Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightപ്രകൃതി ചിത്രങ്ങളുടെ...

പ്രകൃതി ചിത്രങ്ങളുടെ ഇടയൻ

text_fields
bookmark_border
പ്രകൃതി ചിത്രങ്ങളുടെ ഇടയൻ
cancel
camera_alt?????? ????????

ബന്ദിപ്പൂരില്‍വെച്ച് കരടിയെ മുഖാമുഖം കണ്ടതും കൊമ്പന്‍ തന്‍െറ നേരേ പാഞ്ഞടുത്തതും സ്വാരസ് ക്രയിന്‍റെ പടമെടുക്കാന്‍ മൂന്നുവട്ടം ആഗ്രയിലേക്ക് തിരിച്ചതിനെക്കുറിച്ചുമൊക്കെ ചോദിച്ചാല്‍ കുന്നംകുളത്തെ ഫാദര്‍ പത്രോസ് ഒന്നു ചിരിക്കും. ഒപ്പം, പലപ്പോഴും തനിക്ക് ജീവനെക്കാള്‍ പ്രധാനം ഫോട്ടോയാണെന്ന മറുപടിയുമുണ്ടാവും. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്‍റേതായ ഇടവും പേരും കണ്ടത്തെിയ ഫാദര്‍ ശ്രദ്ധേയമായ പല ഫോട്ടോകളും ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഓരോ ചിത്രത്തിനു പിന്നിലും കാത്തിരിപ്പിന്‍റെയും ക്ഷമയുടെയും സാഹസികതയുടെയും കഥകള്‍കൂടി അദ്ദേഹത്തിന് പറയാനുണ്ട്.

പുള്ളിപ്പുലിയെ പകര്‍ത്തിയപ്പോള്‍
 


എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫാദര്‍ ഫോട്ടോയെടുത്ത് തുടങ്ങുന്നത്. അങ്കിളിന്‍റെ പഴയ കാമറയില്‍ കൊഡാക്ക് ഫിലിം ഉപയോഗിച്ചായിരുന്നു തുടക്കം. പ്രായത്തിനൊപ്പം ഫോട്ടോഗ്രഫിയിലെ താല്‍പര്യവും അതിന്‍റെ ഗൗരവവും വളര്‍ന്നു. ഇപ്പോള്‍ കുന്നംകുളം ബഥനി സ്കൂളിന്‍റെ പ്രിന്‍സിപ്പലായ ഫാദര്‍ മുഴുസമയ ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞിട്ട് വര്‍ഷം നാലാകുന്നേയുള്ളൂ. കുന്നംകുളത്തെത്തിയ ശേഷമാണ് അദ്ദേഹം ഫോട്ടോഗ്രഫിയിലും അതില്‍തന്നെ പക്ഷികളുടെ ചിത്രങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. കുന്നംകുളത്തെ വിശാലമായ കോള്‍പാടങ്ങളാണ് തന്നെ പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമാക്കിയതെന്ന് ഫാദര്‍ പറയും.  ദേശാടനപക്ഷികളുടെയും സ്വദേശി പക്ഷികളുടെയുമൊക്കെ പറുദീസയാണ് ഈ കോള്‍പാടങ്ങള്‍. നഗരസഭാ പ്രദേശമായ ‘കാക്കത്തുരുത്തി’ലെത്താത്ത പക്ഷികള്‍ കുറവാണെന്നു തന്നെ പറയാം.

ടെയ് ലര്‍ ബേര്‍ഡ്
 


നീര്‍കാക്കകളുടെ തട്ടകമാണിവിടം. തന്‍റെ ശേഖരത്തിലെ പല ചിത്രങ്ങളും ഇവിടെ നിന്ന് ലഭിച്ചതാണെന്ന് ഫാദര്‍ പറയുന്നു. പക്ഷേ, അപൂര്‍വ ചിത്രങ്ങള്‍ തേടിയുള്ള അദ്ദേഹത്തിന്‍റെ യാത്ര ഇന്ത്യ മുഴുവന്‍ നീളുന്നതാണ്. പ്രിന്‍സിപ്പല്‍ എന്ന ഭാരിച്ച ഉത്തരവാദിത്തമുള്ളതിനാല്‍ അവധി ദിവസങ്ങളിലാണ് യാത്രകള്‍. നീണ്ട യാത്രകള്‍ ഏപ്രില്‍, മേയ് മാസങ്ങളിലും. തൂത്തുക്കുടി, ആഗ്ര, ബന്ദിപ്പൂര്‍, ഭരത്പൂര്‍, ഡറാഡൂണ്‍, ഹരിദ്വാര്‍, ഋഷികേശ്, മൂന്നാര്‍, തേക്കടി, വയനാട് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഫാദറിന്‍റെ കാമറയില്‍ ക്ളിക്കുകള്‍ പതിഞ്ഞിട്ടുണ്ട്. ഫോട്ടോകള്‍ക്കായി അദ്ദേഹം നേപ്പാളിലും യാത്ര ചെയ്തിട്ടുണ്ട്.

