Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിസ്സഹായ മനുഷ്യർ...

നിസ്സഹായ മനുഷ്യർ വാര്‍ത്തകളിലേക്ക് കയറിവരുന്ന വഴികൾ...

text_fields
bookmark_border
നിസ്സഹായ മനുഷ്യർ വാര്‍ത്തകളിലേക്ക് കയറിവരുന്ന വഴികൾ...
cancel

ഉന്നത വിജയം നേടിയപ്പോഴും ത​​​​െൻറ സങ്കട ജീവിതം ലോകത്തെ അറിയിച്ചു എന്ന കാരണത്താൽ ഒരു പെൺകുട്ടി അവസാന കുറിപ്പും എഴുതിവെച്ച്​ ആത്​മഹത്യ ചെയ്​തത്​ അടുത്തിടെയാണ്​.. ചെറ്റക്കുടിലിൽ വിജയത്തിളക്കമെത്തിച്ച ആ പെൺകുട്ടിയുടെ വാർത്ത നൽകിയ മാധ്യമ പ്രവർത്തകർ സോഷ്യൽ മീഡിയിൽ അടക്കം നിർദയം വേട്ടയാടപ്പെടുകയായിരുന്നു..

അതിനൊരു മറുവശവുമുണ്ടായിരുന്നു... ദുരിത ജീവിതത്തി​​​​െൻറ കരിനിഴൽ എങ്ങനെയെങ്കിലുമൊന്ന്​ വാർത്തയായെങ്കിൽ എന്നാഗ്രഹിക്കുന്ന നൂറുകണക്കിന്​ ആളുകൾ... ആ വാർത്തകൾ ലോകത്തെ അറിയിച്ച ബൈലൈനില്ലാത്ത പത്രപ്രവർത്തകർ... ഹൃദയം തുറന്ന്​ ലോകം ചുരന്ന സഹായത്തി​​​​െൻറ പ്രവാഹങ്ങൾ... നിസ്സഹായരായ ആ മനുഷ്യർ വാർത്തകളിലേക്ക്​ കയറിവരുന്ന വഴികളെക്കുറിച്ച്​ മാധ്യമ പ്രവർത്തകനായ എം. അബ്​ദുൽ റഷീദ്​ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്​. 

നിസ്സഹായ മനുഷ്യർ വാര്‍ത്തകളിലേക്ക് കയറിവരുന്ന വഴികൾ..

ജപ്തി നടപ്പാക്കാനായി കാഞ്ഞിരപ്പള്ളിയിലെ ആ വീട്ടിലെത്തിയ പൊലീസ് സംഘം ഞെട്ടി! പൊട്ടിപ്പൊളിഞ്ഞ വീടിനുള്ളില്‍ രോഗിയായ ഒരമ്മയും അവരുടെ മകളും മാത്രം. ഉദ്യോഗസ്ഥര്‍ ജപ്തി നടത്താതെ മടങ്ങി ആ ദയനീയാവസ്ഥ കോടതിയെ അറിയിച്ചു. പക്ഷേ, ‘ജപ്തി നടപ്പാക്കിയേ തീരൂ’വെന്ന് കോടതി ആവര്‍ത്തിച്ചു. അതോടെ പൊലീസും ഉദ്യോഗസ്ഥരും വീണ്ടുമെത്തി ആ വീട്ടമ്മയേയും മകളേയും പടിയിറക്കി വീട് സീല്‍ചെയ്തു. ആ പെണ്‍കുട്ടിയുടെ പാഠപുസ്തകങ്ങള്‍പോലും ജപ്തിയിലായി.

നീതിയും മനുഷ്യത്വവുമെല്ലാം പാഴ്‍‍വാക്കായ ആ സംഭവത്തില്‍ എന്തെങ്കിലും ചെയ്യാനാവുന്നത് മാധ്യമങ്ങള്‍ക്കു മാത്രമായിരുന്നു. പിറ്റേന്ന് പത്രങ്ങള്‍ ആ സങ്കടജീവിതങ്ങളെ വായനക്കാര്‍ക്കു മുന്നിലെത്തിച്ചു. അതിന് അതിവേഗം ഫലമുണ്ടായി.

ഇന്നിപ്പോള്‍ കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറമ്പില്‍ വീട്ടില്‍ ബബിതയും മകള്‍ സൈബയും സന്തോഷത്തിലാണ്. പത്രവാര്‍ത്തകണ്ട് നടന്‍ ഫഹദ്ഫാസില്‍ സൈബയുടെ വിദ്യാഭ്യാസച്ചിലവുകള്‍ ഏറ്റെടുത്തു. ‘ടേക്ക് ഒാഫ്’ സിനിമയുടെ പ്രവര്‍ത്തകര്‍ അഞ്ചുലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രി, ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം അനുവദിച്ചു. എന്തിനധികം, ജപ്തി നടപ്പാക്കിയ പൊലീസുകാര്‍പോലും ബബിതയ്ക്കും സൈബയ്ക്കും സഹായത്തുക എത്തിച്ചു.

