വെയിലേറ്റ് വാടല്ലേ

16:06 PM
23/04/2016

തലക്കുമീതെ കത്തിജ്വലിച്ച് സൂര്യന്‍. ഓരോ ദിവസവും കാഠിന്യം കൂടുന്ന വേനല്‍ചൂടില്‍ നാടും നഗരവും വിയര്‍ത്തൊലിക്കുകയാണ്. വേനല്‍ മഴയും മാറി നിന്നതോടെ പകല്‍നേരങ്ങളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതി. ഇടക്കിടെ വീശുന്ന കാറ്റില്‍പോലും ചൂട്. ശരീരം പുഴുങ്ങുന്ന കാലാവസ്ഥയില്‍ വിയര്‍ത്തൊലിച്ച് ജലാംശം നഷ്ടപ്പെടുന്നത് മുതല്‍ സൂര്യാതപം വരെ ഉണ്ടായേക്കാം. മാറിയ കാലാവസ്ഥയില്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വീണുപോകുമെന്നുറപ്പ്.

ഈ രോഗങ്ങളെ കരുതിയിരിക്കാം:

നിര്‍ജലീകരണം

വേനല്‍ക്കാലത്ത് ശരീരത്തില്‍നിന്ന് വിയര്‍പ്പായും മൂത്രമായും അമിതമായ അളവില്‍ ജലാംശം നഷ്ടപ്പെടും. നിര്‍ജലീകരണം മരണത്തിനുവരെ കാരണമാകും. മനുഷ്യ ശരീരത്തിന്‍റെ 75 ശതമാനവും വെള്ളമാണ്. നഷ്ടപ്പെടുന്ന അളവിനനുസരിച്ച് വെള്ളം ശരീരത്തിന് തിരികെ ലഭിക്കണം. 20 ശതമാനത്തിലേറെ കുറവുണ്ടായാല്‍ ശരീരത്തെ ബാധിക്കും. അമിതമായ ദാഹം, ക്ഷീണം, തളര്‍ച്ച, മൂത്രത്തിന്‍റെ അളവ് കുറയുക, വായും കണ്ണും വരളുക, തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. എ.സി മുറിയിലിരുന്ന് ജോലിയെടുക്കുന്നവര്‍ക്ക് ദാഹം അറിയില്ലെങ്കിലും അവരറിയാതെ ശരീരത്തില്‍നിന്ന് ജലാംശം നഷ്ടമാകാറുണ്ട്. അവര്‍ ഇടക്കിടെ ചെറിയ അളവില്‍ വെള്ളം കുടിക്കണം.

കണ്‍കുരു, ചെങ്കണ്ണ്

വേനല്‍ചൂട് പ്രധാനമായും ബാധിക്കുന്നത് കണ്ണിനെയും കാഴ്ചയെയുമാണ്. കണ്‍കുരുവും ചെങ്കണ്ണുമാണ് വേനലിലെ സാധാരണ രോഗങ്ങള്‍. ചൂടേറ്റ് നേത്രപടലങ്ങള്‍ക്കും മറ്റും ഉണ്ടാകുന്ന ക്ഷതമാണ് രോഗങ്ങളിലേക്ക് നയിക്കുന്നത്. തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകുന്നതും കൂളിങ് ഗ്ലാസ് ഉപയോഗിക്കുന്നതും നല്ലത്. കമ്പ്യൂട്ടര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ രോഗസാധ്യത കൂടുതലാണ്. കിടക്കുംമുമ്പ് കത്തിരിക്ക, ഉരുളക്കിഴങ്ങ് കഷണങ്ങള്‍ കണ്‍പോളകളില്‍ വെച്ച് തണുപ്പേകാം.

മൂത്രാശയ രോഗങ്ങള്‍

ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ച് വെള്ളം കുടിക്കാതിരിക്കുന്നതാണ് മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാകുന്നത്. തെറ്റായ ആഹാരശീലവും വെള്ളം കുടിക്കാത്തതും മൂലം മൂത്രത്തിന്‍റെ അളവില്‍ കുറവുണ്ടാകുന്നതും ശരീരത്തിന് ദോഷംചെയ്യും. മൂത്ര തടസവും ഉണ്ടായേക്കാം. മൂത്രത്തില്‍ കല്ല്, പഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. യഥാസമയം മലമൂത്ര വിസര്‍ജ്യങ്ങള്‍ യഥാസമയം നടത്താത്തതും രോഗങ്ങള്‍ക്ക് കാരണമാകും. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനൊപ്പം വ്യക്തി ശുചിത്വത്തിലും ശ്രദ്ധിക്കണം.

