വേനല്‍ച്ചൂടില്‍ വാടി പൈനാപ്പിള്‍ കര്‍ഷകര്‍
text_fieldsപത്തനാപുരം: വേനല്‍ച്ചൂടില്‍ പ്രതിസന്ധിയിലായി പൈനാപ്പിള്‍ കര്‍ഷകര്‍. ചൂട് കാരണം കൈതച്ചെടികൾ ഉണങ്ങി ഉൽപാദനം കുറഞ്ഞതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. നിലവില്‍ പൈനാപ്പിളിന് കിലോക്ക് 40 മുതല്‍ 50 വരെ വിലയുണ്ട്. ഈ സാഹചര്യത്തിലാണ് ഉൽപാദന കുറവ് വെല്ലുവിളിയായിരിക്കുന്നത്.
വേനല്‍ച്ചൂടിനെ അതിജീവിക്കാനുള്ള തെങ്ങോലയോ ഗ്രീന്നെറ്റോ ഒന്നും ഇത്തവണ ഫലപ്രദമാകുന്നില്ല. കൈതകള്‍ ഉണങ്ങി മഞ്ഞനിറത്തിലാകുകയും വലുതാകാതെ നശിക്കുന്നതും പതിവാണ്. കഴിഞ്ഞ ആഴ്ചകളില്‍ മേഖലയിലെ പകല്‍ താപനില 39 ഡിഗ്രിക്കു മുകളിലാണ്.
അനുകൂല കാലാവസ്ഥയില്‍ തോട്ടങ്ങളില്‍ നിന്ന് 80 ശതമാനത്തോളം എ ഗ്രേഡ് പൈനാപ്പിള്‍ ലഭിക്കാറുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. എല്ലാ വര്‍ഷവും റമദാന്, ഈസ്റ്റര്‍ വിപണികളാണ് കൈതച്ചക്ക വ്യാപാരത്തിന്റെ പ്രധാനസമയം. ഇത്തവണ ആഘോഷകാലയളവ് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും നിരാശയായിരുന്നു ഫലം. വരും ദിവസങ്ങളില്‍ മഴ പെയ്തില്ലെങ്കില്‍ ഉൽപാദനത്തില് വന്‍ ഇടിവാകും ഉണ്ടാകുക.
കരാറെടുത്തും പാട്ടത്തിനെടുത്തുമാണ് കൂടുതല്‍ ആളുകളും കൈതകൃഷി നടത്തുന്നത്. കിഴക്കന്‍ മേഖലയില്‍ ഫാമിങ് കോര്‍പറേഷനില്‍ ഉള്‍പ്പെടെ ഏക്കറുകണക്കിന് ഭൂമിയിലാണ് കൈതച്ചക്ക കൃഷി നടക്കുന്നത്. സാധാരണ പൈനാപ്പിളിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്ന കാലമാണിത്. എന്നാല്‍, ആവശ്യത്തിനനുസരിച്ച് പൈനാപ്പിള്‍ ലഭ്യമാക്കാനുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.