Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎനിക്ക്​ പഠിക്കണം...

എനിക്ക്​ പഠിക്കണം സാർ.... അവൾ വിതുമ്പി...

text_fields
bookmark_border
Andhra Srikalahasti
cancel

ശ്രീകാളഹസ്തി.
കൈലാസനാഥനായ ശ്രീ മഹാദേവന്‍റെ സദാ സാന്നിധ്യമുണ്ടെന്ന് ഹൈന്ദവർ വിശ്വസിക്കുന്ന ആന്ധ്രാപ്രദേശിലെ ദേവസ്ഥാനം. 
പഞ്ചഭൂതങ്ങളില്‍ വായുരൂപത്തില്‍ ശ്രീപരമേശ്വരന്‍ കുടികൊള്ളുന്ന പുണ്യസ്ഥാനം. കാട്ടിനുള്ളില്‍ കണ്ടെത്തിയ ശിവലിംഗത്തിന്‍റെ കണ്ണുകളിൽ രക്തം പൊടിയുന്നതറിഞ്ഞ് ശിവന് സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് ശിവഭക്തനായ കണ്ണപ്പൻ ദാനം ചെയ്യാൻ ശ്രമിച്ചയിടം.

ഞാനും, കേവിയും(കുമാർ വാമദേവൻ) തൊഴുതിറങ്ങുകയാണ്.. നാലമ്പലത്തിന്‍റെ മണ്ഡപത്തിൽ തികഞ്ഞ കമ്യൂണിസ്റ്റ് പീജെ (പി.ജെ.സന്തോഷ്) ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. നാലമ്പലം വലംവച്ച് പുറത്തേക്കിറങ്ങുമ്പോള്‍ പിന്നില്‍ നിന്നും ആരോ തൊട്ടുവിളിച്ചു.
‘സാര്‍ കളറിംഗ് ബുക്ക്‌.....’

തിരിഞ്ഞുനോക്കുമ്പോള്‍ കുട്ടികള്‍ക്ക് ചായം പൂശി പഠിക്കാനുള്ള കുറെ കളറിംഗ് ബുക്കുകളുമായി പ്രതീക്ഷയോടെ ചിരിച്ച് ഒരു പെണ്‍കുട്ടി. തലമുടി ഭംഗിയായി മെടഞ്ഞ് കനകാംബരപൂവ് ചൂടിയ ലാളിത്യമുള്ള മുഖവുമായി വെളുക്കെ ചിരിച്ചൊരു പെണ്‍കുട്ടി. ഹാഫ് പാവാടയും ബ്ലൗസുമാണ് വേഷം. അവളെക്കണ്ടാല്‍ ഒരു പണ്ട്രണ്ട് വയസിനപ്പുറം പ്രായം തോന്നിക്കില്ല.

