Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightNostalgiachevron_rightകെ.ജി. ജോർജിന്റെ...

കെ.ജി. ജോർജിന്റെ ആദാമിന്റെ വാരിയെല്ല്; മലയാളത്തെ എക്കാലത്തെയും മികച്ച സ്‍ത്രീപക്ഷ സിനിമ

text_fields
bookmark_border
kg george
cancel

വാരിയെല്ല് എന്നത് പുരുഷാധിപത്യത്തിന്റെ ഒരു പ്രതീകം കൂടിയാണ്. ആദാമിന്റെ വാരിയെല്ലിൽ നിന്നാണ് ജീവിത പങ്കാളിയായ ഹവ്വയെ സൃഷ്ടിച്ചതെന്ന പ്രതീകം. മലയാളത്തിലെ എക്കാലത്തെയും മികച്ച സ്ത്രീപക്ഷ സിനിമയെന്ന് ചോദിച്ചാൽ ഒരേയൊരു ഉത്തരമായിരിക്കും ലഭിക്കുക; കെ.ജി. ജോർജിന്റെ ആദാമിന്റെ വാരിയെല്ല്. വ്യത്യസ്ത സാമൂഹികാവസ്ഥകളിലുള്ള സ്ത്രീകളുടെ മാനസികാവസ്ഥകളെ ഇത്രത്തോളം സൂക്ഷ്മമായി അവതരിപ്പിച്ച മറ്റൊരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നതും സംശയമാണ്. ആലീസ്, വാസന്തി, അമ്മിണി എന്നീ സ്ത്രീകഥാപാത്രങ്ങളാണ് സിനിമയുടെ കേന്ദ്രബിന്ദുക്കൾ.

വ്യത്യസ്തമായ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ് ഈ മൂന്നു സ്ത്രീകളും. വ്യത്യസ്ത ജാതി, മതത്തിൽ പെട്ടവർ. എന്നാൽ ആണധികാരത്തിന്റെ മുന്നിൽ ഇവർ മൂന്നുപേർക്കും ഒരേ സ്ഥാനമാണുള്ളത്. സ്ത്രീയെന്നാൽ പുരുഷന്റെ കാമനകളെ തൃപ്തി​പ്പെടുത്താൻ മാത്രമുള്ളവരാണോ എന്ന ചോദ്യം ചിത്രം ഉയർത്തുന്നുണ്ട്.

ഭർത്താവിന്റെ ആണധികാരത്തിനു നേരെ ചോദ്യങ്ങളുയർത്തുന്ന കലാപാത്രമാണ് ആലീസ് കഥാപാ​ത്രം. രാത്രിയിൽ വീട്ടുവേലക്കാരിയെ തേടിപ്പോകുന്ന ഭർത്താവിനെ തടയാൻ പോലും അവൾക്ക് സാധിക്കുന്നില്ല. സ്വന്തം നേട്ടങ്ങൾക്കായി ഭാര്യയെ മറ്റുള്ളവർക്ക് കാഴ്ച വെക്കാൻ മടിയില്ലാത്തവനായിരുന്നു മാമച്ചൻ എന്ന കഥാപാത്രം. മറ്റൊരു പുരുഷനിൽ പ്രണയം കണ്ടെത്തിയാണ് ആലീസ് പകരം വീട്ടുന്നത്. സമൂഹത്തിൽ അന്ന് നിലനിന്നിരുന്ന സദാചാര-ധാർമികത സങ്കൽപങ്ങളെ പൊളിച്ചെഴുതാനുള്ള ഒരു ശ്രമമായിരുന്നു ആലീസ് എന്ന കഥാപാത്രത്തിലുടെ കെ.ജി. ജോർജ് നടത്തിയത്. ഒടുവിൽ കാമുകനും കൈയൊഴിഞ്ഞതോടെ സദാചാര സങ്കൽപങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ ആലീസ് ആത്മഹത്യയിൽ അഭയം തേടുകയാണ്. മാമച്ചൻ തന്റെ മകനെ നഗരത്തിലെ വലിയ സ്കൂളിൽ പഠിക്കാൻ വിടുന്നത്. എന്നാൽ മകളെ സാധാരണ സ്കൂളിൽ പഠിപ്പിക്കുന്നു. മറ്റൊരു വീടിന്റെ അടുക്കളയിലോ, ഏതോ ഒരാണിന്റെ കിടപ്പറയിലോ ഒതുങ്ങാനുള്ള മകളെ കുറിച്ച് അയാൾക്ക് ഒട്ടും പ്രതീക്ഷയില്ല.

