വിത്തിന്‍െറ പത്തായം

  • മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്‍െറ നേതൃത്വത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലക്ക് വിത്തൊരുക്കി നല്‍കുന്ന പെണ്‍കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍

ഹരിത സേനാംഗങ്ങൾ കൃഷിയിടത്തിൽ

മലപ്പുറത്തിന്‍െറ പച്ചപ്പിന് ചേരുംപടി ചേരുന്നൊരു സ്ഥാപനമുണ്ട് തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിങ് കോളജ് കാമ്പസില്‍. മലപ്പുറം കൃഷി വിജ്ഞാനകേന്ദ്രം. പച്ചക്കറിവിളകളുടെ പച്ചപ്പ് കെടാതിരിക്കാന്‍ കര്‍ഷകര്‍ക്കൊപ്പം കണ്‍തുറന്നിരിക്കുന്നൊരു സ്ഥാപനം. വിത്ത് കുത്തി ഉണ്ണരുതെന്ന പഴഞ്ചൊല്ലിനെ കൂട്ടുപിടിച്ച് പച്ചക്കറി വിത്തുല്‍പാദനം ദിനചര്യയാക്കിയ കേന്ദ്രം. ജില്ലയിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് അത്താണി. ഇത്തിരി ഭൂമിയില്‍ ചെയ്യുന്നത് ഒരുപാട് കാര്യങ്ങള്‍. ഇവിടെ എന്തുകിട്ടും എന്ന ചോദ്യത്തെ എന്തു കിട്ടില്ല എന്ന മറുചോദ്യംകൊണ്ട് മെരുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍. കര്‍ഷകരും കൃഷി മേഖലയിലെ സ്വയംതൊഴില്‍ സംരംഭകരും വിജ്ഞാനവ്യാപനം തൊഴിലാക്കിയവരും ആശ്രയിക്കുന്ന ഇടം. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്‍െറ സാമ്പത്തിക സഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലാണ് പ്രവര്‍ത്തനം. വീണിടം വിഷ്ണുലോകമാക്കിയ ഒരുപറ്റം ജീവനക്കാര്‍. പരീക്ഷണ വഴികളില്‍ കഴിവുതെളിയിച്ച് നേതൃപാടവത്തിന് ഉദാഹരണമാക്കാവുന്ന സ്ഥാപന മേധാവി ഡോ. ഹബീബ് റഹ്മാന്‍. കര്‍ഷകര്‍ക്കിടയിലെ പ്രവര്‍ത്തനംകൊണ്ട് അളവററ നേട്ടംകൊയ്ത ഇടം. ആദായത്തിനൊപ്പം അംഗീകാരംകൂടി
കിട്ടിയാലേ കര്‍ഷകര്‍ കൃഷിയിടം വിടുന്നത് ഒഴിവാക്കാനാവൂ എന്ന് ഡോ. ഹബീബ്. അതിനായി കര്‍ഷകരുടെ തോളുചേര്‍ന്ന് നിന്നപ്പോള്‍ കൃഷി വിജ്ഞാനകേന്ദ്രത്തിനും കിട്ടി തലപ്പൊക്കമുള്ള രണ്ട് ദേശീയപുരസ്കാരങ്ങള്‍. ഏതൊരു കാര്‍ഷിക ശാസ്ത്രജ്ഞനും പിന്തുടരുന്നതിന് സമാനമായ കാര്‍ഷിക ഗവേഷണം നടത്തുന്നവര്‍ കര്‍ഷകര്‍ക്കിടയിലുണ്ടെന്ന് കണ്ടത്തെി അവര്‍ക്ക് അര്‍ഹതക്കുള്ള അംഗീകാരം വാങ്ങിക്കൊടുക്കുംവരെ നീളുന്നു പ്രവര്‍ത്തനങ്ങള്‍.  

