Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightനികുതി പിരിക്കാതെ...

നികുതി പിരിക്കാതെ പങ്കുപറ്റ് സംസ്കാരത്തിന് കീഴടങ്ങിയ കേരളം

text_fields
bookmark_border
നികുതി പിരിക്കാതെ പങ്കുപറ്റ് സംസ്കാരത്തിന് കീഴടങ്ങിയ കേരളം
cancel

ഇടതു സഹയാത്രികനായ സാമ്പത്തിക പണ്ഡിതനാണ് ഡോ. കെ പി കണ്ണൻ. അദ്ദേഹം കേരളത്തിന്റെ കഴിഞ്ഞ ആറു പതിറ്റാണ്ട് കാലത്തെ വികസനാനുഭവങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന പുസ്തകമാണ് "കേരള വികസന മാതൃക ഒരു പുനർവിചിന്തനം". കേരളത്തിൻറെ ഉത്പാദന മേഖല എങ്ങനെ പച്ചപിടിക്കാതെ പോയി എന്ന അന്വേഷണമാണ് ഈ പുസ്തകം. സ്ഥിതിവിവര കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകളുടെ നികുതി പിരിവിലെ കാര്യക്ഷമത ഇല്ലായ്മയും ചെലവ് രംഗത്തെ ദുരുപയോഗവുമാണ് അദ്ദേഹം വിലയിരുത്തുന്നത്.

കെ.പി കണ്ണിൽനിന്ന് പുതിയ ചോദ്യശരങ്ങൾ ജനിക്കുകയാണ്. ഇതിന് ആരാണ് മുപടി നൽകുക. നാം കാണുന്ന പുറംലോകത്തേക്കാൾ സങ്കീർണമാണ് രാഷ്ടീയത്തിെൻറ അകത്തളം. ഈ പരമാധികാര രാജ്യത്തിനുള്ളിൽ അഴിമതി വിളയാടുന്നതെങ്ങനെ എന്ന് അദ്ദേഹം തിരിച്ചറിയുന്നു. കണ്ട കാഴ്ചകളും കേട്ട മേളങ്ങളുമാണ് അദ്ദേഹം അടയാളപ്പെടുത്തിയത്. സമത്വ സുന്ദരമായ ഒരിടമാണ് കേരളം എന്ന രാഷ്ടീയക്കാരുടെ പാഴ്വാക്ക് അദ്ദേഹം വിശ്വസിക്കുന്നില്ല. കെ.പി കണ്ണന് സ്വന്തം നേരുണ്ട്. ആ നേരിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. വിത്തും വിഷവും വിതയ്ക്കരുതെന്നാണ് അദ്ദേഹം പറയുന്നത്.

ഉൽപാദന രംഗത്തെ പരാജയത്തിന് കാരണം ഭരണ രംഗത്തെ കാര്യക്ഷമത ഇല്ലായ്മയാണെന്ന് അദ്ദേഹം അടിവരയിടുന്നു. നികുതി പിരിവിലെ പാളിച്ചകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വർധിച്ച ബാധ്യതയും നഷ്ടവും അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിർമാണത്തിലെ കാലതാമസവും ചെലവ് വർധനയും ഇതുമൂലം പൊതുനിക്ഷേപത്തിൽ ഉണ്ടാകുന്ന ഇടിവും പാഴ് ചെലവും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കേരളം സംവദിക്കണമെന്നാണ് കണ്ണന്റെ നിലപാട്.

പൊതുധനകാര്യത്തിൽ ഇടപെടാത്ത ജനതയാണ് മലയാളികൾ. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ തുടങ്ങിയ മേഖലകളിൽ ശക്തമായ പൊതുസമ്മർദം ഉണ്ട്. എന്നാൽ നമ്മുടെ ചെലവിനു വേണ്ടുന്ന പണം സർക്കാർ കാലാകാലങ്ങളിൽ കാര്യക്ഷമതയോടെ പിരിച്ചെടുക്കുന്നുണ്ടോ എന്ന് പൊതുജനങ്ങൾ ചിന്തിക്കുന്നില്ല. ഇക്കാര്യം മറച്ചുവെച്ചാണ് സർക്കാരുകൾ കടമെടുക്കലാണ് പ്രധാന മാർഗമെന്ന് പൊതുജനങ്ങളെയും വിശ്വസിപ്പിക്കുന്നു. കണ്ണന്റെ ഈ നിരീക്ഷണത്തിന് ഇടതുപക്ഷം മറുപടി പറയണം.

