Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_right‘എക്സ്ക്ലൂസിവ് ഫുഡ്...

‘എക്സ്ക്ലൂസിവ് ഫുഡ് മാര്‍ക്കറ്റ്’ @ ഡല്‍ഹി

text_fields
bookmark_border
‘എക്സ്ക്ലൂസിവ് ഫുഡ് മാര്‍ക്കറ്റ്’ @ ഡല്‍ഹി
cancel
camera_alt???? ?????????????

തണുക്കാന്‍ തുടങ്ങുമ്പോള്‍ ഡല്‍ഹിയിലെ രാത്രികള്‍ക്ക് നീളം കൂടുതലാണ്. ചൂടുകാലത്തോടുള്ള പ്രതിഷേധം പോലെ തണുപ്പ് വിശപ്പിന്‍റെ അഗ്നിയെ  ആളിക്കത്തിച്ച് കൂടുതല്‍ ഭക്ഷണം കഴിപ്പിക്കും. ചൂട് നല്‍കുന്ന  ഉടുപ്പു കളണിഞ്ഞാണ ് ഞങ്ങള്‍ ഡല്‍ഹിയിലെ തണുത്ത രാത്രികളില്‍ സ്വാദുള്ള ഭക്ഷണം തേടിയിറങ്ങുന്നത്. ‘എന്തുകഴിക്കണം?’ ‘പതുക്കെ തീരുമാനിക്കാ’മെന്ന ധാരണയോടെ ഞാനും ബനീഷും നേരെ പോയത് കൊണാട്ട് പ്ലേസിലേക്ക്. ഏറ്റവും നല്ല വടക്കേയിന്ത്യന്‍, തെക്കേയിന്ത്യന്‍, മുഗളായ്, ചൈനീസ്  തുടങ്ങി  ഏതുതരം വിഭവങ്ങളും കൈയെത്തുന്ന അകലെക്കിട്ടും.  മലയാളി പലപ്പോഴും ഗൃഹാതുരതക്ക് പിറകെ പോകുന്നതു കൊണ്ടായിരിക്കാം  കൊണാട്ട് പ്ലേസിലെ ശരവണഭവനുമുന്നില്‍  ഊഴംകാത്തുള്ള നില്‍പിലേക്ക് ഞങ്ങള്‍ ചെന്നത്.

മസാലദോശ, ഇടിയപ്പം, അപ്പം തേങ്ങാപ്പാല്‍ കൂട്ട്,  ഇഡ്ഡലിവട  തുടങ്ങി തെക്കേയിന്ത്യന്‍ വെജിറ്റേറിയന്‍ താലിവരെ കിട്ടുന്നയിടം. ബോളിവുഡിലെ പ്രശസ്തരെപ്പോലും ചിലപ്പോള്‍ ശരവണഭവന്‍റെ തിരക്കുകള്‍ക്കിടയില്‍ കണ്ടത്തൊനായേക്കും. തെക്കേയിന്ത്യന്‍ ഭക്ഷണത്തിനു പ്രശസ്തമായ സാഗര്‍ രത്നയും ഡല്‍ഹിയില്‍ പലയിടങ്ങളിലുമുണ്ട്. മുന്നിലെത്തിയ മസാലദോശയുടെ ചൂടില്‍ അതിനുതാഴെ  വട്ടപ്ലേറ്റില്‍ വിരിച്ച നാടന്‍ വാഴയില  ഒരല്‍പം വാടിയതിന്‍റെ മണം വായുവില്‍ കലര്‍ന്നത് മൂക്ക് പിടിച്ചെടുത്തു. ആ മണം ആമാശയത്തിലേക്കെത്തുകയും അവിടെ കൂടുതല്‍ സ്ഥലമൊരുങ്ങുകയും ചെയ്യുന്നത്  ഞാനറിയുന്നു.

