Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightതോറ്റ സമരമാണ്​,...

തോറ്റ സമരമാണ്​, പക്ഷേ...

text_fields
bookmark_border
തോറ്റ സമരമാണ്​, പക്ഷേ...
cancel
camera_alt

ഇയ്യച്ചേരി കുഞ്ഞികൃഷ്​ണൻ മാസ്റ്ററും പത്മിനി ടീച്ചറും  ചിത്രങ്ങൾ: അനീഷ് തോടന്നൂർ

മദ്യനിരോധന സമിതിയുടെ സമരമുഖത്തെ സമാനതകളില്ലാത്ത സാന്നിധ്യമായ ദമ്പതികൾ, ഇയ്യച്ചേരി കുഞ്ഞികൃഷ്​ണൻ മാസ്റ്ററും ഭാര്യ പത്മിനി ടീച്ചറും. ലഹരിയുടെ ഭീഷണി വീടകങ്ങളെ ഭീതിയിലാഴ്​ത്തുന്ന പുതിയ സാഹചര്യത്തിൽ ഇവരുടെ വാക്കുകൾക്ക്​ പ്രസക്തിയേറെയാണ്...

‘‘തീർച്ചയായും, തോറ്റ സമരമാണ്, പക്ഷേ, തോറ്റു പോയവർ ഞങ്ങളല്ല. ഏറ്റവും വലിയ തിന്മയെ ചെറുക്കുന്ന ഏറ്റവും ചെറിയ പക്ഷമാണിത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷവുമല്ല. ന്യൂനപക്ഷവുമല്ല, ഞങ്ങൾ ധർമപക്ഷമാണ്. സുഗതകുമാരി ടീച്ചർ പറയാറുണ്ട്, ഇത് തോൽക്കുന്നവരുടെ സമരമാണ്. എങ്കിലും ഈ സമരം അനിവാര്യമാണെന്ന്’’

കേരള മദ്യനിരോധന സമിതിക്കൊപ്പമുള്ള പതിറ്റാണ്ടുകൾ നീണ്ട യാത്രയെ കുറിച്ച് സമരമുഖത്തെ നിറസാന്നിധ്യമായ സംസ്ഥാന പ്രസിഡന്‍റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററും ഭാര്യയും മദ്യവിരുദ്ധ മഹിളാവേദി ജനറൽസെക്രട്ടറിയുമായ പത്മിനി ടീച്ചറും സംസാരിക്കുകയാണ്. ലഹരിയുടെ ഭീഷണി വീടകങ്ങളെ ഭീതിയിലാഴ്ത്തുന്ന പുതിയ സാഹചര്യത്തിൽ ഇവരുടെ വാക്കുകൾക്ക് പ്രസക്തിയേറെയാണ്. അതിമാരകമായ ലഹരിയുടെ പിന്നാലെയാണ് പുതിയ തലമുറയെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ സർക്കാർ തന്നെ വിവിധങ്ങളായ ബോധവത്കരണ പരിപാടികളാണ് നടത്തുന്നത്. ഈ വേളയിൽ മലയാളി അടുത്തറിയേണ്ടവരാണിവർ. മദ്യനിരോധന സമിതിയുടെ സമരമുഖത്തെ സമാനതകളില്ലാത്ത സാന്നിധ്യമായ ദമ്പതികൾ. കടന്നുവന്ന വഴികളിലൂടെ നടത്തുന്ന ഓർമസഞ്ചാരം.

കേളപ്പജിയുടെ ഗ്രാമത്തിൽനിന്ന്

മദ്യനിരോധനത്തിന്‍റെ വഴികളിൽ പൊടുന്നനെയെത്തിയതല്ല ഇരുവരും. അടിയുറച്ച ഗാന്ധിയൻ ദർശനമാണ്, നിരുത്സാഹപ്പെടുത്താൻ ചുറ്റും ഏറെപ്പേരുണ്ടായിട്ടും മുൻപിൻ നോക്കാതെ ഈ സമരപാതയിൽ നിലയുറപ്പിച്ചതിനു പിന്നിൽ. കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ ഓർമകൾ പതിറ്റാണ്ടുകൾക്ക് അപ്പുറത്താണുള്ളത്. മുചുകുന്ന് നോർത്ത് യു.പി. സ്കൂളിലെ അധ്യാപകനായിരുന്ന കാലം. കൃത്യമായി പറഞ്ഞാൽ, 1981 ആഗസ്റ്റ് 15. അതൊരു സാധാരണ ദിവസമായിരുന്നില്ല.

