ദോഹ: രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും പൗരന്മാരുടെ സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഖത്തർ കാബിനറ്റ് യോഗം. ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള പൂർണ്ണ അവകാശം ഖത്തറിനുണ്ട്. മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നും ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിനുശേഷം നീതിന്യായ -കാബിനറ്റ് കാര്യ സഹമന്ത്രി ഇബ്രാഹിം ബിൻ അലി ബിൻ ഈസ അൽ ഹസ്സൻ അൽ മുഹന്നദി മന്ത്രിസഭാ തീരുമാനങ്ങൾ വിവരിച്ചു. ഖത്തറിനും സഹോദര രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ മന്ത്രിസഭ അപലപിച്ച. ഖത്തർ സായുധ സേനയുടെ ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച ഖത്തർ സായുധ സേനാംഗങ്ങൾക്കും സംയുക്ത ഖത്തർ -തുർക്കിയ സേനാംഗങ്ങൾക്കും മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി.
ദോഹ: മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ പുതിയ സംഭവവികാസങ്ങൾ പങ്കുവെച്ചും, യുദ്ധം അവസാനിപ്പിക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ചചെയ്തും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ഫോൺ സംഭാഷണത്തിലേർപ്പെട്ടു. മേഖലയിലെ സൈനിക സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തുർക്കിയയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങളെ ഖത്തർ അമീർ അഭിനന്ദിച്ചു. തുർക്കിയ, പാകിസ്താൻ തുടങ്ങിയ രാഷ്ട്രങ്ങളുടെ മധ്യസ്ഥതയിലാണ് നിലവിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നത്.
സംഭാഷണത്തിനിടെ, ഖത്തർ സായുധ സേനയുടെ ഹെലികോപ്റ്റർ തകർന്നു വീണ് സൈനികർ വീരമൃത്യുവരിച്ച സംഭവത്തിൽ അനുസ്മരിച്ച് ഇരുവരും പരസ്പരം അനുശോചനം കൈമാറി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും ലഭിക്കട്ടെ എന്ന് ഖത്തർ അമീർ പ്രാർത്ഥിച്ചു. ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും പൊതുവായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി തുടർന്നും ഏകോപനവും ചർച്ചകളും നടത്താനും ഇരുവരും തീരുമാനിച്ചു.
ദോഹ: മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് മലേഷ്യൻ പ്രധാനമന്ത്രി ഡോ. അൻവർ ഇബ്രാഹിം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയെ ഫോണിൽ വിളിച്ചു. മേഖലയിൽ തുടരുന്ന സൈനിക സംഘർഷവും ഇതുമൂലം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇരുവരും വിലയിരുത്തി. ആഗോള ഊർജ സുരക്ഷ, സമുദ്ര സഞ്ചാരം, പരിസ്ഥിതി സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും പ്രതിസന്ധികളും തർക്കങ്ങളും പരിഹരിക്കുന്നതിനും സംഭാഷണത്തിലേക്കും ചർച്ചകളിലേക്കും എല്ലാ കക്ഷികളും മടങ്ങണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.