Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഓൾ റൗണ്ടറാണ് സെലിൻ...

ഓൾ റൗണ്ടറാണ് സെലിൻ ടീച്ചർ

text_fields
bookmark_border
ഓൾ റൗണ്ടറാണ് സെലിൻ ടീച്ചർ
cancel

‘നമുക്ക് അൽപം സമയം വെറുതെ കിട്ടിയാൽ ആഗ്രഹങ്ങൾക്ക് പിറകെ പോകണം. വേണമെന്നുവെച്ചാൽ എല്ലാ ആഗ്രഹങ്ങളും നടത്താൻ സാധിക്കും.’ -പറയുന്നത് സെലിൻ ടീച്ചറാണ്. 33 വർഷത്തെ അധ്യാപക ജീവിതത്തിൽനിന്ന് വിരമിച്ചശേഷം തന്റെ ആഗ്രഹങ്ങളുടെ പിറകെ പായുന്ന പ്രഫ. സെലിൻ റോയ് എന്ന 64കാരി. കോളജിൽനിന്ന് വിരമിച്ചതിനുശേഷം പാലാ നഗരസഭയിൽ കൗൺസിലറായും അധ്യക്ഷയായും പ്രവർത്തിച്ചു. പിന്നീട് തിരിഞ്ഞത് ശാസ്ത്രീയ നൃത്ത രംഗത്തേക്കായിരുന്നു. അങ്ങനെ 63ാം വയസ്സിൽ ഭരതനാട്യത്തിൽ അരങ്ങേറ്റവും നടത്തി. മാത്രമല്ല, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ഉൾപ്പെടെ പ​ങ്കെടുക്കുന്ന നീന്തൽ താരം കൂടിയാണ് സെലിൻ ടീച്ചർ. സെലിൻ ടീച്ചറിന്റെ വിശേഷങ്ങളിലൂടെ.

നൃത്തത്തിലേക്കൊരു തിരിഞ്ഞുനോട്ടം

ചെറുപ്പത്തിൽ നൃത്തം പഠിച്ചിരുന്നു, അരങ്ങേറ്റവും നടത്തി. എന്നാൽ, പഠനകാലത്ത് ഡാൻസിന് അധികം പ്രാധാന്യം നൽകിയിരുന്നില്ല. കോളജ് പഠനസമയത്തും ജോലി ചെയ്തിരുന്നപ്പോഴുമൊന്നും നൃത്തത്തെക്കുറിച്ച് ചിന്തിച്ചു പോലുമിരുന്നില്ല. ജോലിയിൽനിന്ന് വിരമിച്ചതിന് ശേഷമാണ് നൃത്തപഠനം തുടർന്നാലോ എന്ന് ഗൗരവമായി വീണ്ടും ആലോചിക്കാൻ തുടങ്ങിയത്. മകൾ നൃത്തം പഠിച്ചത് പാലായിലെ രാഗമാലിക എന്ന സ്കൂളിൽ നിന്നായിരുന്നു. അവിടത്തെ അധ്യാപിക ആർ.എൽ.വി. പുഷ്പ രാജുവിനെ അറിയാമായിരുന്നതിനാൽ അവരെ സമീപിച്ചു. ടീച്ചർ യെസ് പറഞ്ഞു. ഭരതനാട്യം പഠിച്ച് അരങ്ങേറ്റവും നടത്തി. ഇപ്പോൾ ഭരതനാട്യത്തി​നൊപ്പം മോഹിനിയാട്ടവും പഠിക്കുന്നു.

