Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_right2050ൽ എന്തായിരിക്കും...

2050ൽ എന്തായിരിക്കും നമ്മുടെ ഭക്ഷണം?

text_fields
bookmark_border
future food
cancel

മാറ്റങ്ങളിൽ നിന്ന് മാറ്റങ്ങളിലേക്ക് അതിവേഗം സഞ്ചരിക്കുകയാണ് ലോകം. മനുഷ്യന്‍റെ ജീവിതരീതികളും ഭക്ഷണവുമെല്ലാം അനുദിനം മാറ്റങ്ങൾക്ക് വിധേയമാകുന്നു. 2050ൽ എന്തായിരിക്കും നമ്മുടെ ഭക്ഷണമെന്ന് ഊഹിക്കാനാകുമോ? 30 വർഷം മുമ്പ് എന്തായിരുന്നു നമ്മുടെ ഭക്ഷണമെന്ന് നമുക്കറിയാം. എന്നാൽ, അതുപോലെ തന്നെയായിരിക്കുമോ 30 വർഷം കഴിഞ്ഞാലും. ഭക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് ശാസ്ത്രലോകം പറയുന്നത്.




ലോകജനസംഖ്യയിലുണ്ടാകുന്ന വർധനവ്, ആഗോളതാപനം, ഭക്ഷണം ലഭ്യമാകുന്നതിലെ അസമത്വം എന്നിവയും സുസ്ഥിരതയെ കുറിച്ചുള്ള മാറുന്ന കാഴ്ചപ്പാടുകളും ഭാവിയിൽ നമ്മുടെ ഭക്ഷണത്തെ ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കും. ഇന്ന് നിങ്ങളുടെ പ്രിയ വിഭവങ്ങൾ എന്തൊക്കെയായാലും ഭാവിയിൽ അവക്ക് മാറ്റങ്ങൾ വരും.

2050ഓടെ ലോക ജനസംഖ്യ 1000 കോടിയിലെത്തുമെന്നാണ് അനുമാനം. ഈ മനുഷ്യർക്ക് മുഴുവനും ഭക്ഷണം നൽകാൻ ആവശ്യമായി വരിക ഇന്ന് ഉൽപ്പാദിപ്പിക്കുന്നതിന്‍റെ 56 ശതമാനം കൂടുതൽ ഭക്ഷണമാണെന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ഏജൻസിയായ UNEP ചൂണ്ടിക്കാട്ടുന്നു.




എന്നാൽ, ഇന്ന് മിക്ക രാജ്യങ്ങളിലും ആളുകൾ കഴിക്കുന്ന തരത്തിലുള്ള ഭക്ഷണക്രമം ഭാവിയിലെ വലിയ ജനവിഭാഗത്തിന് നൽകാൻ മതിയായ കൃഷിഭൂമി ലഭ്യമായിരിക്കില്ല. ഭാവിയിൽ നാം കൃഷിചെയ്യുന്ന വിളകളും കഴിക്കുന്ന ഭക്ഷണവും കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.

എന്തുകൊണ്ട് നമ്മുടെ ഭക്ഷണത്തിൽ കാര്യമായ മാറ്റംവരും

  • ജനസംഖ്യ വർധനവ്
  • ആഗോളതാപനത്തിന്‍റെ പ്രത്യാഘാതങ്ങൾ
  • ഭക്ഷണം ലഭ്യമാകുന്നതിലെ അസമത്വം

നിലവിലെ വിളകൾക്ക് പകരമായി കുറഞ്ഞ അളവിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതും ഉയർന്ന പോഷകമൂല്യമുള്ളതും ഒപ്പം മതിയായ അളവിൽ ലഭ്യമാകുന്നതുമായ വിളകളിലേക്ക് മനുഷ്യന് മാറേണ്ടിവരും.

ലാബുകളിൽ ഉൽപ്പാദിപ്പിക്കുന്ന കൃത്രിമ മാംസം (ഇൻ വിട്രോ മീറ്റ്), ഭക്ഷയോഗ്യമായ പ്രാണികൾ, ഇന്ന് അത്ര പ്രചാരത്തിലില്ലാത്ത കടൽ സസ്യങ്ങൾ എന്നിവയിലേക്ക് നമ്മുടെ ഭക്ഷണക്രമം മാറും.




ഭക്ഷ്യയോഗ്യമായ പ്രാണികൾ

പ്രാണികളെ ഭക്ഷണത്തിന്‍റെ ഭാഗമാക്കിയ നിരവധി ജനവിഭാഗങ്ങൾ ഇന്നുണ്ട്. 200 കോടിക്കടുത്ത് ആളുകൾ പ്രാണികളെ കഴിക്കുന്നവരാണ് (എന്‍റമോഫാഗി). ഭാവിയിൽ ഭക്ഷ്യസുരക്ഷയുടെ അവിഭാജ്യഘടകമാണ് പ്രാണികൾ. പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറൽസ്, അമിനോ ആസിഡ്സ് തുടങ്ങിയവ പ്രദാനം ചെയ്യുന്നതോടൊപ്പം പരിസ്ഥിതി സൗഹാർദമായി ഇവയെ വളർത്താമെന്നതും മാംസ ഉപയോഗത്തേക്കാൾ കുറഞ്ഞ മാലിന്യമുണ്ടാക്കുന്നുവെന്നതും പ്രാണികളുടെ മെച്ചമാണ്. വിവിധ സ്റ്റാർട്ടപ്പുകളും വൻകിട കമ്പനികളും ഇതിനകം തന്നെ ഈ രംഗത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു.




