Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഞെട്ടിത്തരിച്ച്...

ഞെട്ടിത്തരിച്ച് വാണിജ്യ ലോകം; നിസ്സഹായരായി സാധാരണക്കാരും

text_fields
bookmark_border
ഞെട്ടിത്തരിച്ച് വാണിജ്യ ലോകം; നിസ്സഹായരായി സാധാരണക്കാരും
cancel

കൊച്ചി: നാലുമണിക്കൂറിന്‍െറ മാത്രം ഇടവേള നല്‍കി രാജ്യത്ത് 500, 1000 രൂപ കറന്‍സികള്‍ ഒറ്റയടിക്ക് പിന്‍വലിച്ചതോടെ വാണിജ്യലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ്. ബാങ്ക് പ്രവൃത്തിസമയം കഴിഞ്ഞതിനുശേഷമുള്ള പ്രഖ്യാപനം സാധാരണക്കാരെ നിസ്സഹായരാക്കുകയും ചെയ്തു. വാണിജ്യ ലോകത്തിനുണ്ടാകുന്ന നഷ്ടം വിലയിരുത്താന്‍ ഇനിയും സമയമെടുക്കും.

അതേസമയം, പ്രമുഖ ബിസിനസ് ഹൗസുകള്‍ക്കെല്ലാം ശതകോടികളുടെ നഷ്ടം സംഭവിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. പലരും പ്രതികരിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലുമാണ്. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ബില്ല് ഇല്ലാതെ ഇടപാട് നടത്തിയ ആഭരണശാലകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരികള്‍, ആധാരത്തില്‍ കാണിച്ച വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് സ്ഥലമിടപാട് നടത്തിയ സാധാരണക്കാര്‍ തുടങ്ങിയവരുടെയെല്ലാം ലക്ഷക്കണക്കിന് രൂപയാണ് കടലാസിന്‍െറ വിലപോലുമില്ലാതായിരിക്കുന്നത്.

നൂറുകണക്കിന് ജ്വല്ലറികളുള്ള വന്‍കിട ജ്വല്ലറി ശാഖകളുടെ ഒറ്റദിവസത്തെ നഷ്ടംതന്നെ കോടികള്‍ കടക്കും. ഒപ്പം, 500ന്‍െറയും ആയിരത്തിന്‍െറയും കറന്‍സികള്‍ മാത്രം കൈവശമുള്ള സാധാരണക്കാരും യാത്രക്കാരുമടക്കമുള്ളവര്‍ അടുത്ത ദിവസങ്ങളില്‍ കുടിവെള്ളം വാങ്ങാന്‍പോലും വഴിയില്ലാതെ നട്ടംതിരിയുകയും ചെയ്യും.

വില്‍പന നികുതി ലാഭിക്കുന്നതിനും മറ്റും ഇടപാടുകാരുടെ ആവശ്യപ്രകാരം ജ്വല്ലറികള്‍ മുതല്‍ ഹാര്‍ഡ്വെയര്‍ കടകളില്‍വരെ ബില്ലില്ലാതെ ഇടപാടു നടത്താറുണ്ടായിരുന്നു. ഇടപാടുകാരുടെ ആവശ്യപ്രകാരം ഇത്തരത്തില്‍ ബില്ലില്ലാതെ കച്ചവടം നടത്തിയവര്‍ കൈയില്‍ വെച്ചിരിക്കുന്ന പണമൊന്നാകെ വിലയില്ലാതായി മാറും. കൈയിലുള്ള തുകക്ക് വ്യാപാരം നടന്നതായി ബില്ല് കാണിച്ച് പണത്തിന്‍െറ ഉറവിടം ബോധ്യപ്പെടുത്തിയാലേ ബാങ്കില്‍നിന്ന് പണം മാറിക്കിട്ടുകയുമുള്ളൂ.