ഒന്നിലും പിന്നിലല്ല
മണ്ണിനെയും മനുഷ്യനെയും കൊല്ലാതെ കുലച്ചുവിളയാന്‍ വിളകള്‍ക്ക് അവസരം ഒരുക്കുന്ന ജൈവവളങ്ങളും ജീവാണുവളങ്ങളും കടന്നത്തൊത്ത വീടുകള്‍ കുറയും മലപ്പുറത്ത്. ബാക്ടീരിയല്‍ രോഗങ്ങളെ നിയന്ത്രിക്കാനുള്ള ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ് എന്നിവ രോഗനാശിനി പട്ടികയിലെ ആദ്യക്കാരാണ്. മെറ്റാറൈസിയവും വെര്‍ട്ടിസീലിയവും ബിവേറിയയുമെല്ലാം കീടങ്ങളെ തുരത്തുന്നതിനാല്‍ ഇവയുടെ കടുംപേരിനെചൊല്ലി ആരും തര്‍ക്കത്തിന് നില്‍ക്കാറില്ല. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിക്കണമെന്ന ലഘുതത്വമാണ് ഇവിടെ പഥ്യം. കൃഷി ഓഫിസര്‍ ‘ഇരിക്കട്ടേ ഒന്ന്’ എന്ന് പറഞ്ഞ് നല്‍കുന്ന മെറ്റാറൈസിയ വീട്ടിലത്തെിച്ച് വെള്ളത്തില്‍ കലക്കി ചാണകക്കുഴിയില്‍ ഒഴിക്കാന്‍ ആരും പറഞ്ഞ് കൊടുക്കേണ്ട എന്ന നിലയിലത്തെി കാര്യങ്ങള്‍. കൊമ്പന്‍ ചെല്ലിയെ ഉറവിടത്തില്‍തന്നെ നശിപ്പിക്കാനുള്ള മാര്‍ഗമാണിതെന്ന് മലപ്പുറത്തുകാര്‍ക്ക് നന്നായറിയാം. തെങ്ങിന്‍െറ അന്തകരാകാനുള്ള ചെല്ലിയുടെ നിയോഗം ഇതോടെ തടയാനായി. വിലക്കുറവും വിളവെടുക്കാന്‍ ആളില്ളെന്നതുമടക്കം പഴിയേറെ കേട്ട നാളികേരത്തിന് ഇപ്പോള്‍ ആ അവഗണനയില്ല.  കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് എത്തിച്ച അളവറ്റ ജൈവ ജീവാണുവളങ്ങളാണ് മലപ്പുറത്തിന്‍െറ മണ്ണില്‍ ചേര്‍ത്തത്. ഇവയുടെ ഉപയോഗത്തില്‍ കര്‍ഷകര്‍ക്ക് വിശ്വാസം വന്നതോടെ ഇവിടെതന്നെ അത് ഉല്‍പാദിപ്പിക്കാനുള്ള അരങ്ങൊരുങ്ങി. ഇപ്പോള്‍ ജില്ലക്കുവേണ്ട ജീവാണുവളങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത് ഇവിടെതന്നെയാണ്. കര്‍ഷക വനിതകള്‍ക്ക് പരിശീലനം നല്‍കിയാണ് ഇവയുടെ ഉല്‍പാദനം. കിലോയും ക്വിന്‍റലുംവിട്ട് ടണ്‍കണക്കിനാണ് ഉല്‍പാദനം. കൃത്യം കണക്ക് 30 ടണ്‍. കര്‍ഷകര്‍ക്ക് കൈയെത്തും ദൂരത്ത് അവ ലഭ്യമാക്കാനായി കൃഷി ഭവനുകളെ ആശ്രയിച്ചു. അതിന് ഫലവുമുണ്ടായി.  രാസകൃഷിയുടെ പിടിവിട്ട് കര്‍ഷകര്‍ ജൈവമാര്‍ഗങ്ങള്‍ തേടുന്നതിന് തെളിവാണ് ഈ ടണ്‍ കണക്കിന്‍െറ കാതല്‍.