കേരളത്തിലേക്ക് വിദേശ പണം വന്നത് അവിടെ ജോലി ചെയ്യുന്നവരിൽ നിന്നുള്ള പണമായും ഉപഭോക്ത സംരംഭങ്ങളിലൂടെയും ആണ്. 2000 ത്തിനു ശേഷം ഭൂമിക്കച്ചവടം, കെട്ടിട നിർമാണം, ടൂറിസം, ഉന്നത വിദ്യാഭ്യാസം, ആശുപത്രി എന്നീ രംഗങ്ങളിൽ പണം മുടക്കുണ്ടായി. ആകർഷകമായ ലാഭം കിട്ടുന്ന സിനിമാ നിർമാണം, ടെലിവിഷൻ ചാനലുകൾ, സ്വർണാഭരണ വില്പന, വാണിജ്യ സ്ഥാപനങ്ങൾ, വിലകൂടിയ ഗൃഹോപകരണ- വസ്ത്ര വിൽപന്ന കേന്ദ്രങ്ങൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപങ്ങൾ ഉണ്ടായി. ബേക്കറി, ഹോട്ടൽ, കച്ചവടം വികസിച്ചു. ഇതെല്ലാം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഇതിനേക്കാൽ എത്രയോ ഇരട്ടി തൊഴിലുകളാണ് കാർഷിക മേഖലയിലും പരമ്പരാഗത മേഖലയിലും ഇല്ലാതായത്.

തൊഴിലവസരങ്ങൾ നൽകുന്നതിൽ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടു. തൊഴിലില്ലായ്മക്കെതിരെ സംസ്ഥാനത്ത് നിരവധി സമരങ്ങൾ അരങ്ങേറിയെങ്കിലും മാന്യമായ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ സർക്കാർ പരിശ്രമങ്ങൾ ഒന്നും ഉണ്ടാകില്ല. സമരങ്ങൾ ഫലം കണ്ടില്ല. വലിയ തോതിൽ തൊഴിലില്ലായ്മ പ്രശ്നം കേരളത്തെ നേരിടുകയാണ്. വിദ്യാസമ്പന്നരായ മലയാളികൾക്ക് പരിമിതമായ തൊഴിൽ അവസരങ്ങളാണ് ലഭിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കൂടുതൽ മൂലധന നിക്ഷേപം ആവശ്യമാണ്. അത് സർക്കാർ ആണ് ചെയ്യേണ്ടത്. അത് സംസ്ഥാനത്ത് തടയുന്നത് തനത് വരുമാന പിരിവിലെ സർക്കാരിന്റെ ശേഷിക്കുറവും സാമ്പത്തിക കമ്മിയുമാണ്.

പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് കാര്യമായി വരുമാനം ഉണ്ടാക്കാൻ കഴിയുന്നില്ല. അതിന്റെ നഷ്ടം സർക്കാരിന്റെ ചുമലിലാണ്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ സർക്കാർ സംവിധാനം പൂർണ പരാജയമാണ്. പൊതു ധനകാര്യം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലും കനത്ത പരാജയം നേരിടുന്നു. കേരളത്തിലെ ഭരണഘടനാ സ്ഥാപനങ്ങളിലും രാഷ്ട്രീയപാർട്ടികളിലും പൊതുസമൂഹ്യ സംഘടനകളിലും സ്ത്രീ പ്രതിനിധ്യം താരതമ്യേന കുറവാണ്. പാർശ്വ വൽക്കരിക്കപ്പെട്ട പട്ടികജാതി-വർഗ വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിന് ഫണ്ടുകൾ ശരിയായി വിനിയോഗിക്കുന്നില്ല. സാമ്പത്തിക അസമത്വം എന്ന പ്രശ്നം കേരളീയ സമൂഹം കൂടുതലായി നേരിടുന്നു. പങ്കുപറ്റ് സംസ്കാരം സാമ്പത്തിക ഭരണ രംഗത്ത് കൂടുതലായി വേരുറപ്പിക്കുന്നു.

നമ്മുടെ തനതു വരുമാനം എവിടെ ?

