്‍ നേരിടേണ്ടി വന്ന ദുരിതങ്ങളോര്‍ത്തപ്പോള്‍ ഗ്രാമീണ സ്ത്രീകളുടെ കഥകളില്‍ തരിമ്പ് അതിശയോക്തിയില്ളെന്ന് ബോധ്യമായി. താന്‍ ചെയ്യേണ്ട ദൗത്യമെന്തെന്ന് സുബൈദ മനസില്‍ ഉറപ്പിച്ചത് ഈ ഘട്ടത്തിലാണ്. സ്ത്രീകളുടെ ആരോഗ്യരക്ഷക്ക് പരിഗണന നല്‍കുന്ന സംരംഭം എന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍ അനാരോഗ്യം മൂലം ഉമ്മയെയും അമ്മായിയേയും ഏറെ മുന്‍പേ നഷ്ടമായ ഹബീബിനും അതു ബോധിച്ചു. അങ്ങിനെ Ayzh (അയ്സ്) പിറവിയെടുത്തു.

2009ല്‍ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി തൊട്ടടുത്ത വര്‍ഷം മദിരാശിയുടെ നഗരപ്രാന്തമായ കുത്തമ്പാക്കത്തെ സ്ത്രീകളുടെ മേല്‍കയ്യില്‍ പ്രവര്‍ത്തനവുമാരംഭിച്ചു. ഗ്രാമീണ ഇന്ത്യയെ മനസില്‍ കണ്ടാണ് ഉല്‍പാദനം തുടങ്ങിയതെങ്കിലും അയ്സിന്‍െറ ജന്‍മം പല ആഫ്രിക്കന്‍ നാടുകളെ സംബന്ധിച്ചും വലിയ രക്ഷയായി മാറി. സൗജന്യവിതരണമല്ല, ആര്‍ക്കും താങ്ങാനാവുന്ന വിലയില്‍ സുരക്ഷിത പ്രസവ കിറ്റ് ലഭ്യമാക്കുക എന്നതാണ് രീതി. നാളിതുവരെ രണ്ടു ലക്ഷത്തിലേറെ ‘ജന്‍മ’ കിറ്റുകളാണ് വില്‍ക്കാനായത്. അഥവാ അതിലിരട്ടി ജീവിതങ്ങളെ പ്രസവ സമയത്തെ അണു സംക്രമണത്തില്‍ നിന്നു രക്ഷിച്ചെടുക്കാനായി എന്നും അതിലുമേറെ മുഖങ്ങളില്‍ പുഞ്ചിരി വിരിയിക്കാനായി എന്നും ആശ്വസിക്കുക. പിന്നാക്കവും പാര്‍വല്‍കൃതവുമായ ചുറ്റുപാടുകളിലെ മനുഷ്യരുടെ ജീവിതത്തിന് ഗുണകരമായ മാറ്റങ്ങള്‍ ഉറപ്പാക്കുമ്പോള്‍ മാത്രമാണ് വികസനം എന്ന വാക്ക് അര്‍ഥവത്താവൂ, ദുര്‍ബല മേഖലകളിലെ സ്ത്രീകളെ മാറ്റി നിര്‍ത്തി പുരോഗതിയെക്കുറിച്ച് സംസാരിക്കുന്നത് പാഴാണ്. സ്ത്രീകളുടെ സമ്പൂര്‍ണ ആരോഗ്യം, പ്രസവ രക്ഷ, കുഞ്ഞുങ്ങളുടെ ആരോഗ്യം എന്നിവയില്‍ ശ്രദ്ധയൂന്നി സാമൂഹിക പുരോഗതിയും ശാക്തീകരണവും സാധ്യമാക്കാനാണ് സുബൈദയുടെ പോരാട്ടം.

ജന്‍മക്കു പുറമെ നവജാത ശിശു പരിചരണത്തിനായി ശിശു-ജനനി കിറ്റുകള്‍, ആര്‍ത്തവ കാല ശുചിത്വത്തിനുള്ള കന്യ കിറ്റ്, വാട്ടര്‍ ഫില്‍റ്റര്‍ എന്നിവയും അയ്സ് ഒരുക്കുന്നു. ഒറ്റ അച്ചില്‍ വാര്‍ത്തുവെച്ചവയല്ല, ഓരോ നാടിനും ചേരുന്ന, അവിടുത്തെ ജനതക്ക് വിശ്വാസയോഗ്യമായ ചേരുവകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നത്. സുബൈദ സുബൈദയുടെ പ്രയത്നം പാഴാവുന്നില്ല. ഈ സാമൂഹിക സംരംഭകക്ക് ഒപ്പം നടക്കാനും അവരുടെ വ്യവസായത്തില്‍ പതിനായിക്കണക്കിന് ഡോളറിന്‍െറ നിക്ഷേപമിറക്കാനും നിരവധി പ്രസ്ഥാനങ്ങള്‍ താല്‍പര്യപ്പെട്ടു കഴിഞ്ഞു.

പല നാടുകളും ആരോഗ്യമേഖലയിലെ പങ്കാളികളായി അയ്സിനെ പരിഗണിക്കുന്നു. അവിടങ്ങളിലെല്ലാം പുഞ്ചിരിയും ആത്മവിശ്വാസവും വിരിയിച്ച് സുബൈദ കടപ്പാട് വീട്ടുന്നു- സ്വന്തം ഉമ്മയോട്, ലോകത്തെ മുക്കുമൂലകളിലെ അമ്മമാരോട്. കുഞ്ഞുങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് എളുപ്പമെളുപ്പമാണെത്രേ ഉത്തരമത്തെുക- സുബൈദയുടെ പ്രയത്നം മൂലം അമ്മമാര്‍ ജീവിതത്തിലേക്ക് തിരിച്ചത്തെിയ ആയിരമായിരം ഉണ്ണികളുടെ ഇമയനക്കങ്ങളിലും കളിചിരികളിലും എന്തിനേറെ,കരച്ചിലുകളില്‍ പോലും ഈ അമ്മക്കു വേണ്ടിയുള്ള പ്രാര്‍ഥനയുടെ പൂമ്പൊടികള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടാവും-ഉറപ്പ്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayzhZubaida Bhaiinternational award
News Summary - mother's day article- Zubhaida bhai
Next Story