ഖാന്‍ മാര്‍ക്കറ്റിലെ നിയോണ്‍ വെളിച്ചം
ഇതുപോലൊരു വൈകുന്നേരത്തിലാണ് ഞാന്‍ സുഹൃത്തുക്കളായ സുഷക്കും മായക്കുമൊപ്പം  കൊണാട്ട് പ്ലേസില്‍നിന്ന് അധികം  ദൂരെയല്ലാത്ത ഖാന്‍ മാര്‍ക്കറ്റില്‍ ഈയിടെ പോയത്. ഡല്‍ഹിയിലെ സമ്പന്നവിഭാഗങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ് ഖാന്‍ മാര്‍ക്കറ്റ്. വില അല്‍പം ഏറുമെങ്കിലും ഭക്ഷണവൈവിധ്യവുമായി നല്ല റസ്റ്റാറന്‍റുകള്‍ അവിടെ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നു.  കോണ്ടിനെന്‍റല്‍ ഭക്ഷണംകിട്ടുന്ന  ബിഗ്ചില്‍ എന്ന റസ്റ്റാറന്‍റിന്‍റെ ചുവരുകളില്‍ പഴയ ഹോളിവുഡ് ക്ലാസിക് സിനിമകളുടെ  പോസ്റ്ററുകള്‍ തൂങ്ങിക്കിടന്ന്, നിയോണ്‍ ബള്‍ബുകളുടെ പ്രകാശത്തില്‍  ജ്വലിച്ച് വ്യത്യസ്തമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നു.  എരിവും പുളിയും  കഴിച്ചു ശീലിച്ച നാവ് ഇറ്റാലിയന്‍ പാസ്തയുടെ വെളുപ്പില്‍ ഒട്ടും മടികാട്ടാതെ അലിഞ്ഞത്  ആ അന്തരീക്ഷം ഭ്രമിപ്പിച്ചതു കൊണ്ടായിരുന്നില്ല, സ്വാദില്‍ മയങ്ങിത്തന്നെയായിരുന്നു. അവിടെ നിന്നിറങ്ങുംമുമ്പേ സുഷക്ക് പ്രിയപ്പെട്ട ബ്ലൂബെറി ചീസ്കേക്ക് നാവില്‍ വ്യത്യസ്ത രുചിയുടെ മധുരം തീര്‍ത്തു.

ചാന്ദ്നിചൗക്കിലെ ദാല്‍കച്ചോടിവാല ഷോപ്പ്
 

ഗുലാട്ടി, പിണ്ടി, ഹാവ് മോര്‍
ഡല്‍ഹിയിലെ ഭക്ഷണത്തിന്‍റെ രുചിയറിയണമെങ്കില്‍ പണ്ടാര റോഡില്‍ പോകണമെന്ന് ബനീഷിന്‍റെ സുഹൃത്ത് ഹരിയാണ് പറഞ്ഞുതന്നത്. ഡല്‍ഹിയിലെ ‘എക്സ്ക്ലൂസിവ് ഫുഡ് മാര്‍ക്കറ്റ്’. അതാണ് പണ്ടാര റോഡ്. ഗുലാട്ടി, പിണ്ടി, ഹാവ് മോര്‍ എന്നീ പ്രസിദ്ധങ്ങളായ റസ്റ്റാറന്‍റുകള്‍ തേടി ദൂരങ്ങളില്‍നിന്നുപോലും ഭക്ഷണ പ്രിയരെത്തുന്നു. പക്ഷേ, വടക്കേയിന്ത്യന്‍, ചൈനീസ് ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ മാത്രമേ അവിടേക്ക് പോകേണ്ടതുള്ളൂ. അരിയാഹാരം വളരെ കുറച്ചു മാത്രം കഴിക്കുന്നവരാണ് വടക്കേയിന്ത്യക്കാര്‍. ഇവിടെ പ്രധാനം റൊട്ടിയാണ്. ഗോതമ്പ് പൊടി കുഴച്ച് മാവാക്കി ചെറിയ ഉരുളകളാക്കി പരത്തിയെടുത്ത് നമ്മള്‍ കല്ലില്‍വെച്ച് ചുട്ടെടുക്കാറുള്ള ചപ്പാത്തി തന്നെയാണ് റൊട്ടി. പരത്തലും ചുട്ടെടുക്കലും എല്ലാം ഒരാള്‍തന്നെ ഒരേസമയം അദ്ഭുതപ്പെടുത്തുന്ന വേഗതയോടെ ചെയ്യും. പരത്തി കല്ലിലിട്ട് ഒരു പ്രത്യേക വേവാകുമ്പോള്‍ കല്ല് അടുപ്പില്‍നിന്ന് മാറ്റി റൊട്ടി നേരെ തീയില്‍ വെക്കും. പൊള്ളിക്കുമിളിച്ചുവരുന്ന ആ റൊട്ടിയുടെ സ്വാദും മൃദുലതയും ഒന്ന് വേറെതന്നെയാണ്. റസ്റ്റാറന്‍റുകളില്‍ ചെല്ലുമ്പോള്‍ റൊട്ടി തന്തൂരി റൊട്ടിയാക്കിക്കിട്ടും. ഉരുളക്കിഴങ്ങ്, ഉള്ളി, ക്വാളിഫ്ളവര്‍, പനീര്‍ തുടങ്ങിയവയിലേതെങ്കിലും സ്റ്റഫ് ചെയ്ത തന്തൂരി പൊറോട്ടയും വെണ്ണയും കൂട്ടിക്കഴിക്കുന്നതാണ് വടക്കേയിന്ത്യന്‍ പ്രഭാത ഭക്ഷണം.