ചിക്കന്‍പോക്സ്

വേനല്‍ക്കാലത്ത് സാധാരണയായി കണ്ടുവരുന്ന രോഗമാണ് ചിക്കന്‍പോക്സ്. വാരിസെല്ല സോസ്റ്റര്‍ വൈറസുകളാണ് രോഗം പരത്തുന്നത്. പനി, തലവേദന, പേശിവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. തുടര്‍ന്ന് ശരീരത്തില്‍ കുമിളകള്‍ പൊങ്ങിത്തുടങ്ങും. വായ്, മൂക്ക്, ചെവി എന്നിവയുടെ ഉള്‍ഭാഗങ്ങളിലും കുമിളകള്‍ വരാറുണ്ട്. ശരീരം ചൂടുപിടിക്കുന്നതിനൊപ്പം രോഗപ്രതിരോധ ശേഷി കുറയുന്നതും അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ സാന്നിധ്യവുമെല്ലാം രോഗത്തിന് കാരണമാകും. ചിക്കന്‍പോക്സിന് ഇന്ന് മികച്ച ചികിത്സയുണ്ട്. ശരീരം തണുപ്പിക്കാനുള്ള മാര്‍ഗങ്ങള്‍കൂടി സ്വീകരിക്കുന്നത് രോഗം വേഗം സുഖപ്പെടാന്‍ സഹായിക്കും. വായുവിലൂടെ പകരുന്ന രോഗമാണിത്. രോഗം ബാധിച്ചയാളുമായി ഇടപഴകുകയോ വസ്ത്രങ്ങള്‍ ഉപയോഗിക്കുകയോ, അയാളുടെ തുപ്പലോ, തുമ്മലോ പോലും രോഗം പകരാന്‍ ഇടയാകും. ദിവസവും രണ്ടുനേരം കുളിക്കുക, ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മഞ്ഞപ്പിത്തം, വയറിളക്കം

വേനല്‍ക്കാലത്തെ ദാഹവും ക്ഷീണവും തീര്‍ക്കാന്‍ ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നത് മഞ്ഞപ്പിത്തത്തിനും വയറിളക്കത്തിനും കാരണമാകും. കടുംമഞ്ഞ നിറമുള്ള മൂത്രം, മഞ്ഞ നിറമുള്ള കണ്ണുകള്‍, പനി, ശരീരവേദന, വിശപ്പില്ലായ്മ, ക്ഷീണം, ഛര്‍ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്‍െറ ലക്ഷണങ്ങള്‍. ഇരു രോഗങ്ങള്‍ക്കും തക്കസമയത്ത് ഫലപ്രദമായ ചികിത്സ ലഭിച്ചില്ളെങ്കില്‍ മരണം വരെ സംഭവിക്കാം. കഴിവതും തിളപ്പിച്ചാറ്റിയ വെള്ളംതന്നെ കുടിക്കാന്‍ ശ്രമിക്കണം.

ത്വഗ് രോഗങ്ങള്‍

പൊടിയും വിയര്‍പ്പുമാണ് ത്വഗ് രോഗങ്ങള്‍ക്ക് കാരണം. ചൂടുകുരു, ചൊറിച്ചില്‍, കരപ്പന്‍, ഫംഗസ് ബാധ, ചൊറി, ചിരങ്ങ് തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന രോഗങ്ങള്‍. വിയര്‍പ്പ് ഗ്രന്ഥികളില്‍ പൊടി അടിഞ്ഞ് മൂടുന്നതാണ് പ്രധാന കാരണം. ശരീരത്തിനൊപ്പം ധരിക്കുന്ന വസ്ത്രങ്ങളും വൃത്തിയുള്ളതായി സൂക്ഷിച്ചാല്‍ അസുഖങ്ങള്‍ അകറ്റിനിര്‍ത്താം. തൊണ്ടയില്‍ അണുബാധയുണ്ടായി കടുത്ത തൊണ്ട വേദനയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. കടുത്ത ജലദോഷവും മൂക്കടപ്പും ഉണ്ടാകാം. മാസ്ക് ധരിച്ചാല്‍ ഈ രോഗങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാം. ചുണ്ട്, കാല്‍ വിണ്ടുകീറലും സര്‍വ സാധാരണമാണ്. എണ്ണ, നെയ്യ്, ക്രീം എന്നിവ ഉപയോഗിക്കുന്നത് നന്ന്.

