Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightധബാരി കുരുവി; കാഴ്ചയും...

ധബാരി കുരുവി; കാഴ്ചയും ഉൾക്കാഴ്ചയും

text_fields
bookmark_border
ധബാരി കുരുവി; കാഴ്ചയും  ഉൾക്കാഴ്ചയും
cancel

സാധാരണ ചലച്ചിത്രസംവിധായകർ തിരഞ്ഞെടുക്കുന്ന പ്രമേയപരിസരങ്ങളിലൂടെ യാത്രചെയ്യാത്ത സംവിധായകനാണ് പ്രിയനന്ദനൻ. നെയ്ത്തുകാരനിലെ അപ്പമേസ്രി, പുലിജന്മത്തിലെ പ്രകാശൻ, സൈലൻസറിലെ ഈനാശു, ഒടുവിൽ ധബാരിക്യുരിവിയിലെ (കുരുവി എന്ന വാക്ക് ഇരുളഭാഷയിൽ ഇങ്ങനെയാണ് ഉച്ഛരിക്കുക) പാപ്പാത്തി. ആദിവാസി പെൺകുട്ടിയായതുകൊണ്ടുതന്നെ മുൻപറഞ്ഞ കേന്ദ്ര കഥാപാത്രങ്ങളിൽനിന്ന് തീർത്തും വ്യത്യസ്​തമാണ് പാപ്പാത്തിയുടെ ജീവിതവും പരിസരവും.​

‘ധബാരിക്യുരുവി’യിലൂടെ പ്രിയനന്ദനൻ...

ഒട്ടും യാദൃച്ഛികമല്ല

ഈ സിനിമയിലേക്ക് യാദൃച്ഛികമായി എത്തിയതല്ലെന്ന് പ്രിയനന്ദനൻ പറയുന്നു. വായനയിലൂടെയും സുഹൃത്തുക്കളുമായുള്ള വർത്തമാനങ്ങളിലൂടെയും ഏറെ മനസ്സിൽ പതിഞ്ഞ ഒരു വിഷയമാണ് അവിവാഹിത ആദിവാസി അമ്മമാരുടെ പ്രശ്നം. മറ്റൊരു വിഷയമെന്നത് ആദിവാസികളുടെ ഭൂരാഹിത്യമാണ്. ചുരുക്കിപ്പറഞ്ഞാൽ മണ്ണും പെണ്ണുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ഈ രണ്ടു ജൈവിക വിഷയത്തിലും സിനിമ ചെയ്യാനായിരുന്നു ആലോചിച്ചിരുന്നതെന്ന് പ്രിയനന്ദനൻ. ആദ്യം സംഭവിച്ചത് ‘ധബാരിക്യുരുവി’ ആയെന്നുമാത്രം. ഗോത്രസംസ്കാരത്തിന്റെ അകത്തുനിന്ന് കാര്യങ്ങൾ നോക്കിക്കാണാനും താൻ ശ്രദ്ധിച്ചിരുന്നുവെന്ന് പ്രിയനന്ദനൻ പറയുന്നു.

കഴിഞ്ഞവർഷം ഗോവയിലും തിരുവനന്തപുരത്തും നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ വളരെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു ഇത്. ജനുവരി അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തുകയും ചെയ്തു. ഈ സിനിമയുടെ ഒന്നാമത്തെ സവിശേഷത, സംവിധായകൻ പറയുന്നപോലെ ലോകസിനിമയിൽ ആദ്യമായി ആദിവാസികൾ മാത്രം അഭിനയിച്ച സിനിമയെന്നതാണ്. രണ്ടാമത്തെ സവിശേഷത ആദിവാസിഭാഷയിൽ മാത്രം നിർമിച്ച സിനിമ എന്നതും. അട്ടപ്പാടിയിലെ പ്രധാന ആദിവാസിവിഭാഗമായ ഇരുളരുടെ ഭാഷയാണ് ഈ സിനിമ സംസാരിക്കുന്നത്. മൂന്നാമത്തെ കാര്യം കേരളത്തിലെ പ്രധാന ആദിവാസി സങ്കേതമായ അട്ടപ്പാടിയിലാണ് ഈ സിനിമ പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ്.

നെയ്ത്തുകാരന്റെ 23 വർഷങ്ങൾ

പ്രിയനന്ദനന്റെ ആദ്യസിനിമ ‘നെയ്ത്തുകാരൻ’ പുറത്തുവന്നിട്ട് 23 വർഷമായി. മുരളിക്ക് സംസ്​ഥാന-ദേശീയ അവാർഡുകൾ ലഭിച്ച സിനിമയാണിത്. ‘പുലിജന്മ’മായിരുന്നു അടുത്ത സിനിമ. ആ സിനിമയിലെ നായകനും മുരളിതന്നെ. 2006ൽ ഏറ്റവും മികച്ച സിനിമക്കുള്ള ദേശീയ പുരസ്​കാരം പുലിജന്മത്തിനായിരുന്നു. തുടർന്ന് അദ്ദേഹം സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, ഞാൻ നിന്നോടുകൂടിയുണ്ട്, പാതിരകാലം, സൈലൻസർ തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ പ്രസക്തിയുള്ള ഒരു പിടി സിനിമകൾ സംവിധാനം ചെയ്തു.

