മണലാര്യണ്യത്തിൽ ഗുൽമോഹർ പൂക്കാലം
text_fieldsകത്തിജ്വലിക്കുന്ന വേനലിൽ കുളിർക്കാഴ്ച്ചയായി അറേബ്യൻ മണ്ണിലെ വഴിയോരങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുകയാണ് ഗുൽമോഹർ മരങ്ങൾ. യു.എ.ഇ യിലെ റോഡുകളും തെരുവീഥികളും പാര്‍ക്കുകളും മറ്റ് പൊതുസ്ഥലങ്ങളിലുമെല്ലാം ഗുൽമോഹർ ചുവപ്പിന്റെ സൗന്ദര്യം തളിർത്ത് നിൽക്കുന്നു. ഏഷ്യന്‍-ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് തുടങ്ങുന്ന ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും, ആസ്ട്രേലിയയില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ഗുല്‍മോഹര്‍ പൂക്കും കാലമാണ്. പൂക്കള്‍ പൊഴിഞ്ഞ് വഴിയോരങ്ങളില്‍ ചുവപ്പ് നിറയുന്ന കാലം. മരം നിറയെ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ ദിവസങ്ങളോളം കൊഴിയാതെ നിൽക്കുമെന്നതാണ് സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത്. വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ പൊഴിയുകയും ചെയ്യും. കടുത്ത വേനലിൽ തണലേകുന്ന മരം കൂടിയാണ് ഇലകളും പൂക്കളും നിറഞ്ഞു നിൽക്കുന്ന ഇവ.
വേനൽ കാലത്ത് കേരളത്തിലെ വനാന്തരങ്ങളിലും പാതയോരങ്ങളിലും പൂത്തു നിൽക്കുന്ന ഗ്രീഷ്മ സുന്ദരികൾ എന്നറിയപ്പെടുന്ന അഞ്ചിനം പൂമരഗണങ്ങളിൽ പ്രധാനിയാണ് ഗുൽമോഹർ. വാക മരമെന്നും അലസിപ്പൂമരമെന്നും മെയ് മാസ പുഷ്പമെന്നും മദിരാശി മരമെന്നുമൊക്കെ പേരിട്ടു വിളിക്കുന്ന വൃക്ഷത്തിലാണ് ഗുല്‍മോഹര്‍ പൂക്കളുണ്ടാവുന്നത്. ഫ്ലംബോയന്റ് ട്രീ, പീക്കോക് ഫ്ലവർ, ഫ്ളൈയിം ഓഫ് ദ ഫോറസ്റ്റ് എന്നൊക്കെ ഇതിന് പുറം രാജ്യങ്ങളിൽ വിളിപ്പേരുണ്ട്. കടുംപച്ച നിറത്തിലുള്ള ഇലകൾക്കിടയിൽ രക്തവർണ്ണം വാരിവിതറുമ്പോലെ ചുവപ്പും ഓറഞ്ചും നിറം കലര്‍ന്ന് കുലകളായി വിടരുന്ന വാകപ്പൂക്കളുടെ ദൃശ്യഭംഗി ലോകത്ത് മറ്റൊരു മരവും നൽകുന്നില്ലത്രെ. രാജ്യത്തുടനീളം പന്തലിച്ചു നിൽക്കുന്ന പൂക്കൾ കണ്ണിന് കുളിരു പകരുന്ന കാഴ്ച്ച സമ്മാനിക്കുന്നു. ഉഷ്ണമേഖല,സമശിതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന ഗുൽമോഹർ മരങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഡഗാസ്കര്‍ എന്ന ആഫ്രിക്കന്‍ ദ്വീപ് പ്രദേശങ്ങളിലാണ് ആദ്യമായി കണ്ടെത്തുന്നത്. ഡെലോനിക്സ് റീജിയ എന്നതാണ് ശാസ്ത്രീയനാമം. സസ്യശാസ്ത്രജ്ഞനായ വെൻസൽ ബോജറാണ് ഈ പുഷ്പ വൃക്ഷം കണ്ടെത്തുന്നത്. പൂന്തോട്ടങ്ങളും മറ്റും അലങ്കരിക്കുന്നതിന് പുറമെ തണൽ മരമായും വ്യാപകമായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇന്ത്യയില്‍ ഗുല്‍മോഹര്‍ മരങ്ങള്‍ വളരാന്‍ തുടങ്ങിയിട്ട് 100 വര്‍ഷത്തോളമായെന്നാണ് പറയപ്പെടുന്നത്.