അവളെ മന:പൂര്‍വ്വം കണ്ടില്ലെന്ന് നടിച്ച് ഞങ്ങള്‍ നടക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ക്ക് മുന്നിലേക്ക് ബുക്കുകളുമായി ഓടിക്കയറി അവള്‍ പറഞ്ഞു.
‘വാങ്ങുങ്കോ സാര്‍. കൊളന്തകള്‍ക്ക് കളറിംഗ് പണ്ണലാം...’ തമിഴും തെലുങ്കും കലർന്ന ഭാഷയിൽ അവൾ പറഞ്ഞു. 
കൈയിലെ പുസ്തകങ്ങളില്‍ നിന്നും ആംഗ്രീ ബേര്‍ഡ്സിന്‍റെയും പോക്കീമോന്‍റെയും സൂപ്പര്‍മാന്‍റെയും സ്പൈഡര്‍മാന്‍റെയും കളര്‍ ചെയ്യാനുള്ള ചിത്രങ്ങള്‍ അടങ്ങിയ ബുക്കുകള്‍ ഓരോന്നായി അവളെടുത്തുകാണിച്ചു.
വേണ്ടെന്ന് പറഞ്ഞ് ഞങ്ങള്‍ മൂവരും നടന്നു.
പക്ഷെ...അവള്‍ വിടുന്ന മട്ടില്ല.
‘സര്‍...സാര്‍ ഇന്ത ബുക്ക് ഒന്നുക്ക് ഇരുപത് രൂപ മട്ടും സാര്‍. വാങ്ങുങ്കോ...സാര്‍....’
വീണ്ടും മൂന്നു നാലുതവണ വേണ്ടെന്ന് പറഞ്ഞപ്പോള്‍ അവള്‍ കെഞ്ചി...
‘വാങ്ങുങ്കോ സാര്‍....’
അവളുടെ ആ കെഞ്ചല്‍ കേള്‍ക്കാതിരിക്കാനായില്ല.
ഒരു ഇരുപത് രൂപ നോട്ടെടുത്ത് അവള്‍ക്ക് നേരെ നീട്ടി. കൈയ്യിലുള്ള കളറിംഗ് ബുക്കുകളില്‍ നിന്നും അവള്‍ ഒരു ബുക്കെടുത്ത്‌ നീട്ടി. അതുവാങ്ങി മുന്നോട്ട് നടക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്നെയും അവള്‍ തടസം നിന്നു.
‘സര്‍ ഉങ്കളും വാങ്ങുങ്കോ....’
അവളെ ഒഴിവാക്കാന്‍ ഞങ്ങള്‍ ഒരുപാട് പണിപ്പെട്ടു. ഒടുവില്‍ ഒരു ബുക്ക് മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞുള്ളുവെന്ന പരിഭവത്തോടെ അവള്‍ തിരികെ നടന്നു. അവള്‍ നടന്നകന്നപ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കി.
സന്ദര്‍ശിച്ചിട്ടുള്ള ഭൂരിഭാഗം തീര്‍ഥാടന കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള നൂറുകണക്കിന് കുട്ടികളെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ.... അവരില്‍ നിന്നൊക്കെ വ്യത്യസ്തമായ എന്തോ ഒരു പ്രത്യേകത ഇവള്‍ക്കുണ്ട്. ഞങ്ങള്‍ ഒന്നുകൂടി അവളെ തിരിഞ്ഞുനോക്കി. ഞങ്ങള്‍ നോക്കുന്ന മാത്രയില്‍ അവളും ഞങ്ങളെ തിരിഞ്ഞുനോക്കിയത് തികച്ചും യാദൃശ്ചികമാവാം.
പക്ഷേ.... ഞങ്ങളുടെ നോട്ടം അവളില്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയിട്ടുണ്ടാകാം. അവള്‍ വീണ്ടും ഞങ്ങള്‍ക്കരുകിലെത്തി ബുക്കുകള്‍ നീട്ടി കെഞ്ചി. വാങ്ങുങ്കോ സാര്‍....
കേവി അവളോട്‌ പേര് ചോദിച്ചു.
തെല്ല് നാണിച്ചുനിന്ന ശേഷം അവള്‍ പറഞ്ഞു.
‘ഉഷ.’
അവളെ നടുക്ക് നിര്‍ത്തി ഞങ്ങള്‍ ഓരോരോ ചോദ്യങ്ങള്‍ ചോദിച്ചു.
‘സ്കൂളില്‍ പോകുന്നില്ലേ?’
‘ഏതുക്ലാസ്സിലാ പഠിക്കുന്നേ?’
‘ഏത് സ്കൂളില്‍?’
മൌനമായിരുന്നു അവളുടെ മറുപടി.
ആ കണ്ണുകളിൽ ഉറവകൾ പൊടിഞ്ഞു..
പളുങ്ക് മണികള്‍ കവിളിലൂടെ ഒലിച്ചിറങ്ങി.
ഞങ്ങളെ ഒരിക്കല്‍ക്കൂടി മാറിമാറി നോക്കി അവള്‍ നിരാശയോടെ തിരിഞ്ഞുനടക്കാന്‍ ശ്രമിച്ചു.
പീജെ അവളെ തടഞ്ഞു നിര്‍ത്തി.
ഒരു കളറിംഗ് ബുക്ക് വിറ്റാല്‍ എത്ര രൂപ കമ്മിഷന്‍ കിട്ടുമെന്ന്‍ ചോദിച്ചു.
‘മൂന്നുരൂപ’ അവള്‍ മറുപടി പറഞ്ഞു.
‘ഒരു ദിവസം എത്ര പുസ്തകം വില്‍ക്കും?’
‘സാര്‍ ഇന്നേക്ക് മുതല്‍(ആദ്യ)നാൾ താന്‍.’
‘ശരി. ഞങ്ങള്‍ അഞ്ചു പുസ്തകം ഞങ്ങള്‍ വാങ്ങിയാല്‍ നിനക്ക് എത്ര രൂപ കമ്മിഷന്‍ കിട്ടും..?’
അവള്‍ കണക്ക് കൂട്ടി പറഞ്ഞു.
‘പതിനഞ്ച് രൂപ.’
‘ഞങ്ങള്‍ക്ക് പുസ്തകം വേണ്ട പക്ഷേ 20 രൂപ തരാം.’
‘രൂപ ചുമ്മാ വേണ്ട സാര്‍.’
ഗതികേടുകളിന്‍ നിറവിലും അവളില്‍ അഭിമാനം നിറഞ്ഞു. ഞങ്ങള്‍ക്ക് അവളോട്‌ ബഹുമാനം തോന്നി. പിന്നെയും ഞങ്ങള്‍ ഓരോന്ന് ചോദിച്ച് മുന്നോട്ട് നടന്നു. അവള്‍ ഞങ്ങള്‍ക്ക് പിന്നാലെ കൂടി. ഒടുവില്‍ ഞാന്‍ ചോദിച്ചു.
‘നീ എന്തിനാ കരഞ്ഞെ?’
അവള്‍ എന്തോ ഓര്‍ത്ത്‌ നിന്നൂ. ഒരു തേങ്ങല്‍ അടക്കിപ്പിടിച്ചവള്‍ പറഞ്ഞു.
‘എന്നെ ക്ലാസ്സില്‍ നിന്നും ഇറക്കി വിട്ടു.’
‘ആര്?’
‘ക്ലാസ് ടീച്ചര്‍.’
‘എന്തിനാ?’
‘എനക്ക് പഠിക്ക ബുക്കും നോട്ടും ഇല്ല സാര്‍... എനക്ക്...... പഠിക്കണം. അതുക്കാണ് സാര്‍ ഇന്ത കളറിംഗ് ബുക്ക്‌ വില്‍ക്കാന്‍ വന്തെ. എനക്ക്... പഠിക്കണം സാര്‍...’ 
അവളുടെ വാക്കുകള്‍ മുറിഞ്ഞു. കണ്ണുകള്‍ വീണ്ടും നനഞ്ഞു.

