Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭവാനിപ്പുഴയുടെ തീരത്തെ...

ഭവാനിപ്പുഴയുടെ തീരത്തെ നിശ്ശബ്ദ വിപ്ലവം

text_fields
bookmark_border
അട്ടപ്പാടി കോഓപറേറ്റിവ് ഫാമിങ് സൊസൈറ്റി
cancel
camera_alt

അട്ടപ്പാടി കോഓപറേറ്റിവ് ഫാമിങ് സൊസൈറ്റിയിലെ കാഴ്ച

അട്ടപ്പാടിയിലെ ഭൂരഹിതരായ കുടുംബങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് തുടങ്ങിയ അട്ടപ്പാടി കോ​ഓപറേറ്റിവ്​ ഫാമിങ്​ സൊസൈറ്റി കൂടുതൽ ഉയരങ്ങൾ താണ്ടുകയാണ്. വിലമതിക്കാനാവാത്ത ജൈവ സമ്പത്തിന്റെ സംരക്ഷണവു​ം ഒരു സംസ്കാരത്തിന്റെ കാവലുമായി ഈ കൂട്ടായ്മ അതിന്റെ യാത്ര തുടരുന്നു...

പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ ഭൂരഹിതരായ പട്ടികവർഗ കുടുംബങ്ങളെ നവീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് അട്ടപ്പാടി കോഓപറേറ്റിവ് ഫാമിങ് സൊസൈറ്റി (എ.സി.എഫ്.എസ്) രൂപംകൊള്ളുന്നത്. 1975ൽ രൂപവത്കരിച്ച ഈ ഫാമിങ് സൊസൈറ്റി ഇന്ന് വൈവിധ്യത്തി​ന്റെ പാതയിൽ അതിവേഗം മുന്നേറുകയാണ്​.


അതീവ പരിസ്​ഥിതിലോല മേഖലയായ അട്ടപ്പാടിയുടെ പ്രകൃതിസുന്ദരമായ താഴ്​വരയിൽ സമാനതകളില്ലാത്ത വികസനങ്ങൾക്ക് വഴിയൊരുക്കുകയാണ് ഈ കൂട്ടായ്മ ഇന്ന്. പ്രവർത്തനം തുടങ്ങിയിട്ട് അരനൂറ്റാണ്ട്​ അടുക്കുമ്പോൾ ഇക്കാലമത്രയും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഇവിടെയുള്ളവർ.

ഭവാനിപ്പുഴയുടെ തീരത്ത്

ഭവാനിപ്പുഴയുടെ തീരത്തെ 2700 ഏക്കറിലാണ് സൊസൈറ്റി അവരുടെ സ്വപ്നങ്ങ​െളറിഞ്ഞത്. ഇവരുടെ പ്രവർത്തനങ്ങൾ എന്തെന്ന് പുറംലോകം അധികം അറിഞ്ഞില്ലെങ്കിലും ഈ സംഘം അക്ഷരാർഥത്തിൽ ഒരു നിശ്ശബ്ദ വിപ്ലവത്തിനുതന്നെയാണ് തിരികൊളുത്തിയത്.

1975 മാർച്ച്​ 24ന് രജിസ്റ്റർ ചെയ്​ത സൊസൈറ്റിക്ക്​ അനുവദിച്ച 1093 ഹെക്​ടർ ഭൂമി സുഗമമായ പ്രവർത്തനത്തിനായി ചിണ്ടക്കി, കരുവാര, പോത്തുപാടി- കുറുക്കൻകുണ്ട്​, വരടിമല എന്നിങ്ങനെ നാലു ഫാമുകളായി വേർതിരിച്ചു. ഈ നാലു ഫാമുകളിലായാണ് സൊസൈറ്റി അവരുടെ പ്രവർത്തനം വ്യാപിപ്പിച്ചത്.