ആരായിരുന്നു സൈബയുടെ ആ ദുരിതം എല്ലാ പത്രമോഫിസിലേക്കും വിളിച്ചുപറഞ്ഞ ആ പ്രാദേശിക ചാനൽ കാമറാമാന്‍? വായിക്കുന്നവന്‍റെ ഉള്ളുലയ്ക്കുന്ന ആ സങ്കടകഥ എഴുതിയ ലേഖകന്‍ ആരായിരുന്നു? അനങ്ങാനാവാതെ കിടക്കുന്ന വീട്ടമ്മയെ പൊലീസ് ചുമന്ന് വീടിനുപുറത്തിറക്കുന്ന ആ ഞെട്ടിക്കുന്ന ഫോട്ടോ എടുത്തത് ഏതു ഫോട്ടോഗ്രാഫറായിരുന്നു? രാഷ്ട്രീയ കോലാഹല വാര്‍ത്തകളൊക്കെ മാറ്റിവച്ച് ഒന്നാം പേജില്‍ത്തന്നെ ആ വാർത്ത വിന്യസിച്ച ഡസ്ക് എഡിറ്റര്‍ ആരായിരുന്നു?

ഇല്ല! അവരെ ആരേയും നാം ഒാര്‍ക്കുന്നതേയില്ല. ആ വാര്‍ത്തകൊണ്ട് അവര്‍ക്കാര്‍ക്കും വ്യക്തിപരമായ നേട്ടമൊന്നും ഉണ്ടായിട്ടില്ല. ആ വാര്‍ത്ത അന്നേ ദിവസം തേടിപ്പിടിച്ച് കൊടുത്തിരുന്നില്ലെങ്കിലും അവരുടെ ജോലിയ്ക്ക് കുഴപ്പമൊന്നും ഉണ്ടാകുമായിരുന്നില്ല. പക്ഷേ, ഒന്നുണ്ട്. സൈബയെന്ന പാവം പെണ്‍കുട്ടിയും അവളുടെ ഉമ്മയും ഇന്ന് ചിരിക്കുന്നത് ആ വാർത്ത കാരണമാണ്. അവരുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും നിറങ്ങള്‍ കിട്ടിയിരിക്കുന്നു. ഒരുവേള ആ വാര്‍ത്തയെഴുതിയ മാധ്യമപ്രവർത്തകരെ അവര്‍പോലും ഇനിയും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല!

ഇതൊരു അമ്മയുടെയും മകളുടെയും മാത്രം കഥയല്ല. ‘സെന്‍സേഷണലിസത്തിനായി പാഞ്ഞുനടക്കുന്ന രക്തദാഹികള്‍’ എന്നൊക്കെ നമ്മള്‍ വിളിക്കുന്ന പാവം മാധ്യമപ്രവര്‍ത്തകര്‍ ഒാരോ ദിവസവും എത്രയോ നിസ്സഹായ മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചുവിളിക്കുന്നു എന്നതിന്റെ ഒരുദാഹരണം മാത്രം.

ഡസ്‌കിൽ ഓരോ സബ്എഡിറ്ററേയും കാത്ത് എല്ലാ രാത്രികളിലുമുണ്ടാകും, കമ്പ്യൂട്ടറിലെ വാർത്താ‍ഫോള്‍ഡറില്‍ ഒരു സഹായാഭ്യര്‍ഥന വാര്‍ത്തയെങ്കിലും. ആ ന്യൂസ് ഫയലിന് ചുവട്ടിൽ, അതയച്ച പ്രാദേശികലേഖകന്‍റെ ഒരു അഭ്യർത്ഥനക്കുറിപ്പും പലപ്പോഴും ഉണ്ടാവും: ‘’ഇത് ഇന്നുതന്നെ കൊടുക്കണേ... സാധുകുടുംബമാണ്…’’ പേജില്‍വച്ച മറ്റു വാര്‍ത്തകള്‍ വീണ്ടും വെട്ടിയൊതുക്കി ഒരുതുണ്ട് സ്ഥലമുണ്ടാക്കി ആ സങ്കടവാര്‍ത്തയ്ക്കുകൂടി ഇടം കണ്ടെത്തും, മനുഷ്യത്വമുള്ള ഏതൊരു പേജ് എഡിറ്ററും. കാരണം ആ ഒരു തുണ്ടു വാർത്തയിലൊരു ജീവിതം രക്ഷ കാത്തുകിടപ്പുണ്ടെന്ന ബോധം അവന്റെയുള്ളിൽ ആ പാതിരനേരത്തും ഉണർന്നിരിക്കും.

ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഒരു പാവം കുടുംബത്തിനു വേണ്ടി, അല്ലെങ്കില്‍ തെരുവുവിളക്കിനു ചുവട്ടിലിരുന്നു പഠിച്ചു ജയിച്ച ഒരു കുട്ടിക്കുവേണ്ടി, ഏതോ ആശുപത്രിമുറിയില്‍ മാറാരോഗം ബാധിച്ച് മരുന്നു വാങ്ങാന്‍ പണമില്ലാതെ കിടക്കുന്ന ഒരാള്‍ക്കുവേണ്ടി ഓരോ റിപ്പോർട്ടറും സബ്എഡിറ്ററും ഓരോ ദിവസവും അൽപനേരം നീക്കിവെയ്ക്കുന്നു. അതവരുടെ ജോലിയാണെങ്കിൽക്കൂടി.

മനുഷ്യസങ്കടങ്ങളുടെ ഒടുങ്ങാത്ത ഈ ‘ലേ ഔട്ട് ' എവിടെയും മാധ്യമപ്രവർത്തകനെ പിന്തുടരുന്നു. മലയാളപത്രങ്ങളുടെ ഗൾഫ്എഡിഷനുകൾ നിങ്ങൾ വായിച്ചിട്ടുണ്ടോ? എന്നുമുണ്ടാകും സങ്കടകഥകൾ. വർഷങ്ങളായി നാട്ടിൽ പോകാനാവാത്ത ഒരാൾ, തൊഴിലുടമയുടെ പീഡനം കാരണം ഓടിരക്ഷപ്പെട്ട ഒരുവൾ…
ആ പത്രവാർത്തകളുടെ മാത്രം തണലിൽ എത്രയെത്ര പ്രവാസികൾ രക്ഷപ്പെട്ടു ജന്മനാട്ടിൽ എത്തിയിരിക്കുന്നു! അന്യനാട്ടിലെ ആശുപത്രിമോർച്ചറിയിൽ മാസങ്ങളായി ഉറ്റവരെ കാത്തുകിടന്ന എത്രയോ ശരീരങ്ങൾക്കു ആ വാർത്തകൾ കാരണം ഉറ്റവരുടെ അന്ത്യചുംബനം ലഭിച്ചിരിക്കുന്നു.

പത്രങ്ങൾ സങ്കടവാര്‍ത്തകളെ തേടിപ്പോവുകയല്ല. ഒാരോ ബ്യൂറോയിലേക്കും ദിവസവും ഈ വാര്‍ത്തകള്‍ പടികയറി വരികയാണ്, “ നോക്കൂ, ഞങ്ങളുടെ ഈ ദുരിതജീവിതം ലോകത്തോടു പറയാമോ?” എന്നു നിശബ്ദമായി ചോദിച്ചുകൊണ്ട്. പലപ്പോഴും ഡോക്ടര്‍മാരാവും രോഗികളുടെ കഥയുമായി വിളിക്കുക. “നിങ്ങൾ വേഗം ഒരു വാർത്ത കൊടുത്തു ഫണ്ട് സംഘടിപ്പിച്ചില്ലെങ്കിൽ ആ കുഞ്ഞ്…അതിന്റെ ഹൃദയവാൽവ്...” വീട്ടിലൊരു മകനോ മകളോ ഉള്ള ഏതു ലേഖകനും ആ നിമിഷം പേനയെടുക്കും…

സഹായവാര്‍ത്ത ലേഖകന് ഇരട്ടിപ്പണിയാണ്. വാര്‍ത്തയുടെ സത്യം അന്വേഷിച്ച് ഉറപ്പാക്കണം, സഹായം കിട്ടേണ്ട ആളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും മറ്റും തെറ്റാതെ ഉള്‍പ്പെടുത്തണം. ഇങ്ങനെയെല്ലാം വാര്‍ത്ത തയാറാക്കി ഡെസ്കിലേക്ക് അയച്ചാലും മറ്റു വാര്‍ത്തകളുടെ തിരക്കില്‍ അതവിടെ പലപ്പോഴും നീട്ടിവയ്ക്കപ്പെടും. വാര്‍ത്ത എത്തിച്ച പ്രാദേശിക ലേഖകനോ സഹായസമിതിയോ ഇതിനിടെ പലതവണ വിളിക്കും. “ ആ വാര്‍ത്തയൊന്നു വേഗം കൊടുക്കണേ, പാവം കുടുംബമാണ്…” ഡസ്‌കിൽ സമ്മർദം ചെലുത്തി വാർത്ത പ്രസിദ്ധീകരിപ്പിക്കുകയെന്ന ഉത്തരവാദിത്തംവരെ നീളും പലപ്പോഴും ലേഖകന്റെ ജോലി.

