Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്‍.ഇ.ഡി ബൾബ് വിതരണം...

എല്‍.ഇ.ഡി ബൾബ് വിതരണം അതിരപ്പിള്ളി പദ്ധതിയേക്കാൾ ലാഭകരമെന്ന് തോമസ് ഐസക്

text_fields
bookmark_border
എല്‍.ഇ.ഡി ബൾബ് വിതരണം അതിരപ്പിള്ളി പദ്ധതിയേക്കാൾ ലാഭകരമെന്ന് തോമസ് ഐസക്
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ബള്‍ബുകളെല്ലാം എല്‍.ഇ.ഡി ആക്കിയാല്‍ അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ‍ വൈദ്യുതി ലാഭിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഫേസ്ബുക് പോസ്റ്റ്. കേരളമാകെ ആവശ്യമുള്ള നാലര കോടി ബള്‍ബിന് ഏതാണ്ട് 250 കോടി രൂപയേ ചെലവു വരൂ. അതിരപ്പിള്ളി പദ്ധതിക്ക് 1500 കോടി രൂപ ചെലവു വരും. സര്‍ക്കാര്‍ 250 കോടി മുടക്കി മുഴുവന്‍ വൈദ്യുതി വിളക്കുകളും സൗജന്യമായി എല്‍.ഇ.ഡി വിളക്കുകളാക്കിയാല്‍ ഏതാണ്ട് 2250 കോടി രൂപ മുടക്കി പുതിയ വൈദ്യുതി നിലയം പണിയുന്നതിലൂടെ ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാമെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാല്‍ പദ്ധതി വേണമെന്ന് പറയുന്നവരെല്ലാം പരിസ്ഥിതി വിരുദ്ധരല്ലെന്നും ധനമന്ത്രി ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

അതിരപ്പിള്ളി പദ്ധതിയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ നടക്കട്ടേയെന്നും ആ ഇടവേളയില്‍ എന്തുകൊണ്ട് ബള്‍ബുകള്‍ എല്ലാം എല്‍.ഇ.ഡി ആക്കി ഒന്നര അതിരപ്പള്ളി പദ്ധതിയുടെ വൈദ്യുതി ലാഭിച്ചുകൂടായെന്നും തോമസ് ഐസക് ചോദിച്ചു. എല്ലാവരും തുറന്നമനസോടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

ആലപ്പുഴ നഗരത്തിലെ എല്ലാ തെരുവുവിളക്കുകളും എല്‍ഇഡി ബള്‍ബുകളായി മാറ്റി സ്ഥാപിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ഒരു വര്‍ഷം മുന്‍പ് വിശദമായ പോസ്റ്റ് ഇട്ടിരുന്നു. എന്തുകൊണ്ട് ഈ പദ്ധതി കേരളം മുഴുവനും വ്യാപിപ്പിച്ചുകൂടാ? കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എന്‍റെ ഹരിത ബഡ്ജറ്റില്‍ ഒരു വീടിന് രണ്ട് സിഎഫ്എല്‍ ബള്‍ബുവീതം നല്‍കുന്നതിന് പദ്ധതിയിട്ടിരുന്നു. രണ്ടു സിഎഫ്എല്‍ ബള്‍ബു നല്‍കുമ്പോള്‍ രണ്ടു ഫിലമെന്റ് ബള്‍ബുകള്‍ തിരിച്ചുനല്‍കണം. ഒരു ഫിലമെന്‍റ് ബള്‍ബിന് 40 വാട്ട് വൈദ്യുതി വേണ്ടപ്പോള്‍ സിഎഫ്എല്ലിന് 15 വാട്ട് മതി. ഇപ്പോള്‍ അതിന്‍റെയും കാലം കഴിഞ്ഞു എല്‍ഇഡി വന്നു. അതിന് 9 വാട്ട് മതി.

വൈദ്യുതിബോര്‍ഡ് ഇന്നിപ്പോള്‍ ഒരു സ്കീം നടപ്പാക്കിവരുന്നുണ്ട്. അതുപ്രകാരം 140 രൂപയ്ക്ക് രണ്ടു ബള്‍ബുകള്‍ നല്‍കുന്നു. 80 ലക്ഷത്തോളം ബള്‍ബുകള്‍ നല്‍കിയെന്നാണ് കണക്ക്. പക്ഷേ, അതിശയമെന്നു പറയട്ടെ, പുതിയ രണ്ടു ബള്‍ബുകള്‍ നല്‍കുമ്പോള്‍ പഴയത് രണ്ടെണ്ണം തിരിച്ചുവാങ്ങുന്നില്ല. ഇതിന്‍റെ ഫലമായി വീടുകളില്‍ പലപ്പോഴും രണ്ടു ബള്‍ബു പോയിന്‍റ് കൂടുകയാണ് ചെയ്യുന്നത്. ചെറുതായാണെങ്കിലും വൈദ്യുതി ഉപഭോഗം വര്‍ധിക്കും. ഇത് ശുദ്ധ അസംബന്ധമാണ്. എല്‍.ഇ.ഡി കൊടുക്കുമ്പോള്‍ പഴയ ബള്‍ബുകള്‍ തിരിച്ചുവാങ്ങണം. അതുപോലെതന്നെ വൈദ്യുതി ദുര്‍വിനിയോഗം ഒഴിവാക്കുന്നതിനുവേണ്ടിയുള്ള വലിയൊരു കാംപെയിനിന്‍റെ ഭാഗമായിട്ടുവേണം ഇതു നടത്താന്‍.

