Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഉടമസ്ഥരോട്...

ഉടമസ്ഥരോട് ആലോചിക്കുകപോലും ചെയ്യാതെ എൻ.ഡി.ടി.വിയിലെ ഓഹരികൾ അദാനി സ്വന്തമാക്കിയതെങ്ങനെ?

text_fields
bookmark_border
ഉടമസ്ഥരോട് ആലോചിക്കുകപോലും ചെയ്യാതെ എൻ.ഡി.ടി.വിയിലെ ഓഹരികൾ അദാനി സ്വന്തമാക്കിയതെങ്ങനെ?
cancel

വളഞ്ഞ വഴിയിലൂടെ ഇന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനമായ എൻ.ഡി.ടി.വിയിലെ 29.18 ശതമാനം ഓഹരികൾ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതാണ് കഴിഞ്ഞ ദിവസത്തെ പ്രധാന വാർത്തകളിലൊന്ന്. രണ്ട് ദിവസത്തിനകം എൻ.ഡി.ടിയുമായുള്ള ഇടപാട് അദാനി പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്. സെബി ചട്ടപ്രകാരം 26 ശതമാനം ഓഹരികൾ വാങ്ങാനുള്ള ഓപ്പൺ ഓഫറും അദാനി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇന്ത്യൻ മാധ്യമലോകത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വങ്ങളായ പ്രണോയ് റോയിയുടേയും രാധിക റോയിയുടേയും ഉടമസ്ഥതയിലുള്ള സ്ഥാപനമായ എൻ.ഡി.ടി.വിയിൽ ഇവരുടെ അനുമതിയില്ലാതെയാണ് അദാനി കയറിക്കൂടാനുള്ള ശ്രമങ്ങളാരംഭിച്ചത്.

ഓഹരി ഇടപാട് പൂർത്തിയായാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വർഷങ്ങളായി സൗഹൃദം തുടരുന്ന അദാനി ഇന്ത്യയിലെ പ്രമുഖ ടെലിവിഷൻ ന്യൂസ് നെറ്റ്‍വർക്കിന്റെ ഉടമസ്ഥനാവും. കഴിഞ്ഞ ഒരു വർഷമായി എൻ.ഡി.ടി.വി​യെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ അദാനി ആരംഭിച്ചിരുന്നു. എന്നാൽ, ഗൗതം അദാനിയെന്ന വ്യവസായ ഭീമനോട് മുഖംതിരിക്കുന്ന സമീപനമാണ് ഉടമസ്ഥരായ രാധികയും പ്രണോയിയും എക്കാലത്തും സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസവും എൻ.ഡി.ടി.വിയുടെ ഉടമസ്ഥത മാറ്റുന്നത് ഇപ്പോൾ ചർച്ചയിലില്ലെന്ന് ഇതുസംബന്ധിച്ച വാർത്തകൾ തെറ്റാണെന്നുമാണ് ഇരുവരും നിലപാടെടുത്തത്. പക്ഷേ, വളഞ്ഞ വഴിയിലൂടെ എൻ.ഡി.ടി.വിയിൽ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ അദാനി വർഷങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഇതാണ് ഇപ്പോൾ പരിസമാപ്തിയിൽ എത്താൻ പോവുന്നത്.


അദാനിയുടെ ഇടപാടിൽ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് അല്ലെങ്കിൽ വി.സി.പി.എൽ എന്ന കടലാസ് കമ്പനിയാണ്. കഴിഞ്ഞ 14 വർഷമായി കാര്യമായ ആസ്തി കമ്പനിക്കില്ല. ​രാധികയും പ്രണോയ് റോയിയും ഉടമസ്ഥരായ ആർ.ആർ.പി.ആർ എന്ന കമ്പനി വി.സി.പി.എല്ലിൽ നിന്നും 403.85 കോടി വായ്പയെടുത്തതോടെയാണ് എൻ.ഡി.ടി.വിയുമായുള്ള ഇവരുടെ ബന്ധം തുടരുന്നത്. വായ്പ നൽകുമ്പോൾ ആർ.ആർ.പി.ആറിലെ 99.9 ശതമാനം ഓഹരി വി.സി.പി.എല്ലിന് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാനുള്ള അധികാരവും നൽകിയിരുന്നു. എൻ.ഡി.ടി.വിയുടെ 29 ശതമാനം ഓഹരി ആർ.ആർ.പി.ആറിന്റെ കൈവശവുമാണ്.