ഫാദര്‍ പത്രോസ് പകർത്തിയ ചിത്രം
 


ചില സമയങ്ങളില്‍ നമ്മെ അമ്പരപ്പിക്കുന്ന കാഴ്ചകള്‍ നമുക്കുചുറ്റും തന്നെ നടക്കാറുണ്ടെന്നും അത് പകര്‍ത്താനായാല്‍ മികച്ച ചിത്രങ്ങള്‍ സ്വന്തമാവുമെന്നും ഫാദര്‍ പറയുന്നു. ഒരിക്കല്‍ ബഥനി സ്കൂള്‍ കോമ്പൗണ്ടില്‍വെച്ച് തനിക്ക് ലഭിച്ച ചിത്രം അത്തരത്തിലൊന്നാണെന്നും അദ്ദേഹം പറയുന്നു. മറഞ്ഞിരുന്ന ഓന്തിനെ ഇരയാക്കുന്ന ഒരു കാക്കയുടെ ചിത്രമാണത്. ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആ ചിത്രം ലഭിക്കുന്നത്. സ്വാരസ് ക്രയിന്‍റെ ചിത്രമെടുക്കാന്‍ മൂന്നു തവണയാണ് ഫാദര്‍ ആഗ്രയിലെ കിയാലാഡോ നാഷനല്‍ പാര്‍ക്കിലേക്ക് വണ്ടി കയറിയത്. ഒടുവില്‍ മൂന്നാമൂഴത്തില്‍ സ്വാരസ് ക്രയിന്‍ ഫാദറിന്‍റെ കാമറയില്‍ കീഴടങ്ങി.

മൈനക്കൂട്ടം
 


ലാപ് ലിങ് എന്ന നീര്‍പക്ഷി ഫോട്ടോഗ്രാഫര്‍ എന്നനിലയില്‍ തന്‍റെ ശത്രുവെന്നാണ് ഫാദറിന്‍റെ തമാശ. ലാപ് ലിങ് ഉള്ള ഭാഗത്ത് ഫോട്ടോയെടുക്കാന്‍ പോകുമ്പോള്‍ അതിനെയൊന്ന് ‘ബഹുമാനിക്കണ’മെന്നാണ് ഫാദറിന്‍റെ അനുഭവം. മറ്റൊന്നുമല്ല, തുടര്‍ച്ചയായി ശബ്ദമുണ്ടാക്കി മറ്റു പക്ഷികളെ ഓടിക്കലാണ് കക്ഷിയുടെ പ്രധാന ഹോബി. ഫോട്ടോക്കുള്ള യാത്രകളില്‍ ഏറ്റവുമധികം ഒളിച്ചു നടന്നിട്ടുള്ളത് ലാപ് ലിങ്ങിനെ കാണുമ്പോഴാണെന്നും ഇതുള്ള സ്ഥലങ്ങളില്‍ക്കൂടി ഫോട്ടോഗ്രാഫര്‍ മാറി നടക്കണമെന്നുമാണ് അദ്ദേഹത്തിന്‍റെ നിര്‍ദേശം. ഫ്ലെമിങ്ങിന്‍റെ ഫോട്ടോയെടുക്കാന്‍ തിരുനെല്‍വേലിയില്‍ പോയപ്പോള്‍ ലാപ് ലിങ്ങും ചോരക്കാലിയെന്ന മറ്റൊരു പക്ഷിയും കൂടി ഫാദറിനെ കുറച്ചുമൊന്നുമല്ല ചുറ്റിച്ചത്.

