Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഉപ്പൂറ്റിവേദന അത്ര...

ഉപ്പൂറ്റിവേദന അത്ര നിസ്സാരമല്ല

text_fields
bookmark_border
ഉപ്പൂറ്റിവേദന അത്ര നിസ്സാരമല്ല
cancel
camera_alt

ഡോ. രവികുമാർ കാവുങ്ങൽ

ശ്രീസൗഖ്യ ആയുർവേദിക് സെൻറർ



ഇതെന്തൊരു നശിച്ച കാലുവേദനയാണ് എന്നു ശപിച്ചു കൊണ്ടായിരിക്കാം നമ്മളിൽ പലരും രാവിലെ എഴുന്നേറ്റു വരുന്നത്. ഒട്ടുമുക്കാൽ വ്യക്തികളെയും അലട്ടുന്ന ഒന്നാണ് ഉപ്പൂറ്റിവേദന. കാൽമുട്ടുവേദന പോലെ തന്നെ മറ്റൊരു ശല്യക്കാരനാണിത്. ചിലരിൽ ഈ വേദന അൽപ്പം നടന്നു കഴിഞ്ഞാൽ മാറുന്നു. എന്നാൽ കുറച്ചു നേരത്തെ വിശ്രമ ശേഷം എഴുന്നേറ്റു നിൽക്കുമ്പോഴോ നടക്കുവാൻ ശ്രമിക്കുമ്പോഴോ അസഹ്യമായ വേദന വീണ്ടും അനുഭവപ്പെടാം. വേദനയുടെ കാഠിന്യം ഉപ്പൂറ്റി വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരാളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയാത്ത വിധത്തിലാണെന്നുള്ളത് പലരെയും സങ്കടപ്പെടുത്തുന്നു.

ഉപ്പൂറ്റി വേദന രോഗലക്ഷണം

ഉപ്പൂറ്റി വേദന എന്നത് ഒരു രോഗലക്ഷണമാണ്. വ്യത്യസ്ത രോഗങ്ങളാൽ ഇത് ഉണ്ടാവാമെന്ന് സാരം. ഉപ്പൂറ്റി വേദനയിലേക്ക് നയിക്കുന്ന കാരണങ്ങളും അതിന്റെ പ്രതിരോധവും – ചികിത്സാ മാർഗ്ഗങ്ങളും എന്താണെന്ന് നമുക്ക് നോക്കാം. ഉപ്പൂറ്റി/ കുതികാൽ വേദനയെ ആയുർവേദശാസ്ത്രത്തിൽ വാതരോഗങ്ങളിലൊന്നായ ‘വാതകണ്ടകം’ എന്ന പേരിലാണ് വിവരിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൽ പറയുന്ന പ്ലാൻറാർ ഫേഷ്യൈറ്റിസുമായി ഇതിനെ താരതമ്യപ്പെടുത്താം. നമ്മുടെ പാദത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഉപ്പൂറ്റിയിലെ അസ്ഥിയെ കാൽ വിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ഒരു സ്നായു ആണ് പ്ലാന്റാർ ഫേഷ്യ. പാദങ്ങളുടെ ഉൾവശത്തുള്ള വളവിനെ (arch) പിന്തുണക്കുകയും നടക്കുമ്പോൾ ഒരു ഷോക്ക് അബ്സോർബറായി പ്രവർത്തിക്കുകയുമാണ് പ്ലാന്റാർ ഫേഷ്യയുടെ ധർമ്മം. ഇതിൽ വരുന്ന വീക്കം സാധാരണായായി ആണി അല്ലെങ്കിൽ ഒരു മുള്ള് തറക്കുന്ന വേദനയായി ഉപ്പൂറ്റിയിൽ അനുഭവപ്പെടുന്നു. മാർബിൾ, ടൈൽസ് തുടങ്ങിയ തണുത്ത പ്രതലങ്ങളിൽ പതിവായി ചെരിപ്പിടാതെ നിൽക്കുന്നവരിലും അധിക നേരം കാൽനനഞ്ഞും, വെള്ളത്തിൽ നിന്ന് ജോലി ചെയ്യുന്നവരിലും, ഓട്ടക്കാരിലും അമിതഭാരമുള്ളവരിലും ഈ പ്രശ്നം വളരെ കൂടുതലായി കണ്ടുവരുന്നു. രാവിലെ മുതൽക്കു തന്നെ തുടർച്ചയായി മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യുന്ന വീട്ടമ്മമാർ,അധ്യാപകർ,നഴ്‌സുമാർ,സെയിൽസ് മേഖലയിൽ ജോലിചെയ്യുന്നവർ തുടങ്ങിയവരിലൊക്കെ ഉപ്പൂറ്റി വേദന വളരെ സാധാരണമാണ്. ഗർഭിണികളിൽ ഗർഭാവസ്ഥയുടെ അവസാന ഘട്ടങ്ങളിൽ പലപ്പോഴും പ്ലാൻറാർ ഫേഷ്യൈറ്റിസ് ഉണ്ടാകാറുണ്ട്. നിലവാരമില്ലാത്തതും കൂടുതൽ ഇറുക്കമുള്ളതും, പാദത്തിന്റെ അളവിനനുസൃതമല്ലാത്തതും ഹൈഹീൽ ഉള്ളതുമായ ചെരുപ്പുകളും, ഷൂസുകളും ധരിക്കുന്നത് പ്ലാന്റാർഫേഷ്യകൾക്ക് ക്ഷതമുണ്ടാക്കുകയും ഉപ്പൂറ്റി വേദന തുടങ്ങുവാനൊരു കാരണമാകുകയും ചെയ്യുന്നു.




