Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightചരിത്രപുരുഷന്റെ...

ചരിത്രപുരുഷന്റെ സഹയാത്രിക

text_fields
bookmark_border
ചരിത്രപുരുഷന്റെ സഹയാത്രിക
cancel

അധികാരമുഷ്കില്‍ പുളയുന്ന ഏതൊരു ഭരണാധികാരിയെയും പേടിപ്പിക്കാനുള്ളൊരു മുദ്രാവാക്യം കേരളത്തിന്‍െറ മുഷ്ടിക്കുള്ളിലുണ്ട്. ‘സി.പിയെ വെട്ടിയ നാടാണിതെ’ന്ന ചോരത്തിളപ്പുള്ള സംഘശബ്ദം കേട്ടാല്‍ ഏതൊരു അധികാര അരമനയും ഇന്നും നടുങ്ങിവിറക്കും. മര്‍ദകരും പീഡകരുമായ ഭരണാധികാരികളില്‍ പലരും സി.പിയുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ ഇന്നും ഒന്ന് അയയും. തിരുവിതാംകൂറിലെ ആയിരങ്ങളുടെ ജീവനും ജീവിതവും തുലച്ചുകളഞ്ഞ ക്രൂരനായ ദിവാനായിരുന്നുവല്ളോ സി.പി. ആ ദിവാനെ അമ്പലപ്പുഴക്കാരന്‍ ബ്രാഹ്മണനായ കെ.സി.എസ്. മണി എന്ന സുബ്രഹ്മണ്യം സ്വാമി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിട്ട് ജൂലൈ 25ന് 67 വര്‍ഷം പൂര്‍ത്തിയാകും.

അന്ന് സി.പിക്ക് ജീവന്‍ തിരിച്ചുകിട്ടി. പക്ഷേ, സ്വന്തം മൂക്ക് മണിയുടെ കൊടുവാള്‍ കവര്‍ന്നു. സി.പി അങ്ങനെ തിരുവിതാംകൂറില്‍നിന്ന് പലായനം ചെയ്തു. സ്വതന്ത്ര തിരുവിതാംകൂര്‍ വാദവുമായി തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കില്ളെന്ന് വാശിപിടിച്ച് നിന്നയാളായിരുന്നു സി.പി. വെട്ടേല്‍ക്കുകയും സി.പി മടങ്ങിപ്പോകുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, കേരളത്തിന്‍െറ ചരിത്രം മറ്റൊന്നാകുമായിരുന്നു. സി.പിയെ വെട്ടിയ സംഭവത്തിന് ആറര പതിറ്റാണ്ട് പിന്നിടുമ്പോള്‍ മണി ഇന്നില്ല. എന്നാല്‍, ഭര്‍ത്താവിന്‍െറ ഓര്‍മകളും പേറി ജീവിക്കുന്ന കെ.സി.എസ്. മണിയുടെ പ്രിയ പത്നിയുണ്ട്. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന്‍െറ വടക്കുംഭാഗത്തെ കോനാട്ടുമഠത്തില്‍ താമസിക്കുന്ന ലളിതാമ്മാള്‍ക്ക് 74 വയസാണിപ്പോള്‍. ഭര്‍ത്താവിന്‍െറ ഓര്‍മകള്‍ അവരെയിപ്പോഴും ആവേശഭരിതമാക്കുന്നു.

അന്ന് തിരുവനന്തപുരത്തെ തൈക്കാട് സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നടക്കുന്ന കച്ചേരിക്ക് സി.പി എത്തുമെന്നറിഞ്ഞായിരുന്നു മണിയുടെ പദ്ധതി. വൈകുന്നേരം ആറു മണിക്ക് കച്ചേരി തുടങ്ങി. ഇടക്ക് ദിവാന്‍ എഴുന്നേറ്റപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ദിവാന് വഴിയൊരുക്കുന്നതിനിടെ മണി തയാറായി നിന്നു. കൈയത്തെുന്ന ദൂരം എത്തുംമുമ്പ് മണി മുന്നോട്ടാഞ്ഞ് ദിവാനെ ആഞ്ഞുവെട്ടി. പക്ഷേ, ദിവാന്‍െറ കഴുത്തില്‍ ചുറ്റിയ പട്ട് രക്ഷയായി. അടുത്ത വെട്ടിന് മൂക്കിന്‍ തുമ്പും കവിളിന്‍െറ കീഴ്ഭാഗവും പിളര്‍ന്നുതൂങ്ങി. പെട്ടെന്ന് ലൈറ്റുകള്‍ അണഞ്ഞു.

