Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഎട്ടാമത്തെ പുസ്തകം...

എട്ടാമത്തെ പുസ്തകം 86ാം വയസ്സിൽ!

text_fields
bookmark_border
ഡോ. കെ. സുഗതൻ
cancel
camera_alt

ഡോ. കെ. സുഗതൻ

ജോലിയിൽനിന്ന്​ വിരമിക്കുന്നതോടെ​ ജീവിതത്തിന്​ അർധവിരാമം വീണതായി കരുതുന്നവരാണ്​ ചിലരെങ്കിലും. മറ്റുചിലരാവട്ടെ, ഉത്തരവാദിത്തങ്ങളെല്ലാം ഒരു പരിധിവരെ പൂർത്തിയാക്കിക്കഴിഞ്ഞു; ഇനി വിശ്രമജീവിതം എന്ന മട്ടിലാണ്​ തുടർജീവിതവുമായി മുന്നോട്ടുപോകുന്നത്​​. എന്നാൽ, തിരക്കേറിയ ജോലിയിൽനിന്ന്​ വിരമിച്ച ശേഷം എട്ട്​ പുസ്തകങ്ങൾ എഴുതിയ ഒരാൾ കോഴിക്കോട്​ നഗരത്തിലുണ്ട്​. എട്ടാമത്തെ പുസ്തകം എഴുതിയതാവട്ടെ 86ാം വയസ്സിലും.!

1992ൽ കോഴിക്കോട്​ മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗം മേധാവിയായി വിരമിച്ച ഡോ. കെ. സുഗതനാണ്​ ഭാഷാശാസ്​ത്രം, ആരോഗ്യം, ആത്മീയം, ഓർമക്കുറിപ്പുകൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലുള്ള ഇത്രയും പുസ്​തകങ്ങൾ രചിച്ചത്​. ഈ പുസ്​തകങ്ങളിൽ പലതും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഇതിനുപുറമെ മികച്ച ഭിഷഗ്വരനുള്ള അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.

കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരം, വിജ്ഞാന സാഹിത്യത്തിനുള്ള അബൂദബി ശക്തി അവാർഡ്​, കെ.വി. സുരേന്ദ്രനാഥ്​ അവാർഡ്​, എം.ജി.വി ഫൗണ്ടേഷന്‍റെ ഗുരുദേവ പുരസ്കാരം, സംസ്ഥാന സർക്കാറിന്‍റെ എമിനന്‍റ്​ ഡോക്ടർ അവാർഡ്​, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ്​ ഇന്ത്യ കേരള ചാപ്​റ്റർ ലൈഫ്​ടൈം അച്ചീവ്​മെന്‍റ്​ അവാർഡ്​, കെ. ഗോപാലൻ സ്മാരക അവാർഡ്​ എന്നിവയാണ്​ ഇദ്ദേഹത്തിന്‍റെ പ്രധാന നേട്ടങ്ങൾ. 2011ൽ ഐ.എം.എയുടെ ‘ബെസ്റ്റ്​ ഡോക്ടർ അവാർഡും’ ഇദ്ദേഹത്തിനായിരുന്നു.

1937 മാർച്ചിൽ എറണാകുളം ജില്ലയിലെ വടക്കേക്കര ഗ്രാമത്തിലാണ്​ ജനനം. സ്കൂൾ പഠനശേഷം മദ്രാസ്​ ലയോള കോളജിൽനിന്ന് പ്രീ യൂനിവേഴ്സിറ്റിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന്​ എം.ബി.ബി.എസും പാസായി. തുടർന്ന്​ ഡൽഹി സർവകലാശാലയിൽനിന്ന്​ എം.ഡിയും എയിംസിൽനിന്ന് ഡി.എം കാർഡിയോളജിയും നേടി.

1979ൽ ‘ഹൃദയാഘാതം വന്ന രോഗികളുടെ പുനരധിവാസം’ എന്ന വിഷയത്തിലുള്ള പഠനത്തിന്​ ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ് ലഭിച്ചു. ഇതിന്‍റെ ഭാഗമായി ബൾഗേറിയ, ഫിൻലൻഡ്​, സ്വീഡൻ, ബെൽജിയം എന്നീ നാല്​ രാജ്യങ്ങൾ സന്ദർശിച്ച്​ ഈ വിഷയത്തിൽ പരിശീലനവും നേടി. 1962ൽ​ കോഴിക്കോട്​ മെഡിക്കൽ കോളജിൽ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്‍റെ ആരംഭം. തുടർന്ന്​ മെഡിക്കൽ കോളജ്​ ആശുപത്രി സൂപ്രണ്ട്​, കാലിക്കറ്റ്​ സർവകലാശാല സെനറ്റ്​ അംഗം തുടങ്ങിയ ചുമതലകളും വഹിച്ചു. ഇതിനിടെ കേരള ശാസ്​ത്ര സാഹിത്യ പരിഷത്ത്​ വൈസ്​ പ്രസിഡന്റ്​, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ്​ ഇന്ത്യ കേരള ചാപ്​റ്റർ പ്രസിഡന്‍റ്​ തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു.

1992ലാണ്​ ‘മൊഴിയറിവ്​’ എന്ന മലയാളഭാഷയെക്കുറിച്ചുള്ള പുസ്തകമെഴുതുന്നത്​. തുടർന്ന്​ കാർഡിയോളജി വിദ്യാർഥികളുടെ പാഠപുസ്തകമെന്ന്​ വിശേഷിപ്പിക്കപ്പെട്ട ‘ഹാർട്ടറിവ്​’ എന്ന പുസ്തകവും ശ്രീനാരായണ ഗുരുവിനെയും ബുദ്ധനെയും കുറിച്ചുള്ള ‘ബുദ്ധനും നാണുഗുരുവും’, ബുദ്ധമതവും ജാതിവ്യവസ്ഥയും, ഗുരുവിന്‍റെ ചരിത്രം, ബുദ്ധിസം എന്നീ കൃതികളുമെഴുതി. 2022ൽ ഭാഷയെക്കുറിച്ചുള്ള ‘ക്ലാസിക്കൽ മലയാളം’, 2023ൽ ആത്മകഥാ രീതിയിലുള്ള ‘ഓർത്തെടുത്ത കഥകൾ’ എന്നിവ എഴുതി. ഇനിയൊന്ന്​ വിശ്രമിക്കാം എന്ന്​ കരുതാതെ ഇപ്പോൾ പുതിയൊരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്​ ഈ 87കാരൻ.

മിതമായ ഭക്ഷണവും ചെറിയ തോതിലുള്ള വ്യായാമവും വായനയും എഴുത്തുമായി കോഴിക്കോട്​ രാരിച്ചൻ റോഡിലെ ‘വള്ളാട്ട്​തറ’ വീട്ടിൽ ഭാര്യ പ്രമീളയുമൊത്താണ്​ താമസം. മകൾ ആശ വസന്ത് മൊകാഷി ബംഗളൂരുവിൽ ടെക്നിക്കൽ റൈറ്ററാണ്. സിവിൽ എൻജിനീയറായ മകൻ അനൂപ് സുഗതൻ വി.എസ്.എൽ മിഡിലീസ്റ്റിൽ പ്രോജക്ട് മാനേജറാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WriterLifeKerala newsDr K Sugathan
News Summary - 8th book at the age of 86
Next Story