കാർഷിക വികസന പ്രവർത്തനങ്ങളും പരിസ്​ഥിതി സംരക്ഷണവും ആദിവാസി വിഭാഗങ്ങളിൽപെടുന്നവർക്ക്​ തൊഴിൽ സുരക്ഷയും പിന്നാക്കാവസ്​ഥയിലുള്ള കുട്ടികൾക്ക്​ വിദ്യാഭ്യാസവും ഉറപ്പുവരുത്താൻ എ.സി.എഫ്​.എസിന്​ കഴിഞ്ഞുവെന്നത് അവരുടെ പ്രവർത്തന വിജയത്തിന് അടിവരയിടുന്നു.

തീർത്തും ജൈവസൗഹൃദ രീതിയിൽ കൃഷി​​ചെയ്​ത്​ ഉൽപാദിപ്പിക്കുന്ന അന്താരാഷ്​ട്ര നിലവാരവും ഉയർന്ന ഗുണമേന്മയുമുള്ള സുഗന്ധ വ്യഞ്ജനങ്ങളും മറ്റ്​ കാർഷിക ഉൽപന്നങ്ങളുമാണ്​ വ്യത്യസ്​തമായ ​പ്രവർത്തന ശൈലി പിൻപറ്റുന്ന ഈ വേറിട്ട സഹകരണ പ്രസ്​ഥാനത്തി​ന്റെ മുഖമു​ദ്ര.


പാരിസ്​ഥിതിക സന്തുലനാവസ്​ഥ നിലനിർത്താൻ ഒരിക്കലും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന ജൈവ കൃഷിരീതികളാണ്​ ഈ സംഘം അവലംബിക്കുന്നത്​. റോബസ്​റ്റ, അറബിക കാപ്പികൾക്ക്​ പുറമെ കുരുമുളക്​, ഏലം, ഗ്രാമ്പൂ, ജാതി, അടക്ക, തെങ്ങ്​, വാഴ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയാണ്​ ഫാമിലെ പ്രധാന കാർഷിക വിളകൾ.

ദേശീയ അംഗീകാരം നേടിയ ‘റോബസ്റ്റ നാച്ചുറൽ’

അട്ടപ്പാടി കോഓപറേറ്റിവ്​ ഫാമിങ് സൊസൈറ്റി ഉൽപാദിപ്പിക്കുന്ന കാപ്പിക്ക്​ ദേശീയ അംഗീകാരം ലഭിച്ചത് ഈയിടെയാണ്​. 2023 സെപ്​റ്റംബർ അവസാനവാരം ​ബംഗളൂരുവിൽ ചേർന്ന ലോക കോഫി കോൺഫറൻസിലാണ്​ ‘റോബസ്റ്റ നാച്ചുറൽ’ എന്ന അട്ടപ്പാടിയിലെ കാപ്പി ഗുണമേന്മയിൽ മികച്ച അഞ്ചിനങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത്. ആറു കാറ്റഗറികളിലായി പരിശോധനക്കെത്തിയ 1776 സാമ്പിളുകളിൽനിന്നാണ് അട്ടപ്പാടിയുടെ സ്വന്തം കാപ്പി ഈ അംഗീകാരം നേടിയത്.

ലോകത്തിലെ മികച്ച കാപ്പിയിനമെന്ന ഖ്യാതിയുള്ള ആന്ധ്രപ്രദേശിലെ ‘അറക്കുവാലി’ കാപ്പിയോട്​ കിടപിടിക്കും വിധം കേരളത്തി​​ന്റെ പശ്ചിമഘട്ടത്തിലെ അട്ടപ്പാടിയിൽനിന്നുള്ള കാപ്പിയിനവും സ്​ഥാനം പിടിച്ചുവെന്നത്​ മറ്റൊരു ചരിത്ര നേട്ടംതന്നെയായി. പ്രധാന കാർഷിക വിളയായ കാപ്പിക്ക്​ ‘അട്ടപ്പാടി കാപ്പി’ എന്ന പേരിൽ ഭൗമസൂചിക പദവി (Geographical indication) നേടിയെടുക്കാനുള്ള ശ്രമത്തിലാണ്​ അട്ടപ്പാടി സൊസൈറ്റി ഇപ്പോൾ.

