ദോഹ: ‘ആരോഗ്യമുള്ള ജീവിതം’ എന്ന സന്ദേശവുമായി ഖത്തറിലെ ഇന്ത്യക്കാരായ പ്രവാസികൾക്കായി ‘ഗൾഫ് മാധ്യമം’ കൂട്ടയോട്ടമത്സരം സംഘടിപ്പിക്കുന്നു. ‘ഖത്തർ റൺ 2020’ എന്ന പേരിലുള്ള മത്സരം 2020 ജനുവരി മൂന്നിന് ദോഹ അൽബിദ പാർക്കിലാണ് അരങ്ങേറുക. നാലു വയസ്സുമുതൽ 60 വയസ്സുവരെയുള്ള എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാം.
രാവിലെ ഏഴിന് മത്സരം തുടങ്ങും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. പ്രവാസികളിൽ ആരോഗ്യമുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് മത്സരം നടത്തുന്നത്. വിവിധ വിഭാഗങ്ങളിലായി എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന രൂപത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 16 വയസ്സുമുതൽ പ്രായമുള്ളവർക്കായി അഞ്ചു കിലോമീറ്റർ ഓട്ടമാണ് ഉണ്ടാവുക. ഇൗ വിഭാഗം അഡൽറ്റ് ഓപൺ കാറ്റഗറിയാണ്. 40 വയസ്സിനു മുകളിലുള്ളവർക്കായി (മാസ്റ്റേഴ്സ് വിഭാഗം) മൂന്നു കിലോമീറ്റർ ഓട്ടവും ഉണ്ടാകും.
സീനിയർ കിഡ്സ് വിഭാഗത്തിൽ 11നും 15നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്നു കിലോമീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കാം. ജൂനിയർ കിഡ്സ് വിഭാഗത്തിൽ ഏഴു മുതൽ 10 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടു കിലോമീറ്ററിലാണ് മത്സരമുള്ളത്. നാലു വയസ്സു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് മിനികിഡ്സ് വിഭാഗത്തിൽ മത്സരിക്കാം. ഇവർക്ക് 500 മീറ്ററാണ് ദൂരം.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും മെഡൽ, ടീഷർട്ട്, പങ്കെടുക്കുന്നതിെൻറ ഫോട്ടോ എന്നിവ നൽകും. തങ്ങൾ മത്സരം പൂർത്തിയാക്കിയ സമയം അറിയാനുള്ള സംവിധാനവും ഒരുക്കും. ഓരോ കാറ്റഗറിയിലുമുള്ള ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് (മിനികിഡ്സ് ഒഴികെ) ആകർഷകമായ സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ ഫീസ് നൽകണം. ഓൺലൈനിലോ ‘ഗൾഫ്മാധ്യമം’ ദോഹ ഓഫിസിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 66742974, 55373946, 55200890 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.