ചില ദിവസങ്ങളില്‍ ഡസ്കില്‍നിന്ന് ബ്യൂറോയിലേക്ക് കർശന നിർദേശമെത്തും–“അത്യാവശ്യ വാര്‍ത്തകള്‍ മതി. സ്പേസ് കുറവാണ്..” എന്നിട്ടും ആ അവശ്യവാര്‍ത്തകളുടെ കൂട്ടത്തിലൊരു ജീവിതദുരന്തവാര്‍ത്തയും തിരുകിവച്ചയക്കും പല ബ്യൂറോകളും. കാരണം, ആ വാര്‍ത്ത നീട്ടിവച്ചാല്‍ ഒരുപക്ഷേ, സഹായം കാത്തുകിടക്കുന്ന ആ രോഗി…

വാര്‍ത്തയില്‍ സഹായം എത്തിക്കാനുള്ള അക്കൌണ്ട്നമ്പര്‍ ഉണ്ടെങ്കിലും ചിലര്‍ പിറ്റേന്ന് പണവുമായി എത്തുക പത്രമോഫിസിലേക്ക് ആയിരിക്കും. അപൂര്‍വമായ ജനിതകരോഗം ബാധിച്ച ഒരു പെണ്‍കുട്ടിയുടെ വാര്‍ത്ത ഒരിക്കല്‍ ‘മാധ്യമ’ത്തിന്‍റെ മലപ്പുറം ലോക്കല്‍പേജില്‍ വന്നു. പിറ്റേന്ന് ഒാഫിസില്‍ പത്രം വായിച്ചിരുന്ന എന്‍റെ മുന്നിലേക്ക് ഒരാള്‍ കയറിവന്നു. പത്രം നിവര്‍ത്തിക്കാണിച്ച് വാര്‍ത്തയിലേക്ക് ചൂണ്ടി അയാള്‍ ആജ്ഞാശക്തിയോടെ പറഞ്ഞു– “ദാ, ഈ കവര്‍ ഈ കുട്ടിക്ക് എത്തിക്കണം…” പിന്നെ പേരുപോലും പറയാതെ ഇറങ്ങിപ്പോയി. അയാള്‍ വച്ചിട്ടുപോയ കവറില്‍ ഇരുപത്തിയയ്യായിരം രൂപയുണ്ടായിരുന്നു. ‘പേരെഴുതാൻ പോലും താല്പര്യമില്ലാത്ത ആ നന്മ’ അന്നുതന്നെ ആ കുടുംബത്തിലെത്തി. ഒാരോ പത്രലേഖകന്‍റയും ജീവിതത്തില്‍ ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ.

വൃക്കരോഗിയായ ഗായകന്റെ വാർത്തയിലൂടെ അയാൾക്ക് ആറു ലക്ഷം രൂപ സമാഹരിച്ചു കൊടുത്തിട്ടു ഓപ്പറേഷൻ ദിവസം ആശുപത്രിയിൽ പോയി കൂട്ടിരുന്ന കെ.പി. റഷീദിനെ ഓർമവരുന്നു. വയനാട്ടിലെ കാട്ടിൽ ഒറ്റയ്ക്കൊരു ഏറുമാടത്തിൽ കഴിഞ്ഞ ഒരു പാവം സ്ത്രീക്ക് ഒത്തിരി സഹായം കിട്ടാൻ കാരണമായ അജീബ് കോമാച്ചിയുടെ ഫോട്ടോ ഓർമവരുന്നു. അത് പേജാക്കിയ സാമിർ സലാമിനെ ഓർമവരുന്നു. ഇപ്പോഴും ഒന്നിനും വേണ്ടിയല്ലാതെ ഇതൊക്കെ ചെയ്തുകൊണ്ടേയിരിക്കുന്ന നൂറു നൂറു പത്രപ്രവർത്തക സുഹൃത്തുക്കളെ ഓർമവരുന്നു. സ്വന്തം ആവശ്യംപോലെ, സഹായാഭ്യർത്ഥന വാർത്തകൾ തേടിപ്പിടിച്ചു എഴുതി അയക്കുന്ന പ്രാദേശിക ലേഖകരെ ഓർമവരുന്നു. വാർത്തയിലൂടെ രക്ഷപ്പെട്ട ശേഷം നന്ദി പറയാൻ പത്രമോഫീസുകളിലേക്ക് കയറിവന്ന എത്രയോ മനുഷ്യരുടെ വിഷാദപുഞ്ചിരി ഓർമവരുന്നു..!