സ്ത്രീക്ക് വെറുമൊരു വാരിയെല്ല് എന്നതിനപ്പുറം യാതൊരു പരിഗണനയും നൽകാത്ത, പുരുഷകേന്ദ്രീകൃത സമൂഹത്തിൽ മൂന്ന് സ്ത്രീകളുടെ ആഴത്തിലുള്ള ജീവിതം വരച്ചുകാട്ടുകയായിരുന്നു കെ.ജി. ജോർജ്.

മധ്യവർഗക്കാരിയായ ഒരു വീട്ടമ്മയുടെ റോളായിരുന്നു സർക്കാർ ഉദ്യോഗസ്ഥയായ വാസന്തി എന്ന കഥാപാത്രത്തിന്. ജോലിയുള്ള സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയും. എന്നാൽ ആ കാലഘട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥയായിട്ടു പോലും സ്ഥിര ജോലി ഇല്ലാത്ത ഭർത്താവിനെ സഹിക്കാനും ഭർതൃമാതാവിന്റെ പീഡനങ്ങൾ ഏറ്റുവാങ്ങാനുമായിരുന്നു വാസന്തിയുടെ വിധി. ഒടുവിൽ മാനസിക നില തെറ്റുന്ന അവൾ മനോരോഗ കേന്ദ്രത്തിൽ അഭയം തേടുകയാണ്. കുടുംബത്തിന് വേണ്ടി രാവും പകലും കഷ്ടപ്പെട്ടിട്ടും ഒരു നല്ല വാക്ക് പോലും കേൾക്കാൻ സാധിക്കാത്ത ഹതഭാഗ്യരായ വീട്ടമ്മമാരുടെ പ്രതിനിധിയാണ് വാസന്തി.

അമ്മിണിയെ മാമച്ചന്റെ വീട്ടിലാക്കിയിട്ട് തൊഴിൽ തേടി പോയതാണ് അമ്മിണിയുടെ അച്ഛനമ്മമാർ. ചോദിക്കാനും പറയാനും ആരുമില്ലാത്ത അമ്മിണി രാത്രികാലങ്ങളിൽ മാമച്ചന്റെ ഇരയാകുന്നു. ഒടുവിൽ ഗർഭിണിയായ അവളെ അയാൾ നിഷ്‍കരുണം ഉപേക്ഷിക്കുന്നു. സർക്കാർ ആശുപത്രിയിൽ പ്രസവിച്ച അമ്മിണി കുഞ്ഞിനെ ഉപേക്ഷിക്കുകയാണ്. യഥാർഥത്തിൽ സമൂഹം കൽപിച്ചു നൽകിയ മാതൃത്വമെന്ന മഹനീയ സങ്കൽപമാണ് അമ്മിണി വഴിയിൽ ഉപേക്ഷിക്കുന്നത്. ഒടുവിൽ അഭയകേന്ദ്രത്തിൽ എത്തിപ്പെടുകയാണ് അവൾ. അവിടം അവളുടെ ഉൻമാദ കേന്ദ്രമായി മാറുന്നു. ആ റസ്ക്യൂ ഹോമിൽ നിന്ന് മറ്റ് സ്‍ത്രീകൾക്കൊപ്പം ഉൻമാദിനിയായി അവൾ പുറത്തേക്ക് ഓടുന്നു. വിമോചനത്തിന്റെ ഉൻമാദമായിരുന്നു അത്.

1976ലാണ് കെ.ജി. ജോർജിന്റെ ആദ്യ സിനിമയായ സ്വപ്നാടനം പുറത്തിറങ്ങിയത്. ഇലവുകോട് ദേശമാണ് ഏറ്റവുമൊടുവിൽ സംവിധാനം ചെയ്തത്. 28 വർഷം കൊണ്ട് 19 സിനിമകൾ മാത്രമാണ് കെ.ജി ജോർജ് മലയാള സിനിമക്ക് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ഓരോ സിനിമകളും വ്യത്യസ്തമായ പ്രമേയങ്ങളായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kg georgeAdaminte Vaariyellu
News Summary - Adaminte Vaariyellu; The best Malayalam female led movie of all time
Next Story