ഹാളില്‍നിന്ന് രക്ഷപ്പെട്ട് പേട്ടക്ക് സമീപമെത്തിയപ്പോള്‍ സുഹൃത്തുക്കളായ ചെല്ലപ്പന്‍ പിള്ളയും വേലായുധന്‍ നായരും മണിയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസം മണി തീവണ്ടികയറി. കുറച്ചു ദിവസം കഴിഞ്ഞ് മദ്രാസില്‍ നിന്ന് ബോംബെയില്‍ എത്തിയപ്പോള്‍ ഇന്ത്യ സ്വതന്ത്രമായ വാര്‍ത്തയത്തെി. ഇതിനുശേഷം മണി കൊല്ലത്ത് എത്തി. പിന്നീട് തന്‍െറ സുഹൃത്തുക്കള്‍ രൂപവത്കരിച്ച കെ.എസ്.പി പാര്‍ട്ടിയില്‍ ചേര്‍ന്നു (ഈ പാര്‍ട്ടി പിന്നീട് ആര്‍.എസ്.പിയില്‍ ലയിച്ചു). ഒരു യോഗത്തില്‍വെച്ച് മണിയും ആര്‍.എസ്. ഉണ്ണിയും ചേര്‍ന്ന് കെ.എസ്.പി യോഗം കലക്കിയവരെ കൈകാര്യം ചെയ്തപ്പോള്‍ അത് കേസായി. എന്നാല്‍, ഈ കേസില്‍ മണിയെ വെറുതെ വിട്ടു. പിന്നീട് സി.പിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പൊലീസ് മണിയെ കൊല്ലത്തുവെച്ച് അറസ്റ്റ് ചെയ്ത സംഭവവുമുണ്ടായി. 1948 മേയ് ഏഴിനാണ് അറസ്റ്റ് നടന്നത്. പിന്നീട് കേസില്‍ തെളിവില്ലാതെ വന്നപ്പോള്‍ മണിയെ വെടുതെവിടുകയായിരുന്നുവെന്ന് ലളിതാമ്മാള്‍ ഓര്‍ക്കുന്നു. പിന്നീട് കെ.സി.എസ്. മണി കൊല്ലത്തും ജന്മനാടായ അമ്പലപ്പുഴയിലുമായി കഴിയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു

തമിഴ്നാട് തെങ്കാശിയിലാണ് ലളിതാമ്മാളിന്‍െറ ജന്മദേശം. തെങ്കാശിയില്‍ താമസിച്ചുവരികെ മണിയുടെ സഹോദരി വഴിയാണ് വിവാഹാലോചന വരുന്നത്. ലളിതാമ്മാളിന്‍െറ അച്ഛന്‍െറ ഒരു ബന്ധുകൂടിയായിരുന്നു മണിയുടെ സഹോദരി. അങ്ങനെ വിവാഹം നടന്നു. 50 വര്‍ഷം മുമ്പായിരുന്നു അത്. വിവാഹ സമയത്ത് ലളിതാമ്മാളിന് 24 വയസും മണിക്ക് 40 വയസ്സുമായിരുന്നു. വിവാഹം നടക്കുമ്പോഴൊന്നും സി.പിയെ വെട്ടിയ ആള്‍ മണിയായിരുന്നെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ലളിതാമ്മാള്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ് കുറെനാള്‍ കഴിഞ്ഞാണ് തന്‍െറ അമ്മാവന്‍ ആ സത്യം പറഞ്ഞതെന്ന് ലളിതാമ്മാള്‍ ഓര്‍ക്കുന്നു.