മുചുകുന്ന് കേരള ഗാന്ധിയെന്നറിയപ്പെടുന്ന കേളപ്പജിയുടെ ജന്മഗ്രാമമാണ്. ഈ ഗ്രാമം വ്യാജമദ്യനിർമാണ കേന്ദ്രങ്ങളുടെ വിളഭൂമിയായിരുന്നു. ഇത്, ദുഃഖിപ്പിച്ചു. എങ്ങനെ മാറ്റിയെടുക്കാൻ കഴിയുമെന്ന് ചിന്തിച്ചു. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഉപദ്വീപാണ് മുചുകുന്ന്. ഇവിടെ, അധികാരികളെത്തി വ്യാജമദ്യകേന്ദ്രങ്ങൾ കണ്ടെത്തുക എളുപ്പമല്ല. ഫോണില്ലാത്ത കാലം. കുട്ടികളെയാണ് വ്യാജമദ്യസംഘം ഉപയോഗിക്കുക. പൊലീസിനെയോ, എക്സൈസിനെയോ കണ്ടാൽ പിന്നെ, കുട്ടികൾ റിലെ കൂക്കിവിളി ആരംഭിക്കും. ഇത്, മദ്യനിർമാണകേന്ദ്രങ്ങളിലേക്കുള്ള സന്ദേശമാണ്. ഇതിനെ നിയന്ത്രിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. ഇവിടത്തെ കുട്ടികൾക്കൊന്നും ഉപരിപഠനമില്ല. മുചുകുന്ന് സ്കൂൾ കഴിഞ്ഞാൽ, കുട്ടികളുടെ പഠനം നിൽക്കും. ഇതിനെതിരെ പ്രവർത്തിക്കാൻ ഒരുങ്ങിയപ്പോൾ, പലരും നിരുത്സാഹപ്പെടുത്തി. ‘‘ഇവര് വിചാരിച്ചാൽ കുട്ടികളെ പിൻവലിക്കും. പിന്നെ, സ്കൂളിലെ ജോലിപോകും’’ എന്നൊക്കെയായിരുന്നു ഭീഷണി.

അന്ന്, മാഷ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കോൺഗ്രസുകാരൻ. എന്നാൽ, രാഷ്ട്രീയപാർട്ടികളിൽ പലതും മൗനം പാലിച്ചു. ചിലർ സ്വകാര്യമായി അനുകൂലിച്ചു. കൂടെ പഠിച്ചൊരാൾ മദ്യപിച്ച് മരിച്ചു. അവന്‍റെ മകൻ മാഷിന്‍റെ ക്ലാസിലുണ്ട്. അത്, വല്ലാതെ ഉലച്ചുകളഞ്ഞു. ഇതിനെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. ഇതോടെ, കുട്ടികളിലെ ലഹരിയുടെ സ്വാധീനമറിഞ്ഞ് ഞെട്ടി. ചുരുക്കം കുട്ടികളൊഴികെ ബാക്കിയെല്ലാവരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞു. കാരണം, കുട്ടികളിൽ പലരും ക്ലാസ് മുറികളിൽ ക്ഷീണം കാണിക്കുന്നു. ഉറക്കം തൂങ്ങികളാണ്. പിന്നെ, ഭീഷണികളൊന്നും കണക്കിലെടുത്തില്ല. 81 ആഗസ്റ്റ് 15നാണ് ലഹരിക്കെതിരായ പരസ്യപ്രഖ്യാപനം നടത്തിയത്, അന്ന്, മദ്യത്തിനെതിരെ ചിന്തിക്കുന്നവർ, സ്കൂളിലെത്തണമെന്ന് അറിയിച്ച് നോട്ടീസ് അടിച്ചു. സ്വയം മദ്യം തിരസ്കരിക്കുക എന്ന ആശയമാണ് മുന്നോട്ടുവെച്ചത്.

