വിജയത്തിന്റെ രുചിയുമായി തേയിലയില്ലാത്ത ചായ
text_fieldsചെറുവത്തൂർ: ചായയെന്നാൽ തേയില കൊണ്ട് തയാറാക്കിയത് മാത്രമാണെന്ന ധാരണ തിരുത്തിയ കുടുംബശ്രീ പ്രവർത്തകരുടെ കഥ പറയാനുണ്ട് മുഴക്കോത്തിന്. കുടുംബശ്രീ സംരംഭങ്ങളുടെ വിജയകഥ ഏറെയുണ്ടെങ്കിലും വ്യത്യസ്തമായ കഥയാണ് മുഴക്കോം കയനി മൂലയിലെ നാല് വനിതകൾക്ക് പറയാനുള്ളത്.
ചായ എന്നാൽ തേയിലപ്പൊടി മാത്രമല്ല. തേയിലയില്ലാതെ തുളസിയിലയും മുരിങ്ങയിലയും മറ്റു ചില കൂട്ടുകളും ചേർന്ന ഔഷധ ചായകൂടിയാണെന്ന് ഇവർ തെളിയിച്ചിരിക്കുകയാണ്. ഇവരുടെ ചായ മഹത്ത്വമിപ്പോൾ കടൽകടന്നിരിക്കുകയാണ്. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾ പലരും ഇവരുടെ ഓഷധ ചായ തേടിയെത്തുന്നുവെന്നതാണ് വിജയരഹസ്യം.
ആറ് മാസം മുമ്പാണ് കുടുംബശ്രീ പ്രവർത്തകരായ ബിന്ദു, വത്സല, റീന, സുജന എന്നിവർ ചേർന്ന് സംരംഭം തുടങ്ങിയത്. ബി.വി.ആർ.എസ് ഹെൽത്ത് ടീ എന്നാണ് ഉൽപന്നത്തിന്റെ പേര്. കാസർകോട് സി.പി.സി.ആർ.ഐയിൽ നിന്നും ലഭിച്ച പരിശീലനത്തിന്റെ പിൻബലത്തോടെയാണ് ഇവരുടെ ജൈത്രയാത്ര.
ഷുഗർ, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും സന്ധിവാതം തടയാനും ഓസ്റ്റിയോ പൊറോസിസിനെതിരെയും ഈ ഔഷധ ചായ ഗുണം ചെയ്യുമെന്ന് ഇവർ പറയുന്നു.
മുരിങ്ങ ഇല, തുളസിയില, പുതിന ഇല, ഗ്രാമ്പു, ഇഞ്ചി, ചുക്ക്, മല്ലിപ്പൊടി, ഏലക്കായ, ഇഞ്ചിപ്പുല്ല്, ഉലുവ, കറുവാപ്പട്ട, ചെറിയ ജീരകം, പെരും ജീരകം എന്നിവ പ്രത്യേക അനുപാദത്തിൽ ചേർത്താണ് ഓഷധ ചായപ്പൊടി തയാറാക്കുന്നത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ നൂതന പദ്ധതിയായാണ് കയ്യൂർ- ചീമേനി പഞ്ചായത്ത് ഒന്നാം വാർഡിൽ കയനിമൂലയിൽ സംരംഭം യാഥാർഥ്യമാക്കിയത്.
ആധുനിക സാങ്കേതിക വിദ്യയിൽ പാക്കറ്റാക്കിയാണ് വിപണനം. ആർക്കും വേണ്ടാതിരുന്ന മുരിങ്ങയിലക്കും തുളസിയിലക്കും നാട്ടിലിപ്പോൾ വൻ ഡിമാൻറായെന്നാണ് ഇവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.