ചേര്‍ത്തല: വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം.എല്‍ റെഡ്ഫ്ളാഗ് പ്രവര്‍ത്തകര്‍ ടൗണില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ.വി. ഉദയഭാനു, ഏരിയാ സെക്രട്ടറി എം.എല്‍. ശശിധരന്‍, പി.എന്‍. ബാബു, വി.എന്‍. ഷണ്‍മുഖന്‍, സലിം ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
ആലപ്പുഴ: വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വില താങ്ങാനാവാതെ പൊതുജനം നട്ടംതിരിയുമ്പോള്‍ വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നത് ജനദ്രോഹപരമാണ്. അനാഥാലയം, വൃദ്ധസദനം തുടങ്ങി ആതുരസ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും നിരക്കില്‍ വന്ന മാറ്റം ആശങ്കപ്പെടുത്തുന്നു. ബി. നസറുദ്ദീന്‍, എ.എം. സുധീര്‍ മുസ്ലിയാര്‍, ഫാസില്‍ വലിയകുളം, ശാഫി റഹ്മത്തുല്ലാഹ്, നാസിം വലിയമരം, സജീര്‍ മുസ്ലിയാര്‍, കെ. അമീര്‍, ഷെമീര്‍ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ പ്രതിഷേധിച്ചു. വിലക്കയറ്റം മൂലം വലയുന്ന ജനങ്ങള്‍ക്ക് ഷോക്കാണ് സര്‍ക്കാര്‍ നല്‍കിയത്. നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്ന വൈദ്യുതി നിരക്ക് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരക്ക് വര്‍ധനക്കെതിരെ തിങ്കളാഴ്ച ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.ജില്ലാ സെന്‍ററില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടേറിയറ്റ് അംഗം എസ്. സീതിലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ.വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് എം. ജേക്കബ്, ബി. ഇമാമുദ്ദീന്‍, ആര്‍. പാര്‍ഥസാരഥി വര്‍മ എന്നിവര്‍ സംസാരിച്ചു.
വ്യവസായ-കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്‍െറയും വൈദ്യുതി ബോര്‍ഡിന്‍െറയും ആസൂത്രണ വൈകല്യമാണ് പ്രതിസന്ധിക്ക് കാരണം. പ്രതിവര്‍ഷം 1676.84 കോടിയുടെ അധികബാധ്യത ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