സ്വയംമതിയാക്കുന്നവർ, എന്ന അർഥത്തിൽ സ്വമതി എന്നുപേരിട്ടു. സ്വന്തം ബുദ്ധി എന്നർത്ഥം. ശരിക്കും ഞെട്ടിച്ചുകളഞ്ഞു. 60 പേർ സ്കൂളിലെത്തി. അതൊരു തുടക്കമായിരുന്നു. ഇന്നുവരെ നടത്തിയ പ്രവർത്തനത്തിന്‍റെ ആരംഭം അതായിരുന്നു. കുടിയന്മരെ നേരിട്ട് കണ്ട് സംസാരിക്കുന്നതിലായി പിന്നെ ശ്രദ്ധ. ലഹരിയുടെ ചതികളെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. അന്നൊരു ഓണക്കാലത്ത് രാപ്പകൽ പലവഴിക്കും സഞ്ചരിച്ചു. കുടിയന്മാരെ നേരിൽ കാണാനായിരുന്നു യാത്ര. ചിലർ മാറിനിന്നെങ്കിലും, പലരും പിടിതന്നു. ഈ ചതിയിൽനിന്നും രക്ഷപ്പെടണമെന്ന് പലർക്കും തോന്നിത്തുടങ്ങി. സാമൂഹിക സമ്മർദം കൂടിവന്നതോടെ കൂടുതൽ പേർ മദ്യം ഉപേക്ഷിക്കാൻ തയാറായി. അങ്ങനെ 82 സെപ്റ്റംബർ നാലിന് കെ. കേളപ്പജിയുടെ നാടിനെ മദ്യമുക്ത ഗ്രാമമായി സ്വാതന്ത്ര്യസമരസേനാനി ഇ. മൊയ്തു മൗലവി പ്രഖ്യാപിച്ചു. മന്ത്രി സിറിയക് ജോണുൾപ്പെടെ സാക്ഷികളായി. ഇതിനിടെ, കുട്ടികളെ സജീവമാക്കാൻ ചിൽഡ്രൽ ഫിലിം സൊസൈറ്റിയെ പ്രയോജനപ്പെടുത്തി, കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി. അതവർക്ക് പുതിയ ലോകം സമ്മാനിക്കുകയായിരുന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രി വലിയ മദ്യമുക്ത പ്രവർത്തനം നടത്തുന്ന സ്ഥലമാണ് മുചുകുന്നെന്ന് വിലയിരുത്തി. അത് വലിയ വാർത്തയായി. തുടർന്ന്, കാമ്പയിൻ, നടത്തി. 14 വയസ്സിനുമുകളിൽ പ്രായമുള്ളവരുടെ ഒപ്പ് ശേഖരിച്ചു. ഇവിടെ മദ്യം വേണ്ടെന്ന് ജനങ്ങൾ തീരുമാനിച്ചു. ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്കുള്ള യാത്രയായതുമാറി. ഇതൊരു രേഖയാക്കി, അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് സമർപ്പിച്ചു.

സർക്കാറും മദ്യക്കച്ചവടവും

സർക്കാർ മദ്യക്കച്ചവടം ഏറ്റെടുത്തത് വലിയ തിരിച്ചടിയായി. ഇത്, മദ്യനിരോധന സമിതിയുടെ പ്രവർത്തനത്തിനുതന്നെ വെല്ലുവിളിയായി. സർക്കാർ നൽകുന്ന മദ്യം ഉപയോഗിക്കുന്നത് അംഗീകാരമായി ചിലർ കണ്ടുതുടങ്ങി. മാറി മാറി വന്ന സർക്കാറുകൾ ജനങ്ങളെ മദ്യപാനികളാക്കാൻ മത്സരിച്ചു. എന്നാൽ, മദ്യനിരോധന സമിതി പിന്നോട്ട് േപാകാൻ തയാറായിരുന്നില്ല. മദ്യവിമുക്തമാക്കുന്നതിനായി കള്ളവാറ്റ് നിർത്തിയവർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ ലോൺ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു. പലരും രക്ഷപ്പെട്ടു. ചിലർ മറ്റിടങ്ങളിൽ പോയി മദ്യവാറ്റ് തുടർന്നു. വാറ്റ് നിർത്തിയ ആരും നശിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. മദ്യത്തിനെതിരെ പറഞ്ഞാൽ അനുയായികൾ നഷ്ടമാകുമോയെന്ന ഭയം രാഷ്ട്രീയപാർട്ടികൾക്ക് എക്കാലവുമുണ്ട്. പതിറ്റാണ്ടുകൾക്കിപ്പുറത്തുനിന്നു നോക്കുേമ്പാൾ ആ അവസ്ഥക്ക് മാറ്റം വന്നില്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയും.