തെരുവു വിളക്കുകളും വീട്ടിലെ ബള്‍ബുകളും എല്‍ഇഡിയിലേക്ക്എന്തുകൊണ്ട് സര്‍ക്കാര്‍ ചെലവില്‍ പൂര്‍ണമായും മാറ്റി സ്ഥാപിച്ചുകൂടാ? ഇതിന്‍റെ വരുംവരായ്കകള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍, അനര്‍ട്ട്, നബാര്‍ഡ്, സിഡിറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ ഒരു യോഗം ചേര്‍ന്നു. കേരളത്തിലെ വീടുകളിലും നഗരങ്ങളിലുമായി ഏതാണ്ട് നാലര കോടി ബള്‍ബുകള്‍ ഉണ്ട്. ഇതില്‍ 90 ശതമാനം സിഎഫ്എല്‍ ആണെന്നാണ് കണക്ക്. ഇവയൊക്കെ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ പകരം കൊടുത്താല്‍ 265 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം. നാലര കോടി ബള്‍ബിന് ഏതാണ്ട് 250 കോടി രൂപയേ ചെലവു വരൂ. അതിരപ്പള്ളി പദ്ധതിയുടെ സ്ഥാപകശേഷി 150 – 170 മെഗാവാട്ടാണ്. ചെലവാകട്ടെ 1500 കോടി വരും. അഥവാ സര്‍ക്കാര്‍ 250 കോടി മുടക്കി മുഴുവന്‍ വൈദ്യുതി വിളക്കുകളും സൗജന്യമായി എല്‍ഇഡി വിളക്കുകളാക്കിയാല്‍ ഏതാണ്ട് 2250 കോടി രൂപ മുടക്കി പുതിയ വൈദ്യുതി നിലയം പണിയുന്നതിലൂടെ ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാം. പിന്നെന്തിന് സര്‍ക്കാര്‍ അമാന്തിക്കണം?

ആതിരപ്പള്ളി പദ്ധതിയുടെ തര്‍ക്കം നടക്കട്ടെ. എല്ലാവരും തുറന്നമനസ്സോടെ ചര്‍ച്ചചെയ്താല്‍ നന്ന്. ആതിരപ്പള്ളി വേണമെന്നു പറയുന്നവരെല്ലാം പരിസ്ഥിതി വിരുദ്ധരെന്നു ധരിക്കേണ്ട. ഇന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത് പദ്ധതിയെ എതിര്‍ക്കുന്നുണ്ടെങ്കിലും ഡോ. എം.പി.പരമേശ്വരന്‍ അടക്കമുള്ള പലരും രണ്ടു ദശാബ്ദം മുന്‍പ് ഇതിനെ അംഗീകരിച്ചു നിലപാടെടുത്തവരാണ്. പക്ഷേ, ഒരു കാര്യം തീര്‍ച്ച. ഒരഭിപ്രായ സമന്വയത്തിന്‍റെ അടിസ്ഥാനത്തിലേ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പറ്റൂ. ആ ഇടവേളയില്‍ എന്തുകൊണ്ട് ബള്‍ബുകള്‍ എല്ലാം എല്‍ഇഡി ആക്കി ഒന്നര അതിരപ്പള്ളി പദ്ധതിയുടെ വൈദ്യുതി ലാഭിച്ചുകൂടാ?

ഉത്തരം കിട്ടാത്ത ചില പ്രശ്നങ്ങള്‍ അവശേഷിച്ചിരുന്നു. തിരിച്ചുവാങ്ങുന്ന സിഎഫ്എല്‍ ബള്‍ബുകളെല്ലാം എന്തുചെയ്യും? അതിലെ മെര്‍ക്കുറി വളരെ അപകടകാരിയാണ്. ബള്‍ബിനേക്കാള്‍ എത്രയോ ദുര്‍വ്യയം ദക്ഷത കുറഞ്ഞ ഫാനുകളും വെള്ളം പമ്പുചെയ്യുന്ന പഴഞ്ചന്‍ മോട്ടോറുകളും ഉള്‍പ്പെടെയുള്ള വൈദ്യുത ഉപകരണങ്ങള്‍ സൃഷ്ടിക്കുന്നു. അവയെല്ലാം മാറ്റിസ്ഥാപിക്കേണ്ടേ? പക്ഷേ, അതിനുള്ള ചെലവു താങ്ങാനാകുമെന്നു തോന്നുന്നില്ല. മുടക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുണ്ടാക്കുന്ന നേട്ടം വളരെ തുച്ഛവുമായിരിക്കും. അപ്പോള്‍ ഈ ഉപകരണങ്ങള്‍ നിരോധിക്കണമെന്നാണ് ചിലര്‍ പറയുന്നത്. അതല്ല കനത്ത നികുതി ഏര്‍പ്പെടുത്തിയാല്‍ മതിയെന്നു മറ്റു ചിലര്‍. കാംപെയിന്‍ ആര് എങ്ങിനെ സംഘടിപ്പിക്കും. ഇതിനൊക്കെ ഉത്തരം വരുംദിവസങ്ങളില്‍ കണ്ടുപിടിക്കണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas Issacathirappilly project
Next Story