കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ആലിപ്പഴം വർഷിച്ചപ്പോൾ
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം വ്യാപകമായി മഴ ലഭിച്ചു. തലസ്ഥാന നഗരിയായ ദോഹ ഉൾപ്പെടെ വ്യാപക മഴയും ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിസഈദ് ഉൾപ്പെടെ ചില ഭാഗങ്ങളിൽ ആലിപ്പഴം വർഷിച്ചു. കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് അൽ കിരാന (90.4 മി.മി) മേഖലയിലാണ്. അൽ വക്റ (80.1 മി.മി), അബൂ സംറ (71.5 മി.മി) എന്നിങ്ങനെയും മഴ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തണുത്ത കാലാവസ്ഥയും അനുഭവപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശരാശരി താപനില 13-18 ആണ് കാലാവസ്ഥ വിഭാഗം രേഖപ്പെടുത്തിയത്. മിസഈദ് (8), അൽഖോർ (10), അബൂ സംറ (10), വക്റ (11) എന്നിങ്ങനെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
അതേസമയം, രാജ്യത്ത് ഈ കാലയളവിൽ തണുപ്പ് വർധിപ്പിച്ച് അൽ ഖൽബ് നക്ഷത്രമുദിച്ചു. ശൈത്യകാലത്തെ രണ്ടാമത്തെ നക്ഷത്രമാണിത്. ഈ കാലയളവിൽ പ്രഭാത സമയങ്ങളിൽ മൂടൽമഞ്ഞും അനുഭവപ്പെടും. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും ഈ സീസണിലായിരിക്കും.
അതേസമയം, കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ വിജയകരമായി നേരിട്ടതായി പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ അറിയിച്ചു. രാജ്യത്ത് കനത്ത മഴ പെയ്തെങ്കിലും മണിക്കൂറുകൾക്കുള്ളിൽതന്നെ മിക്ക റോഡുകളിലും ടണലുകളിലും ഗതാഗതം സാധാരണ നിലയിലാക്കാൻ അതോറിറ്റിയുടെ ഫീൽഡ് ടീമുകൾ കാര്യക്ഷമമായി പ്രവർത്തിച്ചു. കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ച് അശ്ഗാൽ മുൻകൂർ തയാറെടുപ്പുകൾ നടത്തിയിരുന്നതായും അധികൃതർ വിശദീകരിച്ചു. സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ഫീൽഡ് ടീമുകൾ മുനിസിപ്പാലിറ്റികളുമായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായും ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവർത്തിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫിഫ അറബ് കപ്പ് ഫൈനൽ നടന്ന ലുസൈൽ സ്റ്റേഡിയം, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെടാതിരിക്കാൻ റാപ്പിഡ് റെസ്പോൺസ് ടീമുകളെ പ്രത്യേകമായി വിന്യസിച്ചിരുന്നു. വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനായി 371ലധികം വാട്ടർ ടാങ്കറുകളും 44ലധികം മൊബൈൽ പമ്പുകളും രംഗത്തിറക്കി. നൂറുകണക്കിന് ടെക്നീഷ്യന്മാരും തൊഴിലാളികളും അടിയന്തര സാഹചര്യത്തിൽ പ്രവർത്തിച്ചു.
വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് 414 റിപ്പോർട്ടുകൾ ലഭിച്ചതായും അവയെല്ലാം ആറ് മണിക്കൂറിനുള്ളിൽ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. മുഐദർ, ഇൻഡസ്ട്രിയൽ ഏരിയ, മിബൈരീക്ക്, അൽ വക്റ തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ കൂടുതൽ ബാധിച്ചത്.
രാജ്യത്തുടനീളമുള്ള 111 തുരങ്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അശ്ഗാൽ വിശദീകരിച്ചു. അതേസമയം, മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അടിയന്തര കേസുകൾ 88 എന്ന നമ്പറിൽ കസ്റ്റമർ സർവിസ് സെന്ററുമായി ബന്ധപ്പെട്ട് അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.