ഡല്‍ഹിയുടെ ഐഡിയല്‍ ഭക്ഷണം ദാല്‍, റൊട്ടി, സൂഖാ സബ്ജി, സലാഡ് എന്നിവ ചേര്‍ന്നതാണ്. ദാല്‍ തട്ക, ദാല്‍ മഖ്നി തുടങ്ങി വിവിധങ്ങളായ ദാല്‍വിഭവങ്ങളില്‍ ഏതുമാകാം. സൂഖാസബ്ജിയെന്നാല്‍ വെള്ളമില്ലാതെ വരട്ടിയെടുക്കുന്ന പച്ചക്കറിവിഭവം. അത് ഉരുളക്കിഴങ്ങോ ക്വാളിഫ്ലവറോ പഴുത്ത മത്തങ്ങയോ അങ്ങനെ ഏതുകൊണ്ടുമാകാം. കക്കിരിക്കയും റാഡിഷും കാരറ്റും തക്കാളിയും ഉള്ളിയുമൊക്കെ മുറിച്ചിട്ട് അതിന്മേല്‍ പൊതിന ചട്ണിയൊഴിച്ചു കഴിക്കുന്നതാണ് സാധാരണ കിട്ടുന്ന സലാഡ്. ഇവിടത്തുകാര്‍ തൈര് അതേപടി കഴിക്കാറില്ല. ഒന്നുകില്‍ ലസ്സിയാക്കും. അല്ലെങ്കില്‍ റായ്ത്തയാക്കും. കൈതച്ചക്ക റായ്ത്ത ഡല്‍ഹിയുടെ ‘എക്സ്ക്ലൂസിവ്’ വിഭവമാണ്.