മുമ്പ് ചെയ്ത എല്ലാ സിനിമകളിൽനിന്നും വ്യത്യസ്​തമാണ് ധബാരിക്യുരുവിയുടെ പ്രമേയവും ജീവിതവും. ആദിവാസികൾ/ വന്തവാസികൾ, ഇര/വേട്ടക്കാരൻ എന്നീ ചിരപരിചിതമായ ദ്വന്ദ്വവീക്ഷണങ്ങളെയാണ് ഈ സിനിമയുടെ പ്രമേയം മാറ്റിനിർത്തിയത്. പൊതുസമൂഹത്തിന് വളരെ വേഗത്തിൽ സ്വീകാര്യമാകുന്ന ഒരു പ്രമേയമാണത്. എന്നാൽ, പ്രിയനന്ദനൻ മറ്റൊരുവഴിയിൽ സഞ്ചരിച്ചു. ഗോത്രസമൂഹത്തിന്റെ ആന്തരിക സാംസ്​കാരികജീവിതത്തിലെ ഒരു പ്രധാനപ്രശ്നത്തെ ആ നിലയിൽ അടയാളപ്പെടുത്താൻ ശ്രമിച്ചു.

പാപ്പാത്തിയും മീനാക്ഷിയും പിന്നെ കുറേപ്പേരും

ഭൂമിയാണ് ആദിവാസി സമൂഹത്തിന്റെ പ്രധാന മൂലധനമെന്നാണ് പൊതുവിൽ കരുതിയിരുന്നത്. ആളോഹരി ഭൂവിസ്​തൃതി വളരെ കൂടുതൽ ഉണ്ടായിരുന്നിട്ടും അട്ടപ്പാടിയിലെ ആദിവാസികൾക്ക് അത് സുപ്രധാന ഉൽപാദനമാധ്യമമായില്ല. ആദിവാസികളുടെ പുതുതലമുറ വിദ്യാഭ്യാസം പ്രധാന അതിജീവനമാർഗമെന്ന് തിരിച്ചറിയുന്നു. ആ പരിവർത്തനകാലഘട്ടത്തിന്റെ പ്രതിനിധിയാണ് ‘ധബാരിക്യുരുവി’യിലെ ‘പാപ്പാത്തി’ എന്ന കഥാപാത്രം. അവരിലൂടെ ഗോത്രജീവിതത്തിന്റെ ഭംഗികളും അഭംഗികളും സംഘർഷങ്ങളും അനാവരണം ചെയ്യപ്പെടുന്നു. ഈ സിനിമ ഗോത്രജീവിതത്തിന്റെ സാംസ്കാരികലോകത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ്.

ഈ സിനിമയിൽ അഭിനയിച്ച ആരും ജീവിതത്തിലൊരിക്കലും കാമറക്കു മുന്നിൽ അഭിനയിക്കാനായി പ്രത്യക്ഷപ്പെട്ടിട്ടില്ല. അവർ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്തത്. സിനിമയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി എന്ന പെൺകുട്ടി പറഞ്ഞവാക്കുകൾ മതി അത് സമർഥിക്കാൻ. തന്റെ മുഖം സ്​ക്രീനിൽ കണ്ടപ്പോൾ താനും വീട്ടുകാരും പൊട്ടിക്കരഞ്ഞുവെന്നായിരുന്നു അത്. അന്യമെന്നു കരുതിയ പുതുലോകത്തിലേക്ക് തങ്ങളും എത്തിപ്പെട്ടിരിക്കുന്നുവെന്നതിന്റെ വികാരപ്രകടനംകൂടിയായിരുന്നു അത്. ‘ഞാനിതുവരെ കാഴ്ചക്കാരിയായിരുന്നു. ഇപ്പോൾ വെള്ളിത്തിരയിൽ കാഴ്ചയായിരിക്കുന്നു’ -അത് പറയുമ്പോൾ മീനാക്ഷിയുടെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കം.

മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്യാമിലി, അനുപ്രശോഭിനി, മുരുകി, മല്ലികടീച്ചർ, കൃഷ്ണദാസ്​, ഗോക്രി ഗോപാലകൃഷ്ണൻ തുടങ്ങിയവരെല്ലാം പുതുമുഖങ്ങളാണ്. 2021ലെ പിന്നണിഗായികക്കുള്ള ദേശീയ പുരസ്​കാരം നേടിയ നഞ്ചിയമ്മക്കു മാത്രമാണ് കാമറയെ അഭിമുഖീകരിച്ച് പരിചയമുള്ളത്.

അട്ടപ്പാടി മലനിരകളും കാടും കാട്ടരുവികളും സിനിമയുടെ കഥാഗതിക്കനുസരിച്ച് രൂപമാറ്റങ്ങൾ കൈവരിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട് ‘ധബാരിക്യുരുവി’യിൽ. അശ്വഘോഷന്റെ കാമറ അതെല്ലാം വിദഗ്ധമായി അത് ഒപ്പിയെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രിയനന്ദനന്റെ മകനാണ് അശ്വഘോഷൻ.

സിനിമയുടെ കഥയും പ്രിയനന്ദനന്റേതുതന്നെ. തിരക്കഥാരചന ഒരു കൂട്ടായ പ്രവർത്തനമായിരുന്നു. കുപ്പുസ്വാമി മരുതൻ, സ്​മിത സൈലേഷ്, കെ.ബി. ഹരി, ലിജോ പാണാടൻ, പ്രിയനന്ദനൻ എന്നിവരായിരുന്നു തിരക്കഥാകൃത്തുക്കൾ. സിനിമയുടെ സഹസംവിധായകൻകൂടിയായ, അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിൽനിന്നുള്ള ഗോക്രിഗോപാലകൃഷ്ണനാണ് സംഭാഷണങ്ങൾ ഇരുളഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. അനവധി അടരുകളുള്ള ഗോത്രജീവിതത്തിന്റെ ഉൾവഴികളിലേക്ക് വെളിച്ചം വിതറുന്ന ഒരു സിനിമയാണ് ‘ധബാരിക്യുരുവി’യെന്ന് നിസ്സംശയം പറയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film directorInternational Film FestivalPriyanandananDhabari quruvi
News Summary - Dhabari quruvi
Next Story