രുചിക്കൂട്ടുകളുടെ ലോകത്ത് അരനൂറ്റാണ്ട് പിന്നിട്ട് ആശാൻ
text_fieldsപൊൻകുന്നം: കലവറകളിൽനിന്ന് കലവറകളിലേക്കുള്ള ചിരട്ടശ്ശേരി ആശാന്റെ വിശ്രമമില്ലാത്ത ഓട്ടത്തിന് അരനൂറ്റാണ്ട്. പ്രായം 70 പിന്നിട്ടെങ്കിലും പാചകരംഗത്തെ ആശാൻ എന്ന് നാട്ടിലറിയപ്പെടുന്ന കുളപ്പുറം ചിരട്ടശ്ശേരി സുഗുണൻ പാചകപ്പുരയിൽ സജീവമാണ്. ഇദ്ദേഹത്തിന്റെ കൈപ്പുണ്യം രുചിച്ചറിയാത്തവർ നാട്ടിൽ കുറവാണ്. 20ാമത്തെ വയസ്സിൽ ചായക്കടയിൽ തുടങ്ങിയതാണ് പാചകജീവിതം.
ഇപ്പോൾ നാട്ടിൽ കല്യാണം, സമ്മേളനം തുടങ്ങി എന്തിനും പാചകപ്പുരയിൽ സുഗുണനും സഹായികളുമുണ്ട്. ഒരു കുടുംബത്തിലെ നാല് തലമുറകളുടെ വിവാഹത്തിന് സദ്യ ഒരുക്കിയത് സുഗുണന്റെ പാചക ചരിത്രത്തിലെ ഒരേടാണ്. വെജിറ്റേറിയനായാലും നോൺ വെജിറ്റേറിയനായാലും സുഗുണനും ഒപ്പമുള്ള പാചകക്കാർക്കും അതൊരു പ്രശ്നമല്ല. ഒരുവർഷം 40-50 വിവാഹങ്ങൾക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കാറുണ്ട് സുഗുണനും സംഘവും.
ഇതിനു പുറമെ മറ്റ് ആഘോഷങ്ങൾക്കും ചടങ്ങുകൾക്കുമുള്ള പാചകവുമുണ്ട്. റമദാൻ നോമ്പുകാലത്ത് പള്ളികളിലെ പാചകപ്പുരകളിൽ സുഗുണനുമുണ്ടാകും. മൂന്ന് പെൺമക്കളാണ് ഇദ്ദേഹത്തിനുള്ളത്. എല്ലാവരും വിവാഹിതർ. ഒരുവർഷം മുമ്പ് ഭാര്യ ചെല്ലമ്മ മരിച്ചതോടെ കുളപ്പുറത്തെ വീട്ടിൽ തനിച്ചാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.