കടൽപ്പായലുകൾ

കടൽപ്പായൽ, ആൽഗകൾ, കടൽ പച്ചക്കറികൾ എന്നിവയും വരും കാലത്ത് നമ്മുടെ ഭക്ഷണ ശീലങ്ങളിലേക്ക് കടന്നുവരും. പ്രാണികളെപ്പോലെ, കടൽപ്പായലുകളും പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുന്നില്ല. ഇവ വേഗത്തിൽ വളരുന്നതും ധാരാളം പോഷകങ്ങൾ അടങ്ങിയതുമാണ്. കനേഡിയൻ കമ്പനിയായ 'കാസ്‌കാഡിയ സീവീഡ്' ഇതിനകം തന്നെ ഓഫ്‌ഷോർ ഫാമുകളും കടൽപ്പായലുകളുടെ വിത്ത് നഴ്‌സറിയും ആരംഭിച്ചത് ഭാവിയിലെ ഇവയുടെ ആവശ്യം മുൻനിർത്തിയാണ്.




സസ്യാധിഷ്ഠിത മാംസം

സസ്യങ്ങളെ അടിസ്ഥാനമാക്കി ലബോറട്ടറികളിൽ വളർത്തിയെടുക്കുന്ന മാംസസമാനമായ ഭക്ഷ്യവസ്തുവാണിത്. മാംസത്തിന്‍റെ രുചിയിലും ഘടനയിലും തന്മാത്രകളെ കൃത്രിമമായി വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്.



ഗോതമ്പ് അധിഷ്ഠിത പ്രോട്ടീൻ, വെളിച്ചെണ്ണ, ഉരുളക്കിഴങ്ങ് സ്റ്റാർച്ച് തുടങ്ങിയ മറ്റ് ചേരുവകളും ഇവയുടെ ഭാഗമായി ചേർക്കും. കൃത്രിമ മാംസത്തിന്‍റെ മേഖലയിൽ വൻ ഗവേഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.




കൃത്രിമ മാംസം (ഇൻ വിട്രോ മീറ്റ്)

മൃഗങ്ങളെ കൊന്ന് ഉപയോഗിക്കാതെ തന്നെ ലബോറട്ടറിയിൽ കൃത്രിമമായി പോഷകഗുണമേറിയ മാംസം വളർത്തിയെടുക്കുന്ന രീതിയാണിത്. ജീവന്റെ അടിസ്ഥാന ഘടകമായ വിത്തുകോശങ്ങൾ കൊണ്ടാണ് ഇത് നിർമിക്കുന്നത്. കാഴ്ചയിലും രുചിയിലും സാധാരണ മാംസം പോലെ തന്നെയാവും ഇവ. ലോകത്ത് ഒരു വർഷം ആവശ്യമായി വരുന്നത് കോടിക്കണക്കിന് കിലോ മാംസമാണ്. ഇത്തരത്തിൽ ഭാവിയിൽ വരാനിരിക്കുന്ന വലിയ മാംസ പ്രതിസന്ധിയെ മുന്നിൽകണ്ട് ശാസ്ത്രലോകം കൃത്രിമ മാംസ ഗവേഷണത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.



(കൃത്രിമ മാംസം കൊണ്ട് 2013ൽ ആദ്യമായി നിർമിച്ച ഭക്ഷ്യവിഭവം)


2013ൽ കൃത്രിമ മാംസം ഉപയോഗിച്ച് ആദ്യമായി നിർമിച്ച ബർഗറിന് 3,25,000 ഡോളറായിരുന്നു വിലവന്നത്. പശുക്കളിൽ നിന്ന് എടുത്ത മൂന്ന് കോശങ്ങളിൽ നിന്നാണ് ഇതിന്നായി വേണ്ടുന്ന 20000 പേശി ഫൈബറുകൾ നിർമിച്ചത്. രണ്ട് വർഷമെടുത്തു ഉൽപ്പാദനത്തിന്. വർഷങ്ങൾ പിന്നിട്ടപ്പോൾ ഇതിന്‍റെ ചിലവ് ഗണ്യമായി കുറഞ്ഞു. നിരവധി സ്ഥാപനങ്ങൾ കൃത്രിമ മാംസ നിർമാണ മേഖലയിൽ ഗവേഷണം നടത്തുന്നുണ്ട്. ചെലവു കുറഞ്ഞ രീതിയിൽ ഇവ ഉൽപ്പാദിപ്പിക്കുകയെന്നതാണ് വെല്ലുവിളി. 2040 ആവുമ്പോഴേക്കും ആഗോള മാംസവിപണിയുടെ 35 ശതമാനവും ലബോറട്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന കൃത്രിമ മാംസം ആയിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:future foodartificial meatCultured meat
News Summary - The future of food: What will you be eating in 2050?
Next Story