Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴനനഞ്ഞ ...

മഴനനഞ്ഞ നോമ്പുകാലങ്ങളില്‍

text_fields
bookmark_border
മഴനനഞ്ഞ  നോമ്പുകാലങ്ങളില്‍
cancel

ബംഗ്ലാദേശുകാരനായ സഹപ്രവർത്തകൻ ഈദ് സൽക്കാരത്തിനെത്താൻ ക്ഷണിച്ചിട്ടുണ്ടെന്ന് ഭർത്താവ് പറഞ്ഞപ്പോൾ തെല്ലൊന്നമ്പരന്നു. വേനൽ എല്ലാറ്റിനെയും പൊള്ളിത്തിണർപ്പിക്കുന്ന ദിവസങ്ങളിൽ ഒന്നായിരുന്നു അത്. പെരുന്നാൾ കാലംതെറ്റി വന്നുവോ എന്നു പോലും എനിക്ക് തോന്നി. കാരണം, റമദാൻ തുടങ്ങുന്നതും ശവ്വാൽ പിറക്കുന്നതുമൊക്കെ മഴയുടെ ഡപ്പ് കൊട്ടോടു കൂടിയാണല്ലോ പലപ്പോഴും നമ്മുടെ നാട്ടിൽ. ഇപ്പോഴും അങ്ങനെതന്നെയാകണം. അയലത്തെ അടുക്കളകളിൽനിന്ന്​ ഇഴവേറിടാൻ കൂട്ടാക്കാത്ത മഴനൂലുകളെ വകഞ്ഞെത്തുന്ന കൊതിഗന്ധങ്ങളിൽ നിന്നാണ് എ​​​െൻറ റമദാൻ ഓർമകൾ പൂക്കുന്നതും തളിർക്കുന്നതും. 

കാനഡയിൽ വേനലിൽ പഴുക്കുന്ന ജൂണിനെ ഇടക്ക്​ മഴവിരലുകൾ തഴുകാനെത്തും. എങ്കിലും, നാട്ടിൽ കളഞ്ഞുപോന്നൊരാ മഴയുമായി (ഇന്നാ മഴയില്ലെന്ന് കേൾക്കുന്നു) അതിനെ താരതമ്യം ചെയ്യുവതെങ്ങനെ! അയൽക്കാരികളും അമ്മയുടെ കൂട്ടുകാരികളുമായ സുബൈദാൻറിയും മൈന ഇത്തയും സ്നേഹം ചേരുവയാക്കി പാകപ്പെടുത്തിയെടുക്കുന്ന നോമ്പുകാല വിഭവങ്ങളില്ലാതെ പണ്ടെ​​​െൻറ മഴക്കാലങ്ങളൊന്നും തന്നെ കടന്നുപോകാറില്ല. ഓരോ ദിവസവും ഓരോ രുചിക്കൂട്ടുകൾ അടുക്കി പാത്രങ്ങളിൽ നിറച്ച്​ നോമ്പുതുറക്കാൻ നേരം വീട്ടിലെത്തും. അമ്പിളിവട്ടത്തിൽ ഒരു കുഞ്ഞുപൊള്ളൽ പോലുമില്ലാതെ ചുട്ടെടുത്ത പത്തിരിയും ഉന്നക്കായും കക്കയിറച്ചി നിറച്ചതും സമൂസയും റവക്കേക്കും ഐസിട്ട് തണുപ്പിച്ച കക്കിരിക്ക ജ്യൂസും... പെരുന്നാളിന് നെയ്ച്ചോറും ഇറച്ചിയും, പറഞ്ഞാൽ തീരാത്ത മണങ്ങളും രുചികളും നൃത്തം വെക്കുന്നുണ്ടെ​​​െൻറ ഓർമയിൽ.