പൊറോട്ടാവാലി ഗലി
ലോകത്തെവിടെയാണ് എണ്ണയില്‍ വറുത്തു കോരിയ പൊറോട്ട കിട്ടുന്നത്? ഡല്‍ഹിയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ മാര്‍ക്കറ്റായ ചാന്ദ്നി ചൗക്കിലെ പൊറോട്ടാവാലി ഗലിയിലൂടെ നടന്നുപോകുമ്പോള്‍ എണ്ണയില്‍ വറുത്തു കോരിയെടുക്കുന്ന മൊരിയന്‍  പൊറോട്ട ഞങ്ങളെ മാടിവിളിച്ചു. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകള്‍ കണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെയും വരവേറ്റു മുന്നേറുന്ന കടയാണിത്. വേറെയും പൊറോട്ട കടകള്‍ ഗലിയിലുണ്ടെങ്കിലും ഈ കടയില്‍ മാത്രം തിരക്കോടു തിരക്ക്. തിരക്കിലൂടെ ഊളിയിട്ടുചെന്ന് അകത്തെ ഇട്ടാവട്ടത്തില്‍ ഭാഗ്യം കൊണ്ടൊഴിഞ്ഞുകിട്ടിയ സ്ഥലത്ത് കുത്തിത്തള്ളിയിരുന്ന്, ഉരുളക്കിഴങ്ങും ക്വാളിഫ്ലവറും സ്റ്റഫ് ചെയ്ത പൊറോട്ട സബ്ജികള്‍ക്കും മീട്ടാ ചട്ണിക്കും അച്ചാറിനുമൊപ്പം അകത്താക്കുമ്പോള്‍ തിരക്കൊഴിയാതിരിക്കുന്നതിന്‍റെ കാരണം താനേ മനസ്സിലായി. ഒരു വലിയ ഗ്ലാസ് ലസ്സികൂടി കുടിച്ചതോടെ വയറ്റിലൊരിഞ്ചു സ്ഥലമില്ലാതായി. പക്ഷേ, ചാന്ദ്നി ചൗക്കില്‍ ജുമാ മസ്ജിദിനു സമീപമുള്ള കരീംസ് ഏറെനാളായി ഉള്ളിലൊരു പ്രലോഭനമായി നില്‍ക്കുന്നു. പൊറോട്ടാവാലി ഗലിയില്‍നിന്ന് കരീംസ് വരെ പോകാന്‍ സൈക്കിള്‍ റിക്ഷകളെ ആശ്രയിക്കാതെ നടക്കാമെന്നുള്ള തീരുമാനം വിശപ്പിനു വീണ്ടും കടന്നുവരാന്‍ സമയമനുവദിക്കല്‍കൂടിയായി.

മക്കി കി റൊട്ടി, സര്‍സൊ കാ സാഗ്, ചാജ് എന്നിവ തയാര്‍ചെയ്തത്
 

ആ നടത്തത്തിനിടയിലാണ് ഡല്‍ഹിയിലെ ഏറ്റവും നല്ല ദാല്‍ കചോടി കിട്ടുന്ന ദാല്‍ കചോടിവാല കട കണ്ടത്. അതിനും നൂറ്റാണ്ടുകളുടെ പാരമ്പര്യം. വയറ്റില്‍ ഇത്ര പെട്ടെന്ന് കചോടിക്ക് സ്ഥലം കണ്ടത്തെുന്നതെങ്ങനെ എന്ന് സംശയിച്ചെങ്കിലും രുചിക്കാതെ പോകേണ്ടെന്ന തീരുമാനത്തില്‍ ഒരു പ്ലേറ്റ് കചോടി വാങ്ങി ഞങ്ങള്‍ നാലുപേര്‍ പങ്കിട്ടുകഴിച്ചു. പൊറോട്ടാവാലി ഗലിയിലൊരിടത്ത് ഗോല്‍കപ്പ കണ്ടപ്പോള്‍ ഞാനോര്‍ത്തത് സുന്ദര്‍ നഗറില്‍ നത്തുസ്വീറ്റ്സിലെ ഗോല്‍കപ്പയാണ്. ഡല്‍ഹിയിലെ ഏറ്റവും നല്ല ഗോല്‍കപ്പ കിട്ടുന്നത് അവിടെയാണ്. മുംബൈയില്‍ പാനീപൂരിയായും കൊല്‍ക്കത്തയില്‍ പുച്കയായും അറിയപ്പെടുന്ന വിഭവം ഡല്‍ഹിയില്‍ ഗോല്‍കപ്പയായി മറ്റെവിടെയുമില്ലാത്ത പ്രത്യേക രുചിയില്‍ കിട്ടും. ഛാട്ട് ഇനങ്ങളിലാണ് ഈ വിഭവം പെടുന്നത്. പാപ്ടി ഛാട്ട്, ദഹി ബല്ലേ, ആലു ടിക്കി, രാജ് കചോടി, ആലു ഛാട്ട് ഇവയൊക്കെയും ഡല്‍ഹിയിലെ പ്രസിദ്ധങ്ങളായ ഛാട്ട് വിഭവങ്ങളാണ്.