മുന്നില്‍ നില്‍ക്കുന്ന ആ കുഞ്ഞുപാവാടക്കാരിയെ എന്തുപറഞ്ഞാണ് സമാധാനിപ്പിക്കേണ്ടതെന്ന് അറിയാതെ ഞങ്ങള്‍ മൂവരും കുഴങ്ങി.
ഞങ്ങള്‍ അവളുടെ തോളില്‍ തട്ടി അറിയാവുന്ന തമിഴിലും തെലുങ്കിലും എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു. ഞങ്ങളുടെ വിചിത്രമായ ‘ഭാഷ’ കേട്ട് അവള്‍ കുണുങ്ങിചിരിച്ചു. കണ്ണീരിന്‍റെ നനവൂറുന്ന ചിരി. മിനുട്ടുകള്‍ക്കകം ഞങ്ങള്‍ പരിചയക്കാരായി. കൂട്ടുകാരായി.
ഞങ്ങളുടെ തമാശകളില്‍ അവള്‍ നിറഞ്ഞു ചിരിച്ചു. ആ ചിരിയില്‍ അവളുടെ കണ്ണീര്‍പാട് വീണ കവിളുകളില്‍ കുഞ്ഞു നുണക്കുഴികള്‍ തെളിഞ്ഞു വന്നു.
അപരിചിതത്വം സൗഹൃദത്തിന് വഴിമാറിയപ്പോള്‍ അവള്‍ ചോദിച്ചു.
‘പശിക്ക്ത്. ഏതാവത് വാങ്കിത്താങ്കോ സാര്‍...’ വിശപ്പിനൊപ്പം കുഞ്ഞുനിഷ്കളങ്കയും നിറഞ്ഞ വാക്കുകള്‍. ​