ഭൗമസൂചിക പദവിയുള്ള ജൈവ ഉൽപന്നങ്ങൾക്ക്​ അന്താരാഷ്​ട്ര വിപണിയിൽ മികച്ച സ്​ഥാനം നേടാനാവും. കൂടാതെ, ഓർഗാനിക് അട്ടപ്പാടി എന്ന പേരിൽ സുഗന്ധവിളകളുടെയും വനവിഭവങ്ങ​ളുടെയും മറ്റ്​ ആദിവാസി കാർഷിക ഉൽപന്നങ്ങളുടെയും ബ്രാൻഡ്​ വാല്യൂ വളർത്തിയെടുക്കാനും സംഘം ലക്ഷ്യം വെക്കുന്നു. സൊസൈറ്റിയുടെ ഉൽപന്നങ്ങൾക്ക്​ മികച്ച ഗുണനിലവാരത്തിനുള്ള ഐ.എസ്​.ഒ ​സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്​.

ഉൽപാദന വർധനക്കു​ വേണ്ടിയുള്ള ശ്രമങ്ങൾ വിജയത്തിലെത്തിയാൽ കൂട്ടായ്മക്ക് ഇനിയും അത്ഭുതങ്ങൾ കാഴ്​ചവെക്കാനാകുമെന്ന്​ എ.സി.എഫ്​.എസ്​ സെക്രട്ടറിയും പട്ടിക വർഗ വികസന വകുപ്പിലെ അസിസ്​റ്റന്റ്​ ഡയറക്ടറുമായ ആർ. രാജേഷ്​കുമാർ പറയുന്നു.


ഉൽപാദന വർധനക്കായി 1.25 ലക്ഷം റോബസ്റ്റ കാപ്പിച്ചെടികളും കാൽലക്ഷം കമുകിൻ തൈകളും ഒരു ലക്ഷം കുരുമുളക്​ വള്ളികളും നട്ടുതുടങ്ങി.​ ഇതിനകം 30,000 ഏല​​െത്തെകൾ നട്ടു. ഇതിന്​ പട്ടിക വർഗ വികസന വകുപ്പിന്​ പുറമെ സ്‌പൈസസ് ബോർഡ്​, കോഫി ബോർഡ്​, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സ്‌പൈസസ് റിസർച് ആൻഡ് മാർക്കറ്റിങ്, കൃഷി വകുപ്പ്, കാർഷിക സർവകലാശാല എന്നിവയുടെയും പിന്തുണയുണ്ട്​. 2030ൽ 300 ടൺ കാപ്പിക്കുരുവും 15 ടൺ ഏലക്കയുമാണ് ഇവർ ഉൽപാദിപ്പിക്കാനൊരുങ്ങുന്നത്.

ഇവർ നയിക്കുന്നു

എ.സി.എഫ്.എസിനെ നയിക്കുന്നത് പാലക്കാട്​ ജില്ല കലക്​ടർ പ്രസിഡന്റും ഒറ്റപ്പാലം സബ്​കലക്ടർ മാനേജിങ്​ ഡയറക്ടറുമായ ഭരണസമിതിയാണ്. ഇവരെക്കൂടാതെ നാല് ഫാമുകളെ പ്രതിനിധാനം ചെയ്യുന്ന ജില്ലാതല ഓഫിസർമാരും തിരഞ്ഞെടുക്കപ്പെട്ട നാല് എസ്.ടി അംഗങ്ങളും (അനൗദ്യോഗികം) അടങ്ങുന്ന ഒരു ഡയറക്ടർ ബോർഡിലാണ് സൊസൈറ്റിയുടെ മാനേജ്‌മെന്റ് നിക്ഷിപ്തമായിരിക്കുന്നത്. സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത 816 അംഗങ്ങളുണ്ട്. അവരെല്ലാം പട്ടികവർഗ സമുദായത്തിൽപെട്ടവരാണ്.