പരാതിക്ക് പഞ്ഞമില്ലാത്ത തുടക്കം
കര്‍ഷകരെ ബോധവത്കരിച്ചാണ് മാറ്റത്തിന്‍െറ പുതുവഴിയിലൂടെ നടത്താനായത്. എന്തിനും ഏതിനും അളവറ്റ രാസവളവും രാസകീടനാശിനിയും കണ്ണുംപൂട്ടി പ്രയോഗിക്കുന്നവര്‍ മലപ്പുറത്തിന്‍െറ പച്ചമണ്ണില്‍നിന്ന് നാടുനീങ്ങിയെന്ന് ആരുടെയും കണ്ണില്‍നോക്കി പറയാനുള്ള ചങ്കൂറ്റമുണ്ട് ഈ കേന്ദ്രത്തിന്‍െറ അണിയറ പ്രവര്‍ത്തകര്‍ക്ക്. കാരണം അത്രമേല്‍ കര്‍ഷക സൗഹൃദ സാഹചര്യമൊരുക്കിയാണ് പ്രവര്‍ത്തനം.  വേണ്ടത്ര വളവും വെള്ളവും നല്‍കിയിട്ടും വിള തഴച്ചുവളരാതെ തളര്‍ന്നിരിക്കുന്നുവെന്ന പരാതിക്ക് പഞ്ഞമുണ്ടായിരുന്നില്ല ആദ്യകാലത്ത്. കൃഷിയിടപരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായി. മണ്ണിലെ ജൈവാംശം ഗണ്യമായി കുറഞ്ഞതും സൂക്ഷ്മമൂലകങ്ങളുടെ സാന്നിധ്യം മരുന്നിനുപോലും ഇല്ലാത്തതും അമ്ളത്വം കൂടിയതുമാണെന്ന് കണ്ടത്തൊന്‍ ഭഗീരഥ പ്രയത്നമൊന്നും വേണ്ടിവന്നില്ല. ഉടന്‍ മറുമരുന്ന് ഉപദേശിച്ചു. മണ്ണ് പരിശോധനയായിരുന്നു ആദ്യമന്ത്രം. അതിനൊരു കേന്ദ്രംതന്നെ ഒരുക്കിയാണ് കെ.വി.കെ കര്‍ഷകര്‍ക്കൊപ്പം നിന്നതെന്ന് അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ അസി. പ്രഫസര്‍ വി.ജി. സുനില്‍ പറഞ്ഞു.
മണ്ണില്‍ കുമ്മായമോ ഡോളമൈറ്റോ ചേര്‍ക്കാന്‍ നിര്‍ദേശിച്ചു. നല്ല കുമ്മായത്തിന്‍െറ ലഭ്യത കുറഞ്ഞതോടെ ഡോളമൈറ്റ് ചേര്‍ക്കാന്‍ പറഞ്ഞു. വിലക്കുറവിന്‍െറ ആനുകൂല്യത്തിന് പുറമെ, ഗുണമേന്മയെന്ന ബോണസുകൂടിയുണ്ട് അതിന്. മലപ്പുറത്തെ ഏതൊരു ചെറിയ അങ്ങാടിയിലും ഇപ്പോള്‍ ഡോളമൈറ്റ് കിട്ടും. വാങ്ങാന്‍ കര്‍ഷകര്‍ എത്തുന്നതിനാലാണത്. അമ്ളത്വപ്രശ്നം പരിഹരിച്ച മണ്ണില്‍ പരമാവധി ജൈവവളം ചേര്‍ക്കാനായി അടുത്ത നിര്‍ദേശം. മണ്ണുപരിശോധനയില്‍ തിരിച്ചറിഞ്ഞ സൂക്ഷ്മമൂലകങ്ങളുടെ കുറവ് തീര്‍ക്കാന്‍ ബോറോണ്‍ അടക്കമുള്ളവ ചേര്‍ക്കാന്‍ നിര്‍ദേശിച്ചു. വേണ്ടത്ര ഇടവേള നല്‍കി ശാസ്ത്രീയ രാസവളപ്രയോഗമായിരുന്നു മറ്റൊരു ഉപദേശം. എന്‍.പി.കെയുടെ കണക്കുകൊടുത്ത് രാസവളത്തിന്‍െറ അളവ് ഗണിച്ചെടുക്കേണ്ട ദുര്യോഗം കര്‍ഷകന്‍െറ തലയില്‍ കെട്ടിവെച്ചില്ല. മറിച്ച് പൊട്ടാഷിന്‍െറയും യൂറിയയുടെയുമെല്ലാം അളവ് പറഞ്ഞുകൊടുത്തു. വിളയ്ക്ക് വേണ്ട അളവാണ് നല്‍കിയത്. വാഴയടക്കമുള്ളവക്ക് ഒന്നിനെത്ര എന്നതായിരുന്നു അളവുകോല്‍. ചിലതിന് സെന്‍റിനുവേണ്ട അളവ് നല്‍കി. ഇതുവഴി മാത്രം അമിത രാസവളപ്രയോഗം എന്ന ചീത്തപ്പേര് പഴങ്കഥയായി.