വി.സി.പി.എൽ എന്ന കടലാസ് കമ്പനി ആർ.ആർ.പി.ആറിന് നൽകിയ വായ്പയുടെ പണം യഥാർഥത്തിൽ മുടക്കിയത് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസാണ്. റിലയൻസിന്റെ സഹസ്ഥാപനമായ റിലയൻസ് വെൻച്വർ ലിമിറ്റഡ് കമ്പനിക്ക് പൂർണ ഉടമസ്ഥതയിലുള്ള ഷിനാനോ റീടെയിൽ പ്രൈവറ്റ് ലിമിറ്റഡിന് പണം കൈമാറുന്നു. ഷിനാനോ വഴി പണം വിശ്വപ്രധാൻ കൊമേഴ്സ്യൽ ലിമിറ്റഡിലും പിന്നീട് രാധിക റോയിയുടേയും പ്രണോയ് റോയിയുടേയും ഉടമസ്ഥതയിലുള്ള ആർ.ആർ.പി.ആർ പ്രൈവറ്റ് ഹോൾഡിങ് ലിമിറ്റഡിലേക്കും എത്തുന്നു.



ഇതിന് പിന്നാലെ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ബോർഡിലുള്ള മഹേന്ദ്ര നഹാത്ത വി.സി.പി.എല്ലിന് 50 കോടിയും നൽകി. തങ്ങൾ കമ്പനിക്ക് നൽകിയ 403.85 കോടിയും തിരിച്ചു കിട്ടിയെന്ന് ഷിനാനോ അറിയിച്ചിട്ടുണ്ട്. പക്ഷേ വി.സി.പി.എൽ കമ്പനി ഓഫ് രജിസ്ട്രാറിൽ അറിയിച്ചത് പ്രകാരം കമ്പനി 403.85 കോടിക്ക് നെക്സ്റ്റ്വേവ് ടെലിവെൻച്വറിന് കടപ്പെട്ടിരിക്കുന്നു. ജിയോയുടെ ബോർഡിലുള്ള മഹേന്ദ്ര നഹാത്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ചുരുക്കത്തിൽ, എൻ.ഡി.ടി.വിയിലേക്ക് കടന്നുകയറാനുള്ള നീക്കവുമായി അദാനി മുന്നോട്ട് പോകുമ്പോൾ ഈ ഇടപാടുകളിൽ അദൃശ്യ സാന്നിധ്യമായി മുകേഷ് അംബാനിയുണ്ട്.

എൻ.ഡി.ടി.വിയുടെ ഓഹരി ഘടനയനുസരിച്ച് ആർ.ആർ.പി.ആറിന് 29.18 ശതമാനം ഓഹരിയും രാധിക റോയിക്ക് 16.32 ശതമാനം ഓഹരിയുമുണ്ട്. ഇതിന് പുറമേ പ്രണോയ് റോയിയുടെ 15.94 ശതമാനം ഓഹരിയും ചേർത്ത് കമ്പനിയിലെ 61.45 ശതമാനത്തിന്റേയും നിയന്ത്രണം രാധിക റോയിക്കും ഇവരുടെ ഉടമസ്ഥതയിലുള്ള ആർ.ആർ.പി.ആർ എന്ന സ്ഥാപനത്തിനുമാണ്.