പരമ്പരാഗത ജൈവ കാർഷിക പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കുന്നതോടൊപ്പം കേരളത്തിലെ പട്ടികവർഗ സമൂഹത്തി​ന്റെ യഥാർഥ കേന്ദ്രമായ അട്ടപ്പാടിയിൽ നിലവിലുള്ള ഗോത്രവർഗ പരമ്പരാഗത സംസ്‌കാരത്തെ പരിരക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യവും സൊസൈറ്റി നിർവഹിക്കുന്നുണ്ട്​. ഗോത്രവർഗത്തി​ന്റെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനും ജൈവകൃഷിയിലൂടെ സുഗന്ധവ്യഞ്ജനങ്ങളുടെ സ്വാഭാവിക ഉൽപാദനം ഉയർത്തുന്നതിനുമാണ്​ സൊസൈറ്റി നിലകൊള്ളുന്നത്​.

ഭൗമസൂചിക പദവി നേടി ആലപ്പി ഗ്രീൻ കാർഡമം

ഭൗമസൂചിക പദവി നേടിയ ആലപ്പി ഗ്രീൻ കാർഡമം എന്ന മുന്തിയയിനം ഏലക്ക, ‘മലബാർ പെപ്പർ’ കുരുമുളക്​ എന്നിവയുടെ ഒതന്റിക്​ വിഭാഗംകൂടിയാണ് അട്ടപ്പാടി സൊസൈറ്റി. സംഘം ഉൽപാദിപ്പിച്ച്​ വിപണനം ചെയ്യുന്ന ഏലക്ക, കുരുമുളക്​ എന്നിവയിൽ ജി.ഐ ടാഗ്​ ഉപയോഗിക്കാം.

മന്ത്രി കെ. രാധാകൃഷ്ണൻ എ.സി.എഫ്.എസ് ഉൽപ്പന്നമായ ‘സൈലന്റ് വാലി കോഫി’ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു

മൂല്യ വർധിത ഉൽപന്നങ്ങളുടെ നിർമാണം, പാക്കിങ്, ലേബലിങ്, മാർക്കറ്റിങ്​, ബ്രാൻഡിങ് തുടങ്ങിയ പ്രവർത്തനങ്ങളാണ്​​ സംഘത്തിന്​ കീഴിലുള്ള ​േപ്രാസസിങ്​ യൂനിറ്റിൽ നടക്കുന്നത്​. സൊസൈറ്റിയുടെ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ എറണാകുളം ഫോർ ഷോർ റോഡിലെ ട്രൈബൽ ഡിപ്പാർട്​മെന്റി​ന്റെ കേരളത്തിലെ ആദ്യത്തെ ട്രൈബൽ കോംപ്ലക്​സിൽ ലഭ്യമാണ്​.

പാലക്കാട്​ ജില്ലയിലെ മലമ്പുഴ ഉദ്യാനത്തിലും ആനക്കട്ടിയിൽ വരുന്ന പുതിയ ട്രൈബൽ കോംപ്ലക്​സിലും ഉൽപന്നങ്ങളുടെ വിൽപന സൊസൈറ്റി ആരംഭിക്കാനിരിക്കുന്നു. ഓൺലൈൻ മാർക്കറ്റുകളിലും സൊസൈറ്റിയുടെ പല ഉൽപന്നങ്ങളും ലഭ്യമാണ്.