പലതുണ്ട് പകരം വെക്കാന്‍
പരമാവധി ജൈവബദല്‍ എന്നതാണ് രീതി. അതുകൊണ്ടുതന്നെ ഫിറമോണ്‍ കെണി മുതല്‍ വേപ്പുസോപ്പുവരെ ഇവിടെ ഉല്‍പാദിപ്പിച്ച് കര്‍ഷകരിലത്തെിച്ചു. കായീച്ചയെ കണ്ടാല്‍ കൊടുംവിഷവുമായി പാടത്ത് റോന്തുചുറ്റുന്നവരെ ഇപ്പോള്‍ ഈ നാട്ടില്‍ കണികാണാന്‍ കിട്ടില്ല. കാരണം, ഫിറമോണ്‍ കെണിവഴി അവയെ വലയിലാക്കാമെന്ന് അവര്‍ക്കറിയാം. പാവല്‍ പാടങ്ങളില്‍ പൂവിരിഞ്ഞ് വിളവെടുക്കുംവരെ 12 തവണയായിരുന്നു രാസകീടനാശിനിപ്രയോഗം. ഇന്നത് കണി കാണാന്‍പോലും ഇല്ലാത്ത വിധമുള്ള ബദല്‍ മാര്‍ഗങ്ങള്‍ വന്നു. മഞ്ഞക്കെണിയും നീലക്കെണിയും വിളക്കുകെണിയും ഫിറമോണ്‍ കെണിയുമെല്ലാം വിഷക്കൂട്ടിന് പകരക്കാരായി. കീടങ്ങളെ വലയിലാക്കാനുള്ള പ്രവര്‍ത്തനം പരീക്ഷിക്കാനും ഇവയുടെ സാന്നിധ്യം തിരിച്ചറിയാനുമായി ഡോ. ബെറിന്‍ പത്രോസിന്‍െറ നേതൃത്വത്തില്‍ ബയോ കണ്‍ട്രോള്‍ ലാബുതന്നെ തുറന്നു. പാടം പൊന്നണിയുമ്പോള്‍ കതിരുകൊത്താന്‍ എത്തുന്നവരെ പേടിപ്പിക്കാനുള്ള റിബണ്‍ മുതല്‍ കൃഷിയിടം ഉഴുതുമറിക്കുന്ന കാട്ടുപന്നിയെ തുരത്താനുള്ള ബോറപ്പുവരെ (boarep) ഇവിടെ കിട്ടും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമാണ് ഇവിടുത്തെ പ്രവര്‍ത്തനത്തിന്‍െറ മുതല്‍ക്കൂട്ട്.  റിവോള്‍വിങ് ഫണ്ടിന്‍െറ കാര്യക്ഷമമായ ഉപയോഗംവഴിയുണ്ടായ നേട്ടങ്ങളേറെയാണ്.

വനിതാ സംഘങ്ങളുടെ നേതൃത്വത്തില്‍ ജൈവ കുമിള്‍ കീട നാശിനി ഉല്‍പാദനം
 

സേവനം പലവിധം
കര്‍ഷകപരിശീലനങ്ങള്‍ക്ക് പുറമെ നല്ല നടീല്‍വസ്തുക്കള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍, വിളകളുടെ ആരോഗ്യസംരക്ഷണ നിര്‍ദേശങ്ങള്‍, വിപണനസൗകര്യമൊരുക്കല്‍, കര്‍ഷക കൂട്ടായ്മകളൊരുക്കി ആദായവഴിതേടല്‍, കര്‍ഷകരുടെ കണ്ടുപിടുത്തങ്ങളുടെ രജിസ്ട്രേഷന്‍ എന്നിങ്ങനെ നീളുന്നു ഇവിടെനിന്ന് കര്‍ഷകര്‍ക്കുള്ള സഹായങ്ങള്‍. കര്‍ഷക സംരംഭകനാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ചെറുകിട വ്യവസായിയാകാനുള്ള ചിട്ടവട്ടങ്ങളെല്ലാമുണ്ട് ഇവിടെ. പദ്ധതി രൂപരേഖ തയാറാക്കല്‍ മുതല്‍ ധനസഹായം ലഭ്യമാക്കല്‍, വിപണന സൗകര്യമൊരുക്കല്‍, ലൈസന്‍സ്, പരിശീലനം എന്നുവേണ്ടതെല്ലാം സജ്ജം. കര്‍ഷക സഹായകേന്ദ്രങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം, വിള ആരോഗ്യകേന്ദ്രത്തിന്‍െറ സഹായം, പ്രൊജക്ടുകള്‍ തയാറാക്കാന്‍ പരിശീലനം എന്നിവ സ്വായത്തമാക്കാം.

