മൂന്നരപ്പതിറ്റാണ്ടായി പൊൻകുന്നത്തിന് ദാഹജലം പകർന്ന് സന്തോഷ്
text_fieldsപൊൻകുന്നം: മൂന്നരപ്പതിറ്റാണ്ടായി മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ പൊൻകുന്നം ടൗണിലെ കടകളിൽ ഉന്തുവണ്ടിയിൽ ദാഹജലമെത്തിക്കുകയാണ് സന്തോഷ്. പുലർച്ച രണ്ടുമുതൽ രാവിലെ 10വരെ ഉന്തുവണ്ടിയിൽ കടകളിൽനിന്ന് കടകളിലേക്ക് കുടിവെള്ളവുമായുള്ള ഓട്ടപ്പാച്ചിലാണ്.
സന്തോഷ് അവധിയെടുത്താൽ ടൗണിലെ 30 ഓളം വ്യാപാരികൾ പ്രതിസന്ധിയിലാകും. പൊൻകുന്നം ചിത്രാഞ്ജലി ഈറ്റുവേലിൽ സന്തോഷ് ഭാസ്കരൻ എന്ന സന്തോഷ് 13ാം വയസ്സിൽ ആരംഭിച്ചതാണ് ഈ ജോലി. 36 വർഷമായി ഉപജീവന മാർഗവും ഇതുതന്നെ. ആദ്യം ടൗണിൽ രാജേന്ദ്ര മൈതാനത്തെ പൊതുകിണറ്റിൽനിന്ന് വെള്ളംകോരി ഉന്തുവണ്ടിയിൽ സ്ഥാപിച്ചിരിക്കുന്ന വീപ്പയിൽ നിറക്കും.
പിന്നീട് ഇത് കലം ഉപയോഗിച്ച് കടകൾക്കുള്ളിലുള്ള പാത്രങ്ങളിൽ നിറച്ചുനൽകും. ഒരുവീപ്പ വെള്ളത്തിന് 75 രൂപ മുതൽ 100 രൂപ വരെയും ഒരുകലം വെള്ളത്തിന് 10രൂപ മുതൽ 15 രൂപ വരെയുമാണ് കടക്കാരിൽനിന്ന് വാങ്ങുന്നത്.സന്തോഷിനെ കൂടാതെ മറ്റ് രണ്ട്, മൂന്നുപേർ കൂടി ഈ ജോലി ചെയ്തിരുന്നു.
എന്നാൽ, അവർ ജോലിയുടെ കഷ്ടപ്പാടുമൂലം പണി ഉപേക്ഷിച്ചുപോയി. സന്തോഷിന് ആദ്യം ടൗണിൽ ഹോട്ടൽ ജോലിയായിരുന്നു. ഒരുദിവസം ഹോട്ടലിൽ വെള്ളം കോരുന്ന തൊഴിലാളി അവധിയായതിനെ തുടർന്ന് ഇത് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇത് ഉപജീവനമാർഗമായി തെരഞ്ഞെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.