ദോഹയിൽനിന്ന് നാട്ടിലേക്ക് സൽവ ബോർഡർ വഴി യാത്രതിരിച്ച ഇന്ത്യൻ ബാസ്ക്കറ്റ് ബാൾ ടീം
ദോഹ: വ്യോമാതിർത്തി ഭാഗികമായി തുറന്നതോടെ കഴിഞ്ഞ ദിവസം ആയിരത്തോളം ഇന്ത്യൻ പ്രവാസികളെ ദോഹയിൽനിന്ന് നാട്ടിലെത്തിച്ചു. ദോഹയിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ ഖത്തർ എയർവേസുമായി ഏകോപിപ്പിച്ച് ഇന്നലെ ന്യൂഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് വിമാന സർവിസ് നടത്തിയത്. ഇന്ന് ഖത്തർ എയർവേസിന്റെ ഒരു വിമാനം ന്യൂഡൽഹിയിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കൂടാതെ, ദോഹയിൽനിന്ന് ഇന്ത്യയുടെ ബാസ്ക്കറ്റ് ബാൾ ടീം സൽവ അതിർത്തി കടന്ന് സൗദി അറേബ്യ വഴിയും ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ത്യക്കാരുടെ യാത്ര സുഖമമാക്കുന്നതിനായി പ്രവർത്തിച്ച ഖത്തറിലെയും സൗദി അറേബ്യയിലെയും അധികൃതർക്ക് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്
മുന്നൂറിലധികം യാത്രക്കാരുമായി ഖത്തർ എയർവേസ് ഇന്നലെ ഡൽഹിയിലേക്ക് സർവിസ് നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ട്രാൻസിറ്റ് വിസയിലോ ഹ്രസ്വകാല സന്ദർശനത്തിനായോ ദോഹയിൽ എത്തിയ 2000ത്തിലധികം ഇന്ത്യക്കാരെയാണ് ഖത്തർ എയർവേസ് വിമാനങ്ങളിലായി നാട്ടിൽ തിരിച്ചെത്തിച്ചത്. അതേസമയം, ഷെഡ്യൂൾ പ്രകാരമുള്ള സാധാരണ വിമാന സർവിസുകൾ പുനരാരംഭിച്ചിട്ടില്ല.
ഖത്തർ വ്യോമപാത അടച്ചതിനെത്തുടർന്ന് വിമാന സർവിസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ, ഇന്ത്യൻ ട്രാൻസിറ്റ് യാത്രക്കാർക്ക് ഇന്ത്യൻ എംബസി സഹായ ഇടപെടൽ നടത്തുന്നുണ്ട്. സംശയങ്ങൾക്ക് ദുരീകരിക്കാൻ ഇന്ത്യൻ എംബസിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: +974 55647502, 55362508, 55384683. അല്ലങ്കിൽ cons.doha@mea.gov.in എന്ന ഇമെയിൽ വഴിയും ബന്ധപ്പെടാവുന്നതാണ്. കൂടാതെ, ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡി സംഘടനകളായ ഐ.സി.സി, ഐ.സി.ബി.എഫ് എന്നിവയുടെ നേതൃത്വത്തിൽ ഹെൽപ് ലൈനുകളും ഹെൽപ് ഡെസ്കുകളും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.