കാര്യവട്ടം കാമ്പസിലെ അസ്ഥികൂടം: അവിനാശിനെ ഏഴ് വർഷമായി കാണാനില്ലെന്ന് പിതാവ്
text_fieldsകഴക്കൂട്ടം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ ദുരൂഹത തുടരുന്നു. അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ ഡ്രൈവിങ് ലൈസൻസിന്‍റെ ഉടമ തലശ്ശേരി സ്വദേശി അവിനാശിനെ ഏഴ് വർഷമായി കാണാനില്ലെന്ന് പിതാവ് പൊലീസിൽ മൊഴി നൽകി.
ശനിയാഴ്ച രാവിലെ ചെന്നൈയിൽ നിന്നെത്തിയ പിതാവ് ആനന്ദ് കൃഷ്ണന്‍റെ മൊഴി കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി. മൃതദേഹം ഡി.എൻ.എ പരിശോധന നടത്തി. ഇതിനായി പൊലീസ് പിതാവിന്‍റെ രക്തസാമ്പിൾ ശേഖരിച്ചിരുന്നു. ഇദ്ദേഹം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തിയാണ് മൊഴിനൽകിയത്.
അവനാശിന്‍റെ കുടുംബം വർഷങ്ങളായി ചെന്നൈയിലാണ് താമസം. 2008 മുതൽ വീടുമായി കാര്യമായ ബന്ധമില്ല. 2009ൽ കഴക്കൂട്ടെത്തത്തി മകനെ നേരിൽ കണ്ടിരുന്നു. അതിനുശേഷം ഇ-മെയിൽ വഴി വല്ലപ്പോഴും ബന്ധപ്പെട്ടിരുന്നു. 2017 മുതൽ ഒരറിവുമില്ലാത്തതിനെതുടർന്ന് കാണ്മാനില്ലെന്ന് ചെന്നൈയിലെ എട്ട് പൊലീസ് സ്റ്റേഷനുകളിൽ പല ഘട്ടങ്ങളായി പരാതി നൽകി.
ബാങ്ക് അക്കൗണ്ടിൽ 2019 വരെ ഇടപാട് നടന്നിരുന്നതായി പൊലീസ് കണ്ടെത്തി. 39കാരനായ അവിനാശ് കഴക്കൂട്ടത്തെ ഐ.ടി സ്ഥാപനത്തിൽ ജോലിചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് കാമ്പസിലെ ബോട്ടണിവിഭാഗത്തോട് ചേർന്ന ജല അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. 20 അടിയോളം താഴ്ചയിലാണ് അസ്ഥികൂടം കിടന്നിരുന്നത്.
സമീപത്ത് പൈപ്പിൽ കെട്ടിയ കയർ, സ്റ്റൂൾ, ഏണി തുടങ്ങിയവ ഉണ്ടായിരുന്നതിനാൽ തൂങ്ങിമരിച്ചതാകാമെന്നാണ് നിഗമനം. കൊലപാതകസാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹത്തിന് രണ്ടുവർഷത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനഫലം. രാസപരിശോധനഫലം കൂടി ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.