അദാനി ഗ്രൂപ്പ് വി.സി.പി.എല്ലിനെ അവരുടെ ഉടമസ്ഥരായ നെക്സ്റ്റ് വേവ് ടെലിവെൻച്വർ പ്രൈവറ്റ് ലിമിറ്റഡ്, എമിനന്റ് നെറ്റ്‍വർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരിൽ നിന്നും 113,74,61,990 രൂപ കൊടുത്ത് വാങ്ങി. ഇതോടെ വി.സി.പി.എൽ അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ ​നെറ്റ്‍വർക്ക് ലിമിറ്റഡിന്റെ സഹസ്ഥാപനമായി മാറി. ഈ അധികാരം ഉപയോഗിച്ചാണ് അദാനി എൻ.ഡി.ടി.വിയിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നത്.

വായ്പ എടുക്കുമ്പോൾ രാധികയുടേയും പ്രണോയിയുടേയും ഉടമസ്ഥതയിലുള്ള ആർ.ആർ.പി.ആർ വി.സി.പി.എല്ലിന് 1,990,000 വാറന്റുകൾ നൽകിയിരുന്നു. ഇത് കമ്പനിയുടെ 99.50 ശതമാനം ഓഹരികളുടെ വിധി നിർണയിക്കാനുള്ള അധികാരപത്രം കൂടിയായിരുന്നു. ഏത് സമയത്തും ഈ വാറന്റ് ഉപയോഗിച്ച് ആർ.ആർ.പി.ആറിലെ ഓഹരികൾ വി.സി.പി.എല്ലിന് സ്വന്തമാക്കാം. ഇതിനുള്ള നീക്കങ്ങൾക്കാണ് ഇപ്പോൾ അണിയറയിൽ തുടക്കം കുറിച്ചിരിക്കുന്നത്.



വി.സി.പി.എല്ലിന്റെ വാറണ്ടുകൾ പ്രകാരം രണ്ട് ദിവസത്തിനുള്ളിൽ ആർ.ആർ.പി.ആർ 99.50 ശതമാനം ഓഹരികൾ കൈമാറണം. ഇതോടെ ആർ.ആർ.പി.ആറിന്റെ നിയന്ത്രണവും കമ്പനിയുടെ എൻ.ഡി.ടി.വിയിലെ 29.18 ശതമാനം ഓഹരികളുടെ ഉടമസ്ഥാവകാശവും അദാനിയുടെ സ്ഥാപനമായ എ.എം.ജി മീഡിയ നെറ്റ്‍വർക്കിന് കീഴിൽ വരും. ഇതിനിടെ പൊതു ഓഹരി ഉടമകളിൽ നിന്നും ഓപൺ ഓഫറിലൂടെ 26 ശതമാനം ഓഹരി കൂടി വാങ്ങാൻ അദാനി ഗ്രൂപ് താൽപര്യം അറിയിച്ചിട്ടുണ്ട്. ഈ ഇടപാട് കൂടി നടക്കുകയാണെങ്കിൽ എൻ.ഡി.ടി.വിയിലെ ഭൂരിപക്ഷം ഓഹരികളുടേയും നിയന്ത്രണം അദാനി ഗ്രൂപ്പിനാവും.

ഓഹരി ഒന്നിന് 294 രൂപ നൽകി ഏറ്റെടുക്കാമെന്നാണ് ഓപൺ ഓഫറിൽ അദാനി അറിയിച്ചിരിക്കുന്നത്. ഏകദേശം 492.8 കോടി രൂപയുടേതായിരിക്കും ഇടപാട്. 26 ശതമാനം ഓഹരികൾ കൂടി അദാനിയുടെ കൈവശമായാൽ എൻ.ഡി.ടി.വിയിലെ ഗ്രൂപ്പിന്റെ ആകെ ഓഹരി പങ്കാളിത്തം 55 ശതമാനമായി ഉയരും. നിലവിൽ എൻ.ഡി.വിയിലെ 32 ശതമാനം ഓഹരിയും പ്രണോയ് റോയിയുടേയും രാധികയുടേയും പേരിലാണ്. ഇത് അദാനി നിലവിൽ​ കൈവശം വെച്ചിരിക്കുന്ന ഓഹരികളേക്കാൾ കൂടുതലാണ്. എന്നാൽ, ഓപൺ ഓഫർ യാഥാർഥ്യമായാൽ എൻ.ഡി.ടി.വിയിലെ ഓഹരി ഘടനയിൽ കാതലായ മാറ്റങ്ങളുണ്ടാവും. റോയിക്ക് 29.18 ശതമാനം ഓഹരികൾ നിലവിൽ നഷ്ടപ്പെട്ടിട്ടുണ്ട്. അദാനിയുടെ കടന്നുകയറ്റം തടയണമെങ്കിൽ പൊതുഓഹരി ഉടമകളിൽ നിന്നും കൂടുതൽ ഓഹരി പ്രണോയ് റോയ് വാങ്ങണം. എൻ.ഡി.ടി.വിയിലെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ പ്രണോയ് റോയിക്ക് ഇത് എത്രത്തോളം സാധ്യമാവുമെന്നതാണ് പ്രധാനം.