നാല് പ്രധാന ധനാഗമ മാർഗങ്ങളാണുള്ളത്. ഒന്ന്. തനതു വരുമാനം (നികുതിയും നികുതിയിതരവും) രണ്ട്. കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടുന്നത് മൂന്ന്. കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന്റെ വിഹിതം, നാല്. കടമെടുപ്പ്. ധനകാര്യ മാനേജ്മെന്റിന്റെ പ്രധാന ഉത്തരവാദിത്വം തനത് വരുമാനത്തെ മുഴുവനായും കൃത്യമായും പിരിച്ചെടുക്കുക എന്നതാണ്. 1987- 88 മുതൽ സംസ്ഥാനത്തിന്റെ തനതു വരുമാന കണക്കിൽ തനതു നികുതി വരുമാനം കുറഞ്ഞു വരികയാണ്. നമ്മുടെ ധനകാര്യ മാനേജ്മെൻറ് അമ്പേ പരാജയമാണ്.

പ്രതിപക്ഷം ഭരണമുന്നണിയുടെ ധൂർത്ത് ചൂണ്ടിക്കാണിക്കുമെങ്കിലും പിരിച്ചെടുക്കേണ്ട തനത് വരുമാനത്തെ കുറിച്ച് ചർച്ചയില്ല. തനത് വരുമാന പിരിവ് ഒരു രാഷ്ട്രീയ മുന്നണികളുടെ അജണ്ടയിലേക്ക് കടന്നുവരുന്നില്ല. 1987 മുതൽ 2020പൊതു ധനകാര്യ മാനേജ്മെന്റിൽ ഇരു മുന്നണികളും വലിയ വ്യത്യാസം ഉണ്ടാക്കിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പൊതു ധനകാര്യ മാനേജ്മെന്റിൽ ഏറ്റവും താഴെ നിൽക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പഞ്ചാബും ബംഗാളും ആണ് മറ്റു രണ്ടു സംസ്ഥാനങ്ങൾ. മാനവ വികസനത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളം പൊതു ധാന്യ ധനകാര്യത്തിൽ ഏറ്റവും താഴെ നിൽക്കുന്നുവെന്നത് വിരോധാഭാസമാണ്. ഇക്കാര്യത്തിൽ തമിഴ്നാടിനും കർണാടകയും താഴെയാണ് കേരളം. 2011- 12 മുതൽ 2019 -20 വരെ ഒരുമിച്ച് എടുത്താൽ കേരളത്തിന്റെ പൊതു കടബാധ്യത സംസ്ഥാനത്തിന്റെയും മൊത്തം വരുമാനത്തിന്റെ 29 ശതമാനം ആണ്. കർണാടകം-18, തമിഴ്നാടിന് -21 ശതമാമാണെന്ന് ഓർക്കുക. കേരള സർക്കാരിൻറെ നികുതി പിരിവിലെ കാര്യക്ഷമതയില്ലായ്മ തുറന്നു കാണിക്കുന്നതാണ് ജി.എസ്.ടി വിജിലൻസ് നടത്തിയ ഒറ്റ ദിവസത്തെ റെയ്ഡിലെ റിപ്പോർട്ട്.

സ്വർണ വിൽപ്പനശാലകളിൽ 1000 കോടിയിലേറെ രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. അതാകട്ടെ തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളിലെ 33 സ്വർണാഭരണശാലകളിലെ കണക്കാണ്. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിൽപ്പന കുറച്ചു കാണിച്ചാണ് നികുതി തട്ടിപ്പ് നടത്തുന്നതെന്നും കണ്ടെത്തി. കേരളത്തിൽ 8,000 ത്തോളം സ്വർണാഭരണ വില്പന കടകളുണ്ട്. അതിൽ 7,000 ത്തോളം ശാലകൾക്ക് ജി.എസ്.ടി രജിസ്ട്രേഷനുണ്ട്. അഞ്ചു ശതമാനം വലിയ സ്വർണാഭരണശാലകൾ ആണെങ്കിൽ 10,605 കോടി രൂപയുടെ നികുതിവെട്ടിപ്പ് സംഭവിക്കുന്നു എന്ന് അനുമാനിക്കാം.