ബംഗാളി മധുരം
ബംഗാളി മാര്‍ക്കറ്റിലെ നത്തു സ്വീറ്റ്സിലാണ് ഡല്‍ഹിയിലെ ഏറ്റവും നല്ല ചോലെബട്ടൂരെ കിട്ടുക. ഒരു ഗ്ലാസ് ലസ്സിക്കൊപ്പം അത് കഴിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങുന്നത് അറിയാനാകും. ചോലെബട്ടൂരെ ഒരു പഞ്ചാബി വിഭവമാണ്. ഡല്‍ഹിയിലെ ഏതൊരു റസ്റ്റാറന്‍റിലും കിട്ടുന്ന ബട്ടര്‍ചിക്കനും കടായ്ചിക്കനും പഞ്ചാബി വിഭവങ്ങളാണ്. നെയ്യും വെണ്ണയുമൊക്കെ നന്നായി ചേര്‍ക്കുന്നതു കൊണ്ട് കൊഴുപ്പ് നിറഞ്ഞവയാണ് പഞ്ചാബി വിഭവങ്ങളിലേറെയും. ഡല്‍ഹിയുടെ ഭക്ഷണരീതികളില്‍ പഞ്ചാബി സ്വാധീനം വളരെ കൂടുതലുമാണ്. മുഗളായ്, ബംഗാളി സ്വാധീനവും ഡല്‍ഹി ഭക്ഷണത്തില്‍ വളരെ പ്രകടമാണ്. എല്ലാ തന്തൂരി വിഭവങ്ങളും കബാബുകളും മുഗളായിയുടെ സംഭാവനയാണ്. ഡല്‍ഹിയുടെ മധുരപലഹാരങ്ങളിലേറെയും പഞ്ചാബില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും വന്നുചേര്‍ന്നവയാണത്രെ. രസഗുള ബംഗാളിന്‍റേതും.

ചാന്ദ്നിചൗക്കിലെ ദാല്‍കച്ചോടിവാല ഷോപ്പ്
 

ഹല്‍ദിറാമും ബിക്കാനീര്‍ വാലയും
ഡല്‍ഹിയുടേതായ ഛാട്ട് വിഭവങ്ങള്‍, ചോലെബട്ടൂരെ, കചോടി, സമോസ, മധുരപലഹാരങ്ങള്‍ എന്നിവയെല്ലാം ലഭ്യമാവുന്ന രണ്ടു ഭക്ഷണ ശൃംഖലകള്‍ ഡല്‍ഹിയിലുണ്ട്- ഹല്‍ദിറാമും ബിക്കാനീര്‍ വാലയും. യാത്രകളില്‍ എത്രയോ വട്ടം ഇവ രണ്ടിലെയും രുചിക്കൂട്ടുകളില്‍ ഞാന്‍ വിശപ്പടക്കിയിരിക്കുന്നു. ചാന്ദ്നി ചൗക്കിലും ഹല്‍ദിറാം പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു ഞങ്ങളുടെ വഴിയില്‍. കരീംസിലേക്കുള്ള നടത്തത്തിനിടയില്‍ വീണ്ടും മറ്റൊരു പ്രലോഭനവുമായി ജിലേബിവാല കട മുന്നില്‍. ചുറ്റിലും നിറയെ ആള്‍ക്കാര്‍. രാത്രി നന്നായി വളര്‍ന്നു പോയതുകൊണ്ടും തണുപ്പായതു കൊണ്ടുമായിരിക്കാം ജിലേബി ചൂടില്ലാത്തതായത്. എങ്കിലും നല്ല സ്വാദ്. യു പിയില്‍നിന്നാണത്രെ ജിലേബിയുടെ വരവ്. ചൂടുള്ള  എണ്ണയില്‍ അപ്പപ്പോള്‍ വറുത്തുകോരുന്ന ജിലേബി ചൂടുപാലിനൊപ്പം പ്രഭാതഭക്ഷണമായി യു.പിയില്‍ കഴിക്കപ്പെടുന്നുണ്ടത്രെ. അതുപോലെ, ചൂടുള്ള ഗുലാബ് ജാമുന്‍ നമ്മുടെ നാട്ടില്‍ കിട്ടാറില്ല. ഇവിടെ ചൂടുള്ളതേ കിട്ടൂ, കഴിക്കൂ. ഗുലാബ് ജാമുന്‍ പഞ്ചസാരപ്പാവിലിട്ടു നിരത്തിവെച്ച ട്രേക്കു താഴെ എപ്പോഴും ചെറുതീ കത്തിക്കൊണ്ടിരിക്കും. തണുപ്പ് സീസണ്‍ തുടങ്ങിയതു കൊണ്ട് ഇനി കാരറ്റ് ഹല്‍വയും ചെറുപയര്‍ ഹല്‍വയും ഇവിടെ കിട്ടിത്തുടങ്ങും. ഹല്‍വക്കും ഡല്‍ഹി രൂപം. ഡല്‍ഹി രുചി.
‘‘മീനാക്ഷി കുള്‍ഫി കഴിച്ചിട്ടില്ലേ?’’ ‘‘പിന്നേ... ഒത്തിരി പ്രാവശ്യം.’’അങ്ങനെ കുള്‍ഫിയെന്ന പ്രലോഭനത്തെ താല്‍ക്കാലികമായി മറികടന്നു. വെറുതെയൊന്നു തിരിഞ്ഞു നോക്കിയപ്പോള്‍ വഴിയോരത്തിരുന്ന് സ്റ്റിക് കുള്‍ഫികള്‍ എന്നെ നോക്കി കണ്ണിറുക്കി ചിരിക്കുന്നതു കണ്ടു. ‘‘അല്ലയോ കുള്‍ഫീ...നീ സ്റ്റിക് കുള്‍ഫിയായും കുള്‍ഫി ഫലൂദയായും എന്നെയിന്നു വശീകരിക്കാതിരിക്കൂ...എന്‍റെ തൊണ്ടയിലെ ശബ്ദത്തെ വികൃതമാക്കിക്കളഞ്ഞ ജലദോഷത്തിന്‍റെ  പിടിയില്‍നിന്ന് ഞാനൊന്ന് രക്ഷ നേടിക്കോട്ടേ.’’

