Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവീട്ടുജോലിക്കാർക്കുള്ള...

വീട്ടുജോലിക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ​ ​ഫെബ്രുവരി മുതൽ

text_fields
bookmark_border
Saudi Arabia
cancel

റിയാദ്​: രാജ്യത്തേക്ക്​ ആദ്യമായി റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടുജോലികാർക്കുള്ള ഇൻഷുറൻസ്​ സേവനം ഫെബ്രുവരി ഒന്ന്​ മുതൽ ആരംഭിക്കുമെന്ന്​ സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്​ കീഴിലുള്ള ‘മുസാനിദ്’​ പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട്‌മെൻറ് ചെയ്യപ്പെടുന്നവർക്ക്​ ഇൻഷുറൻസ്​ നിർബന്ധമാക്കും. ഇൻഷുറൻസ്​ പരിരക്ഷ ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്​ക്കാവും.​ റിക്രൂട്ടിങ്​ കമ്പനിയും തൊഴിലുടമയും തമ്മിലുണ്ടാക്കേണ്ട കരാർ നടപടിക്രമങ്ങളുടെ ഭാഗമാകും ഇൻഷുറൻസ്​ പരിരക്ഷ​.​

റിക്രൂട്ട്​​മെൻറ്​ മുതൽ ആദ്യ രണ്ട് വർഷത്തേക്കാണ്​ കരാറി​ന്റെ ഭാഗമായ ഇൻഷുറൻസ്​ പരിരക്ഷയുണ്ടാവുക. രണ്ട് വർഷത്തിന് ശേഷം തൊഴിലുടമയുടെ താൽപര്യത്തിന്​ അനുസരിച്ചുള്ള​ ഇൻഷുറൻസ്​ പോളിസി എടുക്കാം. ‘മുസാനിദ്’​ ഉപഭോക്താക്കൾക്ക് ഈ സേവനം നിലവിൽ ലഭ്യമാണ്​. 2023ന്റെ തുടക്കം മുതൽ മന്ത്രാലയം ഇത്​ ആരംഭിച്ചിട്ടുണ്ട്​. നിലവിൽ ഈ സേവനം തെരഞ്ഞെടുത്ത ഉപഭോക്താക്കളുടെ എണ്ണം 1,75,000 ആയിട്ടുണ്ട്​. എന്നാൽ ഇത്​ റിക്രൂട്ടിങ്ങി​ന്റെ ഭാഗമാക്കി നിർബന്ധമാക്കുന്നത്​ ​അടുത്ത വർഷം 2024 ഫെബ്രുവരി ഒന്ന്​ മുതലാണ്​.

ജോലി ചെയ്യാൻ തുടങ്ങുന്ന തീയതി മുതൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും വിവിധ കാര്യങ്ങളിൽ ഇൻഷുറൻസ് പ്രകാരം നഷ്​ടപരിഹാരം ലഭിക്കുമെന്നതാണ്​ ഇതി​െൻറ പ്രത്യേകത. തൊഴിലാളി ജോലിക്ക്​ ഹാജരാവാതിരിക്കൽ, ഒളിച്ചോടൽ, മരണം, ജോലി ചെയ്യാനുള്ള കഴിവില്ലായ്മ, ജോലി ചെയ്യാൻ കഴിയാത്ത വിധം വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ സംഭവിക്കു​മ്പോൾ തൊഴിലുടമയ്​ക്ക്​ റിക്രൂട്ട്‌മെൻറ്​ ചെലവുകൾക്കുള്ള നഷ്​ടപരിഹാരം ഇൻഷുറൻസിൽനിന്ന്​ ലഭിക്കും. കൂടാതെ വീട്ടുജോലിക്കാരൻ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കൽ, സാധനങ്ങൾ, സ്വകാര്യ സ്വത്ത് എന്നിവ തിരികെ നൽകുന്നതിനുള്ള ചെലവുകൾ എന്നിവ​ക്കുള്ള നഷ്​ടപരിഹാരവും ഇൻഷുറൻസ്​ പരിധിയിൽ​ വരും.

അപകടം മൂലം സ്ഥിരമായ പൂർണമോ ഭാഗികമോ ആയ വൈകല്യം ഉണ്ടായാൽ തൊഴിലാളിക്ക്​ ഇൻഷുറൻസിൽനിന്ന്​ നഷ്​ടപരിഹാരം ലഭിക്കും. തൊഴിലുടമയുടെ മരണം, സ്ഥിരമായ പൂർണ വൈകല്യം അല്ലെങ്കിൽ സ്ഥിരമായ ഭാഗിക വൈകല്യം എന്നിവ കാരണം ശമ്പളവും സാമ്പത്തിക കുടിശികയും തൊഴിലാളിക്ക്​ ലഭിക്കാതെ വന്നാൽ ഇൻഷുറൻസ്​ നഷ്​ടപരിഹാരം നൽകും. റിക്രൂട്ട്‌മെൻറ്​ മേഖല വികസിപ്പിക്കുന്നതിനും ഗാർഹിക തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഗാർഹിക തൊഴിലാളി കരാറുകൾക്കായുള്ള ഇൻഷുറൻസ് സേവനമെന്ന്​ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ വേതന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രാലയം മുമ്പ് വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്​. ഗാർഹിക തൊഴിലാളികൾക്കായി വേതന സംരക്ഷണ പരിപാടി, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഏകീകൃത കരാർ പദ്ധതി എന്നീ സേവനങ്ങൾ ഇതിലുൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InsuranceDomestic WorkersSaudi Arabia
News Summary - Insurance coverage for domestic workers from February
Next Story