കുട്ടികളി​ലെ ഉപ്പൂറ്റി വേദന

മുതിർന്നവരെ കൂടാതെ കൊച്ചുകുട്ടികൾക്ക് പോലും ഉപ്പൂറ്റി വേദന കാണാറുണ്ട്. കൊച്ചുകുട്ടികളിൽ കാണുന്ന അമിതവണ്ണവും ഫ്‌ളാറ്റ് ഫൂട്ടും(പാദങ്ങളുടെ നടുവിലെ ആർച് നിവർന്നു നേരെ ഇരിക്കുന്ന അവസ്ഥ) ഉപ്പൂറ്റി വേദനയുടെ കാരണമാകുന്നു. ഫ്ലാറ്റ് ഫൂട്ടുള്ള മുതിർന്നവരിലും ഉപ്പൂറ്റിവേദനയുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ് . ചിലർക്ക് ഇത്തരം പ്ലാന്റാർ ഫേഷ്യൈറ്റിസ് കുറച്ചുനാൾ കൊണ്ട് നീർക്കെട്ട് കുറയുമ്പോൾ സുഖമാകുന്നു.

എന്നാൽ മിക്കവരിലും ഈ അവസ്ഥ പൂർണമായി മാറാതെ ഇടവിട്ട് വന്നു കൊണ്ടിരിക്കുകയും ഇത്തരത്തിൽ ഇടവിട്ട് വേദന വന്നു കൊണ്ടിരുന്നാൽ അത് ഉപ്പൂറ്റിയുടെ അടിവശത്തു ചെറിയ തേയ്‌മാനം വരുത്തുകയും ആ ഭാഗത്തു ഉപ്പുറ്റിയുടെ അസ്ഥിയിൽ ഒരു മുള്ള് പോലുള്ള വളർച്ചയായി രൂപപ്പെടുകയും ചെയ്യുന്നു. ഒരു എക്സ്റേ എടുത്താൽ ഉപ്പുറ്റിയുടെ അടിഭാഗത്തു ഒരു മുള്ളാണി പോലുള്ള വളർച്ച (Calceneal spur) കാണാൻ സാധിക്കുന്നതാണ്. ഇത് കാരണം നടക്കുമ്പോഴും ചിലപ്പോൾ കിടന്നു വിശ്രമിക്കുമ്പോൾ പോലും ഉപ്പൂറ്റിയിലും പാദത്തിലും കാൽവണ്ണയിലും കഴപ്പും വേദനയുമുണ്ടാകാറുണ്ട്.

ഉപ്പൂറ്റി വേദന വരാനുള്ള വേറൊരു പ്രധാന കാരണമാണ് അക്ക്ലിസ് ടെൻഡിനൈറ്റിസ്. കാൽമുട്ടിന്റെ പുറകിലൂള്ള കാൽവണ്ണയുടെ മസിലുകളെ ഉപ്പുറ്റിയുമായി ബന്ധിപ്പിക്കുന്ന നീളവും കട്ടിയുമുള്ള റിബ്ബൺ പോലുള്ള ഭാഗത്തെയാണ് അക്ക്ലിസ് ടെൻഡൻ എന്ന് പറയുന്നത്. അധികമായി നടക്കുമ്പോഴോ, ഏതെങ്കിലും ഒരു കാലിൽ മാത്രം കൂടുതൽ സമ്മർദ്ദമേൽപ്പിക്കുന്ന അവസ്ഥകളിലോ ഇതിനു സൂക്ഷമായ വിള്ളലുകളും ക്ഷതങ്ങളും സംഭവിക്കുകയും അക്ക്ലിസ് ടെൻഡിനൈറ്റിസ് എന്ന വേദനാജനകമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