നഗരപാലിക നിയമം

പഞ്ചായത്ത് രാജ് നഗരപാലിക നിയമം രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു. അതിൽ, വകുപ്പ് 232 പഞ്ചായത്ത് രാജ്, 447 മുനിസിപ്പൽ, കോർപറേഷൻ. ഇത്, കേരളത്തിൽ നടപ്പാക്കിയത് കെ. കരുണാകരൻ സർക്കാറാണ്. ഈ നിയമപ്രകാരം മദ്യവിരുദ്ധ മനസ്സുള്ള സമൂഹത്തിൽ സർക്കാറിനു സ്വന്തം താൽപര്യപ്രകാരം വിൽപനശാലകൾ തുറക്കാൻ കഴിയുമായിരുന്നില്ല. തദ്ദേശഭരണകൂടങ്ങളുടെ മദ്യനിരോധന അധികാരമാണിത്. പിന്നീട് നായനാർ സർക്കാർ 99 മാർച്ച് 24ന് ഈ വകുപ്പ് എടുത്തുകളഞ്ഞു. ഈ നിയമം ഇല്ലാതായതോടെ പ്രാദേശിക എതിർപ്പുകൾ നിയമവിരുദ്ധമായി മാറി.

നിയമം പുനഃസ്ഥാപിക്കുന്നതിനായി വിവിധങ്ങളായ ഇടപെടൽ നടത്തി. 2002ൽ മദ്യനിരോധന സമിതി കേരളത്തിൽ പദയാത്ര നടത്തി, മുഖ്യമന്ത്രി ആന്‍റണിക്ക് നിവേദനം നൽകി. അന്ന്, ആന്‍റണി പറഞ്ഞു, മാഷെ ഇക്കാര്യം എല്ലാ മന്ത്രിമാരോടുമൊന്നു പറയണം. അന്നതിനു ഞാൻ പറഞ്ഞ മറുപടി ഇന്നും ഓർക്കുന്നു. ‘‘ഞാനൊരു സ്കൂൾ മാഷാണ്. സ്കൂളിൽ ഒരു പ്രശ്നമുണ്ടായാൽ എല്ലാ മാഷൻമാരോടും പറയാറില്ല. മറിച്ച് പ്രധാനാധ്യാപകനെ ധരിപ്പിക്കും’’. ഇത്, കേട്ട് ആന്‍റണി ചിരിച്ചു. ചാരായം നിരോധിച്ച മുഖ്യമന്ത്രിയുടെ അവസ്ഥയാണിതെന്ന് ഓർക്കണം. 2008 മേയ് ഒന്നിനു വീണ്ടും സമരം തുടങ്ങി. തിരുവനന്തപുരത്തും കണ്ണൂരും സമരം നടത്തി. ‘‘പഞ്ചായത്തീ രാജിൽ നിന്നും നഗരപാലിക ആക്ടിൽനിന്നും കവർന്നെടുെത്താരു ജനാധികാരം മദ്യനിരോധന ജനാധികാരം തിരിച്ചു നൽകൂ സർക്കാറെ.. എന്നായിരുന്നു മുദ്രാവാക്യം’’. തിരുവനന്തപുരത്ത് സമരമനസ്സ് കുറവാ. കണ്ണൂരിൽ 100 ദിവസം സമരം നടന്നു. പിന്നെ അതും നിന്നു.