സൂര്യാതപം

കനത്ത ചൂടേല്‍ക്കുന്നതിന്‍റെ ഫലമായി തൊലിയില്‍ കുമിളകള്‍ പോലെ പൊങ്ങിവരുക, ചുവന്നുതുടുക്കുക, അസഹനീയമായ വേദന അനുഭവപ്പെടുക എന്നിവയാണ് സൂര്യാതപത്തിന്‍െറ ലക്ഷണങ്ങള്‍. ശരീരം അമിതമായി വിയര്‍ത്ത് ജലാംശം നഷ്ടമായി ശരീരത്തിലെ ഉപ്പിന്‍റെ അളവ് കുറയുകയും ചെയ്താല്‍ ബോധക്കേട് ഉള്‍പ്പെടെ സംഭവിക്കാം. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സൂര്യാതപത്തില്‍ നിന്ന് രക്ഷനേടാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

വെള്ളം

 • ദിവസം എട്ട്-പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം
 • തിളപ്പിച്ചാറ്റിയ വെള്ളം ഉത്തമം
 • ജീരകം, ചന്ദനം, രാമച്ചം, പതിമുഖം, കരിങ്ങാലി ഇവയിട്ട് വെള്ളം തിളപ്പിക്കാം
 • ജീരകവെള്ളം ദഹനം വര്‍ധിപ്പിക്കും. മറ്റുള്ളവ ശരീരത്തെ തണുപ്പിക്കും
 • ചുക്ക്, കൊത്തമല്ലി, കൂവ എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രാശയ രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്
 • പശുവിന്‍പാലും സംഭാരവും ശരീരത്തെ തണുപ്പിക്കും
 • ഇളനീര്, നാരങ്ങാവെള്ളം, നന്നാറി സര്‍ബത്ത്, തണ്ണിമത്തന്‍ -കത്തരിക്ക-വെള്ളരിക്ക -മുന്തിരി തുടങ്ങിയ ജ്യൂസുകള്‍ കുടിക്കാം
 • പുറത്തു നിന്ന് വെള്ളം കുടിക്കുമ്പോള്‍ നല്ലതാണെന്ന് ഉറപ്പുവരുത്തണം

ഭക്ഷണം

 • വേനല്‍ക്കാലത്ത് വിശപ്പും ദഹനവും കുറവായിരിക്കും
 • വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കണം
 • മധുരമുള്ളതും തണുത്തതും ദ്രവരൂപത്തിലുള്ളതുമായ ആഹാരമാണ് നല്ലത്
 • ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ഭക്ഷണം ഒഴിവാക്കണം
 • ഉപ്പ്, പുളി, എരിവ് എന്നിവ കുറക്കണം
 • ധാന്യങ്ങളില്‍ ചെന്നല്ലരി, നവരയരി, ഗോതമ്പ്, റാഗി എന്നിവയാകാം
 • മൈദ, റവ എന്നിവ ഒഴിവാക്കണം
 • ദഹനത്തിന് സമയമെടുക്കുമെന്നതിനാല്‍ ഇവ ശരീരത്തെ ക്ഷീണിപ്പിക്കും
 • വെള്ളരിക്ക, പടവലങ്ങ, കുമ്പളങ്ങ, പാവക്ക, തക്കാളി, ഉള്ളി, ബീറ്റ്റൂട്ട്, കാരറ്റ്, കോളിഫ്ളവര്‍, ബീന്‍സ്, ചീര തുടങ്ങിയ നീരുള്ള പച്ചക്കറികള്‍ ഭക്ഷണത്തിന്‍െറ ഭാഗമാക്കാം
 • ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ, വെളുത്തുള്ളി, കൂര്‍ക്ക എന്നിവ ഒഴിവാക്കാം
 • പയറുവര്‍ഗത്തില്‍ ചെറുപയര്‍, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ് ഉപയോഗിക്കാം
 • മുതിര, വന്‍പയര്‍, എള്ള് എന്നിവ ചൂടാണ്. പഴങ്ങളില്‍ തണ്ണിമത്തന്‍, പനനൊങ്ക്, ഓറഞ്ച്, മുന്തിരി, മുസമ്പി, ഇളനീര്‍, ചക്ക, മാങ്ങ, ചെറുപഴം എന്നിവ നന്നായി കഴിക്കാം
 • കൈതച്ചക്ക, പപ്പായ എന്നിവ ദാഹം വര്‍ധിപ്പിക്കും
 • മുയല്‍, കാട, താറാവ്, താറാവുമുട്ട, മീന്‍ എന്നിവ കഴിക്കാം
 • കോഴിയിറച്ചി, കോഴിമുട്ട, ബീഫ്, ഉണക്കമീന്‍ എന്നിവ നല്ലതല്ല