രോഗനിർണ്ണയം

ഉപ്പൂറ്റിവേദനയുടെ യഥാർത്ഥ കാരണവും രോഗനിർണയവും ക്ലിനിക്കൽ പരിശോധനയിലൂടെ വിദഗ്ധനായ ഡോക്ടർക്ക് വേഗത്തിൽ മനസിലാക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഇമേജിങ് ടെസ്റ്റുകൾ ചെയ്തു പാദത്തിന്റെ ഘടനയും ടിഷ്യുകളെയും കുറിച്ചറിയാവുന്നതാണ്. അസ്ഥികൾക്ക് ഒടിവ്, ചതവ്, അണുബാധ എന്നീ മറ്റേതെങ്കിലും അവസ്ഥകൾ നിങ്ങളുടെ ഉപ്പൂറ്റിവേദനക്ക് കാരണമാകുന്നെന്നു സംശയിക്കുമ്പോൾ ഒരു എക്സ്റേയോ എം.ആർ.ഐ സ്‌കാനിങ്ങോ ചെയ്യേണ്ടതായി വന്നേക്കാം. ഉപ്പൂറ്റിവേദനയുടെ യഥാർത്ഥ കാരണം അറിഞ്ഞു വേണം ചികിത്സ നൽകുവാൻ. പ്രധാനപ്പെട്ടതും ലളിതവുമായ ഒരു മാർഗ്ഗം എന്ന് പറയുന്നത് നമ്മുടെ പാദം ഭൂമിയിൽ അമരുമ്പോൾ വരുന്ന സമ്മർദ്ദത്തെ ലഘൂകരിക്കാൻ വളരെ മൃദുവായ പാദരക്ഷകൾ ധരിക്കുക എന്നത് തന്നെയാണ്. പലരുടെയും പാദരക്ഷകൾ പരിശോധിച്ചാൽ ഒരു ഭാഗം മാത്രം കൂടുതൽ തേഞ്ഞു ചെരിഞ്ഞിരിക്കുന്നതായി കാണാം. ഇതിനു കാരണം ഉപ്പുറ്റിയുടെ ഒരു വശത്തേക്ക് മാത്രമായി ശരീരത്തിന്റെ മർദ്ദം എത്തുന്നതാണ്. അത് കൊണ്ട് ഉപ്പൂറ്റി വേദനയുള്ളയാൾ ആദ്യം തന്നെ ചെരുപ്പുകൾ പരിശോധിച്ച് തേഞ്ഞു ചെരിഞ്ഞതായ പാദരക്ഷകൾ ഉടൻ ഒഴിവാക്കുകയും മൃദുവായ പാദരക്ഷകൾ ഉപയോഗിക്കുകയും ചെയ്യണം. ഷൂസാണ് ഉപയോഗിക്കുന്നതെങ്കിൽ ഷൂസിനകത്തു ഒരു സിലിക്കൺ ജെൽ നിറഞ്ഞ പാഡ് ഉപയോഗിക്കുന്നത് പ്ലാന്റാർ ഫേഷ്യയിലെ മർദ്ദം കുറക്കുവാൻ സഹായിക്കുകയും ഉപ്പൂറ്റിക്കു സുഖകരമായ അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. പാദത്തിന്റെ വളവ്(Arch) സന്തുലിതമാകുന്ന തരം ചെരുപ്പുകളും ഉപയോഗപ്രദമായി കാണുന്നു. കൂടാതെ ഫാൻസി ചെരുപ്പുകൾ ഉപയോഗിക്കുമ്പോൾ വളരെ കഠിനമായ പാദതലത്തോട് കൂടിയവ കഴിവതും ഒഴിവാക്കുക. ഹൈഹീൽ ചെരുപ്പുകളും ഷൂസുകളും പ്ലാൻറാർ ഫേഷ്യൈറ്റിസ് ഉള്ളവർ ഒഴിവാക്കുന്നത് പാദത്തിനു മാത്രമല്ല നടുവേദന വരാതിരിക്കാൻ കൂടി നല്ലതാണ്.




