ദോഹ: അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആഗോളതലത്തിൽ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി. ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്, ഇത് അംഗീകരിക്കാനാകില്ല. ഊർജ കേന്ദ്രങ്ങൾക്കെതിരെയും ഖത്തറിലെ സിവിലിയൻ മേഖലകളിലും ആക്രമണം ഉണ്ടായി. ഇത് കാരണം എൽ.എൻ.ജി ഉൾപ്പെടെയുള്ള നിർമാണങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. അതിനാൽ ആക്രമണം ആഗോള തലത്തിൽ തന്നെ ആഘാതമുണ്ടാക്കുമെന്നും വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.
ഹോർമുസ് കടലിടുക്ക് അടക്കുമെന്നുള്ള ഭീഷണി അംഗീകരിക്കാനാവില്ല, ഈ ഭീഷണികളെ ഖത്തറിന് മറികടക്കാനാകും, രാജ്യത്തിന് ബദൽ വിതരണ ശൃഖലകളുണ്ട്. എന്നിരുന്നാലും ഹോർമുസ് അടക്കുക, കപ്പലുകളെ ആക്രമിക്കുക തുടങ്ങിയ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിനെതിരെയുള്ള ആക്രമണങ്ങൾ ഇറാൻ ഉടനടി അവസാനിപ്പിക്കണമെന്ന് മാജിദ് അൽ അൻസാരി ആവശ്യപ്പെട്ടു. തുടർച്ചയായ ആക്രമണ നീക്കങ്ങൾ മേഖലയിലെ സമാധാന അന്തരീക്ഷത്തെ തകർക്കുമെന്നും രാജ്യം ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള ആശയവിനിമയങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആക്രമണങ്ങളുണ്ടായ ശേഷം ഒരു തവണ മാത്രമാണ് ഖത്തർ പ്രധാനമന്ത്രിയെ ഇറാൻ വിദേശകാര്യ മന്ത്രി ബന്ധപ്പെട്ടത്. ഇറാനുമായി ചർച്ചകൾക്ക് ഖത്തർ എന്നും തയാറാണ്. ഏതൊരു സംഘർഷവും ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാനാകു എന്നാണ് ഖത്തർ വിശ്വസിക്കുന്നത്.
നിലവിൽ യൂറോപ്പിൽ നിന്ന് ഖത്തറിന് പ്രതിരോധ സഹായങ്ങൾ ലഭിക്കുന്നുണ്ട്. യു.കെ, ഇറ്റലി, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ തങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര പങ്കാളികളുമായി ഖത്തർ ചേർന്ന് പ്രവർത്തിക്കും. പ്രതിരോധ സുരക്ഷാ മേഖലകളിൽ ഖത്തറിന്റെ അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തും. നിലവിൽ സുരക്ഷാ മേഖലയിൽ യു.എസുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ സംഘർഷം അവസാനിപ്പിക്കാനാണ് ഖത്തർ ശ്രമിക്കുന്നത്. അത് ചർച്ചകളിലൂടെ മാത്രമേ സാധിക്കു, ഖത്തർ അതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. സംഘർഷം വലിയ രീതിയിൽ തുടർന്നാൽ പിന്നീട് അത് സാധ്യമാകാതെ വരും. നിലവിലെ സാഹചര്യം കൂടുതൽ വഷളാകാതെ നിയന്ത്രിക്കാൻ ഇപ്പോഴും സാധ്യമാണെന്നും അതിനായി അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് നയതന്ത്രപരമായ നീക്കങ്ങൾ ഖത്തർ തുടരുമെന്നും മാജിദ് അൽ അൻസാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.