SreeKalaHasthi-temple

ക്ലാസ്സില്‍ നിന്നും ഇറക്കി വിട്ടതോടെ ഉച്ചക്കഞ്ഞിയും നിഷേധിക്കപ്പെട്ട ഒരു ബാല്യം ഒരുനേരത്തെ അന്നത്തിനായി മുന്നില്‍ നില്‍ക്കുന്ന കാഴ്ച ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. അവളെയും കൂട്ടി ഞങ്ങള്‍ നേരെ ശരവണ ഭവനിലേക്ക് നടന്നു. നാലുപേര്‍ക്ക് ഇരിക്കാവുന്ന ക്യാബിനില്‍ കേവിയും പീജെയും ഞാനും ഇരുന്നു. വില്‍ക്കാനുള്ള കളറിംഗ് ബുക്കുകള്‍ ഒരു വശത്ത്‌ ഒതുക്കി വച്ച് ഉഷയുമിരുന്നു. ഞങ്ങള്‍ ഊണിന് ഓര്‍ഡര്‍ ചെയ്തു. അവള്‍ക്ക് ചപ്പാത്തി മതിയെന്ന് പറഞ്ഞു.

ചപ്പാത്തിയും ഊണും വരാന്‍ സമയമെടുത്തു. അവളോട്‌ ഞങ്ങള്‍ക്ക് വല്ലാത്തൊരു അടുപ്പമുള്ളപോലെ. വാത്സല്യം നിറഞ്ഞൊരുസ്നേഹം തോന്നിതുടങ്ങിയപ്പോലെ. അവളെകുറിച്ച് കൂടുതലറിയാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഞങ്ങളുമായി ചിരകാല പരിചിതമുള്ളപോലെ അവള്‍ തെലുങ്കും തമിഴും കലര്‍ന്ന ഭാഷയില്‍ കിലുക്കാംപെട്ടിയായി.

ഉഷ.......!!!
ചായക്കട പണിക്കാരനായ ഏലയ്യയുടെ മൂന്നുമക്കളില്‍ രണ്ടാമത്തവള്‍. പഠിക്കാന്‍ കഴിവുണ്ടെങ്കിലും എലയ്യക്ക് ഇവളെ പഠിപ്പിക്കാന്‍ കഴിവില്ല. മൂത്തവള്‍ എട്ടാം ക്ലാസിലും ഉഷ ആറാം ക്ലാസിലും ഇളയമകന്‍ നാലാം ക്ലാസിലും പടിക്കുമ്പോള്‍ ഒരു കൂലിവേലക്കാരനായ പിതാവ് അനുഭവിക്കുന്ന എല്ലാ പരാധീനതകളും ഏലയ്യയെയും വെട്ടയാടാവാതെ തരമില്ല. അഞ്ചു വയറുകള്‍ നിറയ്ക്കാനായി ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിലെ അടുപ്പുകളില്‍നിന്നും തീയും പുകയുമേറ്റ് കരിയുമ്പോഴും മക്കള്‍ക്ക് പഠിക്കാന്‍ ആവശ്യമായ ടെക്സ്റ്റ് ബുക്കുകളും നോട്ട് ബുക്കുകളും വാങ്ങിനല്‍കാന്‍ കഴിയാതെ പോകുന്ന ദുരിതപിതൃത്വം....!!!
ടെക്സ്റ്റ് ബുക്കുകളും നോട്ട് ബുക്കുകളും ഇല്ലാത്തതിനാലാണ് ഉഷയെ ക്ലാസില്‍ നിന്നും ടീച്ചര്‍ ഇറക്കിവിട്ടത്. ഇനി ടെക്സ്റ്റുകളും നോട്ടുകളും വാങ്ങിയിട്ട് സ്കൂളില്‍ വന്നാല്‍ മതിയെന്ന്‍ ടീച്ചര്‍. ഉഷ പലതവണ ക്ലാസിലിരിക്കാന്‍ കെഞ്ചിനോക്കിയെങ്കിലും ടീച്ചറുടെ മനസലിഞ്ഞില്ല.
ഉഷ സഞ്ചിയുമെടുത്ത് ക്ലാസില്‍ നിന്നും ഇറങ്ങി നടന്നു.

