Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightവേനല്‍ക്കാല രോഗങ്ങളെ...

വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക

text_fields
bookmark_border
വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
cancel

മഞ്ഞപ്പിത്തം, ചിക്കന്‍ പോക്സ്, ചെങ്കണ്ണ്, വയറിളക്കം, ത്വഗ്രോഗങ്ങള്‍ എന്നിവയാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന വേനല്‍ക്കാല രോഗങ്ങള്‍. ഇവയുടെ ലക്ഷണങ്ങളും ഇവ വരാതിരിക്കാനുള്ള മുന്‍കരുതലും എന്തൊക്കെയാണെന്ന് നോക്കാം.

മഞ്ഞപ്പിത്തം
കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കാണപ്പെടുന്ന രോഗമാണ് മഞ്ഞപ്പിത്തം. ഇത് കരളിനെയാണ് കൂടുതലായി ബാധിക്കുന്നത്. കരള്‍ സംബന്ധമായ എല്ലാ രോഗങ്ങളുടെയും ലക്ഷണമായി മഞ്ഞപ്പിത്തത്തെ കണ്ടുവരുന്നു. വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് ഈ രോഗം പടര്‍ന്നുപിടിക്കുന്നത്. പ്രധാനമായും ചില വൈറസുകളാണ് മഞ്ഞപ്പിത്ത ബാധക്കു കാരണം. ഹെപ്പറ്റൈറ്റിസ് ഗണത്തില്‍പ്പെട്ടവൈറസുകളാണ് ഇവ.

മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും രക്തത്തിലൂടെയും പകരുന്ന വിവിധ തരം മഞ്ഞപ്പിത്തമുണ്ട്.

  • കടുത്ത ക്ഷീണം,
  • പനി,
  • ഛര്‍ദ്ദി,
  • വിശപ്പില്ലായ്മ,
  • തലക്കറക്കം,
  • മൂത്രത്തിനും കണ്ണുകള്‍ക്കും മഞ്ഞനിറം എന്നിവയാണ് പ്രാഥമികമായി കണ്ടുവരുന്ന പൊതുലക്ഷണങ്ങള്‍.

അണുമുക്തമാണെന്ന് ഉറപ്പുള്ള ആഹാരവും പാനിയങ്ങളും മാത്രം കഴിക്കുകയും ശുചിത്വം പാലിക്കുകയുമാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗം.

  • തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനങ്ങള്‍ തടയുക,
  • വീടും പരിസരവും വൃത്തിയാക്കുക,
  • കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക,
  • കക്കൂസുകളുടെ സെപ്റ്റിക് ടാങ്കിനോട് ചേര്‍ന്ന് കിണറുകള്‍ നിര്‍മിക്കാതിരിക്കുക,
  • ആഹാര സാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക,
  • ശരീരശുചിത്വം പരമാവധി പാലിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞപ്പിത്തം വരുന്നത് തടയാം.

രോഗം പിടിപെട്ടാല്‍ രോഗിക്ക് സമ്പൂര്‍ണ വിശ്രമം നല്‍കേണ്ടതും ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതുമാണ്. ധാരാളം വെള്ളം കുടിക്കുക, ദഹിക്കാന്‍ എളുപ്പമുള്ള ആഹാരം കഴിക്കുക, പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ രോഗശമനം വേഗത്തിലാക്കും. രോഗപ്രതിരോധത്തിന് ഫലപ്രദമായ വാക്സിനുകള്‍ ഇന്ന് ലഭ്യമാണ്.

ചിക്കന്‍ പോക്സ്
ചൊള്ള, പൊട്ടി എന്നുതുടങ്ങി വിവിധ പേരില്‍ അറിയപ്പെടുന്ന ചിക്കന്‍ പോക്സ് വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമാണുണ്ടാവുന്നത്. വേനല്‍ക്കാലത്താണ് ഈ രോഗം കൂടുതലായി പടര്‍ന്നുപിടിക്കുന്നത്. തുടക്കത്തില്‍ അപകടകാരിയെല്ലങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാവാന്‍ സാധ്യതയുണ്ട്. കുഞ്ഞുങ്ങള്‍, പ്രായമേറിയവര്‍, പ്രമേഹരോഗികള്‍ എന്നിവര്‍ക്ക് രോഗം പിടിപെട്ടാല്‍ കൂടുതല്‍ കരുതല്‍ വേണം. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കില്‍ ചിക്കന്‍ പോക്സ് ന്യൂമോണിയയായി മാറാനും സാധ്യതയുണ്ട്. ദേഹത്ത് കുമിളകളായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. വായുവിലൂടെ ശരീരത്തില്‍ കടക്കുന്ന വൈറസിെൻറ പ്രവര്‍ത്തന ഫലമായാണ് ശരീരത്തില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ഇത് പിന്നീട് ദ്രവം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യുന്നത്. രോഗികളുമായുള്ള സമ്പര്‍ക്കംമൂലം രോഗം മറ്റുള്ളവരിലേക്കും പകരാന്‍ സാധ്യതയേറെയാണ്.

  • പനിക്കൊപ്പം ഛര്‍ദ്ദി,
  • തലവേദന,
  • കടുത്ത ശരീരവേദന,
  • തലകറക്കം,
  • ക്ഷീണം,
  • ശരീരത്തില്‍ അസ്സഹനീയ ചൊറിച്ചില്‍,
  • വിശപ്പില്ലായ്മ തുടങ്ങിയവയാണ്  പ്രധാന ലക്ഷണങ്ങള്‍.