നികുതി വരുമാനം പിരിച്ചെടുക്കാതെ കേരളത്തിന് വേറെ മാർഗമില്ല. അത് സാധ്യമാകണമെങ്കിൽ സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി വേണം. സ്വകാര്യമേഖലയിൽ വൻ നികുതി വെട്ടിപ്പാണ് നടക്കുന്നുവെന്നത് അങ്ങാടിയിൽ പാട്ടാണ്. ഭരണ രംഗത്തെ അഴിമതിയും സ്വകാര്യമേഖലയിലെ അഴിമതിയും തമ്മിൽ രഹസ്യബാന്ധവമുണ്ടെന്നും കണ്ണൻ നിരീക്ഷിക്കുന്നു.

മാനവിക വികസനത്തിലെ നേട്ടങ്ങൾ കുടിയേറ്റത്തിന് ഇടയാക്കി. സംസ്ഥാനത്തിന്റെ രണ്ടാം വളർച്ച ഘട്ടത്തിൽ വിദേശ പണം വഴി കൂടുതൽ ഉയർന്നതും സ്ഥായിയായതുമായ വളർച്ച സാധ്യമാക്കി. അത് സമ്പദ്ഘടനയുടെ വളർച്ചയുടെ സ്വഭാവമായി. കൃഷിയും വ്യവസായവും താരതമ്യേന അപ്രധാന സ്ഥാനത്തായപ്പോൾ സേവനമേഖല കുതിച്ചുയർന്നു. അതിനാൽ കേരളത്തിലുണ്ടായത് വക്രിച്ച വളർച്ചയാണെന്ന് കണ്ണൻ വിലയിരുത്തുന്നു.

അത്യന്താപേക്ഷിതമായ നിക്ഷേപങ്ങൾക്ക് വേണ്ടിയാണ് കടമെടുക്കുന്നത് എന്ന് സർക്കാരുകൾ പറയും. എന്നാൽ കണക്കുകൾ കാണിക്കുന്നത് കടത്തിന്റെ മൂന്നിൽ രണ്ടുഭാഗം റവന്യൂ കമ്മിനികത്താൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. കടമെടുത്താൽ അത് തിരിച്ചടക്കേണ്ട ബാധ്യത നമുക്ക് തന്നെയാണ്. തീർച്ചയായും കടമെടുപ്പ് പലിശ ചെലവ് വർധിപ്പിക്കുകയാണ്. 1987- 88 വർഷം വരെ ആകെ വരുമാനത്തിന്റെ 10- -20 ശതമാനത്തിനിടയിൽ നിന്നിരുന്ന ബാധ്യത അതിനുശേഷം 40 ശതമാനമായി ഉയർന്നു.

ഇത് മലർപ്പൊടിക്കാരന്റെ സ്വപ്നമല്ല

കെ.പി കണ്ണൻ നമ്മെ നയിക്കുന്നത് മിത്തിന്റെ ലോകത്തിലേക്ക് അല്ല. കേരളത്തിൻറെ ധനസ്ഥിതിയുടെ യാഥാർത്ഥ്യത്തിലേക്കാണ്. ഡോ.തോമസ് ഐസക്കിനെപ്പോലെ മലർപൊടിക്കാരന്റെ സ്വപ്നങ്ങൾ അല്ല അദ്ദേഹം നമ്മോട് പങ്കുവെക്കുന്നത്. കേരളം ഗുരുതരമായ ധനപ്രതിസന്ധി നേരിടുന്നു. അത് മറികടക്കാൻ നമ്മുടെ മുന്നിൽ വഴികൾ ഉണ്ടെന്ന് കണ്ണൻ പറയുന്നു. സംസ്ഥാന സർക്കാർ വളരെ സുതാര്യമായ കാര്യക്ഷമമായ ചില നടപടികൾ സ്വീകരിച്ചാൽ കേരളം നേരിടുന്ന ധനപ്രതിസന്ധിക്ക് പരിഹാരം കാണാം. അതിന് രാഷ്ട്രീയ നേതൃത്വത്തിനും സർക്കാരിനും ഇച്ഛാശക്തി വേണം. ഇച്ഛാശക്തിയുള്ള ഭരണാധികാരികൾക്ക് മാത്രമേ പ്രതിസന്ധികളെ മറികടക്കാൻ കഴിയൂ. ഈ യാഥാർഥ്യങ്ങളെയാകെ മറച്ചു പിടിക്കുകയാണ് രാഷ്ട്രീയപാർട്ടികളും അവരോടൊപ്പുള്ള സാമ്പത്തിക വിദഗ്ധരും. ഒരുപക്ഷേ തോമസ് ഐസക്ക് മുന്നോട്ടുവച്ച കേരള വികസന സമീപനത്തെ- തുറന്ന് കാണിക്കുകയാണ് കെ.പി കണ്ണന്റെ പുസ്തകം.