പലതവണ അച്ഛനോട് പുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും കാര്യം ഉഷ പറഞ്ഞതാണ്. പക്ഷേ.... പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് നാളുകള്‍ പലത് കഴിഞ്ഞെങ്കിലും ഉഷയുടെ പുസ്തകങ്ങളും ബുക്കുകളും വാങ്ങാന്‍ ഏലയ്യക്ക് കഴിഞ്ഞില്ല. ഒടുവിലിതാ പഠനം നിഷേധിക്കപ്പെട്ട് ഉഷ സ്കൂളിന് പുറത്താക്കപ്പെടുന്നു!

അവള്‍ക്ക് പുസ്തകങ്ങളും ബുക്കും വാങ്ങാന്‍ അഞ്ഞൂറ് രൂപ വേണം. സ്കൂള്‍ തുറന്നപ്പോള്‍ മുതല്‍ അപ്പനോട് പറയുന്നതാ. മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും അവള്‍ക്ക് പഠിക്കാനുള്ള പുസ്തകങ്ങളും ബുക്കുകളും വാങ്ങാന്‍ ഏലയ്യക്ക് കഴിഞ്ഞില്ല.
ആ ആറാം ക്ലാസുകാരിയുടെ മനസ്സില്‍ ഒരുപാട് ചിന്തകള്‍ ഒഴുകിനിറഞ്ഞു. കണ്ണുകള്‍ അവളറിയാതെ പിന്നെയ​ും നിറഞ്ഞു. കണ്ണുകള്‍ പാവാടത്തുമ്പിനാല്‍ തുടച്ച് അവള്‍ നടന്നു. ഇനിയെന്ത്?

വീട്ടിലേക്ക് മടങ്ങിപ്പോയിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് അവള്‍ക്കറിയാം. വിവരം പറഞ്ഞാല്‍ അമ്മ ചേര്‍ത്തുപിടിച്ചു നിര്‍ത്തി കരയും. രാത്രി പണികഴിഞ്ഞെത്തുന്ന അപ്പ അടുത്ത ആഴ്ച പുസ്തകം വാങ്ങി തരാമെന്ന് സമാധാനിപ്പിക്കും. നടക്കില്ലെന്ന് അപ്പക്കും ഉഷക്കുമറിയാം.
ഇനിയെന്ത്?
പഠിക്കണം. പഠിച്ചേ മതിയാകൂ....

അങ്ങനെയാണവള്‍ ശ്രീകാളഹസ്തി മഹാക്ഷേത്രത്തിന് മുന്നില്‍ എത്തിയത്. ഒരുകടയില്‍ ജോലിക്ക് നിന്നോട്ടെയെന്ന് കെഞ്ചിക്കേട്ടത്. അവളുടെ സങ്കടം കണ്ട് കടക്കാരന്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ച കളറിംഗ് ബുക്കുകളാണ് അവളുടെ കൈയ്യിലുള്ളത്. 20 രൂപയുടെ ബുക്കൊന്നിന് മൂന്നുരൂപ കമ്മിഷനില്‍ എത്ര ബുക്കുകള്‍ വിറ്റാലാവും ഉഷയ്ക്ക് പുസ്തകങ്ങളും ബുക്കുകളും വാങ്ങാനാവുക? എത്ര ദിവസം തീര്‍ഥാടകര്‍ക്ക് പിന്നില്‍ അലഞ്ഞുകെഞ്ചിയാലാവും അവള്‍ക്ക് തിരികെ സ്കൂളില്‍ എത്താനാവുക?

ഞങ്ങളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി ഊണും ചപ്പാത്തികളുമായി വെയിറ്റര്‍ എത്തി. അവള്‍ ആര്‍ത്തിയോടെ ചപ്പാത്തിയും സബ്ജിയും കഴിക്കുന്നത്‌ ഞങ്ങള്‍ നോക്കിയിരുന്നു, ഇതിനിടെ എന്‍റെ പ്ലേറ്റില്‍ നിന്നും പപ്പടമെടുത്ത് ഞങ്ങളെ നോക്കി കുസൃതിയോടെ അവള്‍ നിറഞ്ഞുചിരിച്ചു. ഊണിനോപ്പം ഞങ്ങള്‍ക്ക് കിട്ടിയ പായസം അവള്‍ നുണഞ്ഞിറക്കി.