പ്രായം തടസ്സമല്ല

നൃത്തപഠനത്തിന് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുഴുവൻ പിന്തുണയുണ്ടായിരുന്നു. പാലാ നഗരസഭ ടൗൺ ഹാളിൽ അരങ്ങേറ്റത്തിന് നാട് മുഴുവൻ വന്നിരുന്നു. പൊതുപ്രവർത്തക കൂടിയായിരുന്നതിലാകാം അതെന്ന് കരുതുന്നു. അരങ്ങേറ്റത്തിന് ശേഷം ഡാൻസ് സ്കൂളിൽനിന്നുള്ള പരിപാടികളെല്ലാം ചെയ്യും. അവിടെ പഠിക്കുന്നവരിൽ അധികവും കുട്ടികളാണ്. 40 വയസ്സുള്ളവരും അക്കൂട്ടത്തിലുണ്ട്. നൃത്തം പഠിക്കാൻ എന്റെ പ്രായത്തിലുള്ള ഒരാൾ ഞാൻ മാ​ത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ അരങ്ങേറ്റം കഴിഞ്ഞതിനുശേഷം ​സമപ്രായക്കാരായ ചിലർ നൃത്തം പഠിക്കാനായി വന്നുതുടങ്ങിയിട്ടുണ്ട്.

ജീവിതം ഒന്നേയുള്ളൂ

സെന്റ് ജോർജ് കോളജ്, അരുവിത്തുറയിലെ കെമിസ്ട്രി അധ്യാപികയായിരുന്നു. 33 വർഷത്തെ അധ്യാപക ജീവിതത്തിനുശേഷം 2016ൽ വിരമിച്ചു. യാദൃശ്ചികമായാണ് പൊതു പ്രവർത്തന മേഖലയിൽ എത്തപ്പെടുന്നത്. 2010 മുതൽ 2020 വരെ പാലാ നഗരസഭ കൗൺസിലറായിരുന്നു. 2018ൽ നഗരസഭ അധ്യക്ഷയുമായി. അതിന് ശേഷമാണ് എന്റെ ആഗ്രഹങ്ങൾക്ക് പിറ​കെ പോകാൻ തുടങ്ങിയത്. എല്ലാവർക്കും ഒരു ചെറിയ ജീവിതം മാത്രമേയുള്ളൂ. എല്ലാം കഴിയട്ടേ, അതിനുശേഷം ആഗ്രഹങ്ങളുടെ പിറകിൽ പോകാം എന്നു ചിന്തിച്ചാൽ ഒരിക്കലും നടക്കില്ല. എല്ലാം കൂടി ഒരുമിച്ച് കൊണ്ടുപോകണമെന്നല്ല, എന്നാൽ നമ്മൾ ഫ്രീയായി ഇരിക്കുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾക്കു പിറകെ പോകണം. വേണമെന്നുവെച്ചാൽ എല്ലാ ആഗ്രഹങ്ങളും നടത്താൻ സാധിക്കും.

നീന്തലും ഒപ്പമുണ്ട്

പ്രായത്തെ നമ്മൾ എ​പ്പോഴും അംഗീകരിക്കണം. നൃത്തം ചെയ്യണമെങ്കിൽ ശരീരം വഴങ്ങണമല്ലോ. നിർത്താതെ നൃത്തം ചെയ്യണമെങ്കിൽ ശാരീരികവും മാനസികവുമായ കരുത്ത് നേടണം. അതിനായി ഡാൻസ് ക്ലാസിൽ ചേരുന്നതിന് രണ്ടുമൂന്നു മാസം മുമ്പുതന്നെ നീന്താൻ പോയിത്തുടങ്ങി. ഇപ്പോൾ ദിവസവും നീന്തും.

നീന്തലിൽ മുതിർന്നവർക്കുള്ള ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലുൾപ്പെടെ പ​​​ങ്കെടുത്തിരുന്നു. കോഴിക്കോടുവെച്ച് കഴിഞ്ഞ നവംബറിലായിരുന്നു സംസ്ഥാനതല ചാമ്പ്യൻഷിപ്. അതിൽ രണ്ട് വ്യക്തിഗത വെള്ളി മെഡലുകളും റിലേക്ക് രണ്ട് സ്വർണമെഡലും ലഭിച്ചു. ജനുവരിയിൽ മംഗലാപുരത്ത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ വെങ്കല മെഡലും നേടാൻ കഴിഞ്ഞു. ഇപ്പോൾ നൃത്തത്തിനൊപ്പം നീന്തലും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. രണ്ടും ഇനിയും മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഇവ നല്ലൊരു വ്യായാമം കൂടിയാണ​ല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VayoyuvamAll-RounderCeline Teacher
News Summary - Celine teacher is an all-rounder
Next Story