കേരളത്തിന്റെ ധനപ്രതിസന്ധിയെ കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിലേക്കാണ് ഈ പുസ്തകം വഴി തുറക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ഗൗരവപൂർവം വായിക്കേണ്ട, ചർച്ച ചെയ്യേണ്ട പുസ്തകമാണിത്. വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ അറിവുകളെ പ്രയോജനപ്പെടുത്തിയ ഒരു ദേശമല്ല കേരളം. രാഷ്ട്രീയ അടിമകളായി നിൽക്കുന്ന ബുദ്ധിജീവികളെയാണ് ഇവിടുത്തെ ഭരണാധികാരികൾക്ക് ഇഷ്ടം. രാഷ്ട്രീയ നേതൃത്വങ്ങളെ ഫ്യൂഡൽ മനോഭാവം വലയം ചെയ്തിരിക്കുന്നു. രാഷ്ടീയ നേതൃത്വത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരെയാണ് ആസൂത്രണ ബോർഡിന് ആവശ്യം. അതുകൊണ്ട് ആസൂത്രണം ആകെ തകിടംമറിയുന്നു. കേരളം കടക്കെണിയിൽ അകപ്പെടുന്നു. ആസൂത്രണത്തിലെയും ഭരണനിർവഹണത്തിലെയും പരാജയമാണ് കേരളം നേരിടുന്ന പ്രതിസന്ധിക്ക് കാരണം. പൗര സമൂഹത്തിന് ഇതിലൊന്നും ഇടപെടാനോ ഭരണാധിപന്മാരെ തിരുത്തിനോ താൽപര്യമില്ല. അതിനാൽ എല്ലാ മണ്ഡലത്തിലും അഴിമതിയും വ്യാപിക്കുന്നു. അതിൻറെ നടുവിൽ നിന്ന് നാറാണത്തു ഭ്രാന്തനെ പോലെ സത്യം വിളിച്ചു പറയുകയാണ് കെ.പി കണ്ണൻ.

അദ്ദേഹത്തിൻറെ ചോദ്യങ്ങൾക്ക് രാഷ്ട്രീയ കേരളം മറുപടി പറയണം. കെ.പി കണ്ണൻ ഉന്നയിച്ച കണക്കുകളും നിഗമനങ്ങളും ശരിയല്ലെങ്കിൽ അത് വ്യക്തമാക്കണം. അദ്ദേഹം ചൂണ്ടിക്കാണിച്ച വസ്തുതകൾ അസത്യമാണെന്ന് തെളിയിക്കണം. കണ്ണൻ തുറന്നു വെക്കുന്നത് സംവാദത്തിന്റേതായ പുതുവഴിയാണ്. അതു കൊട്ടിയടക്കരുത്. അതുകൊണ്ട് മലയാളി ഈ പുസ്തകം ചർച്ച ചെയ്യണം. ഇതൊരു ഇതു വിമർശനം മാത്രമല്ല. വലതുപക്ഷവും മറുപടി പറയേണ്ട ചോദ്യങ്ങൾ ഇതിലുണ്ട്.

നികുതി പിരിച്ചെടുക്കുന്നതിനു പകരം കടമെടുത്തു വികസനം നടത്താമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ കാഴ്ചപ്പാടിന് ഈ പുസ്തകം ചേദ്യം ചെയ്യുന്നു. കടം വാങ്ങലിന്റെ സിദ്ധാന്തം മുന്നോട്ടുവെക്കുന്നത് ഡോ.തോമസ് ഐസക്കാണ്. അതിനാൽ ഈ പുസ്തകത്തിന് മറുപടി പറയേണ്ടത് കടമെടുപ്പിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികൾ ആണ്.