ജൈവ സമ്പത്തിന്റെ സംരക്ഷണം

​പ്രകൃതി സുന്ദരമായ അട്ടപ്പാടി താഴ്​വരയിലെ അതീവ പരിസ്​ഥിതി ലോല മേഖലയിൽ ​പ്രവർത്തിക്കുന്ന അട്ടപ്പാടി കോഓപറേറ്റിവ്​ ഫാമിങ്​ സൊസൈറ്റി ഫാമുകളിലെ പരിസ്​ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. പാരിസ്​ഥിതിക സന്തുലിതാവസ്​ഥ നിലനിർത്തി കാർഷിക ഉൽപാദനം വർധിപ്പിക്കാനുള്ള പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന ​എ.സി.എഫ്​.എസ്​ ശതകോടികളുടെ വനസമ്പത്താണ്​ സംരക്ഷിക്കുന്നത്​. ഫാമുകളിലെ മരങ്ങൾ ഒരിക്കലും മുറിക്കാറില്ല. പ്രായാധിക്യവും പ്രകൃതിക്ഷോഭവും മൂലം വീഴുന്ന മരങ്ങൾ അവിടെത്തന്നെ കിടന്ന്​ വളമായി മാറും. വനനിയമങ്ങൾ അനുവദിച്ചിട്ടുള്ള മരങ്ങളുടെ തണൽ നിയ​ന്ത്രണംപോലും അതീവ ശ്രദ്ധയോടെ മാത്രമേ ഇവിടെ നടത്താറുള്ളൂ.

നിബിഡവനങ്ങളോട്​ ചേർന്ന്​ കിടക്കുന്നതിനാൽ ഇവിടെ സ്വാഭാവികമായ കാട്ടുതീ ഉണ്ടാകാനിടയുണ്ട്​. അതൊഴിവാക്കാൻ എല്ലാ വർഷവും എസ്​റ്റേറ്റുകൾക്ക്​ ചുറ്റും ഫയർലൈൻ നിർമിക്കും. ചിട്ടയായും കാര്യക്ഷമമായും സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾമൂലം ഭാവി തലമുറക്കായി വിലമതിക്കാനാവാത്ത ​ജൈവ സമ്പത്താണ്​ സംരക്ഷിക്കപ്പെടുന്നത്​.

സ്​പെഷാലിറ്റി കോഫി മുതൽ അട്ടപ്പാടി തുവരവരെ

സമുദ്രനിരപ്പിൽനിന്നും നിശ്ചിത ഉയരത്തിൽ വളരുന്ന ചെടികളിൽനിന്നും റെഡ്​ ​​ചെറി പരുവത്തിലുള്ള ബീൻസ്​ ശേഖരിച്ച്​ സംസ്​കരിച്ചെടുക്കുന്ന അന്താരാഷ്​ട്ര വിപണിയിൽ ശ്രദ്ധ നേടിയ സ്​പെഷാലിറ്റി കോഫി സൊസൈറ്റിയുടെ ചിണ്ടക്കി ഫാമിലെ പ്രധാന ആകർഷണമാണ്​.

കാപ്പി പ്രേമികളുടെ പ്രിയപ്പെട്ട ഇനമായ ഇതിന്​ സാധാരണ ഓർഗാനിക് കാപ്പിയുടെ ഇരട്ടി വിലയുണ്ട്​. പ്രതിവർഷം 10 ടൺ അറബികയും 15 ടൺ റോബസ്​റ്റയും ഈ ഫാമിൽ ഉൽപാദിപ്പിക്കുന്നുണ്ട്​. ചിണ്ടക്കയോട്​ ചേർന്നുള്ള സമുദ്രനിരപ്പിൽനിന്നും 850-1000 മീറ്റർ ഉയരത്തിലുള്ള കരുവാര ഫാമാക​ട്ടെ നിശ്ശബ്ദ താഴ്​വരയെ എല്ലാ അർഥത്തിലും അനശ്വരമാക്കുന്ന ഒന്നാണ്​.

