Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightമരണവീട്ടിലെ തമാശ

മരണവീട്ടിലെ തമാശ

text_fields
bookmark_border
മരണവീട്ടിലെ തമാശ
cancel

പ്രിയപ്പെട്ട ഒരാളുടെ മരണം നടന്ന വീട്ടിൽ എന്തായിരിക്കും അവസ്ഥ​? അത്തരം ഒരു കഥാ പരിസരത്തുനിന്ന് എങ്ങനെയൊരു മുഴുനീള ഹാസ്യചി​ത്രം സൃഷ്ടിക്കാമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് 2007ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചലച്ചിത്രം ‘ഡെത്ത് അറ്റ് എ ഫ്യൂണറൽ’. നടനും സംവിധായകനുമായ ഫ്രാങ്ക് ഓസി​ന്റെ സംവിധാന മികവാണ് ചിത്രത്തിന്റെ ആകർഷണീയത.

ഡാനിയലിന്റെയും റോബർട്ടിന്റെയും അച്ഛൻ മരിച്ചിരിക്കുന്നു. മരണം നടന്ന് മൃതശരീരം എത്തുന്നതും കാത്തിരിക്കുന്ന ചിരി വറ്റിയ വീട്ടിലേക്കാണ് നമ്മൾ ആദ്യം ചെല്ലുക. ഒരു ബ്ലാക്ക് കോമഡി എന്റർടെയ്നർ ആണ് സിനിമ. പൊട്ടിച്ചിരികളോ അനാവശ്യ ബഹളങ്ങളോ ഇല്ലാതെ നിമിഷങ്ങൾ കടന്നുപോകുന്നു. ബോഡി മാറിപ്പോയെന്നു പറഞ്ഞുള്ള സീൻ മുതൽതന്നെ ചിരിയുടെ കെട്ട് പൊട്ടിത്തുടങ്ങുന്നു. ഒന്നര മണിക്കൂർമാത്രം ദൈർഘ്യമുള്ള സിനിമയിൽ ദാർശനിക വ്യഥകളോ കാര്യമായ ഗാംഭീര്യമുള്ള കഥാ സന്ദർഭങ്ങളോ ഒന്നുമില്ല. എന്നാൽ, കെട്ടുറപ്പുള്ള മികച്ചൊരു തിരക്കഥയുണ്ടുതാനും.

ദ്വയാർഥ പ്രയോഗങ്ങളോ തമാശക്കുവേണ്ടി കൃത്രിമമായി പടച്ചുണ്ടാക്കുന്ന ഏച്ചുകെട്ടിയ സന്ദർഭങ്ങളോ ഒന്നും സിനിമയിലില്ല. സ്വാഭാവികമായ ഹാസ്യത്തിന്റെ തെളിനീരൊഴുക്കുമാത്രം. അപ്പന്റെ മരണ വാർത്ത അറിഞ്ഞ് ഡാനിയലിന്റെ സഹോദരനും എഴുത്തുകാരനും ആയ റോബർട്ട് ന്യൂയോർക്കിൽനിന്നു വരുന്നുണ്ട്. അങ്കിളിന്റെ മക്കളിൽ ഒരുത്തൻ കിറുങ്ങിയാണ് അടക്കിനെത്തുന്നത്.

കാമുകിക്കൊപ്പം വന്ന, മരുന്ന് മാറിക്കഴിച്ചെത്തിയ കിളിപോയ ഒരാൾ, മരിച്ചയാളുടെ രഹസ്യങ്ങൾ അറിയുമെന്നവകാശപ്പെട്ട് ബ്ലാക്മെയിൽ ചെയ്യാനിറങ്ങിയ പപ്പയുടെ പൊക്കം കുറഞ്ഞ ചങ്ങാതി, തീറ്റ വിചാരവുമായി എല്ലാവരെയും പച്ചത്തെറി വിളിച്ച് നടക്കുന്ന അപ്പൂപ്പൻ. അടക്കിന് വന്ന എല്ലാവരും കൂടി അവിടെ കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങൾക്ക് അവസാനമാകുമ്പോ​ഴേക്കും ഒന്നര മണിക്കൂർ കഴിയുന്നത് അറിയുകയേയില്ല. ഡീൻ ക്രെയിഗിന്റെ തിരക്കഥ മികച്ചുനിൽക്കുന്നു. 2007ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് ബ്ലാക്ക് കോമഡി സിനിമയാണിത്. അഭിനയിച്ചവരെല്ലാം അസാധ്യ പെർഫോമൻസ് ആയിരുന്നു. എഡി മർഫിയെ വെച്ച് ഹാസ്യസിനിമാ ചരിത്രത്തിലെ മികച്ച സിനിമകളിലൊന്നായ ‘ബൗഫിങ്കർ’ എന്ന ചലച്ചിത്രം എടുത്ത ഫ്രാങ്ക് ഓസിന്റെ മുഴുനീള ഹാസ്യചിത്രമാണ് ‘ഡെത്ത് അറ്റ് എ ഫ്യൂണറൽ’.

കുടുംബക്കാരുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വിയർത്ത് ഓടിനടക്കുന്ന ഡാനിയലിന്റെ വേഷം ബ്രിട്ടീഷ് നടനായ മാത്യു മക്കാഫിഡിൻ തന്മയത്വത്തോടെ അവതരിപ്പിച്ചു. പീറ്റർ ഡിൻക്ലേജ്, അലൻ ടൂഡിക്, കീലി ഹോസ്, ഡെയ്സി ഡോനോവൻ, ഇവേൻ ​ബ്രെംനെർ, ആൻഡി നിമാൻ, റൂപർട്ട് ഗ്രേവ്സ് എന്നിവരാണ് താരനിരയിൽ. മുറേ ഗോൾഡിന്റെ പശ്ചാത്തല സംഗീതം സന്ദർഭത്തിന്റെ മൂഡ് തികച്ചും ഒപ്പിയെടുക്കുന്നതായി. 2010ൽ ഇതേ പേരിൽ സിനിമ അമേരിക്കയിലും പുറത്തിറക്കിയെങ്കിലും 2007ലേതാണ് മികച്ചതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ​ഐ.എം.ബി.ഡി റേറ്റിങ്ങിൽ 10ൽ 7.3 ആണ് ‘ഡെത്ത് അറ്റ് എ ഫ്യൂണറൽ’ നേടിയത്. ആമസോൺ ​പ്രൈം വിഡിയോസിൽ സിനിമ കാണാം.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FilmDeath at a Funeral
News Summary - Death at a Funeral
Next Story