രോഗം പിടിപെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. ചിക്കന്‍ പോക്സിന് ഫലപ്രദമായ ഒൗഷധങ്ങള്‍ ഇന്ന് ലഭ്യമാണ്.

രോഗിയില്‍നിന്ന് അകലം പാലിക്കുക, രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക എന്നിവ മുന്‍കരുതലായി സ്വീകരിക്കേണ്ടതാണ്.  ഒരു തവണ വന്നാല്‍ പിന്നീട് രോഗം വരാനുള്ള സാധ്യത കുറവാണെങ്കിലും അപൂര്‍വം ചിലരില്‍ വീണ്ടും രോഗം വരാറുണ്ട്. കുത്തിവെപ്പിലൂടെ ചിക്കന്‍ പോക്സിനെ പ്രതിരോധിക്കാം.

ചെങ്കണ്ണ്
വേനെലത്തുന്നതോടെ ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. വൈറസുകളും ബാക്ടീരിയകളും രോഗകാരണമാകാറുണ്ട്.

  • കണ്ണിനു ചുവപ്പുനിറം,
  • കഠിനമായ ചൊറിച്ചില്‍,
  • വേദന,
  • കണ്‍പോളകള്‍ തടിച്ചുവീര്‍ക്കുക,
  • കണ്ണില്‍നിന്ന് വെള്ളം വരുക എന്നിവയാണ് പൊതു ലക്ഷണങ്ങള്‍.

രോഗം വന്നാല്‍ നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടണം. രോഗമുള്ളവരുടെ അടുത്ത് പോകാതിരിക്കുക, കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നിവയാണ് മുന്‍കരുതലുകള്‍.

വയറിളക്കം
പ്രധാനമായും ജലത്തിലൂടെ പകരുന്ന രോഗമാണ് വയറിളക്കം. അനിയന്ത്രിതമായ മലവിസര്‍ജനമാണ് പ്രധാന രോഗലക്ഷണം. ആമാശയത്തിലെ അണുബാധ, ഭക്ഷ്യവിഷബാധ, അലര്‍ജി തുടങ്ങിയവയാണ് രോഗകാരണം. മലിന ജലം, ആഹാരം എന്നിവയിലൂടെയാണ് പലപ്പോഴും രോഗം പിടിപെടുന്നത്. ഈച്ചയും ഈ രോഗത്തിന് കാരണമാകുന്നു.

തുടര്‍ച്ചയായ മലവിസര്‍ജനം ശരീരത്തിലെ ജലാംശത്തിെൻറ അളവ് കുറക്കുകയും നീര്‍ജലീകരണം എന്ന മാരകാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. വയറിളക്കത്തോടൊപ്പം ഛര്‍ദ്ദിയുമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് രോഗിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കേണ്ടതാണ്. വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയ മൂലമുണ്ടാവുന്ന കോളറയും ഈ ഗണത്തില്‍പെട്ട മാരകരോഗമാണ്. നേരത്തേ നിയന്ത്രിച്ചുനിര്‍ത്തിയിരുന്ന കോളറ, അടുത്ത കാലത്തായി വീണ്ടും ഭീഷണിയുയര്‍ത്തി തുടങ്ങിയിട്ടുണ്ട്.

  • തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക,
  • ഭക്ഷണസാധനങ്ങള്‍ വേവിച്ചുമാത്രം കഴിക്കുക,
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക,
  • ആഹാരസാധനങ്ങള്‍ അടച്ചുവെക്കുക എന്നിവയാണ് മുന്‍കരുതലുകള്‍.

സൂര്യാതപം
കടുത്ത വേനലില്‍ സൂര്യരശ്മികള്‍ ശരീരത്തില്‍ നേരിട്ട് പതിക്കുന്നതുമൂലം ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാതപം. അള്‍ട്രാവയലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാതപത്തിന് കാരണമാവുന്നത്. കഠിനമായ വെയിലത്ത് ദീര്‍ഘനേരം ജോലിചെയ്യുകയും കളിക്കുകയും ചെയ്യുന്നവര്‍ക്ക് സൂര്യാതപമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. സൂര്യാതപമേറ്റാല്‍ ഉടന്‍ തീവ്രപരിചരണം ലഭിച്ചില്ലെങ്കില്‍ മരണം പോലും സംഭവിക്കാം. തുറസ്സായ സ്ഥലത്ത് വെയിലത്ത് നില്‍ക്കുന്ന കുട്ടികളിലും പ്രായമേറിയവരിലും സൂര്യാതപം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

  • കടുത്തക്ഷീണം,
  • ബോധക്ഷയം,
  • ശ്വാസതടസ്സം,
  • തൊലിപ്പുറത്ത് പൊള്ളല്‍,
  • കരുവാളിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍.

കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരികതാപനില ക്രമാതീതമായി ഉയരുന്നതുമൂലം ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരുകയും തുടര്‍ന്ന് തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. സൂര്യാതപമേറ്റാല്‍ രോഗിയെ ഉടന്‍ തണലത്തേക്ക് മാറ്റിക്കിടത്തുക, തണുത്തവെള്ളം ധാരാളം കുടിപ്പിക്കുക, നനഞ്ഞ തുണികൊണ്ട് ശരീരം പുതപ്പിക്കുക തുടങ്ങിയ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം ഉടന്‍ ആശുപത്രിയിെലത്തിച്ച് കൂടുതല്‍ ചികിത്സ നല്‍കേണ്ടതാണ്. കടുത്ത വെയിലുള്ള സമയത്ത് പുറത്തിറങ്ങാതിരിക്കലാണ് സൂര്യാതപത്തെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunburnhepatitisdiarrheared eye disease
News Summary - summer illness
Next Story