ചെറുതും വലുതുമായ അസംഖ്യം നീരുറവകൾ ഭവാനിപ്പുഴയിൽ ഒഴുകിയെത്തുന്ന ഇവിടെ കാപ്പിക്ക്​ പുറമെ പന്നിയൂർ വിഭാഗത്തിൽപെട്ട വിവിധയിനങ്ങൾക്ക്​ പുറമെ കരിമുണ്ട, നീലമുണ്ട, ഗിരിമുണ്ട, മലബാർ എക്​സൽ തുടങ്ങിയ പലവിധം നാടൻകുരുമുളകുകളുമുണ്ട്​. ഭൗമസൂചിക പദവി നേടിയ മലബാർ പെപ്പറി​ന്റെ ലോഗോ സംഘത്തി​ന്റെ കുരുമുളക്​ ഉൽപന്നങ്ങളിലും ഉപയോഗിച്ചുവരുന്നുണ്ട്.

പ്രസിദ്ധമായ ശിരുവാണി നിത്യഹരിത വനങ്ങളോട്​ ചേർന്ന് 700-800 മീറ്റർ ഉയരത്തിലെ 378 ​ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന പോത്തുപ്പാടി-കുറുക്കൻകുണ്ട് ഫാമിൽ കാപ്പിക്കും കുരുമുളകിനും പുറമെ പുതുതായി കശുമാവ്​ പ്ലാന്റേഷനും​ തുടക്കമിട്ടിട്ടുണ്ട്. മറ്റു ഫാമുകളെ അപേക്ഷിച്ച്​ മഴ കുറവ്​ ലഭിക്കുന്ന പ്രദേശമായ വട്ടുലക്കി ഫാമിങ് സൊസൈറ്റിയിൽനിന്ന് പാട്ടത്തിനെടുത്ത് പട്ടിമാളത്തെ സാറ്റലൈറ്റ്​ ഫാമിലെ 12 ഏക്കറിലെ മാതൃകാ കൃഷിത്തോട്ടത്തിലെ പ്രധാന കാർഷിക വിള മുന്നൂറോളം വരുന്ന തെങ്ങുകളാണ്​.

കൂടാതെ, ക്ഷീര വികസന വകുപ്പി​ന്റെ സഹകരണത്തോടെ പശുവളർത്തലും അവക്കായി തീറ്റപ്പുല്ല്​ കൃഷിയുമുണ്ട്​. ഇതി​ന്റെ തുടർച്ചയായി ഇവിടെ ആടുവളർത്തലിനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്​.


പാലക്കാട്​ ജില്ലയിലെ മഞ്ഞളിൽ കുർകുമി​ന്റെ ഉയർന്ന അംശം തെളിയിക്കപ്പെട്ടതാണ്​. അതുകൊണ്ടുതന്നെ ഇതിന് ആവശ്യക്കാരും ഏറെ. ഇതിനുപുറമെ പട്ടിമാളം ഫാമിൽ ആദിവാസികളുടെ പാരമ്പര്യ വിളയായ 2022ൽ ഭൗമസൂചിക പദവി നേടിയ വിളയായ അട്ടപ്പാടി തുവരയുമുണ്ട്​.

കൂടാതെ, ഇവിടത്തെ നാരകത്തോട്ടത്തിലും സൂര്യകാന്തിപ്പാടത്തും സ്​ഥാപിച്ചിട്ടുള്ള തേനീച്ചപ്പെട്ടികളിൽനിന്നും ലഭിക്കുന്ന പ്രത്യേക തേൻ വേറിട്ട ഉൽപന്നമാണ്​. സമുദ്രനിരപ്പിൽനിന്നും 1000 മീറ്റർ ഉയരത്തിലുള്ള അട്ടപ്പാടി സൊസൈറ്റിയു​ടെ മ​റ്റൊരു പ്രധാന ഫാമാണ്​ തെക്കൻ അതിർത്തിയായ ഷോളയൂർ പഞ്ചായത്തിലെ വരടിമല.