തന്തൂരിയും ഗോല്‍കപ്പക്കും
വീട്ടിലൊരു അതിഥി വന്നാല്‍ കോഴിക്കറിയില്ലാതെ എന്തു സല്‍ക്കാരം നമുക്ക്? അതുപോലെയാണ് വടക്കേയിന്ത്യക്കാരായ സസ്യാഹാരികള്‍ക്കിടയില്‍ പനീറിന്‍റെ സ്ഥാനം. ഷാഹി പനീര്‍, കടായ് പനീര്‍, മട്ടര്‍ പനീര്‍, പനീര്‍ ടിക്ക മസാല, പാലക് പനീര്‍, പനീര്‍ ബട്ടര്‍ മസാല തുടങ്ങി വിവിധങ്ങളായ പനീര്‍വിഭവങ്ങള്‍ ഡല്‍ഹിയില്‍ എവിടെയും കിട്ടും. ഡാബകളില്‍നിന്ന് പനീര്‍ കഴിച്ചിട്ടുണ്ടോ? പിന്നീടൊരിക്കലും ആ രുചി നമ്മള്‍ മറക്കില്ല. കരോള്‍ബാഗും ഡല്‍ഹിയില്‍ തെരുവോര ഭക്ഷണശാലകള്‍ക്ക് പ്രശസ്തമായ ഇടമാണ്. ഡല്‍ഹിയിലെ മധ്യവര്‍ത്തികളും സാധാരണക്കാരുമായ ജനങ്ങള്‍ ഈ ഭക്ഷണശാലകളെ പതിവിടങ്ങളാക്കുന്നു.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും ഭക്ഷണവൈവിധ്യം ഒരു മതില്‍ക്കെട്ടിനുള്ളില്‍ കിട്ടും ഡല്‍ഹി ഹാട്ടില്‍. അവിടെനിന്ന് അധികം ദൂരെയല്ലാത്ത ഹാസ്ഖാസ് വില്ലേജ് സോഷ്യലൈറ്റ്സിനും ബുദ്ധിജീവികള്‍ക്കും ഭക്ഷണത്തിനു പ്രിയപ്പെട്ട ഇടമാണ്. റസ്റ്റാറന്‍റുകളുടെ തണലിലിരുന്ന് നല്ല ഭക്ഷണം കഴിക്കാം. ഇത്തിരി വില കൂടുമെന്നുമാത്രം. ചൈനീസ് ഭക്ഷണം അതിന്‍െറ തനിമയോടെ കഴിക്കണോ... തെക്കന്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് പാര്‍ട്ട് 2 മാര്‍ക്കറ്റ് പ്രസിദ്ധം. ഇനിയതല്ല, പലതരം ബാര്‍ബിക്യുകള്‍ കഴിക്കണോ...ഡല്‍ഹിയില്‍ പലേടങ്ങളിലായുണ്ട് ബാര്‍ബിക്യു നാഷന്‍ എന്ന റസ്റ്റാറന്‍റ്.