മലപ്പുറം സമരവും പിളർപ്പും

മദ്യവിരുദ്ധ സമരത്തിനു മലപ്പുറം തെരഞ്ഞെടുക്കുന്നത് ബോധപൂർവമാണ്. പ്രധാനകാരണം, വിശുദ്ധ ഖുർആൻ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ജില്ല മലപ്പുറമാണ്. ഖുർആനിലാണ് ലഹരിക്കെതിരായി അതിശക്തമായ വിലക്കുകളും താക്കീതുമുള്ളത്. പ്രവാചകൻ വളരെ കർക്കശമായി പറഞ്ഞു. മദ്യം സകല തിന്മകളുടെയും പെറ്റമ്മയും പോറ്റമ്മയുമാണെന്ന്. മദ്യം സകല തിന്മകളുടെയും താക്കോലാണെന്ന്. അത്തരമൊരു ജനതയോട് മദ്യവിരുദ്ധ ആശയം പങ്കുവെക്കുക എളുപ്പമാണ്. അങ്ങനെയാണ്, 1981 ആഗസ്റ്റ് 15ന് എഴുതിയുണ്ടാക്കിയ പ്രതിജ്ഞ ആദ്യമായി ഇതെന്‍റെ പ്രതിജ്ഞയാണെന്ന് പറഞ്ഞുകൊണ്ട് അവതരിപ്പിക്കുന്നത് മലപ്പുറത്താണ്. ഞാൻ, ഭാര്യ പത്മിനി ടീച്ചർ, ഫാദർ വർഗീസ് മുഴുത്തേറ്റ് (അന്ന് അദ്ദേഹത്തിനു 70 വയസ്സാണ്), കണ്ണൂരിൽനിന്നുള്ള സ്വാതന്ത്ര്യസമര സേനാനി കെ. അപ്പനായർ (അന്ന്, അദ്ദേഹത്തിനു 85 വയസ്സ്. 102ാം വയസ്സിൽ ഈയിടെ മരണപ്പെട്ടു) എന്നിവരാണ് സമരത്തിലുണ്ടായിരുന്നത്. 2008 ആഗസ്റ്റ് 21 മുതൽ 2011 മാർച്ച് 28വരെയായിരുന്നു സമരം. 953 ദിവസം നീണ്ടു. മദ്യനിരോധന സമരചരിത്രത്തിലെ സമാനകളില്ലാത്ത അനുഭവം. ഇതിനിടയിൽ, സമരം തളർത്താൻ പല ഭാഗത്തുനിന്നുംശ്രമം നടന്നു. സംഘടനക്കകത്തും പ്രശ്നമുണ്ടായി. രണ്ടുകൊല്ലമായപ്പോൾ സമരം നിർത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇത്, സംഘടന പിളരുന്നതിലേക്ക് നയിച്ചു. വി.എം. സുധീരൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ മൂലമാണ് സമരം അവസാനിപ്പിച്ചത്. യു. ഡി.എഫ് അധികാരത്തിൽ വന്നാൽ, ഈ നിയമം തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു ഉറപ്പ്.

മദ്യനിരോധന സമിതിക്ക് അവസാന വാക്ക് മന്മഥൻജിയാണ് (പ്രഫ. എം.പി. മന്മഥൻ). അദ്ദേഹം പറഞ്ഞത്, ഒരിക്കലും സമിതി രജിസ്റ്റർ ചെയ്യരുതെന്നാണ്. രജിസ്റ്റർ ചെയ്താൽ വിഹിതങ്ങളും അവിഹിതങ്ങളുമായ സമ്പാദ്യം സ്വീകരിക്കും. അപ്പോൾ, ഇതെങ്ങനെ നടത്തിക്കൊണ്ടുപോകുമെന്നതിനു അദ്ദേഹം പറഞ്ഞ ഉത്തരമിതാണ്, പൊതുജനങ്ങളിൽ നിന്നും പിരിക്കണം. പിരിക്കാൻ കഴിയാതെ വന്നാൽ സ്വന്തമായിട്ടെടുക്കണം. അതിനും കഴിയാതെ വന്നാൽ പിരിച്ചുവിടണം. മദ്യനിരോധന സമിതിയിൽനിന്നും തെറ്റിപ്പിരിഞ്ഞവർ എക്സൈസ് വകുപ്പിൽനിന്നൊക്കെ പണം സ്വീകരിച്ചു. മദ്യത്തിൽനിന്നുള്ള വരുമാനത്തിൽ ചില പാപത്തിന്‍റെ കറയുണ്ടെന്നും അതില്ലാതാക്കാനാണ് ഞങ്ങൾ മദ്യവിരുദ്ധ പ്രവർത്തകർക്ക് പണം കൊടുക്കുന്നതെന്നാണ് അന്നത്തെ മന്ത്രി പറഞ്ഞത്. പാപം ചെയ്തു കറയുണ്ടാക്കാൻ ചില മന്ത്രിമാരും ആ കറ കഴുകിക്കളാൽ ചില പരിചാരകന്മാരും എന്ന പ്രയോഗത്തിലൂടെയാണ് ഞങ്ങൾ അതിനോട് പ്രതികരിച്ചത്.

