പത്തനംതിട്ട: പ്രമാടം പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്ത് ഭരണ സമിതിയുടെയും ആരോഗ്യവകുപ്പിന്‍െറയും അനാസ്ഥയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രമാടം പഞ്ചായത്ത് കമ്മിറ്റി വെള്ളിയാഴ്ച രാവിലെ 10ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും.
പഞ്ചായത്തിലെ കുളനടക്കുഴി, ളാക്കൂര്‍, പന്നിക്കണ്ടം, തെങ്ങുംകാവ്, ഞക്കുകാവ്, വെള്ളപ്പാറ, വലഞ്ചൂഴി, പൂങ്കാവ്, പ്രമാടം, വകയാര്‍, വി.കോട്ടയം പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി കണ്ടുവരുന്നത്. ആറുപേര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. തെങ്ങുംകാവ് സ്വദേശിനി രാധാമണി, ളാക്കൂര്‍ സ്വദേശികളായ കൃഷ്ണകുമാര്‍, ഹരികുമാര്‍,സരോജനിയമ്മ, പൂങ്കാവ് സ്വദേശിനി എം.സി. ഭാരതി, പ്രമാടം സ്വദേശി രഘു എന്നിവരാണ് മരിച്ചത്. നൂറുകണക്കിന് ആളുകള്‍ സ്വകാര്യ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്. ഗ്രാമപഞ്ചായത്ത് അംഗം ബിനു തങ്കപ്പനും മഞ്ഞപ്പിത്തം പിടിപെട്ട് ചികിത്സയിലാണ്. ഹെപ്പറ്റൈറ്റീസ് ബി രോഗമാണ് കൂടുതല്‍ പേര്‍ക്കും. ഇതേതുടര്‍ന്ന് ജനം പരിഭ്രാന്തിയിലുമാണ്. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ അധികൃതര്‍ എടുത്തിട്ടില്ല.
പ്രമാടം പഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം മാലിന്യം നിറഞ്ഞതാണ്. പമ്പ്ഹൗസുകളില്‍ മാലിന്യം നിറഞ്ഞുകിടക്കുന്നു. വാട്ടര്‍ ടാങ്കുകള്‍ ശുദ്ധീകരിക്കാറില്ല. മാലിന്യം നിറഞ്ഞ അച്ചന്‍കോവിലാറ്റിലെ ജലം അതേപടി വിതരണം ചെയ്യുകയാണ്. മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യമാണ് ജലത്തില്‍ കലര്‍ന്നത്. ബ്ളീച്ചിങ് പൗഡര്‍ മാത്രം കലര്‍ത്തിയുള്ള ശുദ്ധീകരണമാണ് വല്ലപ്പോഴും നടക്കുന്നത്. ഒരുവര്‍ഷമായി പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പിടിപെട്ടിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന കാര്യത്തില്‍ ഗുരുതര വീഴ്ച വരുത്തുകയായിരുന്നു. ഇതിനിടെ രോഗികള്‍ രക്ത പരിശോധനക്കും മറ്റുമായി സ്വകാര്യലാബുകളെ ആശ്രയിക്കുമ്പോള്‍ വന്‍തുക ഈടാക്കി ചൂഷണം ചെയ്യുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
മെയ് 13 ന് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ ഉപവാസത്തെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് ബോധവത്കരണ സെമിനാര്‍ മാത്രം നടത്തുകയാണ് ചെയ്തതെന്ന് എല്‍.ഡി.എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പഞ്ചായത്ത് ഭരണ സമിതി വിഷയം സര്‍ക്കാറിന്‍െറ അടിയന്തര ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല.
രോഗം മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയെങ്കിലും സാമ്പത്തിക സഹായം അനുവദിക്കണം. രോഗികള്‍ക്കും സഹായം അനുവദിക്കണം. രോഗം പിടിപെട്ടവര്‍ക്ക് കുറേക്കാലത്തേക്ക് പണിയെന്നും ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. രക്ത പരിശോധനക്കും മരുന്നുകള്‍ക്കും മറ്റുമായി വന്‍തുകയാണ് ചെലവാകുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതിഷേധ മാര്‍ച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യും. പി. പ്രസാദ്, അഡ്വ. ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ ബി. രാജേന്ദ്രന്‍പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. പ്രകാശ്കുമാര്‍, കെ.കെ. പ്രദീപ്കുമാര്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എം. മോഹന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