അദാനി മുന്നോട്ടുവെച്ച ഓപൺ ഓഫർ അനുസരിച്ച് പ്രൊമോട്ടർ ഗ്രൂപ്പിനൊഴികെ മറ്റെല്ലാവർക്കും അദാനിക്ക് ഓഹരി വിൽക്കാം. നിലവിൽ രണ്ട് വിദേശനിക്ഷേപകർക്ക് എൻ.ഡി.ടി.വിയിൽ 14 ശതമാനത്തോളം ഓഹരി പങ്കാളിത്തമുണ്ട്. എൽ.ടി.എസ് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് 9.75 ശതമാനവും വികാസ ഇന്ത്യ ഇ.ഐ.എഫ്.ഐ ഫണ്ടിന് 4.42 ശതമാനവും ഓഹരികളാണുള്ളത്. ഇരു കമ്പനികളും മൗറീഷ്യസ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിൽ എൽ.ടി.എസ് ഗ്രൂപ്പിന് ഇന്ത്യയിലെ 13 കമ്പനികളിലായി 19,328 കോടി നിക്ഷേപമുണ്ട്. ഇതിൽ 98 ശതമാനം നിക്ഷേപവും അദാനിയുടെ ഉടമസ്ഥതയിലുള്ള നാല് കമ്പനികളിലാണ്.

ഇതിന് പുറമേ 29,691 വ്യക്തികൾ രണ്ട് ലക്ഷത്തിൽ കൂടാത്ത തുക എൻ.ഡി.ടി.വിയിൽ നിക്ഷേപിച്ചിട്ടുണ്ട്. 947 സ്ഥാപനങ്ങൾക്കും എൻ.ഡി.ടി.വിയിൽ നിക്ഷേപമുണ്ട്. ഇതിന്റെ ഓഹരി മൂല്യം ഏകദേശം 23.85 ശതമാനം വരും. അദാനിയുടെ കൈയിലേക്ക് എൻ.ഡി.വിയുടെ നിയന്ത്രണം എത്തിയാൽ അത് ടി.വി ചാനലുകളുടെ സ്വഭാവത്തിൽ മാറ്റിത്തിരുത്തലുകൾ വരുത്തിയേക്കും. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനെ വിമർശിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില ചാനലുകളിലൊന്നാണ് എൻ.ഡി.ടി.വി. ചാനലിന്റെ ഉടമസ്ഥാവകാശം നരേന്ദ്ര മോദിയുടെ വിശ്വസ്തന്റെ കൈകളിലേക്ക് എത്തിയാൽ മുഖ്യധാരാ ടെലിവിഷൻ വാർത്തകളുടെ വൈവിധ്യത്തിൽ അത് സുപ്രധാന സ്വാധീനം ചെലുത്തിയേക്കുമെന്നാണ് ആശങ്ക.

കടപ്പാട്: ന്യസ്​ലോണ്ട്രി.കോം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ndtvGautham Adani
News Summary - How Adani is taking over NDTV without consulting the Roys
Next Story