സത്യത്തില്‍, നിസ്സഹായരുടെയും ദരിദ്രരുടെയും ഈ വാര്‍ത്തകളില്‍ ഒരു സെന്‍സേഷണലിസവുമില്ല. മനുഷ്യന്‍റെ പട്ടിണിയില്‍, നിസഹായതയില്‍ വായനയെ ത്രസിപ്പിക്കുന്ന ഒന്നും ഇല്ലേയില്ല. ആളുകൾ വായിക്കുന്ന വാർത്തകളുടെ കണക്കെടുത്താൽ ഒരുപക്ഷെ, ഏറ്റവും പിന്നിലാവാം ഈ സങ്കടകഥകൾ. എങ്കിലും, പത്രത്താളില്‍ വരുന്ന ഒാരോ ദുരിതജീവിത റിപ്പോർട്ടിനും ഇന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഏതൊക്കെയോ കോണുകളില്‍നിന്ന് സഹായങ്ങള്‍ ഒഴുകിയെത്തുന്നു, വേനലിലും വറ്റാത്ത ചില ഉറവകൾപോലെ...

പത്രങ്ങളിൽനിന്നും ദൃശ്യമാധ്യമത്തിന്റെ വലിയ സാധ്യതകളിലേക്ക് മനുഷ്യന്‍റെ വ്യഥകളുടെ കഥകള്‍ എത്തിച്ചത് ടി.എന്‍.ജി ആണ്, ‘കണ്ണാടി’യിലൂടെ. എത്രയെത്ര മനുഷ്യരുടെ കണ്ണീര്‍ ‘കണ്ണാടി’കൊണ്ട് ആ വലിയ മനുഷ്യൻ ഒപ്പിയെടുത്തു. പക്ഷേ, ‘കണ്ണാടി’ക്ക് ആ രൂപത്തിൽ ദൃശ്യമാധ്യമങ്ങളില്‍ തുടര്‍ച്ചയുണ്ടായില്ല. എങ്കിലും ചാനൽ വാർത്തകളിൽ ഇപ്പോഴും വരുന്നുണ്ട്, കരുണതേടുന്ന ജീവിതങ്ങളുടെ കണ്ണീർനനവുള്ള കാഴ്ചകൾ.

കാര്യമറിയാത്ത ആരൊക്കെയോ നടത്തുന്ന എല്ലാ വിമർശനങ്ങൾക്കിടയിലും പത്രങ്ങളും ചാനലുകളും ഈ വാർത്താശീലം തുടരട്ടെ! കാരണം, ആ പെട്ടിക്കോളം സങ്കടവാര്‍ത്തകള്‍ക്ക്, 30 സെക്കന്റ് ബൈറ്റുകൾക്ക് ഇനിയുമിനിയും ഒത്തിരി മനുഷ്യരുടെ മുഖത്ത് ചിരി വിരിയിക്കാന്‍ ശേഷിയുണ്ട്. ഓരോ ദുരിതജീവിത വാര്‍ത്തയെഴുതുമ്പോഴും അറിഞ്ഞോ അറിയാതെയോ, മാധ്യമപ്രവർത്തകന്‍ സമൂഹത്തോട് പറയുന്നത് ഇതാണ്: ‘നോക്കൂ, ജീവിതംകൊണ്ട് മുറിവേറ്റ് ഇങ്ങനെയൊരാള്‍ ഇവിടെ നമുക്കിടയിൽ നിൽക്കുന്നു. ഇയാളെ നമുക്കൊന്നു സഹായിക്കണ്ടേ?’

ആ ചോദ്യത്തെ നിങ്ങള്‍ക്ക് വേണമെങ്കില്‍ സെന്‍സേഷണലിസമെന്നു വിളിക്കാം. പക്ഷേ, അത് മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ച് മറച്ചുവയ്ക്കാന്‍ പാടില്ലാത്ത സത്യമാണ്. കാരണം, ദാരിദ്ര്യം അതനുഭവിക്കുന്നവന്‍റെ പാപമല്ല. ചുറ്റുമുള്ള സമൂഹത്തിന്‍റെ പാപമാണ്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media persons
News Summary - help of media persons
Next Story