ജൂനിയർ ഏഷ്യ കപ്പ് ഹോക്കി; മേയ് 23 മുതൽ സലാലയിൽ
text_fieldsമസ്കത്ത്: പുരുഷന്മാരുടെ ജൂനിയർ ഏഷ്യ കപ്പ് ഹോക്കിയുടെ ഒമ്പതാം പതിപ്പിന് സലാല വേദിയാകും. മേയ് 23 മുതൽ ജൂൺ ഒന്നുവരെ സുൽത്താൻ ഖാബൂസ് യൂത്ത് ആൻഡ് കൾചറൽ കോംപ്ലക്സിലെ ഹോക്കി പിച്ചിലായിരിക്കും മത്സരങ്ങൾ. ടൂർണമെന്റിൽ ഇന്ത്യ, പാകിസ്താൻ, ജപ്പാൻ, കൊറിയ, മലേഷ്യ, ബംഗ്ലാദേശ്, ചൈന, ഒമാൻ, തായ്ലൻഡ്, ഉസ്ബകിസ്താൻ എന്നിങ്ങനെ 10 ടീമുകളാണ് മാറ്റുരക്കുക. ഇതിൽ ആദ്യത്തെ അഞ്ചു ടീമുകൾ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടിയവരാണ്. മറ്റുള്ളവർ ഈ വർഷം ജനുവരിയിൽ മസ്കത്തിൽ നടന്ന പുരുഷന്മാരുടെ എ.എച്ച്.എഫ് കപ്പിലൂടെ എത്തിയവരാണ്.
ഒമാൻ ടീമിന്റെ പരിശീലനം ഇന്ത്യയിൽ
ഒമാൻ ജൂനിയർ, സീനിയർ ടീമുകളുടെ പരിശീലന ക്യാമ്പുകൾ ഫെബ്രുവരി 20 മുതൽ ആരംഭിക്കുമെന്ന് ഒ.എച്ച്.എയുടെ ഹൈ പെർഫോമൻസ് മാനേജർ ഷാക്കിർ മുനീർ പറഞ്ഞു. ജൂനിയർ ടീമിനായി ഇന്ത്യയിൽ മാർച്ച് ഒന്നു മുതൽ പത്തുവരെ ക്യാമ്പ് നടത്താൻ പദ്ധതിയുണ്ട്. ഇക്കാര്യത്തിൽ ഹോക്കി ഇന്ത്യയുടെ സ്ഥിരീകരണത്തിനായി ഒ.എച്ച്.എ കാത്തിരിക്കുകയാണ്. ബംഗളൂരുവിലെ ക്യാമ്പിൽ ഒമാൻ ടീം ഇന്ത്യൻ ടീമുമായി മത്സരങ്ങൾ കളിക്കുമെന്നും ഷാക്കിർ പറഞ്ഞു. പുരുഷന്മാരുടെ ജൂനിയർ ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഒമാൻ ഹോക്കി അസോസിയേഷൻ (ഒ.എച്ച്.എ) ചെയർമാൻ ഡോ. മർവാൻ അൽ ജുമ പറഞ്ഞു. ഒമാൻ ഹോക്കിയുടെ ഭാവി ടീമെന്ന നിലക്ക് ജൂനിയർ ടീമിന് ടൂർണമെന്റ് പ്രധാനമാണ്.
അടുത്ത വർഷം ഹോക്കി ഫൈവ് ലോകകപ്പ് നടക്കുന്നതിനാൽ ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ സീനിയർ ടീമിലാണ്. എന്നാൽ, ഒമാൻ ദേശീയ ടീമിന്റെ ഭാവി കളിക്കാർക്ക് അവസരങ്ങൾ ഒരുക്കി വളർത്തിക്കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ ടീമിന് മികച്ച അവസരമാണ് ടൂർണമെന്റിലൂടെ കൈവന്നിരിക്കുന്നതെന്ന് ഒമാൻ ജൂനിയർ ടീം ഹെഡ് കോച്ച് ഖാലിദ് അബ്ദുറഹ്മാൻ പറഞ്ഞു. ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ആവേശം നൽകുന്നതാണ്. അടുത്തിടെ, മസ്കത്തിൽ നടന്ന ജൂനിയർ എ.എച്ച്.എഫ് കപ്പിൽ മികച്ച പ്രകടനത്തിലൂടെ ഞങ്ങൾ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ജൂനിയർ ഏഷ്യ കപ്പിൽ മികച്ച പ്രകടനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.