ഗള്‍ഫിലുളള മക്കളും ഭര്‍ത്താക്കന്മാരും മറ്റും ബാങ്കിലൂടെയും മണി എക്സ്ചേഞ്ചുകളിലൂടെയുമല്ലാതെ വീടുകളില്‍ എത്തിച്ച പണത്തിന്‍െറ ഗതിയെന്താകുമെന്ന ആശങ്കയും വ്യാപകമാണ്. ഒട്ടേറെ ഗള്‍ഫ് കുടുംബങ്ങളാണ് വെട്ടിലായിരിക്കുന്നത്. ബാങ്കുവഴിയല്ല പണം വന്നത് എന്നതിനാല്‍  ബാങ്കുകളിലത്തെുമ്പോള്‍ ഉറവിടം വ്യക്തമാക്കാനും കഴിയില്ല. ഇതേ നിസ്സഹായതയിലാണ് മക്കളെ കെട്ടിക്കാന്‍ ഉള്‍പ്പെടെ സ്ഥലം വിറ്റവരും പങ്കുവെക്കുന്നത്.

സ്റ്റാമ്പ് ഡ്യൂട്ടി ലാഭിക്കുന്നതിന്‍െറ ഭാഗമായി പലരും യഥാര്‍ഥ വിലയേക്കാള്‍ കുറച്ചാണ് ആധാരത്തില്‍ രേഖപ്പെടുത്താറും. മക്കളുടെ വിവാഹം, ചികില്‍സ തുടങ്ങിയവക്ക് മൂന്നും നാലും സെന്‍റ് സ്ഥലം വില്‍പന നടത്തിയവരുടെ പക്കല്‍വരെ ലക്ഷങ്ങള്‍ കൈവശമുണ്ടാകും. ഉറവിടം വ്യക്തമാകാത്തതിനാല്‍ അധികൃതരുടെ കണക്കില്‍ ഇതും കള്ളപ്പണമാണ്. ഇങ്ങനെ പണം കൈവശമുള്ളവരും ഒറ്റരാത്രികൊണ്ട് പരമ ദരിദ്രരായ മാറിയിരിക്കുകയാണ്. കൈയിലുള്ള സ്ഥലവും പോയി, കിട്ടിയ പണത്തിനും വിലയില്ലാതായി. വരും ദിവസങ്ങളില്‍ കേരളം പല കുടുംബ ആത്മഹത്യകള്‍ക്കുവരെ സാക്ഷിയാകുമെന്ന് സ്ഥലമിടപാടുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

വാണിജ്യ ലോകത്താണ് ഏറ്റവും വലിയ ഞെട്ടല്‍ പ്രകടമായിരിക്കുന്നത്. നവംബര്‍ 10 മുതല്‍ കൈയിലുള്ള 500, 1000 കറന്‍സി നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റ് ഓഫീസിലും നല്‍കി മാറ്റിയെടുക്കാമെന്ന് വാഗ്ദാനമുണ്ടെങ്കിലും നിലവിലുള്ള അവസ്ഥയില്‍ ബാങ്കുകളില്‍ ഇതിനുള്ള സൗകര്യം എത്രമാത്രം എന്നത് സംബന്ധിച്ച് രൂപമൊന്നുമില്ല. മാത്രമല്ല, ആവശ്യത്തിന് നൂറ് രൂപ കറന്‍സി നോട്ടുകള്‍ ബാങ്കുകളില്‍ എത്രമാത്രം സ്റ്റോക്കുണ്ടാകുമെന്ന് ഉറപ്പുമില്ല.

