Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightപെരുന്നാപ്പൈസ

പെരുന്നാപ്പൈസ

text_fields
bookmark_border
abdul nasar
cancel
camera_alt

 ബി. അബ്ദുന്നാസർ

1975 മുതലാണ് ഞാൻ തലശ്ശേരി ദാറുസ്സലാം അനാഥശാലയിലെത്തുന്നത്. ഏകദേശം പത്ത് വർഷത്തോളം യതീംഖാനയുമായി ബന്ധപ്പെട്ടാണ് പെരുന്നാൾ ആഘോഷങ്ങൾ. എപ്പോഴും യതീംഖാനയുടെ ഉള്ളിലല്ല, ചിലപ്പോൾ തൊട്ടടുത്തായതുകൊണ്ട് വീട്ടിലേക്കും പോകും. യതീംഖാനയിലെ പെരുന്നാൾ രസകരമായ ആഘോഷമാണ്. ചെറിയപെരുന്നാളിന്റെയും വലിയപെരുന്നാളിന്റെയും ആഘോഷപ്പൊലിമ വർണിക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ഓർമയിലെത്തും.

യതീംഖാനയുടെ അന്ന​ത്തെ മാനേജറായിരുന്ന എല്ലാവരുടെയും പ്രിയപ്പെട്ട, വാപ്പക്കു തുല്യമായ പി.കെ. ഉമർക്കുട്ടിസാഹിബിന്റെ സാന്നിധ്യം ഒരിക്കലും മറക്കാനാവാത്തതാണ്. പെരുന്നാളിന് കുട്ടികൾക്കെല്ലാവർക്കും പുതിയ ഉടുപ്പു വാങ്ങിക്കൊടുക്കുക എന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. അതോടൊപ്പം പലവീടുകളിൽ നിന്നും അനാഥാലയത്തിലെ മക്കൾക്കായി എത്തിക്കുന്ന പുതിയതും അധികം ഉപയോഗിക്കാത്തതുമായ വസ്ത്രങ്ങളിൽ കുട്ടികളുടെ പാകത്തിനനുസരിച്ചുള്ളവ ഉമ്മർക്കുട്ടിക്കാ തന്നെ ഓരോ കുട്ടികളെയും വിളിച്ച് കൈമാറും. പെരുന്നാളിന് പുതിയ ഷർട്ട് അനാഥാലയത്തിൽവന്ന് തൊട്ടടുത്ത ടൈലർ അളവെടുത്ത് പ്രത്യേകം തയ്പിച്ചുതരുകയാണ് പതിവ്. കരയില്ലാത്ത വെള്ളമുണ്ടും ഷർട്ടിനൊപ്പം ലഭിക്കും. എല്ലാവരും പുത്തനുടുപ്പിട്ട് പള്ളിയിൽ പോകുന്നത് വല്ലാത്ത കാഴ്ചയാണ്.

അനാഥാലയത്തിലെ ആദ്യകാലങ്ങളിൽ ആലിഹാജി പള്ളിയിലെ പെരുന്നാൾ നമസ്കാരത്തിനാണ് പോകുക. വലിയ സദസ്സുണ്ടാകാറുള്ളതുകൊണ്ട് കുട്ടികളെ നിയന്ത്രിക്കാൻ പറ്റാത്തതിനാൽ ഈദ് ഗാഹിലേക്ക് കൊണ്ടുപോകാറില്ല. പെരുന്നാൾ നമസ്കാരം കഴിഞ്ഞാൽ അന്ന് എല്ലാവർക്കും പ്രത്യേകം സ്വാതന്ത്ര്യമാണ്. ഉമ്മർകുട്ടിക്ക എല്ലാവർക്കും ഈത്തപ്പഴവും മിഠായിയും തരും. എല്ലാ കുട്ടികളോടും സ്നേഹം പങ്കുവെക്കും. അന്ന് യതീംഖാനയിൽനിന്നു ലഭിക്കുന്ന നല്ല തലശ്ശേരി ബിരിയാണിയുടെ രുചി ഒരിക്കലും മറക്കാനാവാത്തതാണ്. പെരുന്നാളിന് പാട്ടും കളിയും നടക്കും. ഉസ്താദുമാരും പങ്കാളികളാകും.