ഡല്‍ഹിയിലെത്തിയ ആദ്യനാളുകളില്‍ത്തന്നെ ഞാനിവിടത്തെ തന്തൂരി ചിക്കന്‍റെയും ഗോല്‍കപ്പയുടെയും ആരാധികയായിത്തീര്‍ന്നിരുന്നു. വീടിനു തൊട്ടരികത്തുള്ള മാര്‍ക്കറ്റിലെ റോഡരികുകളില്‍ തന്തൂരിക്കും ഗോല്‍കപ്പക്കും പക്കോടക്കും മോമോസിനും ചോലെബട്ടൂരെക്കും ചിക്കന്‍ റോളിനും ആലു ടിക്കിക്കും ബിരിയാണിക്കുമൊക്കെ കൃത്യം കൃത്യം സ്ഥാനങ്ങളുണ്ട്. മുന്നില്‍വെച്ചുതന്നെ ഉണ്ടാക്കി ചൂടോടെ കൈയില്‍തരും. ഇരുന്നു കഴിക്കാന്‍ പ്രത്യേകം സൗകര്യങ്ങളൊന്നും ഇത്തരമിടങ്ങളിലുണ്ടാവില്ല. വീട്ടില്‍ത്തന്നെ എത്തിച്ചുതരികയും ചെയ്യും. ഈ സൗകര്യം ഞങ്ങള്‍ താമസിക്കുന്നയിടമായ കാല്‍ക്കാജിയില്‍ മാത്രമല്ല, ഡല്‍ഹിയിലെവിടെയും ഇങ്ങനെയാണ്.

ചാന്ദ്നി ചൗക്കിലെ റോഡുകളിലൂടെ നടക്കുമ്പോള്‍ കുറെക്കൂടി ആഴത്തില്‍ ഞാന്‍ ഡല്‍ഹിയെ അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇവിടം പഴയ ഡല്‍ഹിയാണ്. ഇവിടെ ഞങ്ങള്‍ കണ്ടത്തെിയ രുചികള്‍ വിരലിലെണ്ണാവുന്നവ മാത്രം. ഇവിടെ പല ഗലികളിലായി ഇനിയുമെത്രയോ രുചികള്‍ കണ്ടെത്തപ്പെടാനിരിക്കുന്നു. അങ്ങനെയെങ്കില്‍ ഡല്‍ഹിയിലെ എണ്ണമറ്റ ഗലികളിലെല്ലാം മറഞ്ഞിരിക്കുന്ന രുചികള്‍ എത്ര മാത്രമായിരിക്കാം? ഇനിയുള്ള പല രാത്രികളിലും ഇതുപോലെ ഞങ്ങളിറങ്ങും, ആ രുചികള്‍ തേടി. കേള്‍ക്കാത്ത ഗാനങ്ങള്‍പോലെ കഴിക്കാത്ത രുചികളും വളരെ നല്ലതായിരിക്കില്ലേ...