ഉഷ്ണമേഖലാ പ്രദേശങ്ങളിലെ വളക്കൂറുള്ള മണ്ണുപോലെതന്നെ അല്പം ഉപ്പുരസം കലര്‍ന്ന ഗള്‍ഫ് നാടുകളിലെ മണ്ണും വളർച്ചക്ക് പറ്റും എന്നു തെളിയിക്കുന്നു ഈ നാടുകളില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ഗുൽമോഹർ മരങ്ങള്‍.പരമാവധി 10-15 മീറ്ററിലധികം ഉയരത്തിലേക്ക് ഈ വൃക്ഷം വളരാറില്ല. അത്രയുമായാല്‍ പിന്നെ മുകൾ ചില്ലകൾ പരന്നു പന്തലിക്കും.ഇലകള്‍ വളരെ ചെറുതാണ്. ഓറഞ്ചും ചുവപ്പും കലർന്ന നിറവും സ്പൂണിന്റെ അകൃതിയുമാണ് പൂക്കൾക്ക് . വേരുകള്‍ ആഴത്തിലേക്കു പോകുന്നവയല്ല. ചുവട്ടില്‍ തന്നെ വ്യാപിച്ചു നില്ക്കും. അതുകൊണ്ട് ഗുല്‍മോഹറിന്റെ ചുവട്ടില്‍ മറ്റ് ചെടികള്‍ വളരാനുള്ള സാധ്യത കുറവാണ്. തോടോടു കൂടിയ കായ നീണ്ടു പരന്നതാണ്. വിത്തു നട്ട് മുളപ്പിച്ചുണ്ടാകുന്ന തൈകളും കമ്പുകളും കൊണ്ട് ഇവ വളർത്താം. നാല് വർഷം കൊണ്ടുതന്നെ പൂക്കും. ഡിസംബർ മാസത്തോടെ ഇലപൊഴിക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തുടങ്ങുന്ന പൂക്കാലം ഓഗസ്റ്റ് വരെ നീളും. വേഗം വളരുന്ന മൊട്ടുകള്‍, നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വളര്‍ച്ചപ്രാപിക്കുന്നു. രാത്രികാലങ്ങളിലാണ് ഒരു പൂവ് പൂര്‍ണ്ണമായും വിടരുന്നത്. പൂവിന് പ്രത്യേകത പറയത്തക്ക ഗന്ധമൊന്നുമില്ല. ചുവപ്പു വാക കൂടാതെ മഞ്ഞവാക എന്ന മറ്റൊരു വിഭാഗവും ഇവിടെ സാധാരണമാണ്. കേരളത്തിലും ഇവ ധാരാളമായുണ്ട്.
