Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘തമ്മിലടിപ്പിക്കുന്നത്...

‘തമ്മിലടിപ്പിക്കുന്നത് നിർത്തണം’, ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ ഝാർഖണ്ഡിൽ ആദിവാസികളുടെ മഹാറാലി

text_fields
bookmark_border
Tribals Protest against BJP in Ranchi
cancel

റാഞ്ചി: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറും ആർ.എസ്.എസ് ഉൾപ്പെടെയുള്ള തീവ്ര വലതുപക്ഷസംഘടനകളും വോട്ടുബാങ്കിനായി ഗോത്ര സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതിനെതിരെ ആദിവാസി ഏകത പരിഷത്ത് നയിച്ച പടുകൂറ്റൻ റാലി ശ്രദ്ധേയമായി. സംസ്ഥാനത്തെ വിവിധ ആദിവാസി സംഘടനകളാണ് മൊറാബാദി മൈതാനത്ത് പതിനായിരക്കണക്കിനാളുകളെ അണിനിരത്തി വമ്പൻ റാലി സംഘടിപ്പിച്ചത്. പട്ടികവർഗക്കാരനായ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ എൻഫോഴ്സ് ഡയറക്ടേറേറ്റ് കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിലും റാലിയിൽ പ്രതിഷേധമുയർന്നു.

ബി.ജെ.പിയും ആർ.എസ്‍.എസും അതുപോലുള്ള വലതുപക്ഷ തീവ്ര സംഘടനകളും ആദിവാസിക​ളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് റാലിയുടെ കൺവീനറും മുൻ കോൺഗ്രസ് മന്ത്രിയുമായ ബന്ധു ടിർക്കി ആരോപിച്ചു. ‘ശർണ വിശ്വാസികളും അല്ലാത്തവരുമെന്ന് ആദിവാസികളെ ഭിന്നിപ്പിക്കാനുള്ള അജണ്ടകളാണ് ബി.ജെ.പിയും ആർ.എസ്‍.എസും പിന്തുടരുന്നത്. പട്ടിക വർഗ വിഭാഗക്കാരുടെ അസ്തിത്വം ഇല്ലായ്മ ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് അവർ ആസൂത്രിതമായി നടത്തുന്നത്’ -ടിർക്കി ചൂണ്ടിക്കാട്ടി.

എല്ലാ ആദിവാസികളും അവരുടെ വ്യക്തിത്വം സംരക്ഷിക്കുന്നതിനായി പോരാട്ടത്തിനിറങ്ങേണ്ട സമയമാണിത്. മതപരവും സാംസ്കാരികപരവും രാഷ്ട്രീയവുമായ നമ്മുടെ ഐഡന്റിറ്റി കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രചാരണങ്ങളുടെ തുടക്കമാണ് ഈ ബഹുജന കൂട്ടായ്മ. ബി.ജെ.പിയുടെ കെണിയിൽ വീഴാതിരിക്കാൻ നമ്മൾ ബദ്ധശ്രദ്ധരാവേണ്ട സമയം കൂടിയാണിത്’. ഹേമന്ദ് സോറനെ ഗൂഢാലോചന നടത്തി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇല്ലാത്ത കേസുകളിൽ കുടുക്കുന്നത് പട്ടിക വർഗക്കാരൻ മുഖ്യമ​ന്ത്രിയാവുന്നത് ബി.ജെ.പിക്ക് സഹിക്കാനാവില്ലെന്നതിന്റെ ഉദാഹരണമാണെന്നും റാലിയിൽ പ​ങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

സംഘ്പരിവാറിന്റെ ആദിവാസി സംഘടനയായ വനവാസി കല്യാ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത ജൻജതി സുരക്ഷ മഞ്ച് (ജെ.എസ്.എം) ഡിസംബർ 24ന് ഇതേ ഗ്രൗണ്ടിൽ ആദിവാസികളുടെ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ക്രിസ്തുമതത്തിലേക്കും ഇസ്‍ലാം മതത്തിലേക്കും പരിവർത്തനം ചെയ്തവരെ പട്ടിക വർഗ ലിസ്റ്റിൽനിന്ന് നീക്കം ചെയ്യണമെന്ന ആവശ്യമുയർത്തിയായിരുന്നു ആ റാലി. അതിന് മറുപടിയെന്നോണമാണ് പതിന്മടങ്ങ് ജനക്കൂട്ടവുമായി അതേസ്ഥലത്ത് ആദിവാസി ഏകത മഞ്ച് റാലി സംഘടിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JharkhandIndia NewsAgainst BJPTribals Rally
News Summary - Thousands take part in rally against BJP's 'attempts to create rift among tribals'
Next Story