കുഞ്ഞുവയര്‍ നിറഞ്ഞതോടെ അവള്‍ കൈകഴുകി എണീറ്റ്‌ ഞങ്ങള്‍ക്കരുകില്‍ കളറിംഗ് ബുക്കുകളുമായി ഒതുങ്ങി നിന്നു. ബില്‍ നല്‍കി ശരവണ ഭവനില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു.
‘പോട്ടേ... സാര്‍.’
‘എവിടേക്ക്?’
കൈയ്യിലുള്ള കളറിംഗ് ബുക്കുകള്‍ ഉയര്‍ത്തിക്കാട്ടി അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 
‘ബുക്ക് വിൽണം സാര്‍. പഠിക്കാനുള്ള പുസ്തകങ്ങളും ബുക്കും വാങ്ങണം. എനിക്ക് സ്കൂളില്‍ പോണം സാര്‍.... പഠിക്കണം.’
ആ നിഷ്കളങ്കതയ്ക്ക് മുന്നില്‍ ഞങ്ങള്‍ വല്ലാതായി.
കേവി പോക്കറ്റിലെ പേഴ്സില്‍ നിന്നും ഒരു അഞ്ഞൂറ് രൂപ എടുത്ത് അവള്‍ക്ക് നേരെ നീട്ടി. ആ അഞ്ഞൂറ് രൂപ കണ്ട് അവള്‍ ഞെട്ടി പിന്നോട്ട് മാറി. അവളുടെ ചുമലില്‍ കൈയ്യിട്ട് ഞങ്ങള്‍ അവളെ ഞങ്ങള്‍ക്കൊപ്പം ചേര്‍ത്തുനിര്‍ത്തി. ഇപ്പോള്‍ അവളുടെ കുഞ്ഞുഹൃദയമിടിപ്പ്‌ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു.
‘കാശ് വേണ്ട സാര്‍ ശാപ്പാട് വാങ്കിതന്നപോതും.’
അവള്‍ നന്ദിയോടെ കളറിംഗ് പുസ്തകങ്ങളുമായി തിരികെ നടക്കാന്‍ ശ്രമിച്ചു.
അവളെ ചേര്‍ത്തുനിര്‍ത്തി അവളുടെ കൈയിൽ ബലമായി കേവി ആ അഞ്ഞൂറിന്‍റെ നോട്ട് തിരുകി. സ്വപ്നലോകത്തിലെന്നപോലെ അവള്‍ നിറഞ്ഞു ചിരിച്ചു. ആ ചിരിയില്‍ ഞങ്ങള്‍ വല്ലാണ്ടായി.
ഞങ്ങള്‍ക്ക് മുന്നില്‍ അവള്‍ തലകുനിച്ചുനിന്നു.
നിമിഷങ്ങളുടെ മൗനത്തിന് ശേഷം അവള്‍ ആ അഞ്ഞൂറ് രൂപ തിരികെ നീട്ടി പറഞ്ഞു.
‘എനക്ക് പഠിക്കണം സാര്‍. ബുക്കും പുസ്തകങ്ങളും വാങ്കിത്തന്താല്‍ പോതും. കാശ് വേണ്ട.’
അവളുടെ നിഷ്കളങ്കതയില്‍ ഞങ്ങള്‍ വീണ്ടും വല്ലാതായി.
അവള്‍ പറഞ്ഞതത്രയും സത്യമാണെന്നും അതില്‍ തരിമ്പും കളവില്ലെന്നും ഞങ്ങള്‍ക്കറിയാം. അവളെ ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്‌.
ഈ കാശിന് പുസ്തകങ്ങളും ബുക്കും വാങ്ങണമെന്നും നാളെ മുതല്‍ വീണ്ടും സ്കൂളില്‍ പോകണമെന്നും നല്ലവണ്ണം പഠിക്കണമെന്നും പറഞ്ഞ് അവളെ സമാധാനിപ്പിച്ച് ഞങ്ങള്‍ തിരിച്ചയച്ചു. മനസില്ലാമനസോടെ അവള്‍ കാശ് വാങ്ങി, കണ്ണുകളുയര്‍ത്തി ശ്രീകാളഹസ്തിയിലെ ക്ഷേത്രഗോപുരത്തിലെക്ക് നോക്കി.

