Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വപ്നയുടെ വാദങ്ങൾ...

സ്വപ്നയുടെ വാദങ്ങൾ ഖണ്ഡിച്ച്,​ അന്വേഷണത്തിൽ ഇടപെടാതെ കോടതി

text_fields
bookmark_border
കൊച്ചി: തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹരജി തള്ളിയ ഹൈകോടതി, അവരുന്നയിച്ച ഓരോ വാദവും ഖണ്ഡിച്ചാണ്​ വിധി പ്രസ്താവിച്ചത്​. വെറും വെളിപ്പെടുത്തലുകളുടെ പേരിൽ മാത്രമല്ല കേസെടുത്തതെന്നും പരാതിയിൻമേൽ രജിസ്റ്റർ ചെയ്ത എഫ്​.ഐ.ആറിന്‍റെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണം തടയാനാവില്ലെന്നുമാണ്​ ജസ്​റ്റിസ്​ എ.എ. സിയാദ്​ റഹ്​മാന്‍റെ ഉത്തരവിൽ വ്യക്​തമാക്കുന്നത്​. രഹസ്യമൊഴിയിലെ വിവരങ്ങളാണ് മാധ്യമപ്രവർത്തകർക്ക്​ മുന്നിൽ വെളിപ്പെടുത്തിയതെന്നും കേസ്​ നിലനിൽക്കില്ലെന്നുമാണ്​ സ്വപ്ന വാദിച്ചത്​. എന്നാൽ, വെളിപ്പെടുത്തലിന്​ പിന്നാലെ പല ദിവസങ്ങളിലും ചാനൽ പരിപാടികളിൽ പ​ങ്കെടുത്ത്​ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്​. വെളിപ്പെടുത്തലിൽ പരാതിക്കാരനായ കെ.ടി. ജലീലിന്റെ പേരും പരാമർശിക്കുന്നുണ്ട്. പരാതിയിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന്​ നോക്കിയല്ല എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്​. സ്വപ്നയുടെ വെളിപ്പെടുത്തൽ പ്രഥമദൃഷ്ട്യ അപകീർത്തികരമാണ്. രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങളാണോ വെളിപ്പെടുത്തിയതെന്ന്​ വ്യക്തമല്ല. അതിനാൽ, അന്വേഷണം നടക്കുന്നതിൽ തെറ്റില്ലെന്ന്​ കോടതി വിലയിരുത്തി. എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ് നടത്തുന്നതിന്​ സമാന്തരമാണ്​ ഈ അന്വേഷണം എന്ന്​ പറയാനാവില്ല. ഇ.ഡി അന്വേഷിക്കുന്നത് നയതന്ത്ര സ്വർണക്കടത്തിനെ കുറിച്ചാണ്​. അപകീർത്തികരമായ വെളിപ്പെടുത്തലിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇരു ഏജൻസികൾക്കും സ്വന്തം നിലക്ക്​ അന്വേഷണം നടത്താനാവും. സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടർന്നുള്ള പ്രതിഷേധങ്ങളിൽ 745 കേസുകൾ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തു. വെളിപ്പെടുത്തൽ ക്രമസമാധാന നിലയെ ബാധിച്ചു. ആരോപണവിധേയരുടെ പദവിയും ഉന്നയിച്ച അവയുടെ ഗൗരവവും കണക്കിലെടുക്കുമ്പോൾ പ്രകോപനമുണ്ടാകുമെന്ന് അറിഞ്ഞ്​ കൊണ്ടല്ല ആരോപണങ്ങൾ ഉന്നയിച്ചതെന്ന്​ കരുതാനാവില്ല. വിവേകമുള്ള ആരും അതിന്‍റെ വരുംവരായ്കകൾ ചിന്തിക്കാതിരിക്കില്ല. അതിനാൽ, കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണം അന്വേഷിക്കാൻ എഫ്.ഐ.ആർ പര്യാപ്തമാണ്. വ്യാജ രേഖകൾ ഉണ്ടാക്കിയെന്ന ആരോപണവും അന്വേഷിക്കേണ്ടതുണ്ട്. എന്നാൽ, ഉത്തരവിലെ നിരീക്ഷണങ്ങൾ കേസിലെ മറ്റ്​ നടപടികൾക്ക് ബാധകമാവില്ലെന്നും അന്തിമ റിപ്പോർട്ട്​ നൽകിയശേഷം ഹരജിക്കാരിക്ക്​ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുന്നതിന്​ തടസ്സമില്ലെന്നും സിംഗിൾ ബെഞ്ച്​ വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story