എന്നാൽ, മഴക്കുളിരിൽ നല്ല ആവിപൊന്തുന്ന മഞ്ഞക്കഞ്ഞി കുടിക്കുന്നതായിരുന്നു എനിക്കേറെ പ്രിയം. പുലർച്ചെ ഗോതമ്പുകൊണ്ട് പുട്ടുണ്ടാക്കി കഴിച്ചാൽ പിന്നെ വൈകുന്നേരത്തെ ബാങ്കുവിളി വരെ ഉമിനീരു പോലുമിറക്കാതെയാണ് ഇതെല്ലാം ഉണ്ടാക്കിയെടുക്കുന്നത് എന്നറിഞ്ഞു തുടങ്ങിയപ്പോൾ മുതൽ ഈ ‘പാചകക്കാരികളെ’ അഭിനന്ദിക്കാതെവയ്യ. സകാത്​ കൊടുത്തും ഖുർആൻ പാരായണം ചെയ്തും പ്രത്യേക നമസ്‌കാരങ്ങളൊക്കെയും നിർവഹിച്ചും റമദാൻ മാസത്തിൽ ആ സ്നേഹക്കൈകൾ വാരിക്കൂട്ടുന്ന പുണ്യത്തിൽ ഞങ്ങളുടെ പ്രാർഥനകൾകൂടി അലിഞ്ഞുചേരുന്നത് അങ്ങനെയാണ്. 

കാനഡയിൽ വന്ന കാലത്ത്, തൃശൂരിൽ കിഴക്ക് പുഴയും പടിഞ്ഞാറ് കടലുമുള്ള വലപ്പാട് ഗ്രാമത്തിൽ വളർന്നതിനാൽ മീൻകൊതിച്ചിയായ എനിക്ക് ‘മീൻപത്തിരിയും’ ‘അരി കടുക്കയും’ പാകം ചെയ്ത് ഇഫ്താർ വിരുന്നിന് വിളിച്ചിരുന്ന സൈനബ് എന്നൊരു കൂട്ടുകാരിയുണ്ടായിരുന്നു. സൈനബ് സ്ഥലംവിട്ടതോടെ കാനഡയിൽ നോമ്പു കാലം വരുന്നതും പോകുന്നതുമൊന്നും ഞാൻ അറിയാതെയായി. അങ്ങനെയിരിക്കെ ഒരു ജൂൺ മാസത്തിൽ പുസ്തകങ്ങൾ അന്വേഷിച്ച് പുറപ്പെട്ട ഞാൻ സഞ്ചാരപ്രിയയും നല്ല വായനക്കാരിയുമായ മുബിത്തയുടെ നോമ്പു തുറക്കൊരുങ്ങുന്ന വേനൽ അടുക്കളയിൽ ആകസ്​മികമായി ചെന്നുപെട്ടു.

അന്ന് കൈ നിറച്ചും പുസ്തകങ്ങൾ മാത്രമല്ല, നെയ്യിൽ ഉള്ളി തൂമ്മിച്ച തേങ്ങാപ്പാലും പത്തിരിയും ബാൽക്കണിയിലെ പച്ചക്കറിത്തോട്ടത്തിൽനിന്ന്​ ഒരുപിടി പച്ചപ്പയറും തന്നാണ്, എ​​​െൻറ കുട്ടിക്കാലം അയലത്തുനിന്ന്​ ശീലിച്ച അതേ സ്നേഹവായ്പോടെ, മുബിത്ത ഞങ്ങളെ യാത്രയാക്കിയത്. ബംഗ്ലാദേശി കുടുംബത്തി​​െൻറ പെരുന്നാൾ സൽക്കാരം എങ്ങനെയായിരിക്കുമെന്ന് പുറപ്പെടുമ്പോൾ തോന്നിയ സന്ദേഹങ്ങളൊക്കെയും നിറഞ്ഞ ചിരിയോടെ ഊഷ്​മളമായ പെരുമാറ്റത്തിലൂടെ തുടച്ചുകളഞ്ഞു സിറാജ് എന്ന ഗൃഹനാഥനും നസ്നിൻ എന്ന ഗൃഹനാഥയും അവരുടെ മിടുക്കികളായ മൂന്നു പെൺമക്കളും. തീൻമേശയിൽ നിറഞ്ഞതൊന്നും പരിചിത രസങ്ങളായിരുന്നില്ല. യാത്ര പറഞ്ഞിറങ്ങുമ്പോൾ കൂടെ കൊണ്ടുപോന്നത് ശീലിച്ച മണങ്ങളും രുചികളുമൊന്നുമല്ല. എങ്കിലും, ഈ ഊഷ്മള സ്നേഹം പണ്ടേ ഞാൻ അറിഞ്ഞതാണല്ലോ, പഴയ മഴനനഞ്ഞ നോമ്പുകാലങ്ങളിൽ...

തയാറാക്കിയത്​: അസ്സലാം പി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan memoriesmaya banerjee
News Summary - ramadan memories of maya banerjee
Next Story