പിന്നെ യാത്രപറയാതെ അവള്‍ നടന്നകന്നു. അകന്നുപോകുമ്പോള്‍ അവള്‍ ഞങ്ങളെ തിരിഞ്ഞുനോക്കിക്കൊണ്ടേയിരുന്നു. കണ്ണില്‍നിന്നും നടന്ന് മറയുന്നതുവരെ ആ പാവാടക്കാരി കുഞ്ഞുസുന്ദരിയെ ഞങ്ങളും നോക്കി നിന്നു. ഒരു നെടുവീര്‍പ്പിന്‍റെ അന്ത്യത്തില്‍ കേവി പറഞ്ഞു.
‘ഓരോ ജന്മവും ഓരോ നിയോഗങ്ങളാണ്...’
‘ചില യാത്രകളിലും നിയോഗങ്ങളുണ്ട്‌’
ശ്രീകാളഹസ്തി ക്ഷേത്രത്തില്‍ നിന്നും ഉച്ചപൂജയുടെ മണികളുയര്‍ന്നു. ഉച്ചവെയില്‍ കടുത്തു. ക്ഷേത്രഗോപുരങ്ങളില്‍ നിന്നും അമ്പലപ്രാവുകള്‍ ചിറകടിച്ച് പറന്നുയര്‍ന്നു....
രാത്രി നാട്ടിലേക്കുള്ളയാത്രയില്‍ സ്കാനിയയുടെ തണുപ്പിൽ ഭൂരിഭാഗം യാത്രക്കാരും ഉറക്കംപിടിച്ചുകഴിഞ്ഞു. നല്ല യാത്രാ ക്ഷീണമുണ്ടെങ്കിലും അടുത്തടുത്ത സീറ്റുകളില്‍ ഉറക്കം വരാതെയും പരസ്പരം മിണ്ടാതെയും പീജെയും കേവിയും ഞാനും ഇരുന്നു.
സ്കാനിയ ശ്രീകാളഹസ്തിയെയും പിന്നിട്ട് കാതങ്ങള്‍ താണ്ടുകയാണ്. ഞാന്‍ വാച്ചിലേക്ക് നോക്കി.
രാത്രി ഒന്‍പത് മണിയോടടുക്കുന്നു.
ഉഷയിപ്പോള്‍ എന്തുചെയ്യുകയാവും?
വീട്ടിലെ ചിമ്മിനി വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ പഠിക്കയായിരിക്കുമോ?
അല്ലെങ്കില്‍ പുതിയതായി വാങ്ങിയ പുസ്തകങ്ങള്‍ക്ക് പുറംചട്ടയിടുകയായിരിക്കുമോ?
അവളുടെ ഓര്‍മ്മകളില്‍ എവിടെയെങ്കിലും പേരുപോലും അറിയാത്ത ഞങ്ങളുണ്ടാവുമോ?
ഞാന്‍ കേവിയെയും പീജെയെയും നോക്കി. ഞങ്ങളുടെ ഓര്‍മ്മകളില്‍ ആ കുഞ്ഞുപാവാടക്കാരി നിറഞ്ഞുനിന്നു. ചിരിക്കുമ്പോള്‍ കണ്ണീര്‍പാട് വീണ കവിളുകളില്‍ കുഞ്ഞു നുണക്കുഴികള്‍ തെളിഞ്ഞുവരുന്ന പാവാടക്കാരി .
പുതിയ നോട്ട് ബുക്കുകളും പുസ്തകങ്ങളും സഞ്ചിയില്‍ നിറച്ച് ഒരു മഹായുദ്ധം വിജയിച്ചവളെപ്പോലെ നാളെ ഉഷ സ്കൂളിലേക്ക് പോകുന്നത് സ്വപനംകണ്ട് ഞങ്ങള്‍ സീറ്റുകളില്‍ ചാരിക്കിടന്ന് കണ്ണുകളച്ചു.
എക്സ്പ്രസ് ഹൈവേയിലൂടെ സ്കാനിയ പായുകയാണ്.
ദൂരങ്ങളെ താണ്ടി...
കാതങ്ങള്‍ പിന്നിട്ട്...
ഓര്‍മ്മകളെയും പിന്നിലാക്കി..

ഉഷ
D/o. ഏലയ്യ
VI- ബി
ഗവ:യു.പി.സ്കൂള്‍
ശ്രീകാളഹസ്തി
ആന്ധ്രാപ്രദേശ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andhramalayalam newsUshaSrikalahasti
News Summary - Usha explaining Andhra Srikalahasti -India News
Next Story