തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൂട്ടത്തോടെ യുവാക്കൾ; കൂലി കുറഞ്ഞാലും ജോലി വേണം
text_fieldsചെറുവത്തൂർ: കോവിഡ് കാലത്ത് വരുമാന മാർഗങ്ങൾ അടഞ്ഞ യുവാക്കൾ കൂട്ടത്തോടെ തൊഴിലുറപ്പ് പദ്ധതിയിലേക്ക്. കൂലി കുറഞ്ഞാലും പ്രശ്നമില്ല, ഒരു തൊഴിൽ വേണമെന്ന ആഗ്രഹത്തോടെ പിലിക്കോട് പഞ്ചായത്തിെൻറ തൊഴിലുറപ്പ് പദ്ധതിയിലാണ് നിരവധി യുവാക്കൾ രജിസ്റ്റർ ചെയ്തത്.
വനിതകൾ കൈയടക്കിയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് 15ാം വാർഡായ പിലിക്കോട് വയലിൽ നിന്നുമാണ് കൂടുതൽ യുവാക്കൾ തൊഴിലിനായി രജിസ്റ്റർ ചെയ്തത്. നിലവിൽ പത്ത് യുവാക്കളാണ് 15ാം വാർഡിൽ മാത്രം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായത്.
ഇവരിൽ നിന്നും ആവേശം കൊണ്ട നിരവധിപേർ തൊഴിൽ തേടി മറ്റ് വാർഡുകളിലും എത്തിത്തുടങ്ങിയിട്ടുണ്ട്. ബിരുദാനന്തര ബിരുദവും മറ്റ് പ്രഫഷനൽ യോഗ്യതകളും നേടിയവരും ഇക്കൂട്ടത്തിലുണ്ട്. തുടർവിദ്യാഭ്യാസം ആശങ്കയിലായതും തൊഴിൽ മേഖലകൾ ദുർബലമായതുമാണ് യുവാക്കളെ തൊഴിലുറപ്പ് പദ്ധതിയിലേക്കാകർഷിക്കുന്നത്.
291 രൂപയാണ് ദിവസവേതനം. കോവിഡ് ദുരിതകാലത്തെ അതിജീവിക്കാൻ ഈ വരുമാനം സഹായകരമാണെന്നാണ് യുവതയുടെ സാക്ഷ്യപ്പെടുത്തൽ. കുടുംബങ്ങളിൽനിന്നും നല്ല പിന്തുണയാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും ഇവർ പറഞ്ഞു.
പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിക്കായി പേര് രജിസ്റ്റർ ചെയ്തപ്പോൾ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ പഞ്ചായത്ത് അധികൃതരും സഹായിച്ചു.പദ്ധതിയിൽ ഒരുവർഷം ഒരു കുടുംബത്തിന് 100 തൊഴിൽ ദിനങ്ങളാണ് ഉറപ്പുനൽകുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് വേതനവും കാലതാമസമില്ലാതെ അക്കൗണ്ടുകളിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.