ഊദും അത്തറും

പണ്ടത്തെ  പേര്‍ഷ്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടെയും ഉള്ളില്‍ ഓടിമറിയുക കിലോമീറ്ററുകളോളം അടിച്ചുവീശുന്ന അത്തറിന്‍െറ മണമായിരിക്കും. സുഗന്ധത്തോട് ഒട്ടിച്ചേര്‍ന്നതായിരിക്കും ഓരോ ഗള്‍ഫുകാരനും, അഥവാ സുഗന്ധദ്രവ്യങ്ങള്‍കൊണ്ട് സമ്പുഷ്ടമാണ് അറേബ്യന്‍ ഉപഭൂഖണ്ഡം എന്നര്‍ഥം. അത്തറിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഊദിനെക്കുറിച്ച് വേണം പറയാന്‍. രണ്ടും അനുപൂരകങ്ങളാണ്. ജോറും അദാലത്തും വക്കീലുമെന്നതുപോലെ  ഊദും ഒരു അന്യഭാഷാപദമാണ്. അറബി പദമായ ഊദ്  നാം മലയാളികള്‍ക്ക് ഇന്ന് സുപരിചിതമാണല്ലോ. ഈ അറബി പദത്തിന്‍െറ അര്‍ഥം വിറക്, കൊള്ളി എന്നൊക്കെയാണെങ്കിലും നമ്മള്‍ യഥേഷ്ടം വിളിക്കാന്‍ ആഗ്രഹിക്കുന്നത് ‘ഊദ്’ എന്നാണ്. ഇംഗ്ലീഷില്‍ അഗര്‍ വൂഡ് (Agar wood) എന്നും ഹിന്ദിയില്‍ ‘അഗര്‍’എന്നും വിളിക്കുന്നു. സംസ്കൃത പദമായ ‘അഗരു’വില്‍നിന്നാണ് അഗര്‍വൂഡ് ഉരുത്തിരിഞ്ഞുവന്നത്.

ആയുര്‍വേദത്തിലെ ഒരു ഒൗഷധസസ്യമായ അക്വിലേറിയ മരത്തില്‍ നിന്നാണ് ഈ സുഗന്ധലേപനം ഉല്‍പാദിപ്പിക്കപ്പെടുന്നത്. വര്‍ഷങ്ങളോളം പഴക്കമത്തെിയ അക്വിലേറിയ മരത്തിന്‍െറ ചില ശിഖരങ്ങളില്‍ ഫിയാലോഫോറ പാരസൈറ്റിക്കെന്ന  ഒരുതരം ഫംഗസ് പിടിപെടുകയും, തന്മൂലം ഇതിന്‍െറ ശാഖകള്‍ കാലക്രമേണ കറുത്ത് ഒരു സുഗന്ധവാഹിയായിത്തീരുകയും ചെയ്യുന്നു. പിന്നീട് പ്രത്യേകരൂപത്തിലും  ഭാവത്തിലും രൂപകല്‍പന ചെയ്തതാണ് ഇന്ന് വിപണന മേഖലയില്‍ കാണുന്ന ഊദ്.

അറബികള്‍ക്ക് ഏറ്റവും പ്രിയമേറിയ ഈ സുഗന്ധലേപനം പ്രധാനമായും കണ്ടുവരുന്നത് ഇന്ത്യ, കംബോഡിയ, വിയറ്റ്നാം, മലേഷ്യ എന്നീ രാജ്യങ്ങളിലാണ്. ഇന്ത്യയിലെ മുംബൈ, അസം എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും ഇത് ഉല്‍പാദിപ്പിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ സുലഭമല്ലെങ്കിലും ഇന്ന് ഊദ് കൃഷി ചെയ്യുന്നവരുമുണ്ട്. പഴക്കം കൂടുന്തോറും ഗുണനിലവാരം കൂടുന്നതിനാല്‍ വിലയും അതിനെ ആശ്രയിച്ചാണുണ്ടാവുക. സ്വര്‍ണത്തേക്കാള്‍ വില  ഊദിനുണ്ടെന്ന്  പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടാവും.

എന്നാല്‍, അദ്ഭുതപ്പെടേണ്ടതില്ല. മുന്തിയ ഇനം ഊദിന് കിലോക്ക്  ലക്ഷം രൂപ  വിലമതിക്കും. ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും വില. ഇത് വാറ്റിയെടുത്താല്‍ ലഭിക്കുന്ന ഓയിലിനാണ് പൊന്നുംവില. ലോകത്തുള്ള എണ്ണകളില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളതും ഈ ലേപനത്തിനാണ്. ഒരു തോല അഥവാ 12 ഗ്രാമിന് 2000 രൂപ മുതല്‍ ഇതിന്‍െറ വില തുടങ്ങും. പരമ്പരാഗതമായി  അറബികളും ഹിന്ദികളും വിശിഷ്യ മലബാറികളും നടത്തിയ വാണിജ്യബന്ധം, ഏലവും കുരുമുളകും എന്നതിലുപരി ഊദിന്‍െറ വിപണനത്തിനും ചുക്കാന്‍ പിടിച്ചിട്ടുണ്ട്.  

ഊദിന്‍െറ പ്രത്യേക ഭാഗത്തുനിന്ന് വാറ്റിയെടുക്കുന്ന ഈ അത്തര്‍ ശരീരത്തിലും വസ്ത്രത്തിലും പുരട്ടുക എന്നത് അറബികള്‍ക്ക് പ്രൗഢിയും തനിമയും നിറഞ്ഞതാണ്. കല്യാണച്ചടങ്ങുകളിലും മറ്റു വിശേഷ ദിവസങ്ങളിലും പ്രത്യേക പാത്രത്തില്‍ വെച്ച് ഊദ് പുകയിച്ച് അകം സുഗന്ധപൂരിതമാക്കും. ഒൗഷധവും കൂടിയായ ഈ സുഗന്ധദ്രവ്യം മനസ്സിന് ഉന്മേഷവും കുളിര്‍മയും നല്‍കുമെന്ന് ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ പറയുന്നു. ഈ സുഗന്ധദ്രവ്യം നിത്യോപയോഗ സാധനത്തില്‍ ഇടം പിടിച്ചതും അറബികളുടെ ജീവിതത്തിന് മാറ്റുരക്കുന്നു. നാം മലയാളികള്‍ക്ക് ഇതിന്‍െറ മണം അത്ര പഥ്യമല്ളെങ്കിലും വില്‍പന നടത്തുന്നവര്‍ ധാരാളമുണ്ട്.

COMMENTS