കുളി

 • സൂര്യന്‍ ഉദിക്കും മുമ്പും സൂര്യന്‍ അസ്തമിച്ച ശേഷവും കുളിക്കുന്നതാണ് ഉത്തമം
 • ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാം
 • വരണ്ട ചര്‍മമുള്ളവര്‍ സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
 • മുടി നനവില്ലാതെ സൂക്ഷിക്കണം
 • ഇടക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകണം

വസ്ത്രം

 • കടുത്ത നിറമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക
 • ഇറുകിയ ജീന്‍സ്, പോളിസ്റ്റര്‍, നൈലോണ്‍, സില്‍ക് വസ്ത്രങ്ങള്‍ ഒഴിവാക്കണം
 • അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
 • രണ്ടുനേരം വസ്ത്രം മാറുന്നത് നല്ലത്
 • നനവുള്ള അടിവസ്ത്രങ്ങള്‍ ധരിക്കരുത്
 • വസ്ത്രങ്ങള്‍ സോപ്പിന്‍റെയോ സോപ്പുപൊടിയുടെയോ അംശമൊട്ടുമില്ലാതെ കഴുകി വെയിലത്ത് ഉണക്കിയെടുക്കുക

യാത്ര

 • പകല്‍ 11നും മൂന്നിനുമിടയിലുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുക
 • ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക
 • കുട, സണ്‍ ഗ്ലാസ്, സണ്‍ക്രീം എന്നിവ ഉപയോഗിക്കുക

തെറ്റിദ്ധാരണകള്‍:

തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കില്ല. തണുപ്പിനെ പ്രതിരോധിക്കാന്‍ ശരീരം ചൂടാകുകയാണ് ചെയ്യുക. പകരം ചെറു ചൂടുള്ള വെള്ളം കുടിക്കുമ്പോള്‍ ചൂടിനെ പ്രതിരോധിക്കാന്‍ ശരീരം തണുപ്പിലേക്ക് മാറും

കൂള്‍-സോഫ്റ്റ് ഡ്രിങ്ക്സ്

അന്തരീക്ഷത്തിലെ താപനില അനുസരിച്ചാണ് ശരീരത്തിന്‍റെ താപനില സ്വയം ക്രമീകരിക്കപ്പെടുന്നത്. തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കില്ല. തണുപ്പിനെ പ്രതിരോധിക്കാന്‍ ശരീരം ചൂടാകുകയാണ് ചെയ്യുക. പകരം ചെറുചൂടുള്ള വെള്ളം കുടിക്കുമ്പോള്‍ ചൂടിനെ പ്രതിരോധിക്കാന്‍ ശരീരം തണുപ്പിലേക്ക് മാറും. ചൂടുവെള്ളം ഉള്ളില്‍ ചെല്ലുമ്പോഴുണ്ടാകുന്ന വിയര്‍പ്പിനൊപ്പം ചെറിയ തണുപ്പ് അനുഭവപ്പെടാനുള്ള കാരണവും ഇതുതന്നെ. സോഫ്റ്റ് ഡ്രിങ്ക്സുകളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍ ദാഹം വര്‍ധിക്കുകയല്ലാതെ കുറയുകയില്ല. ഒരു കുപ്പി സോഫ്റ്റ് ഡ്രിങ്ക് കുടിച്ചാല്‍ അതിലെ പഞ്ചസാരയുടെ അളവും ദാഹവും മറികടക്കണമെങ്കില്‍ അതിന്‍റെ അഞ്ചിരട്ടി ശുദ്ധ ജലമെങ്കിലും കുടിക്കേണ്ടിവരും.

മദ്യം

മദ്യപാനത്തെ തുടര്‍ന്ന് മൂത്രം ധാരാളമായി പോകുന്നത് നിര്‍ജലീകരണത്തിന് കാരണമാകും. ചൂടുകാലത്ത് ബിയര്‍ നല്ലതാണെന്ന ചിന്തയും തെറ്റാണ്. മറ്റു മദ്യത്തേക്കാള്‍ അധികമാണ് ബിയര്‍ കഴിച്ചാലുള്ള നിര്‍ജലീകരണം. വേനല്‍ക്കാലത്ത് മദ്യം കഴിച്ചാല്‍ ഷുഗര്‍ കൂടല്‍, വിളര്‍ച്ച, കരള്‍, വൃക്ക രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഒഴിവാക്കുന്നതാണ് ഉചിതം.

COMMENTS