Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസോറിയാസിസ്: പകരില്ല,...

സോറിയാസിസ്: പകരില്ല, ചികിത്സ വേണം

text_fields
bookmark_border
സോറിയാസിസ്: പകരില്ല, ചികിത്സ വേണം
cancel

ചർമപാളികൾ അസാധാരണമായി ഇരട്ടിക്കുന്ന അവസ്ഥയാണ് സോറിയാസിസ്. ചർമത്തെ ബാധിക്കുന്ന സങ്കീർണമായ ഒരു ദീർഘകാല രോഗാവസ്ഥ. വളരെ സമയമെടുത്താണ് സോറിയാസിസ് ഒരാളിൽ രൂപപ്പെടുന്നത്. ചർമത്തിൽ പാടുകളും ചൊറിച്ചിലും ഇതുമൂലം അനുഭവപ്പെടും. കൈമുട്ടുകൾ, കാൽമുട്ടുകൾ, ശരീരത്തിന്റെ പിൻവശം, ശിരോചർമം എന്നിവിടങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്‌. ചർമത്തിൽ നിറവ്യത്യാസം, ചൊറിച്ചിൽ, തൊലി കട്ടികൂടിയിരിക്കുക, ചർമത്തിൽ ചെതുമ്പൽ പോലെ രൂപപ്പെടുക, ചുവപ്പ് നിറത്തിലുള്ള കുമിളകൾ രൂപപ്പെടുക, ഉപ്പൂറ്റിയിലും കൈവെള്ളയിലും വിള്ളലുകൾ എന്നിവ സോറിയാസിസിന്റെ ലക്ഷണങ്ങളിൽ ചിലതാണ്‌.

40 വയസ്സിന് മുകളിലുള്ള ആളുകളിലാണ് കൂടുതലായി സോറിയാസിസ് കണ്ടുവരുന്നത്. എന്നാൽ, ഏതു പ്രായത്തിലും ഈ അവസ്ഥ അനുഭവപ്പെടാം. പാരമ്പര്യ ഘടകങ്ങൾമൂലം സോറിയാസിസ് ബാധിക്കുന്നവരിൽ ചെറിയ പ്രായത്തിൽതന്നെ ലക്ഷണങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്. കാലാവസ്ഥയിലെ മാറ്റം, മറ്റേതെങ്കിലും അണുബാധ, മാനസിക സമ്മർദം, ശാരീരിക സമ്മർദം എന്നിവയും സോറിയാസിസിന് കാരണമാകാറുണ്ട്. പുകവലി, മദ്യപാനം തുടങ്ങിയവയുടെ ഉപയോഗം, സ്റ്റിറോയിഡ് മരുന്നുകളുടെ ഉപയോഗം എന്നിവയും രോഗാവസ്ഥക്ക് വഴിവെക്കാറുണ്ട്. സോറിയാസിസ് രോഗികളായ ഗർഭിണികളിൽ ഗർഭ കാലഘട്ടത്തിൽ രോഗാവസ്ഥ കുറയുകയും പ്രസവ ശേഷം ഇത് തിരികെ വരുകയും ചെയ്യും. ചർമപാളികളിൽ ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ ഉണ്ടെങ്കിൽ ആ ഭാഗത്ത് സോറിയാസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്. വിവിധ തരത്തിലുള്ള സോറിയാസിസ് വിഭാഗങ്ങളുണ്ട്. ഓരോന്നും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നത്.

ക്രോണിക് പ്ലാക് സോറിയാസിസ്: ഏറ്റവും കൂടുതൽ കണ്ടുവരുന്ന സോറിയാസിസ് വിഭാഗം. ശരീരത്തിന്റെ പല ഭാഗങ്ങളിൽ ചുവന്ന നിറത്തിൽ കാണപ്പെടുന്നതാണിത്. ഇതിന് മുകളിൽ വെള്ളിനിറത്തിലുള്ള പാടുകളും കാണാൻ കഴിയും.

ഗട്ടെറ്റ് സോറിയാസിസ്: ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകുന്നതാണ് ഗട്ടെറ്റ് സോറിയാസിസിന് കാരണം. ഇത് താൽക്കാലികമായി മാത്രമേ അനുഭവപ്പെടാറുള്ളൂ. സാധാരണ 15-20 പ്രായത്തിലുള്ളവരിലാണ് കണ്ടുവരുന്നത്‌.

പസ്റ്റുലർ സോറിയാസിസ്: ശരീര ഭാഗങ്ങളിൽ ചെറിയ കുമിളകൾ രൂപപ്പെട്ട് അതിൽ പഴുപ്പ് നിറയുന്ന അവസ്ഥയാണ് പസ്റ്റുലർ സോറിയാസിസ്. കൃത്യമായി ചികിത്സ തേടിയില്ലെങ്കിൽ ഇത് ഗുരുതരമാകും.