ഉപ്പൂറ്റി വേദനക്കുള്ള പ്രതിവിധി

വ്യായാമം- ഏറ്റവും പ്രധാനമാണ്. രാവിലെ എഴുന്നേറ്റു നടന്നു തുടങ്ങുന്നതിനു മുമ്പ് കട്ടിലിൽ കാൽമുട്ട് നിവർത്തി ഇരിക്കുക,കാൽ വിരലുകൾ അകത്തേക്കും പുറത്തേക്കും ആയി ഒരു പത്തു തവണയെങ്കിലും മടക്കുകയും നിവർത്തുകയും ചെയ്യുക. കാൽപാദം മുഴുവനായും ഒരു തോർത്തോ തുണിയോ ഉപയോഗിച്ച് ഏകദേശം 15 സെക്കന്റ് സമയത്തേക്ക് മുകളിലേക്ക് വലിച്ചു പിടിച്ചു നിർത്തണം. ഈ വ്യായാമം ഓരോ കാലിലും 10 തവണയെങ്കിലും ആവർത്തിക്കുക. ഐസ് നിറച്ച ബോട്ടിൽ നിലത്തു വെച്ച് ഒരു കസേരയിൽ ഇരുന്നു കൊണ്ട് പാദത്തിന്റെ ആർച് ഉള്ള ഭാഗം കൊണ്ട് പതുക്കെ ചവുട്ടി മുന്നിലേക്കും പുറകിലേക്കുമായി ഉരുട്ടുക. ഇത് പാദത്തിലെ ഫേഷ്യ യിലെ നീർക്കെട്ട് കുറക്കുവാനും വേദന ശമിപ്പിക്കാനുള്ള നല്ല രീതിയാണ്.ദിവസവും ഒരു പത്തു മിനിട്ടു നേരം ഇപ്രകാരം ചെയ്യുക. ഒരു പരന്ന പാത്രത്തിലെ ചൂടുവെള്ളത്തിൽ 3 മിനുട്ടു നേരം വേദനയുള്ള പാദം മുക്കിവെച്ച ശേഷം എടുത്ത് വേറൊരു പാത്രത്തിലെ തണുത്ത വെള്ളത്തിൽ ഒരു മിനുട്ട് നേരം പാദം മുക്കി വെക്കുക . ഇപ്രകാരം ഇടവിട്ട് ചൂടും തണുപ്പുമേല്പിക്കുന്നത് ഉപ്പൂറ്റി വേദനക്ക് നല്ല ആശ്വാസം നൽകും.ഒരു ട്രേയിൽ കുട്ടികൾ കളിക്കാനുപയോഗിക്കുന്ന ഗോലികൾ ഇട്ട ശേഷം വേദനാസംഹാരികളായ ആയുർവേദ തൈലങ്ങൾ ഏതെങ്കിലും അതിൽ ചൂടാക്കി അൽപ്പം ഒഴിച്ച ശേഷം ഒരു കസേരയിൽ ഇരുന്നു കൊണ്ട് ട്രേയിലെ ഗോലികളിൽ ചവിട്ടിയുരുട്ടി പാദത്തിനിടയിൽ മസ്സാജ് നൽകുന്ന രീതി വേദന ശമിപ്പിക്കും.

ഉപ്പൂറ്റി വേദനയ്ക്ക് ആയുർവേദ ചികിത്സ

സുശ്രുത സംഹിതയിലാണ് ഉപ്പൂറ്റി വേദനക്ക് വിശദമായ ചികിത്സ വിവരിക്കുന്നത്. സ്നായു, അസ്ഥി, സന്ധി എന്നിവയെ സംബന്ധിക്കുന്ന അവസ്ഥ ആയതിനാൽ സ്നേഹനം (തൈലങ്ങൾ പോലുള്ളവ പ്രയോഗിക്കുന്നത്), ഉപനാഹ സ്വേദം, അഗ്നികർമം, ബന്ധനം, ഉന്മർദനം മുതലായ ചികിത്സകളാണ് ഫലപ്രദം ചില അവസ്ഥകളിൽ രക്തമോക്ഷണം ഫലപ്രദമായൊരു മാർഗം ആണ്. വാതഹരമായുള്ള തൈലങ്ങൾ കൊണ്ട് കാലിലും ഉപ്പൂറ്റിയിലും ചെറിയ മസ്സാജ് ചെയ്തശേഷം ചൂട് പിടിക്കണം. അഗ്നികർമം എന്നത് വേദനയുള്ള സ്ഥലത്ത് ലോഹദണ്ഡു ചൂടാക്കി വെക്കുന്ന രീതിയാണ്. ഇഷ്ടിക ചൂടാക്കി അതിൽ കാൽ വെച്ച് ചൂടുകൊള്ളുന്ന രീതി നാട്ടിൻപുറങ്ങളിൽ സാധാരണമാണ്. ഔഷധ ചൂർണങ്ങൾ പേസ്റ്റ് രൂപത്തിൽ പാദങ്ങളിൽ കെട്ടിവെച്ച് ചൂട് കൊള്ളുന്നത് ഉപനാഹം. ഇലക്കിഴി, പൊടിക്കിഴി എന്നിവയും രോഗാവസ്ഥ അനുസരിച്ച് ഉപയോഗിക്കുന്നു. മുരിങ്ങയില, കരിനൊച്ചിയില, എരിക്കില എന്നിവ ചൂടാക്കി കിഴി ചെയ്യുന്നത് ഫലപ്രദമാണ്. മുറിച്ച ചെറുനാരങ്ങയും ഇന്തുപ്പ് പൊടിച്ചതും ചേർത്ത് ചൂടാക്കി വാട്ടിയെടുത്ത ശേഷം ഉപ്പൂറ്റി ഭാഗത്തു കിഴിവെക്കുന്നതും നല്ലതാണ്.ഇവയ്ക്കു പുറമെ വേദന, നീർക്കെട്ട് എന്നിവ കുറയ്ക്കുവാനുള്ള മരുന്നുകളും പ്രയോഗത്തിൽ ഉണ്ട്. ചിറ്റമൃത്, ഗുൽഗുലു, ചിറ്റരത്ത, ഞെരിഞ്ഞിൽ, കുറുന്തോട്ടി, കരിനൊച്ചി തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന ഔഷധങ്ങൾ ഉപ്പൂറ്റി വേദന ശമിപ്പിക്കാനായി ഉപയോഗിച്ചുവരുന്നു.