ഇതോടെ വരുംദിവസങ്ങളില്‍ വ്യാപാരം പാടെ നിന്നുപോകുമെന്നാണ് വിലയിരുത്തല്‍. ഡെബിറ്റ്, ക്രെഡിറ്റ് ബാങ്ക്വഴി ഇടപാട് നടത്താമെന്നാണ് വാഗ്ദാനമെങ്കിലും ഗ്രാമീണ മേഖലകളിലടക്കമുള്ള കടകളില്‍ ഇതിനുള്ള സംവിധാനമൊന്നുമില്ലാതാനും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമൊക്കെ പണിക്കൂലിയായി 500ന്‍െറ നോട്ടുകള്‍ കിട്ടിയ കൂലിപ്പണിക്കാരും ദുരിതത്തിലായി.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതുമുതല്‍തന്നെ കടകളില്‍ 500ന്‍െറ നോട്ട് സ്വീകരിക്കുന്നത് നിര്‍ത്തി. ഇതോടെ അരിവാങ്ങാന്‍പോലും ഗതിയില്ലാത്ത അവസ്ഥയിലായി ഇവര്‍. ബാങ്കുകളില്‍നിന്ന് ഇവ മാറിയെടുക്കാന്‍ ദിവസങ്ങളെടുക്കും. വരും ദിവസങ്ങളില്‍ പണിക്കാര്‍ക്ക് കൂലി നല്‍കാനും മറ്റും ബാങ്കില്‍ നിന്ന് പണമെടുത്ത് വെച്ചവരും വെട്ടിലായി.

കുറേ നാളായി ബാങ്കുകളില്‍ നിന്ന് 500 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കൊന്നും നൂറിന്‍െറ നോട്ട് കിട്ടാറില്ലായിരുന്നു. അതിനാല്‍തന്നെ ഇങ്ങനെ പണമെടുത്ത് വെച്ചവരും കുടുങ്ങി. ഫലത്തില്‍, ഈ നോട്ടുകള്‍ മാറിക്കിട്ടുന്നതുവരെ വീട് നിര്‍മാണ ജോലികള്‍ ഉള്‍പ്പെടെയുള്ളവയും നിലക്കും.

 

പ്രഖ്യാപനം വന്നയുടന്‍ നോട്ടുകള്‍ക്ക് അയിത്തം

കൊച്ചി: പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നയുടന്‍ 500, 1000 രൂപ നോട്ടുകള്‍ക്ക് അയിത്തം. പ്രഖ്യാപനമനുസരിച്ച് ചൊവ്വാഴ്ച അര്‍ധരാത്രിവരെ ഈ നോട്ടുകള്‍ക്ക് പ്രാബല്യമുണ്ടായിരുന്നെങ്കിലും ഇവ വാങ്ങാന്‍ മിക്കവരും കൂട്ടാക്കിയില്ല.

പെട്രോള്‍ പമ്പുകളില്‍ വരും ദിവസങ്ങളിലും 500ന്‍െറ നോട്ടുകള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയെങ്കിലും ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ പെട്രോള്‍ പമ്പുകളില്‍ എത്തിയവരില്‍നിന്ന് 500ന്‍െറ നോട്ട് വാങ്ങി പെട്രോളടിച്ചുകൊടുക്കാന്‍ മിക്ക പമ്പുകാരും തയാറായില്ല. വരും ദിവസങ്ങളിലും തയാറാകില്ളെന്നാണ് സൂചന.

സ്വീകരിക്കുന്ന 500ന്‍െറ നോട്ടുകള്‍ക്ക് കൃത്യമായ റെക്കോഡ് സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. വാഹന നമ്പറടക്കമുള്ളവ കുറിച്ചുവെക്കണം. തിരക്കേറിയ സമയങ്ങളില്‍ ഇത് സാധ്യമാവില്ളെന്നാണ് പമ്പ് ഉടമകളുടെ വിശദീകരണം. മാത്രമല്ല, ഇങ്ങനെ സ്വീകരിക്കുന്ന നോട്ടുകള്‍ ബാങ്കുകളില്‍നിന്ന് എന്ന് മാറിക്കിട്ടുമെന്നും ഉറപ്പില്ല. അത്രയും ദിവസം ഈ പണം ‘ഡെഡ് മണി’യായി സൂക്ഷിക്കേണ്ടിവരുമെന്നും അത് സാധ്യമല്ളെന്നുമാണ് ഇവരുടെ വിശദീകരണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupee emergencyindian economi
News Summary - indian economic world shocked
Next Story