ഫാദര്‍ പത്രോസ് പകർത്തിയ ചിത്രം
 



രണ്ടിന്‍റെയും കണ്‍മുന്നില്‍ പെടാതെ, വെട്ടിച്ചാണ് ഫ്ലെമിംഗോയുടെ ചിത്രം പകര്‍ത്തിയത്. ആ ഉദ്യമത്തിന്‍റെ മുഴുവന്‍ അധ്വാനവും തെളിയുന്ന ചിത്രം തന്നെയായി ഒടുവിലത്. മറ്റൊരു രസകരമായ അനുഭവം ബന്ദിപ്പൂരില്‍ വെച്ചെടുത്ത കരടിയുടെ ചിത്രമാണ്. വണ്ടിയില്‍ പോകവെ, കരടിയെ കണ്ട് ഫാദര്‍ ചാടിയിറങ്ങി. കരടി തന്‍റെ നേര്‍ക്കുനേരെ വന്നപ്പോഴും അദ്ദേഹം കാമറയില്‍ ആ കാഴ്ച പകര്‍ത്തുകയാണ്. കരടിയുടെ വേഗം കൂടി, തന്‍റെ അടുത്തെത്താനായപ്പോഴാണ് പെട്ടെന്ന് ഓടി രക്ഷപ്പെട്ടത്. അന്ന് ഗൈഡുമാരുടെ അടുത്തു നിന്നുകേട്ട വഴക്ക് ഇപ്പോഴും ഓര്‍മയിലുണ്ട്. പക്ഷികളാണ് ഫാദറിന്‍റെ ഇഷ്ടമേഖലയെങ്കിലും മൃഗങ്ങളെയും അദ്ദേഹം കാമറയില്‍ പകര്‍ത്താറുണ്ട്. വംശനാശം നേരിടുന്ന പക്ഷിവര്‍ഗത്തില്‍പെട്ട പിപിറ്റ്, നൈറ്റ് ജാര്‍, ക്രസ്റ്റഡ് ഫിഷ് ഔള്‍, പീജിയോണ്‍, ബാര്‍ബിറ്റ് തുടങ്ങിയവയുള്‍പ്പെടെ മുന്നൂറിലധികം പക്ഷികള്‍ ഫാദറിന്‍റെ ഫോട്ടോശേഖരത്തിലുണ്ട്. വ്യത്യസ്തതരം മലയണ്ണാനുകളുടെയും പുള്ളിപ്പുലി, കാണ്ടാമൃഗം, കൊമ്പന്‍ തുടങ്ങിയ മൃഗങ്ങളുടെയും ചിത്രങ്ങളുമുണ്ട്.

ഫ്രാങ്ക്ലിന്‍ കുഞ്ഞിനോടൊപ്പം
 


ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് കളംപാലയില്‍ ജോയി-അച്ചാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായാണ് ഫാദര്‍ പത്രോസിന്‍റെ ജനനം. ചെറുപ്പം മുതല്‍ പ്രകൃതിയിലൂടെയുള്ള ഏകാന്തയാത്രകള്‍ അദ്ദേഹത്തിന്‍െറ ശീലമായിരുന്നു. മൂന്നാറിലും മറ്റുമൊക്കെ കുന്നും മലയും താണ്ടി മരങ്ങളെയും ജീവജാലങ്ങളെയും അറിഞ്ഞ് ഒറ്റക്കാവും സഞ്ചാരം. തന്നിലെ പ്രകൃതിസ്നേഹിയെയും ഫോട്ടോഗ്രാഫറെയുമൊക്കെ വളര്‍ത്തിയത് ഈ സഞ്ചാരമാണെന്നും ഫാദര്‍ പറയുന്നു. ഫോട്ടോഗ്രഫിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഫാദറിന്‍റെ മേഖലകള്‍. ചെറുപ്പം മുതല്‍തന്നെ ആയോധന കലകളിലും അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്. അമ്മയുടെ പിതാവ് നെടുങ്കണ്ടം കൊച്ചുകുന്നേല്‍ പാപ്പച്ചനാണ് ആയോധന കലകളില്‍ ഗുരു. വല്യപ്പച്ചന്‍ കളരിയാശാനായിരുന്നു. അങ്ങനെ ചെറുപ്പത്തിലേ കളരി അഭ്യസിച്ചു. കരാട്ടേയിലും വല്യപ്പച്ചന്‍ തന്നെയായിരുന്നു ഗുരു. അഞ്ചു വര്‍ഷം കൊണ്ട് ഫാദര്‍ കരാട്ടേ ബ്ലാക്ക്ബെല്‍റ്റ് പദവി നേടി.

