Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേസുകൾ റദ്ദാക്കണമെന്ന...

കേസുകൾ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
കൊച്ചി: തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസും പാലക്കാട് കസബ പൊലീസും രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന സ്വർണടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ഹരജി ഹൈകോടതി തള്ളി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമടക്കമുള്ളവർക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിൽ തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചാരണവുമു​ണ്ടെന്ന്​ കാട്ടി മുൻ മന്ത്രി കെ.ടി. ജലീൽ നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസും അഡ്വ. സി.പി. പ്രമോദിന്‍റെ പരാതിയിൽ കസബ പൊലീസും രജിസ്റ്റർ ചെയ്ത കേസ്​ റദ്ദാക്കണമെന്ന ഹരജിയാണ്​ ജസ്റ്റിസ്​ എ.എ. സിയാദ്​ റഹ്​മാൻ പരിഗണിച്ചത്​. ഗൂഢാലോചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ കേസെടുത്തിരുന്നത്​. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്ത്​ അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഇടപെടേണ്ട കാര്യമില്ലെന്നും വ്യക്​തമാക്കിയാണ്​ ഹരജി തള്ളിയത്​. ജലീൽ ചെയ്ത കുറ്റത്തെക്കുറിച്ച വസ്തുതകൾ വെളിപ്പെടുത്തുന്നത് തടയാനാണ് പരാതി നൽകുകയും അതിന് പിന്നാലെ കേസെടുക്കുകയും ചെയ്തതെന്നാണ്​ സ്വപ്നയുടെ വാദം. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിനെ തുടർന്ന് തന്നെ സമ്മർദത്തിലാക്കാൻ പൊലീസിനെ സർക്കാർ ദുരുപയോഗം ചെയ്യുകയാണ്​. സമാന്തര അന്വേഷണമാണ് ​പൊലീസ് നടത്തുന്നത്​. എന്നാൽ, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് പൊതുജനങ്ങളെ പ്രകോപിതരാക്കി സ്വപ്ന കലാപത്തിന് ശ്രമിച്ചെന്നാണ് സർക്കാർ വാദം. പ്രതിയായ സ്വപ്ന നൽകുന്ന രഹസ്യമൊഴി കുറ്റസമ്മതമൊഴിയായി മാത്രമേ കരുതാനാകൂ. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഗൂഢാലോചനക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്​. ഗൂഢാലോചനയിലെ പങ്കാളിയുടെ മൊഴിതന്നെ ഇവർക്കെതിരെ തെളിവായുണ്ട്. എൻഫോഴ്സ്മെന്‍റ്​ ഡയറക്ടറേറ്റ് 11 മണിക്കൂർ സ്വപ്നയെ ചോദ്യം ചെയ്തപ്പോഴൊന്നും കണ്ടെത്താനാകാത്ത കാര്യങ്ങൾ ഇപ്പോൾ തെളിവില്ലാതെ ആരോപിക്കുന്നത് സ്ഥാപിത താൽപര്യത്തോടെയാണെന്നും സർക്കാർ വാദിച്ചു. മുഖ്യമന്ത്രിയടക്കമുള്ളവർ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച വിവരങ്ങൾ കൈവശമുള്ളയാളെന്ന നിലയിൽ തനിക്ക് സാക്ഷിയെന്ന പരിഗണന ലഭിക്കണമെന്ന സ്വപ്നയുടെ ആവശ്യവും കോടതി തള്ളി. സ്വർണക്കടത്ത്​ കേസിൽ ഇവർ പ്രതിയാ​ണെന്നും മാപ്പുസാക്ഷിയാക്കാതെ സാക്ഷിയുടെ ആനുകൂല്യം ലഭിക്കില്ലെന്നും കോടതി വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story