Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ അധ്യായം...

പുതിയ അധ്യായം തുറക്കുമോ?

text_fields
bookmark_border
congress president election
cancel

ന്യൂഡൽഹി: കോൺഗ്രസിൽ കുടുംബാധിപത്യമെന്ന പേരുദോഷം കുറഞ്ഞുകിട്ടും. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് വിവരിച്ച് ഉൾപ്പാർട്ടി ജനാധിപത്യം ഉയർത്തിക്കാട്ടാം. പിന്നാക്ക വിഭാഗക്കാരന് പാർട്ടിയുടെ പരമോന്നത സ്ഥാനം വിട്ടുകൊടുത്തുവെന്ന് അഭിമാനിക്കാം.

ഇതിനെല്ലാമിടയിൽ, നെഹ്റുകുടുംബത്തിന്‍റെ ആശീർവാദത്തോടെ മല്ലികാർജുൻ ഖാർഗെ പ്രസിഡന്‍റാകുന്നതു വഴി കോൺഗ്രസിൽ എന്തൊക്കെ മാറ്റം പ്രതീക്ഷിക്കാമെന്ന ചർച്ചകൾ പാർട്ടിയിലും പുറത്തും സജീവം.

നെഹ്റുകുടുംബത്തിന്‍റെ നിർദേശങ്ങൾപോലും പഴയപോലെ ശിരസാവഹിക്കപ്പെടാത്ത കോൺഗ്രസിലെ സാഹചര്യങ്ങൾക്കിടയിൽ, കോൺഗ്രസിനെ മാറ്റിയെടുക്കാൻ മല്ലികാർജുൻ ഖാർഗെക്ക് എത്രത്തോളം കഴിയും? നിലവിലെ സ്ഥിതി തുടരാനാണെങ്കിൽ എളുപ്പം.

എന്നാൽ, തലമുറകൾ തമ്മിൽ വലിയ വിടവ് നിലനിൽക്കുന്ന, പ്രാദേശികതലത്തിൽ കരുത്തരായ നേതാക്കൾ സംസ്ഥാന കാര്യങ്ങളിൽ കൈകടത്താൻ അനുവദിക്കാത്ത, ദേശീയതലത്തിൽ കോൺഗ്രസിന്‍റെ നേതൃത്വം അംഗീകരിക്കാൻ മറ്റു പ്രതിപക്ഷ പാർട്ടികൾ മടിക്കുന്ന ചുറ്റുപാട് മാറ്റിയെടുക്കുക തുടങ്ങി വലിയ ഉത്തരവാദിത്തങ്ങൾക്കു മുന്നിലാണ് ഖാർഗെ ചെന്നു നിൽക്കുന്നത്.

സ്ഥാനാർഥിത്വത്തിന് ആദ്യം പരിഗണിച്ച അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായ രാജസ്ഥാനിലെ പോര് തീർക്കുന്നതിൽ ഖാർഗെക്ക് എന്തു ചെയ്യാൻ കഴിയുമെന്ന ചോദ്യത്തിൽ തുടങ്ങുന്നതാണ് ഉൾപ്പാർട്ടി സാഹചര്യങ്ങൾ. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശശി തരൂരിന്‍റെ നേതൃത്വത്തിൽ വൈകാതെ ഉയർന്നുവരും.

നെഹ്റുകുടുംബത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന നേതൃനിര ഖാർഗെയെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനാണ് നോക്കുക. പാർട്ടി സംവിധാനം മിക്ക സംസ്ഥാനങ്ങളിലും നിർജീവം; കൊഴിഞ്ഞുപോക്ക് വ്യാപകം. ഇതിനെയെല്ലാം അതിജയിച്ചു വേണം പാർട്ടിക്ക് ഉണർവ് പകരാൻ.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചപ്പോൾ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യം, താനും പ്രിയങ്കയും പ്രചാരണത്തിന് രാജ്യമാകെ ഓടി തളർന്നപ്പോൾ കൂടെ ഓടാൻ എത്ര നേതാക്കൾ ഉണ്ടായിരുന്നുവെന്നാണ്.

മെയ്യനങ്ങാൻ തയാറല്ലാത്ത മുതിർന്ന നേതാക്കളുടെ നിരയെ പടക്കുതിരകളാക്കി തെരഞ്ഞെടുപ്പുകളത്തിൽ വിന്യസിക്കാൻ നെഹ്റുകുടുംബത്തിനുതന്നെ കഴിഞ്ഞില്ല. 2019ൽനിന്ന് കോൺഗ്രസ് കൂടുതൽ മോശമായതല്ലാതെ സംഘടനാസംവിധാനങ്ങൾ മെച്ചപ്പെട്ടില്ല.

18 മാസമാണ് ഇനി പൊതുതെരഞ്ഞെടുപ്പിന് ബാക്കി. ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പുകൾ അരികെയെത്തി. ഇതെല്ലാം നിരായുധനായി നേരിടേണ്ട സ്ഥിതിയിലാണ് ഇപ്പോൾ ഖാർഗെ. പ്രതിപക്ഷ നായകസ്ഥാനത്ത് കോൺഗ്രസിന് മുൻകാല പ്രാമാണ്യം മറ്റു പ്രതിപക്ഷ പാർട്ടികൾ വകവെച്ചുകൊടുക്കുന്നില്ല.

തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ടി.ആർ.എസ് എന്നിവക്കു പുറമെ ജനതാദൾ-യുവും നായകവേഷത്തിന് ശ്രമിക്കുന്നു. അതിനിടയിൽ കോൺഗ്രസിന്‍റെ ഇടവും അന്തസ്സും നിലനിർത്തുക വലിയ വെല്ലുവിളിയാണ്.

നായകസ്ഥാനം നഷ്ടപ്പെടുത്തി മറ്റു പാർട്ടികളെയോ സഖ്യങ്ങളെയോ പിന്തുണക്കുന്ന സമീപനത്തിലേക്കു നീങ്ങിയാൽ കോൺഗ്രസിൽനിന്ന് ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടിവരുന്നതും ഖാർഗെക്കായിരിക്കും. പരിധി വിട്ട് ഓടിനടക്കാൻ പ്രായം അനുവദിക്കാത്തതും കർണാടകക്കാരനെന്ന നിലയിൽ ദേശീയ സ്വീകാര്യത വേണ്ടത്ര ഇല്ലാത്തതും ഖാർഗെയുടെ പരിമിതികളാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president electiondemocracycongress
News Summary - Congress Amidst Constraints
Next Story