ഫാദര്‍ പത്രോസ് പകർത്തിയ ചിത്രം
 


മാവടി സെന്‍റ് തോമസ്, മഞ്ഞപ്പാറ ക്രിസ്തുരാജ്, നെടുങ്കണ്ടം ജി.വി.എച്ച്.എച്ച്.എസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷമാണ് റാന്നിയിലെ പെരുനാട് ആശ്രമത്തിലെത്തിയത്.  ഇതിനിടെ, ഗ്രാമത്തിലെ ഗ്രന്ഥശാലയുടെ ലൈബ്രേറിയനായി. നെടുങ്കണ്ടം ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. മാത്യു ജോണില്‍നിന്ന് ലഭിച്ച അറിവാണ് ഇടയവേലക്ക് പ്രചോദനമായത്. തുടര്‍ന്ന് 20ാമത്തെ വയസ്സില്‍ സന്യാസ ജീവിതം ആരംഭിച്ചു. ഒരു വര്‍ഷത്തെ ആശ്രമ പഠന ശേഷമാണ് ഫാദര്‍ പ്ലസ് വണ്‍ പഠനമാരംഭിക്കുന്നത്. പിന്നീട് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്ന് ബി.എ മലയാളവും ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം എം.എ മലയാളവും നേടി. 2011ല്‍ കുന്നംകുളത്തെത്തിയ ഫാദര്‍ അക്കിക്കാവ് വിവേകാനന്ദ കോളജില്‍നിന്ന് ബി.എഡും പഠിച്ചു. ഇതോടൊപ്പം യോഗ നാച്ചുറോപ്പതി കോഴ്സും പൂര്‍ത്തിയാക്കി. 2012ലാണ് കുന്നംകുളം ബഥനി സ്കൂളിന്‍റെ മേല്‍നോട്ട ചുമതലയിലെത്തുന്നത്. 2013ല്‍ സ്കൂളിന്‍റെ പ്രിന്‍സിപ്പലുമായി. ഫാദര്‍ ഇപ്പോഴും വിദ്യാര്‍ഥിയാണ് എന്നതാണ് മറ്റൊരു കൗതുകം. പാവറട്ടി സംസ്കൃത കോളജില്‍ എം.എ സംസ്കൃതം വിദ്യാര്‍ഥിയാണ് അദ്ദേഹം.

ഫാദര്‍ പത്രോസ് പകർത്തിയ ചിത്രം
 


നിരവധി ഭാഷകളിലും ഫാദര്‍ക്ക് പരിജ്ഞാനമുണ്ട്. മലയാളം കൂടാതെ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, സുറിയാനി, സംസ്കൃതം, പോര്‍ചുഗീസ് ഭാഷകളും അറിയാം. നിരവധി പ്രദര്‍ശനങ്ങളും വിദ്യാര്‍ഥികള്‍ക്കായി ക്ളാസുകളും ഫാദര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫിയില്‍ പ്രചോദനം നല്‍കുന്ന ഏറെ പേരുണ്ട്. ‘ഞാറ്റുവേല’ എന്ന വാട്സ്ആപ് കൂട്ടായ്മയാണ് തന്നെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നതെന്നും തന്നിലെ ഫോട്ടോഗ്രാഫറെ വളര്‍ത്തുന്നതെന്നും ഫാദര്‍ പറയും. സാഹിത്യ -സിനിമ -സാംസ്കാരിക രംഗത്തെ പ്രമുഖരടങ്ങുന്ന ആ ഗ്രൂപ്പാണ് നിരന്തര അന്വേഷണങ്ങളിലൂടെ തന്നെ ഫോട്ടോകളിലേക്ക് എത്തിക്കുന്നത്. ‘പുതിയ ഫോട്ടോ ഇല്ലേ’ എന്ന ചോദ്യമാണ് ഓരോ ഫോട്ടോയുടെയും പിറവി. മികച്ച കാമറ ഇല്ലാതിരുന്ന തനിക്ക് ഏറെ സൗകര്യങ്ങളുള്ള കാമറ സമ്മാനിച്ചതും ആ ഗ്രൂപ്പിലെ അച്ചുവേട്ടന്‍ എന്ന വ്യക്തിയാണെന്നും ഫാദര്‍ മനസ്സു തുറക്കുന്നു. അപൂര്‍വ കാനന നിമിഷങ്ങള്‍ക്കായി ഇനിയും കാമറയുമായി കണ്ണു തുറക്കണമെന്നും പ്രകൃതിയെ കൂടുതലറിയാനുള്ള യാത്രകള്‍ തുടരണമെന്നുമാണ് ഫാദറിന്‍റെ ആഗ്രഹം. ഫോട്ടോഗ്രഫിക്കൊപ്പം പ്രകൃതി സംരക്ഷണത്തിലും ഫാദര്‍ സജീവമാണ്. ഈ ഭൂമി എല്ലാവര്‍ക്കുമുള്ളതാണെന്നും അതില്‍ മറ്റൊരുവന്‍റെ ആവാസ വ്യവസ്ഥയെയും അവകാശങ്ങളെയും തട്ടിയെടുക്കരുതെന്നുമാണ് കര്‍ത്താവിന്‍റെ ഈ ഇടയന്‍ നമ്മോടു പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Father Pathrosewild life photographerLifestyle News
Next Story