ചരിത്രത്തിന് കൈത്താങ്ങായിരുന്ന കെ.സി.എസ് മണി അമ്പലപ്പുഴ പഞ്ചായത്തില്‍ 18 വര്‍ഷം ആര്‍.എസ്.പി ടിക്കറ്റില്‍ പഞ്ചായത്ത് അംഗമായിരുന്നു. ഇതൊഴിച്ചാല്‍ കൂടുതല്‍ അധികാരമോ സ്ഥാനങ്ങളോ ലഭിച്ചിരുന്നില്ല. മലയാളം, പൊതുജനം എന്നീ പത്രങ്ങളില്‍ അദ്ദേഹം ജോലിചെയ്തിട്ടുണ്ട്. ആ നിലയില്‍ 750 രൂപ പെന്‍ഷനും ലഭിക്കുന്നുണ്ട്. മണിസ്വാമിയുള്ളപ്പോള്‍തന്നെ സംസ്ഥാന സര്‍ക്കാറിന്‍െറ സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍ ലഭിച്ചിരുന്നു. പിന്നീട് കേന്ദ്രസര്‍ക്കാറിന്‍െറ പെന്‍ഷന്‍ വാങ്ങി നല്‍കിയത് മുന്‍ മന്ത്രി ബേബിജോണ്‍ ആയിരുന്നു. ഈ പെന്‍ഷന്‍കൊണ്ടാണ് തന്‍െറ ജീവിതമെന്നും ലളിതാമ്മാള്‍ പറഞ്ഞു. എസ്.എസ്.എല്‍.സി വരെ പഠിച്ച മണിക്ക് ഇംഗ്ളീഷ് നല്ല വശമായിരുന്നു. പി.ജി വിദ്യാര്‍ഥികള്‍ക്ക് വരെ അദ്ദേഹം ക്ളാസെടുക്കുമായിരുന്നു. സി.പി ആ വെട്ടില്‍ മരിച്ചിരുന്നുവെങ്കില്‍ തന്നെ തൂക്കിലിട്ടേനേ എന്ന് പല പ്രാവശ്യം സ്വാമി തന്നോട് പറഞ്ഞിട്ടുണ്ട്.

1987 സെപ്റ്റംബര്‍ 20ന് 66ാം വയസ്സിലാണ് മണിസ്വാമി മരിച്ചത്. പുലയനാര്‍കോട്ട ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. തിരുവിതാംകൂറിനും കേരളത്തിനും പുതിയൊരു ചരിത്രമെഴുതിക്കൊടുത്ത കെ.സി.എസ്. മണിക്ക് അമ്പലപ്പുഴയില്‍ പോലും സ്മാരകം ഉണ്ടായില്ല. അതില്‍ പിന്നെയാണ് ഭാര്യ മുന്‍കൈയെടുത്ത് അമ്പലപ്പുഴ കോനാട്ടുമഠം വീട്ടുമുറ്റത്ത് സ്മാരകം പണിതത്.

എന്‍. ശ്രീകണ്ഠന്‍ നായരുടെ ഭാര്യ കെ. മഹേശ്വരിയമ്മ ശിലാസ്ഥാപനം നടത്തി. അന്നത്തെ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി 2008 മാര്‍ച്ച് രണ്ടിന് സ്മാരക സമര്‍പ്പണം നടത്തി. ലളിതാമ്മാളിനും മണിക്കും മക്കളില്ല. തന്‍െറ അനുജത്തിയുടെയും മക്കളുടെയും ഒപ്പമാണ് അവരിപ്പോള്‍ താമസം. പലവിധ രോഗങ്ങളും തളര്‍ത്തുന്നുണ്ട് ലളിതാമ്മാളിനെ.

മണിയെ കാലം എത്രനാള്‍ കൂടി ഓര്‍ക്കുമെന്നതിലും അവര്‍ക്ക് ദു:ഖമുണ്ട്. കാരണം, അമ്പലപ്പുഴയില്‍ ഇപ്പോള്‍ താമസിക്കുന്ന 50 വയസ് പിന്നിട്ടവര്‍ക്ക് മാത്രമാണ് കെ.സി.എസ് മണിയാണ് സര്‍ സി.പിയെ വെട്ടിയ കാര്യം അറിയാവുന്നത്.
പുതുതലമുറക്ക് ഇതറിയില്ളെന്ന വേദന ലളിതാമ്മാളിനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story