സൗദി യാത്രാവിലക്ക്: യു.എ.ഇയിൽ കുടുങ്ങിയത് നൂറുകണക്കിന് മലയാളികൾ
text_fieldsദുബൈ: യു.എ.ഇയിൽനിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ അപ്രതീക്ഷിത വിലക്ക് പ്രഖ്യാപിച്ചതോടെ നൂറുകണക്കിന് മലയാളികളും മറ്റ് രാജ്യക്കാരും കുടുങ്ങി. ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാവിലക്കുള്ളതിനാൽ യു.എ.ഇ വഴി യാത്രചെയ്യാനെത്തിയവരാണ് ദുരിതത്തിലായത്. ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികളും തങ്ങുന്നത്. റോഡ് മാർഗം പോകാൻ ശ്രമിച്ചവരെ അതിർത്തിയിൽ തടഞ്ഞു. എന്നുവരെയാണ് യാത്രാവിലക്ക് എന്ന് വ്യക്തമാക്കാത്തതിനാൽ ഇവർ അനിശ്ചിതാവസ്ഥയിലാണ്.
സൗദി, കുവൈത്ത് എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നവർ യു.എ.ഇയിൽ 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇതു പ്രകാരമാണ് മലയാളികൾ അടക്കമുള്ളവർ യു.എ.ഇയിൽ എത്തിയത്. 60,000 മുതൽ ലക്ഷം രൂപ വരെയുള്ള പാക്കേജിലാണ് യു.എ.ഇയിൽ എത്തിയത്. യു.എ.ഇയിലേക്കും ഇവിടെനിന്ന് സൗദിയിലേക്കുമുള്ള ടിക്കറ്റ്, 15 ദിവസത്തെ താമസം, ഭക്ഷണം, വിസ, കോവിഡ് ടെസ്റ്റ് എന്നിവ പാക്കേജിൽ ഉൾപെട്ടിരുന്നു.
പലരുടെയും പാക്കേജിെൻറ കാലാവധി ഇന്ന് അവസാനിച്ചു. ഇവർ ഇന്നു മുതൽ സ്വന്തമായി വാടക നൽകി ഹോട്ടലിൽ മുറിയെടുക്കേണ്ടി വരും. ഭക്ഷണച്ചെലവ് വേറെയും. ദുബൈയിൽ തങ്ങണമെങ്കിൽ ദിവസവും നല്ലൊരു തുക ചെലവാകും. യു.എ.ഇയിലെ വിസിറ്റിങ് വിസയുടെ കാലാവധി അവസാനിക്കുമെന്ന ആശങ്കയുമുണ്ട്. എത്ര ദിവസത്തേക്കാണ് വിലക്ക് എന്ന് അറിയാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനാണ് പലരുടെയും തീരുമാനം. ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ സൗദി വിസയുടെയും ഇഖാമയുടെയും കാലാവധി കഴിയുന്നവരുമുണ്ട്. കുവൈത്തിലേക്ക് യാത്രചെയ്യേണ്ടവരും യു.എ.ഇയിൽ തങ്ങുന്നുണ്ട്. കുവൈത്തും വിലക്കേർപ്പെടുത്തുമോ എന്ന ആശങ്കയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.