ഗ്രാമശ്രീ ഹരിതസേന
ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ജൈവ ഉപാധികള്‍ എന്നിവ കര്‍ഷരില്‍ എത്തിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണ് ഗ്രാമശ്രീ ഹരിതസേനയെ ഒരുക്കിയത്. നേട്ടങ്ങളും കോട്ടങ്ങളും അറിഞ്ഞും പറഞ്ഞും കേട്ടശേഷം നെല്ലും പതിരും തിരയാനൊരുങ്ങിയത്തെിയത് 30 പേര്‍. മുഴുവനും സ്ത്രീകള്‍.  പച്ചക്കറിയുടെ വിത്തുല്‍പാദനം ഇവര്‍ ഏറ്റെടുത്തിരിക്കുകയാണ്. കെ.വി.കെയുടെ പത്തേക്കറിലാണ് പച്ചക്കറി കൃഷി. വെണ്ട, പാവല്‍, പടവലം, ചീര, തക്കാളി, വഴുതിന, വെള്ളരി, പയര്‍ തുടങ്ങി ഒട്ടുമിക്ക വിളകളും  കൃഷിയിറക്കിയിട്ടുണ്ട്. 100 കിലോയില്‍ തുടങ്ങി 1,400 കിലോഗ്രാമില്‍ എത്തി വിത്തുല്‍പാദനം. വര്‍ഷത്തില്‍ മൂന്നുതവണയാണ് വിത്ത് കൃഷി. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഉപദേശ നിര്‍ദേശങ്ങളും ചിട്ടകളും പാലിച്ചാണ് വിത്തുല്‍പാദനം. വിത്തും വളവും കൃഷിയിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കി ലാഭം വീതംവെക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം. ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗത്തിലെ ഡോ. എം. ആശ ശങ്കറിന്‍െറ  നേതൃത്വത്തിലാണ് പ്രവര്‍ത്തനം.  അതുകൊണ്ടുതന്നെ ആളൊന്നിന് ദിവസം 310 രൂപ കൂലി കിട്ടും. ഇക്കഴിഞ്ഞ വര്‍ഷം 27 ലക്ഷം രൂപയുടെ വിത്താണ് ഇവിടെ വിറ്റത്.
നെല്ലിന്‍െറ യന്ത്രവത്കരണത്തിനുള്ള ഗ്രൂപ്പാണ് കൃഷിസഹായി. 10 അംഗ സംഘത്തിനും നേതൃത്വം പെണ്‍പടതന്നെ. മറ്റ് സംഘങ്ങള്‍ക്കും തല്‍പരരായ കര്‍ഷകര്‍ക്കും കാര്‍ഷിക യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നല്‍കാവുന്ന കെല്‍പ് ഇവര്‍ക്കായി. എട്ടു വര്‍ഷം മുമ്പാണ് ഇവരുടെ അരങ്ങേറ്റം. പായ്ഞാറ്റടി, നടീല്‍, കൊയ്ത്ത്, കള നീക്കല്‍ എന്നിവയെല്ലാം ഇവരാണ് നടത്തുന്നത്. എഞ്ചിനീയറിങ് വിഭാഗം അസി. പ്രഫസര്‍ ഡോ. എസ് സജീനയുടെ നേതൃത്വത്തിലാണ് കൃഷിസഹായിയുടെ പ്രവര്‍ത്തനം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്‍െറ മികച്ച കൃഷി വിജ്ഞാന കേന്ദ്രത്തിനുള്ള ദേശീയ പുരസ്കാരമാണ് മലപ്പുറത്തിന്‍െറ മണ്ണില്‍ ആദ്യമത്തെിയത്. 2016ലെ അടല്‍ രാഷ്ട്രീയ കൃഷി വിജ്ഞാന്‍ പ്രോത്സാഹന്‍ പുരസ്കാരവും തൊട്ടുപിന്നാലെയത്തെി. അതുവഴി മാത്രം ഏഴേകാല്‍ ലക്ഷം രൂപ ഈ കേന്ദ്രത്തിന് മുതല്‍ക്കൂട്ടായി.
നിരവധി മാതൃകാ കര്‍ഷകരുള്ള മലപ്പുറത്ത്  പരമ്പരാഗത രീതിയില്‍ വിളപരിപാലനം ഏറ്റെടുത്ത രണ്ട് വെറ്റില കര്‍ഷകരാണ് കാര്‍ഷിക പൈതൃക പുരസ്കാരത്തിന് അര്‍ഹരായത്. തിരൂരുകാരായ മുഹമ്മദ് മൂപ്പനും മേലേതില്‍ ബീരാന്‍കുട്ടിയും പ്ളാന്‍റ് ജീനോം സേവ്യര്‍ പുരസ്കാരത്തിന് അര്‍ഹരായി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2686329.

 

COMMENTS