ബാർ പൂട്ടിച്ച സമര വിജയം

താമരശ്ശേരി കാരാടിയിലെ ബാർ ഹൈകോടതിയുടെ നിർദേശപ്രകാരം അടപ്പിക്കാൻ കഴിഞ്ഞത് സംഘടനയുടെ സമരചരിത്രത്തിലെ സുപ്രധാന സംഭവമാണ്. ‘ബാർ അടക്കൂ, അല്ലേൽ ഞങ്ങളെ ജയിലിലടക്കൂ’ എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. സമരത്തിനായി 2013 ഒക്ടോബർ രണ്ടിനു വീട് വിട്ടിറങ്ങി. പദയാത്രയായാണ് സമരഭൂമിയിലെത്തിയത്. ഫാദർ വർഗീസ് മുഴുത്തേറ്റും സ്വാതന്ത്ര്യസമര സേനാനി കെ. അപ്പനായരും ഒപ്പമുണ്ടായിരുന്നു. കാരാടിയിലെ ജനങ്ങളുടെ പിന്തുണ സമരത്തിനു നൽകിയ കരുത്ത് ഒന്നുവേറെയാണ്. ഗാന്ധിമാർഗ സത്യഗ്രഹ സമരവിജയമായതിനെ വിലയിരുത്താം. ഇന്നത്തെ സമരാഭാസങ്ങൾക്ക് മുമ്പിൽ അന്നത്തെ സമരം പാഠപുസ്തകമാണെന്നാണ് മാഷിന്‍റെ വിലയിരുത്തൽ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ (76), പത്മിനി ടീച്ചർ (72) ഈ പ്രായത്തിലും സമരമുഖങ്ങളിൽ സജീവമാണ് ഇരുവരും. സമരങ്ങളുടെ ഭാഗമായി രണ്ടു തവണ മാസ്റ്റർ, ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഒരു തവണ ഇളയ മകനും ഒപ്പമുണ്ടായിരുന്നു.

മാറാട് കലാപത്തെ തുടർന്ന് സർവോദയ മണ്ഡലത്തിന്‍റെ മാറാട് മൈത്രി കർമസമിതിയുടെ ചെയർമാൻ പി. ഗോപിനാഥൻ നായർക്കൊപ്പം ജനറൽ കൺവീനറായും പ്രവർത്തിച്ചു. മാഷിനൊപ്പം നിലവിൽ, സമിതിയുടെ ജനറൽ സെക്രട്ടറി ഡോ. വിൻസെന്‍റ് മാളിയേക്കൽ, വൈസ് പ്രസിഡന്‍റ് അഡ്വ. സുജാത വർമ, ട്രഷറർ ഖദീജ നർഗീസ് എന്നിവർ നേതൃത്വം നൽകുന്നു. ഈ രംഗത്ത് തുടരാൻ കഴിയുന്നതിന് ഇരുവരും, മക്കളും നാടും നൽകുന്ന പിന്തുണക്ക് നന്ദിപറയുകയാണ്. അധ്യാപകരായ പ്രമോദ് സമീർ, പ്രശാന്ത് ബാവ എന്നിവരാണ് മക്കൾ. പ്രസീത, ഡോ. മിനി അബ്രഹാം എന്നിവർ മരുമക്കളാണ്. പേരമക്കൾ: സൂര്യതി ഈശോ റസൂൽ, സൂര്യമേഥ, സൂര്യഹർഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:battlelife`Losing
News Summary - It's a losing battle, but...
Next Story