നികുതി പിരിക്കാത്ത കേരളം

കേന്ദ്രം ഞെരുക്കുന്നതല്ല കേരളം പിരിക്കേണ്ടത് പിരിക്കാത്തതുകൊണ്ടാണ് നമ്മുടെ ധനസ്ഥിതി മോശമാകുന്നത് എന്ന യാഥാർത്ഥ്യം തുറന്നു പറയുകയാണ് കെ.പി കണ്ണൻ. നമുക്ക് നഷ്ടമായതിനെ വീണ്ടെടുക്കേണ്ടതുണ്ട്. സമകാലീന കേരള രാഷ്ട്രീയ സന്ദർഭത്തിൽ ഈ പുസ്തകത്തിലൂടെ കെ.പി കണ്ണൻ അഴിമതിയുടെ ആഴങ്ങളിലേക്ക് നോക്കുന്നുണ്ട്. ഉന്നം തെറ്റാത്ത ചോദ്യങ്ങളുടെ അമ്പയ്ത്തിൽ കണ്ണനൊരു അത്ഭുതമാണ്. അദ്ദേഹത്തിലെ എഴുത്തിലെ കണക്കുകൾക്ക് അമ്പിന്റെ മൂർച്ചയുണ്ട്. ചോദ്യങ്ങൾ അധികാര കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നു. കെ.പി കണ്ണൻ ഉയർത്തുന്ന ചോദ്യങ്ങളെ നേരിടാനോ അതിനെ നിർവീര്യമാക്കാനോ എതു രാഷ്ട്രീയ നേതാവിനാണ് കഴിയുക. പുതിയ ചരിത്ര സന്ദർഭത്തിൽ അധികാരവും അഴിമതിയും തമ്മിലുള്ള രഹസ്യ ബാന്ധവം തുറന്നു കാട്ടുകയാണ് ഈ പുസ്തകം. കണക്കുകളെല്ലാം കൂട്ടി കഴിഞ്ഞപ്പോൾ ബുദ്ധഭിക്ഷുവിനെ പോലെയാണ് കെ.പി കണ്ണൻ ഇത്രയും സത്യം കേരളത്തോട് പറഞ്ഞത്. ജനങ്ങൾ ഈ പുസ്കം ചർച്ച ചെയ്താൽ അധികാര കേന്ദ്രങ്ങളെ നടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.

കേരളത്തിന്റെ ധനകാര്യത്തിൽ ആഴത്തിൽ അറിവുള്ള ഡോ. കെ.പി കണ്ണൻ നമ്മുടെ ആസൂത്രണ ബോർഡിൽ അംഗമായിട്ടില്ല. ഇരുമുന്നണികളും അദ്ദേഹത്തെ ഇതുവരെ പരിഗണിച്ചിട്ടില്ല. കേരള കോൺഗ്രസുകാരെയും കോൺഗ്രസുകാരെയും ഇടതുപക്ഷം പരിഗണിച്ചപ്പോഴും ഡോ. കെ.പി കണ്ണൻ അരങ്ങിലെ കളത്തിന് പുറത്താണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ കണ്ണനെ പോലെയുള്ള ഒരാളിന്റെ അറിവ് പ്രയോജനപ്പെടുത്താൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് വിവിധ മേഖലളിലെ വിദഗ്ധരെ അറിയാം. അതിനാൽ അവരുടെ ആസൂത്രണം നമ്മുടേതിൽനിന്ന് വ്യത്യസ്തമാണ്. ഇവിടെയാകട്ടെ രാഷ്ട്രീയ നേതാക്കളെ കാണുമ്പോൾ നട്ടെല്ല് വളയുന്ന ബുദ്ധിജീവികളെയാണ് പരിഗണിക്കുന്നത്. കെ.പി കണ്ണൻ മാത്രമല്ല ഡോ.കെ.കെ ജോർജും ഡോ. കെ കുഞ്ഞാമനും ഒക്കെ മുന്നണികൾക്ക് വേണ്ടാത്ത സാമ്പത്തിക വിദഗ്ധരായിരുന്നു. ഇടതുപക്ഷത്തിനോ ഡോ.ടി.എം തോമസ് ഐസക്കിനോ മെരുക്കിയെടുക്കാനാവാത്തൊരാളുടെ സ്വതന്ത്രമായ അന്വേഷണമാണ് ഈ പുസ്തകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.P Kannankerala eoconomy
News Summary - Kerala surrendered to Pankupat culture without collecting taxes
Next Story