കരീംസ്
പഴയ ഡല്‍ഹിയിലെ പ്രധാന പള്ളിയും ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയുമായ ജുമാ മസ്ജിദിന്‍റെ വിശാലതക്കു മുന്നിലുള്ള തിരക്കുകുറഞ്ഞ റോഡിലൂടെ നടന്നുപോകുമ്പോള്‍ തെരുവിന്‍റെ മക്കള്‍ കിടക്കാനുള്ള വട്ടംകൂട്ടുന്നതു കണ്ടു. പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടാക്കിയതാണ് ചാന്ദ്നി ചൗക്കിലെ ഈ ജുമാമസ്ജിദ്. റോഡ് ചെന്നുചേര്‍ന്നത് തിരക്കേറിയ മറ്റൊരു റോഡില്‍. വലത്തോട്ടു തിരിഞ്ഞ് അല്‍പം നടന്ന് ഇടത്തോട്ടു തിരിഞ്ഞ് ഇത്തിരി നടന്നപ്പോഴേക്കും കരീംസ് എത്തി.

മട്ടന്‍ കുറുമയും ചിക്കന്‍ ജഹാംഗീരിയും തന്തൂരി റൊട്ടിയും ഷീര്‍മാലും ചിക്കന്‍ സീക്ക് കബാബും ഷമി കബാബും കരീംസില്‍ ഞങ്ങളുടെ മേശപ്പുറത്തെത്തി. ഒപ്പം ചോദിക്കാതെ ഉള്ളി നിറയെ മുറിച്ചിട്ട് ചെറുനാരങ്ങാ കഷണങ്ങള്‍ വെച്ച ഒരു പ്ലേറ്റും. ഉള്ളിയില്ലാതെ എന്ത് വടക്കേയിന്ത്യന്‍ ഭക്ഷണം? ഷീര്‍മാല്‍ ബ്രൗണ്‍ നിറത്തില്‍ ഒരല്‍പം മധുരമുള്ള അപ്പമാണ്. മട്ടന്‍ കുറുമയുടെ ചാറാണ് എന്‍റെ പ്ലേറ്റിലേക്ക് എന്‍റെ കൈകള്‍ വീണ്ടും വീണ്ടും വിളമ്പിക്കൊണ്ടിരുന്നത്. കരീംസില്‍നിന്നും ഇറങ്ങിനടക്കുമ്പോള്‍ എന്തുകൊണ്ടോ പഹാഡ് ഗഞ്ചിനെയാണ് ഞാനോര്‍ത്തത്. ഡല്‍ഹിയുടെ സിറ്റിക്കുള്ളില്‍ ഡാബ ഭക്ഷണം കിട്ടുന്ന ഏകയിടമാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ഈ സ്ഥലം.

വടക്കേയിന്ത്യക്കാരുടെ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളിലേതും പാതിരാത്രി കഴിഞ്ഞാലും കിട്ടും ഹൈവേകളിലെ ഡാബകളില്‍. പക്ഷേ, സിറ്റിക്കുള്ളിലെ ഡാബകളില്‍ അത്രയും വൈകി ഭക്ഷണം കിട്ടുമെന്നു പ്രതീക്ഷിക്കരുത്. ആളും ആരവവും കുറയുന്ന നേരമാവുമ്പോള്‍ അവിടെയും കാലിയാവും. ഡാബകളിലാവുമ്പോള്‍ സ്വാദുള്ള ഭക്ഷണം കുറഞ്ഞ ചെലവില്‍ കഴിക്കാം. അവിടത്തെ ദാലും ഗോബിയുമൊക്കെ പ്രത്യേകം വിളയിച്ചെടുക്കുന്നതാണോ എന്നുപോലും സ്വാദിന്‍റെ മേന്മയില്‍ സംശയിച്ചു പോകാറുണ്ട്. നമ്മുടെ നാടന്‍ തട്ടുകടകള്‍ തന്നെയാണ് ഇവിടത്തെ ഡാബകള്‍. ഇരുന്നു കഴിക്കാന്‍ കുറച്ചുകൂടി സ്ഥലസൗകര്യമൊരുക്കിയിട്ടുണ്ടാവും എന്നു മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi food marketexclusive food marketdelhi foodLifestyle News
Next Story