ഇവിടത്തെ 290 ഹെക്​ടർ ഭൂമിയിലെ പ്രധാന കാർഷികവിള പൂർണമായും ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന ഏലക്കയാണ്​. ഇവിടത്തെ ഓറഞ്ച്​ കൃഷി മറ്റൊരു ആകർഷണമാണ്​. ചാണകവും പച്ചിലയും ചേർത്തുള്ള ക​േമ്പാസ്​റ്റ്​ മി​ശ്രിതമാണ്​ സൊസൈറ്റി ഫാമുകളിലെ പ്രധാന ജൈവവളം.


നൂറുമേനി വിജയവുമായി അട്ടപ്പാടി ആദിവാസി ​സ്​കൂൾ

സൊസൈറ്റിക്ക് കീഴിൽ ഭവാനിപ്പുഴയുടെ തീരത്ത്​ 1984 മുതൽ ചിണ്ടക്കി ഫാമിലുള്ള ആദിവാസി ഹൈസ്​കൂൾ അട്ടപ്പാടിയിലെ ഗോത്രവർഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്​ഥ പരിഹരിക്കുകയെന്ന ലക്ഷ്യമിട്ടാണ്​ പ്രവർത്തിക്കുന്നത്. അഞ്ചു മുതൽ 10 വരെ ക്ലാസുകളിലായി 200 വിദ്യാർഥികളും 15 അധ്യാപക-അനധ്യാപകരും ​ഉൾപ്പെടുന്ന സ്​കൂളിൽ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി എസ്​.എസ്​.എൽ.സി പരീക്ഷയിൽ നൂറു ശതമാനമാണ്​ വിജയം.

മികച്ച വിദ്യാഭ്യാസത്തിന്​ പുറമെ കലാകായിക മേഖലയിലും മികച്ച പ്രവർത്തനങ്ങൾ ​കാഴ്ചവെക്കുന്നുണ്ട് ഇവിടത്തെ വിദ്യാർഥികൾ. ഈ വിദ്യാലയത്തിൽ കുട്ടികൾക്ക്​ ശാസ്​ത്രാഭിരുചി വളർത്തുന്നതിനുള്ള ഭൗതികസാഹചര്യവും ഒരുക്കിയിട്ടുണ്ട്​.

ഹയർ സെക്കൻഡറി കോഴ്‌സുകളിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് റെസിഡൻഷ്യൽ കോച്ചിങ് നൽകുന്നതിനായി പട്ടികവർഗ വികസന വകുപ്പ് രൂപകൽപന ചെയ്ത സമഗ്ര പരിപാടിയാണ് ‘ഗുരുകുലം’ വിദ്യാകേന്ദ്രം. 2003-04ലാണ് ഇത് ആരംഭിച്ചത്.

പട്ടികവർഗ സംരക്ഷണത്തിനുള്ള ധനസഹായത്തോടെ സൊസൈറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ലഭ്യമായ പ്രാദേശിക മേഖലകളിൽനിന്നും മറ്റ് സ്ഥലങ്ങളിൽനിന്നും തിരഞ്ഞെടുത്ത വിദഗ്ധ ഫാക്കൽറ്റികൾ ഇവിടെ ക്ലാസെടുക്കുന്നുണ്ട്. അട്ടപ്പാടി ഐ.ടി.ഡി.പി നിർമിച്ച കെട്ടിടങ്ങളിലും അഗളിയിലെ സൊസൈറ്റി ഓഫിസ് പരിസരത്തുമാണ് ക്ലാസ് റൂം ക്രമീകരിച്ചിരിക്കുന്നത്.


താമസ സൗകര്യവും ഭക്ഷണവുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. നാട്ടിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വേദികളും സൊസൈറ്റി ഒരുക്കിവരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StoryAttapadyKerala NewsAttapady Cooperative Farming Society
News Summary - A silent revolution on the banks of Bhavanipuzha
Next Story