ഉപ്പൂറ്റി വേദന വരാതിരിക്കാൻ:

അനുയോജ്യമായ പാദരക്ഷകൾ ധരിക്കുക. ഷൂസ് ധരിക്കുമ്പോൾ ഷൂസിന്റെ പിൻവശം മടക്കി അതിനു മുകളിൽ ഉപ്പൂറ്റി കയറ്റി വെച്ച് നടക്കുന്ന ശീലം പാടെ ഒഴിവാക്കുക. അമിതവണ്ണം ഉള്ളവർ ശരീരഭാരം കുറക്കുക.അമിത ഭാരം താങ്ങാനുള്ള കഴിവ് നിങ്ങളുടെ ഉപ്പുറ്റിക്കു എപ്പോഴും ഉണ്ടായെന്നു വരില്ല. അതുകൊണ്ടു ശരിയായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും, ആവശ്യമെങ്കിൽ അതിസ്ഥൂലതയിൽ

ചെയേണ്ട ചികിത്സകൾ ചെയ്‌തും ശരീര ഭാരം ക്രമീകരിക്കുക. തണുപ്പുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ കാലുകളിൽ സോക്സ്‌ ധരിക്കുക .കാൽപാദങ്ങൾ ദീർഘനേരം നനഞ്ഞിരിക്കുന്നതും, നനഞ്ഞ സോക്സ്‌ ധരിക്കുന്നതും ഒഴിവാക്കണം. മലബന്ധം, മൂത്രതടസ്സം,മൂത്രത്തിൽ ഇടയ്ക്കിടെ അണുബാധ,നട്ടെല്ല് സംബന്ധമായ ചില തകരാറുകൾ, രക്തത്തിലെ അധികമായ യൂറിക് ആസിഡ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയുള്ളവരിൽ ഉപ്പൂറ്റി, പാദം, കണങ്കാൽ,എന്നിവിടങ്ങളിൽ വേദനയുണ്ടാകാറുണ്ട്. ഒരു ആയുർവേദ ഫിസിഷ്യനെ കണ്ടു തക്കതായ രോഗനിർണയ പരിശോധനകൾ നടത്തുകയും ചികിത്സിക്കുകയും ചെയ്യേണ്ടതാണ്.

ആയുർവേദ ശാസ്ത്രത്തിൽ ഉപ്പൂറ്റി വേദനക്ക് വളരെ വേഗം സുഖമാക്കാവുന്ന ചികിത്സാ വിധികൾ നിലവിലുണ്ട് .വൈദ്യനിർദ്ദേശപ്രകാരമുള്ള ജീവിതചര്യകളും ഭക്ഷണക്രമീകരണവും ആവശ്യമെങ്കിൽ നൽകുന്ന ഉചിതമായ ഔഷധങ്ങളും ലേപനങ്ങളും കിഴി ധാര, അഭ്യംഗം തുടങ്ങിയ ചികിത്സാക്രമങ്ങളും ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഇതു പൂർണമായും സുഖപ്പെടുകയും വീണ്ടും വരാതിരിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrainmarkletingbuisness news
News Summary - Salt pain is not so trivial
Next Story