വേനല്‍ക്കാലത്ത് ഗള്ഫുനാടുകളിലെത്തുന്ന സഞ്ചാരികളെ ആദ്യം ആകര്ഷിക്കുന്നയൊന്ന് ഗുല്‍മോഹര്‍ പൂക്കളാണ്. സഞ്ചരികളുടെ ഫോട്ടോകളിലും ചുവപ്പൻ പൂക്കളുടെ പാശ്ചാത്തലമാണ്. വെല്ലുവിളി നിറഞ്ഞ വരണ്ട കാലാവസ്ഥയിലും കണ്ണിനു കുളിർമയും വിശ്രമത്തിന് തണലും നൽകി രാജ്യത്ത് പച്ചപ്പൊരുക്കുന്നതിൽ ശ്രദ്ധാലുക്കളാണ് ഭരണകൂടം എന്നതാണ് ശ്രദ്ധേയം. ദുബൈയാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. ഗുൽമോഹർ മരങ്ങളടക്കം എല്ലാ ചെടികളെയും മരങ്ങളെയും സംരക്ഷിക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ ദുബൈ അധികൃതർ ഒരുക്കിയിട്ടുണ്ട്. ദീർഘവീക്ഷണത്തോടെ മുനിസിപാലിറ്റി നടപ്പിലാക്കുന്ന പദ്ധതികളാണ് നഗരത്തെ എപ്പോഴും സുന്ദരമായി നിലനിർത്തുന്നത്. നഗരത്തിലെ 42 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് ഹരിത പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
വിശ്വാസത്തിന്റെ പവിത്രത
കുരിശിലേറിയ യേശുവിന്റെ രക്തം പടർന്നാണ് ഗുൽമോഹർ പൂക്കൾ ചുവപ്പണിഞ്ഞത് എന്നാണ് ക്രിസ്തീയ സമൂഹം വിശ്വസിക്കുന്നത്. കുരിശിന് ചുവട്ടിലായി രാജകീയ പോയിന്‍സിയാന മരമുണ്ടായിരുന്നെന്നും യേശുവിന്റെ വിശുദ്ധരക്തം മരത്തില്വിരിഞ്ഞ പൂക്കളില്‍ ചൊരിയപ്പെട്ടാണ് രക്തവര്ണമായതെന്നുമാണ് വിശ്വാസം. ഹിന്ദു സിക്ക് ബുദ്ധ മതസ്ഥരുടെ ആരാധനാ പൂജാ ചടങ്ങുകൾക്കിടയിലും ഗുൽമോഹർ പൂക്കൾ സ്ഥാനം പിടിക്കാറുണ്ട്.
ഗൃഹാതുരവും പ്രണയവും സൗഹൃദവും ഓർമിപ്പിക്കുന്നു
മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ നല്ലോർമ്മകൾ മനസ്സിലേക്കെത്തിക്കുന്നവയാണ് ഗുൽമോഹർ പൂക്കള്‍. കേരളത്തിൽ വാകമരങ്ങള്‍ തണല്‍ വിരിക്കാത്ത കലാലയ മുറ്റങ്ങള്‍ വിരളമാണെന്ന് വേണം പറയാൻ. ആശുപത്രികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും വളപ്പുകളിൽ തണൽ വിരിച്ചു നിൽക്കുന്ന ഇത്തരം മരങ്ങൾ ഗൾഫിൽ പ്രവാസിക്ക് നാട്ടോർമ്മകൾ സമ്മാനിക്കുന്നു.
കാലങ്ങളായി മലയാളികളുടെ പ്രണയസങ്കല്പങ്ങളിലും ഗുല്‍മോഹര്‍ പൂക്കള്‍ക്ക് സ്ഥാനമുണ്ട്. പാതയോരങ്ങളെ പ്രണയാതുരമാക്കുകയാണ് ഗുൽമോഹർ പൂക്കളെന്നാണ് കവി ഭാവന. "വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍..... എന്ന് തുടങ്ങുന്ന പ്രണയാദ്ര ഗാനം കവിഹൃദയങ്ങളെ വാകപ്പൂക്കൾ സ്വാധീനിച്ചതിന്റെ ഉത്തമ ഉദാഹരണങ്ങളിലൊന്നാണ്. പ്രണയത്തെയും വിപ്ലവത്തെയും പോലെ എഴുത്തുഭംഗിക്കും കൂട്ടുനിന്നിട്ടുണ്ട് ഗുല്‍മോഹര്‍. ഗുല്‍മോഹര്‍ പൂക്കള്‍ക്ക് സംഗീതമുണ്ടെന്ന് എഴുതിയത് കവിയത്രി മാധവിക്കുട്ടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.