എറിത്രോ ഡെർമിക് സോറിയാസിസ് : ശരീരം മുഴുവൻ തൊലി അടർന്നുപോകുന്ന അവസ്ഥയാണിത്. കൈകാലുകളിൽ കടുത്ത വീക്കവും ചൊറിച്ചിലും ഉണ്ടാകും. ഇതാണ് ഏറ്റവും ഗുരുതരമായ സോറിയാസിസ് വിഭാഗം. ഏതൊരു വിഭാഗം സോറിയാസിസും തെറ്റായ ചികിത്സരീതി കാരണം എറിത്രോ ഡെർമിക് സോറിയാസിസായി രൂപപ്പെടാം. സ്വയം ചികിത്സ ഈ അവസ്ഥ ഗുരുതരമാക്കും.

ഇൻവെർസ് സോറിയാസിസ്‌: ശരീരത്തിന്റെ ഇടുങ്ങിയ ഭാഗങ്ങളിലാണ് ഇത് കണ്ടുവരുന്നത്. കക്ഷം, തുടയിടുക്ക്, സ്തനങ്ങളുടെ താഴ്ഭാഗം, കൈകാൽ മടക്കുകൾ, കുടവയറുള്ളവരിൽ വയറിന്റെ അടിഭാഗം തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണ അനുഭവപ്പെടുന്നത്.

നെയിൽ സോറിയാസിസ്‌: നഖങ്ങളിൽ ചെറിയ കുത്തുകൾ പോലെ രൂപപ്പെടുകയും പല തരത്തിലുള്ള രൂപ വ്യത്യാസങ്ങൾ അനുഭവപ്പെടുകയും ചെയ്യും. നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകുന്നതും നിറവ്യത്യാസവും ഇതിന്റെ ലക്ഷണമാണ്. ചികിത്സിച്ചില്ലെങ്കിൽ നഖം അടർന്നുപോകുന്ന അവസ്ഥയുണ്ടാകും. ശരീരത്തിൽ സോറിയാസിസുള്ള 20 ശതമാനം പേരിലും നഖങ്ങളിലും സോറിയാസിസ്‌ കണ്ടുവരുന്നുണ്ട്. ഇവ കൂടാതെ സോറിയാറ്റിക് ആർ​ത്രൈറ്റിസ് എന്ന അവസ്ഥയും ചിലരിൽ കണ്ടുവരാറുണ്ട്. ശരീരത്തിലെ സന്ധികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്‌. പ്രധാനമായും വിരലുകളിലെ സന്ധികളിലാണ് ബാധിക്കുന്നത്. സന്ധികളിൽ വേദന അനുഭവപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം.

എങ്ങനെ നിയന്ത്രിക്കാം?

ജീവിതശൈലി മെച്ചപ്പെടുത്തുന്നത് ഒരു പരിധി വരെ സോറിയാസിസ് നിയന്ത്രിക്കാൻ സഹായിക്കും. ലഹരി ഉപയോഗം ഒഴിവാക്കുന്നതും ഓമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെറുമത്സ്യങ്ങൾ, മീനെണ്ണ ഗുളിക എന്നിവ കഴിക്കുന്നതും ഗുണം ചെയ്യും. ഇതോടൊപ്പം ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കണം. യോഗർട്ട് പതിവായി കഴിക്കുന്നത് നല്ലതാണ്. അതേസമയം, കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങൾ തീർത്തും ഒഴിവാക്കാൻ ശ്രദ്ധിക്കണം.

രണ്ടു നേരവും കുളി കഴിഞ്ഞ ശേഷം മൊയിസ്ചറൈസർ പുരട്ടുന്നത് ഗുണം ചെയ്യും. ഇതോടൊപ്പം ശരീരം മുഴവൻ ശുദ്ധമായ വെളിച്ചെണ്ണ തേച്ചു കുളിക്കുന്നതും അവസ്ഥ ഗുരുതരമാക്കാതിരിക്കാൻ സഹായിക്കും.

നിയന്ത്രിതമായ രീതിയിൽ വെയിലേൽക്കുന്നത് സോറിയാസിസ് കുറക്കാൻ സഹായിക്കും. എന്നാൽ, ചിലരിൽ ഇത് വിപരീത ഫലം ചെയ്യും. അതിനാൽ പാർശ്വഫലങ്ങളില്ലാത്ത രീതിയിൽ ഫോട്ടോ തെറപ്പി ചെയ്യുന്നത് വലിയ ആശ്വാസം നൽകും.

പ്രാരംഭഘട്ടത്തിൽതന്നെ ചികിത്സ ഉറപ്പാക്കുന്നത് ഏത് തരത്തിലുള്ള സോറിയാസിസും നിയന്ത്രിക്കാൻ സഹായിക്കും. ഇതോടൊപ്പം കൃത്യമായി ഫോളോഅപ് ചെയ്യേണ്ടതും അനിവാര്യമാണ്.

പകരുമെന്ന ഭയം വേണ്ട

സോറിയാസിസ് ഒരിക്കലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാറില്ല. എന്നാൽ, പലപ്പോഴും തെറ്റായ ധാരണമൂലം രോഗം ബാധിച്ചവരെ അകറ്റിനിർത്തുന്ന പ്രവണതയുണ്ട്. രോഗികൾക്ക് കുടുംബാംഗങ്ങളിൽനിന്ന് പിന്തുണ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PsoriasisHealth News
News Summary - Health News-Psoriasis
Next Story