പെരുന്നാളിന് കുട്ടികളെ പുറത്തുപോകാൻ സമ്മതിക്കും. പക്ഷേ ദൂരെ പോകരുത്. 10-15 പൈസ കൊടുത്താൽ നഗരത്തിലൂടെ ഓട്ടോയിലുള്ള കറക്കവും മിഠായിയും കളിസാധനങ്ങൾ വാങ്ങലും പറഞ്ഞറിയിക്കാനാവാത്ത രസങ്ങളാണ്. ഓട്ടോക്കാരുടെ പ്രത്യേക കരുതലിൽ തലശ്ശേരിയിലെ പ്രധാനയിടങ്ങളിൽ അഞ്ചും പത്തോ പേരടങ്ങുന്ന സംഘം ചുറ്റിയടിക്കും. ഞാൻ വീട്ടിൽ പോയാൽ ഉമ്മയോടൊപ്പം പലയിടത്തും പോകും.

ചെറുപ്പം മുതലേ യാത്രയിൽ കമ്പമുണ്ടാക്കിയത് പെരുന്നാളിനു ലഭിക്കുന്ന പൈസയാണ്. പലവീടുകളിലായി കിട്ടുന്ന പത്ത്, ഇരുപത് പൈസ കൂട്ടിവെച്ചിട്ടാണ് പലസ്ഥലങ്ങളിലേക്കും ചാടി പ്പോയതും തിരുവനന്തപുരം യാത്ര നടത്തിയതും. കുറെ വലുതായപ്പോൾ പെരുന്നാൾ പിറ്റേന്ന് ബാംഗ്ലൂരിലേക്കു പോകാൻ ബസിൽ കയറിയതും ജ്യേഷ്ഠനറിഞ്ഞ് ബസിൽനിന്ന് പിടിച്ചിറക്കിയതും ഓർമയുണ്ട്. ദൂരെയാത്ര നടത്താനുള്ള ഊർജം അന്ന് പെരുന്നാളിനുകിട്ടിയ പൈസ കാരണമാണ്.

വലിയ പെരുന്നാളിന് ഉദുഹിയ്യതിന് സഹായിയായി പോകും. പത്താം ക്ലാസ് കഴിഞ്ഞപ്പോ പ്രധാന വരുമാനമാർഗം പല വീടുകളിൽനിന്ന് കിട്ടുന്ന തോലാണ്. യതീംഖാനയിലെത്തിച്ച് അവ കടകളിലേക്ക് കൊണ്ടുപോവും. ബലി പെരുന്നാൾ കഴിഞ്ഞാൽ മൂന്ന് ദിവസം തോൽ കലക്ടുചെയ്യാൻ സൈക്കിളെടുത്തിട്ടോ നടന്നിട്ടോ പല വീടുകളിൽ പോകും. ആ സമയത്ത് ഒരുതോൽ കിട്ടിയാൽ ഞങ്ങൾക്ക് കൂലിയായി മിനിമം 10-15 രൂപ കിട്ടും. അത് വലിയ പൈസതന്നെയാണ്. നല്ല വരുമാനമുണ്ടാക്കാനുള്ള സന്ദർഭമാണ് കുട്ടികളായ ഞങ്ങൾക്ക് ഓരോ ബലിപെരുന്നാൾ കാലവും.

======

ബി. അബ്ദുന്നാസർ ഐ.എ.എസ്

അഡീഷനൽ സെക്രട്ടറി കേരള റവന്യൂ വകുപ്പ് ഡയറക്ടർ - ഫിഷറീസ്, മൈനോറിറ്റി വെൽഫെയർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid ul Fitr 2024B. Abdulnasser
News Summary - Eid ul Fitr memories
Next Story